
Sub Editor, NowNext
ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ തൊഴിലില്ലായ്മയുടെ സ്ഥാനം ചെറുതല്ല. ഭിന്നശേഷിക്കാർ ചെറിയ രീതിയിലെങ്കിലും അവരുടെ കഴിവനുസരിച്ച് തൊഴിൽ തേടുന്നവരും തൊഴിലെടുക്കുന്നവരുമാണ്. റിക്രൂട്ട്‌മെന്റ് പ്ലാറ്റ് ഫോമായ equiv.in ന്റെ കണക്കുകള്‍ പ്രകാരം തൊഴില്‍ ക്ഷമതയുള്ള 1.34 കോടി ഭിന്നശേഷിക്കാര്‍ ഇന്ത്യയിലുണ്ടെന്ന് പറയപ്പെടുന്നു. എന്നാല്‍ ഇതില്‍ ഏതെങ്കിലും തരത്തില്‍ ജോലിയുള്ളവര്‍ 34 ലക്ഷം മാത്രമാണ്. അതായത് ഭിന്നശേഷിക്കാരിലെ തൊഴിലില്ലായ്മ നിരക്ക് 70 ശതമാനത്തില്‍ അധികമാണ്.
കോവിഡ് മഹാമാരിയും ലോക്ഡൗണുമെല്ലാം വന്നതോടെ തൊഴിലില്ലായ്മ എന്നത് വളരെ രൂക്ഷമായ പ്രശ്‌നമായി മാറിയിരുക്കുകയുമാണ്. ഈ സമയത്ത് തൊഴില്‍ നഷ്ടപെട്ടവരില്‍ നല്ലൊരു പങ്ക് ഭിന്നശേഷിക്കാരാണെന്നത് പറയാതെ വയ്യ. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് atypicaladvantage.in എന്ന ഭിന്നശേഷിക്കാര്‍ക്കായുള്ള തൊഴില്‍ ടാലന്റ് പോര്‍ട്ടല്‍. ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനായുള്ള ഇന്ത്യയിലെ ആദ്യ പോര്‍ട്ടല്‍ ആണിത്.
ഫ്യൂച്ചര്‍ ഗ്രൂപ്പിലെ ബിസിനസ്സ് എക്‌സിക്യൂട്ടീവും ജംഷഡ്പൂര്‍ സ്വദേശിയുമായ വിനീത് സരായ് വാലയാണ് ഈ സംരംഭത്തിന് പിന്നില്‍. റെറ്റിനിട്ടിസ് പിഗ്മെന്റോസ എന്ന കാഴ്ച്ച പരിമിതിയുള്ള വിനീത് തന്റെ ചുറ്റുമുള്ള നിരവധി ഭിന്നശേഷിക്കാരുടെ ദുരിതവസ്ഥ കണ്ടാണ് ഇത്തരമൊരു പോര്‍ട്ടലിന് തുടക്കം കുറിച്ചത്. കഴിവുകളുളള നിരവധി ഭിന്നശേഷിക്കാരുണ്ടെങ്കിലും അത് പ്രകടിപ്പിക്കാനോ അതിലൂടെ വരുമാനമോ തൊഴിലോ കണ്ടെത്താന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നില്ല എന്ന പ്രധാന കാരണമാണ് ഇങ്ങനെ ഒരു പോര്‍ട്ടല്‍ തുടങ്ങാന്‍ വിനീതിനെ പ്രേരിപ്പിച്ചത്.
ഭിന്നശേഷിക്കാര്‍ക്ക് തങ്ങളുടെ പ്രൊഫൈല്‍ കരിയര്‍ പോര്‍ട്ടലുകളിലെന്ന പോലെ atypicaladvantage ല്‍ സൃഷ്ടിക്കാം. ഇന്ത്യയിലെമ്പാടുമുള്ള വോളന്റിയര്‍മാരുടെ സഹായത്തോടെ ഭിന്നശേഷിക്കാരെയും അവരുടെ കുടുംബങ്ങളെയും ബന്ധപ്പെട്ട് വിനീത് ഒരോരുത്തരുടെയും വിശദമായ പ്രൊഫൈല്‍ തയ്യാറാക്കി. സാമൂഹ്യ മാധ്യമങ്ങളും എന്‍ ജി ഒ ശൃഖലകളും ഉപയോഗിച്ച് ഇതിനെ സംബന്ധിച്ച വിവരങ്ങള്‍ ഭിന്നശേഷി സമൂഹത്തിലേക്ക് എത്തിച്ചു.
