
Management Skills Development Trainer, Dubai
‘എന്റെ വിശപ്പ് മാറാന്‍ മോന് ബിരിയാണി കൊടുത്താല്‍ മതിയോ ‘ എന്ന ചോദ്യം ചോദിച്ചത് അരവിന്ദേട്ടനാണ്. സ്വാശ്രയ കോളേജുകള്‍ വരുന്നതിന് മുന്‍പുള്ള കാലം. ITI പഠനം കഴിഞ്ഞ് സര്‍ക്കാര്‍ സര്‍വ്വീസില്‍ ഓവര്‍സീയറായി ജോലി നോക്കുന്ന ചേട്ടന്‍, പോളിടെക്‌നിക്കിലെ ഈവനിംഗ് ക്ലാസ്സില്‍ ചേര്‍ന്ന് എന്‍ജിനീയറിംഗില്‍ ഡിപ്ലോമ കരസ്ഥമാക്കി. അതിന് ശേഷം B Tech ന് എന്‍ജിനീയറിംഗ് കോളേജില്‍ ഈവനിംഗ് ക്ലാസ്സില്‍ ചേര്‍ന്നു എന്നറിഞ്ഞപ്പോള്‍, നാട്ടു നടപ്പനുസരിച്ചുള്ള ചോദ്യത്തിന് ചേട്ടനില്‍ നിന്നും കിട്ടിയ മറുപടി ചോദ്യമാണ് മേല്‍ പറഞ്ഞത്.
എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന മകനുള്ള, ചേട്ടന് മകനെ പഠിപ്പിച്ച് എന്‍ജിനീയറാക്കിയാല്‍ പോരേ ? എന്നായിരുന്നു എന്റെ ചോദ്യം. നമ്മുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ, ബലം പ്രയോഗിച്ചോ ഭീഷണിപ്പെടുത്തിയോ മക്കളിലൂടെ സാക്ഷാത്ക്കരിക്കുക എന്നതാണല്ലോ, കേരളത്തിലെ നാട്ടുനടപ്പ് ?
പക്ഷേ ചേട്ടന്‍ പറഞ്ഞത് മറ്റൊന്നാണ്. ‘എന്റെ ആഗ്രഹങ്ങള്‍ സാക്ഷാത്ക്കരിക്കാനുള്ള, ഉത്തരവാദിത്തം എന്റേത് മാത്രമാണ്. മക്കള്‍ക്ക് അവരവരുടേതായ ആഗ്രഹങ്ങളും സ്വപ്നങ്ങളുമുണ്ടാവും. അത് സാക്ഷാത്ക്കരിക്കാനുള്ള ഉത്തരവാദിത്തം അവര്‍ക്കുള്ളതാണ്. അതിനവരെ സപ്പോര്‍ട്ട് ചെയ്യുക എന്ന കടമ മാത്രമേ മാതാപിതാക്കള്‍ക്കുളളു. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം നടക്കാതെ പോയ എന്റെ സ്വപ്നമായിരുന്നു, എന്‍ജിനീയറാവുക എന്നത്. ഒരു എന്‍ജിനീയറുടെ കസേരയില്‍ ഇരിക്കുന്നതും, ഡിപ്പാര്‍ട്ട്‌മെന്റ് ജീപ്പ് ഉപയോഗിക്കുന്നതും എന്റെ സ്വപ്നമാണ്. ഒരു പക്ഷേ, ആ സ്ഥാനത്ത് മകന്‍ എത്തിയാല്‍ സന്തോഷവും അഭിമാനവുമുണ്ടാവും. പക്ഷേ അത് എന്റെ ആഗ്രഹ പൂര്‍ത്തീകരണമായിരിക്കില്ല. എന്റെ വിശപ്പ് മാറാന്‍ മോന് ബിരിയാണി കൊടുത്താല്‍ മതിയോ ? ഇന്നെനിക്ക് സാമ്പത്തികവും സൗകര്യവുമുണ്ട്. ആഗ്രഹിച്ചത് പോലെ, ഞാന്‍ എന്‍ജിനീയറാവുക തന്നെ ചെയ്യും.’
അദ്ധേഹം പറഞ്ഞ കാര്യങ്ങള്‍, ശരിയായ അര്‍