ഫോട്ടോ സംഘടിപ്പിക്കുന്നത് മുതല്‍ പ്രാദേശിക ഭാഷകളിലുള്ള ബയോഡേറ്റകള്‍ പരിഭാഷപ്പെടുത്തുന്നത് വരെ എല്ലാം ഫോണിലൂടെയാണ് ചെയ്തത്. 2020 ഡിസംബറില്‍ 200 പേരുടെ പ്രൊഫൈലുമായി പോര്‍ട്ടല്‍ ആരംഭിച്ചു. പാട്ട്, നൃത്തം, ഫോട്ടോഗ്രഫി, ആംഗ്യഭാഷ വിവര്‍ത്തകര്‍, ഫിസിയോ തെറാപ്പി, മാജിക് എന്നിങ്ങനെ ഇരുപതോളം വിഭാഗങ്ങളിലായിട്ടാണ് പ്രൊഫൈലുകള്‍ ഈ പോര്‍ട്ടലില്‍ അവതരിപ്പിച്ചത്. ഇതിലൂടെ മുഖ്യധാരയില്‍ അവതരിപ്പിക്കപ്പെട്ട ഭിന്നശേഷിക്കാരുടെ കഴിവുകള്‍ കണ്ടറിഞ്ഞ് അവര്‍ക്ക് ജോലി നല്‍കാന്‍ സന്നദ്ധരായി റിക്രൂട്ടര്‍മാരുമെത്തി.
റിക്രൂട്ടര്‍മാരുമായി സംസാരിക്കുന്നതില്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് മധ്യസ്ഥ സേവനവും പോര്‍ട്ടല്‍ നല്‍കുന്നു. ചില സമയത്ത് കൂടുതല്‍ മെച്ചപ്പെട്ട ശമ്പള പാക്കേജ് ലഭ്യമാക്കാനും വിനീതും സംഘവും സഹായമേകുന്നു. നാഗ് പൂരില്‍ നിന്നുള്ള ശ്രവണ വൈകല്യമുള്ള ശീതല്‍ ടോകിയോ എഡല്‍വിസിനു വേണ്ടി 10 മിനിട്ട് ദൈര്‍ഘ്യമുള്ള മാജിക് ഷോ നടത്തുന്നതിന് ചോദിച്ച തുക 500 രൂപ മാത്രമായിരുന്നു. ചെയ്യുന്ന പ്രവര്‍ത്തിയുടെ മൂല്യം ശീതളിനെ ബോധ്യപ്പെടുത്തി 4000 രൂപയ്ക്കാണ് ആ ഡീല്‍ atypicaladvantage വൊളന്റിയര്‍മാര്‍ ഉറപ്പിച്ചത്.
പ്രണബ് ഭക്ഷി എന്ന ഓട്ടിസം ബാധിച്ച ഗ്രാഫിക് ഡിസൈനര്‍ക്ക് ലണ്ടന്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഗ്രാഫിക് ഡിസൈനിങ്ങ് പ്രൊജക്ടില്‍ ജോലി ലഭിച്ചു. പഠന വൈകല്യമുള്ള 15 കാരി തരിണി ഛദ്ധയാകട്ടെ ആമസോണിന്റെ ഡിജിറ്റല്‍ പരസ്യത്തിനുള്ള മോഡലായി തിരഞ്ഞെടുക്കപ്പെട്ടു. കാഴ്ച്ച പരിമിതിയുള്ള ഫിസിയോതെറാപിസ്റ്റ് ആല്‍ഫിയക്ക് പോര്‍ട്ടലിലൂടെ തന്റെ കഴിവുകള്‍ ലോകം അറിഞ്ഞപ്പോള്‍ ലഭിച്ചത് തന്റെ ക്ലിനിക്കിലേക്ക് പുതിയ രോഗികളെയാണ്.
ഭിന്നശേഷിക്കാര്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങളുടെ വില്‍പനയ്ക്കായുള്ള പ്ലാറ്റ് ഫോം ആയും atypicaladvantage പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ നിന്നുള്ള അജയ് ജയപ്രകാശ് തന്റെ 20 അപ്‌സൈഡ്-ഡൗണ്‍ പോര്‍ട്രയ്റ്റുകളാണ് ഇതിലൂടെ വിറ്റഴിച്ചത്. മസ്‌കുലര്‍ ഡിസ്‌ട്രോഫി ബാധിച്ച പായല്‍ ശ്രിഷുമാല്‍, ഡൗണ്‍ സിന്‍ഡ്രോം ബാധിതയായ കരിഷ്മ എന്നിങ്ങനെ നിരവധി പേര്‍ക്കാണ് atypicaladvantage സഹായഹസ്തമേകിയത്.
ഭിന്നശേഷിക്കാരയവരോട് സഹതാപകരമായ പെരുമാറ്റത്തിനപ്പുറം അവരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാനും അംഗീകരിക്കാനുമുള്ള ഒരിടമായി atypicaladvantatge പ്രവര്‍ത്തിക്കുന്നു. നിലവില്‍ 400 ലധികം പ്രൊഫൈലുകള്‍ വെബ്‌സൈറ്റിലുണ്ട്. മാറ്റി നിര്‍ത്തപ്പെടേണ്ടതല്ലാത്ത ഒരു വിഭാഗത്തിന് ഉയര്‍ത്തെഴുനേല്‍പ്പും പ്രതീക്ഷയും പരിഗണനയും ഈ പോര്‍ട്ടലിലൂടെ ഉറപ്പ് വരുത്തുന്നുമുണ്ട്.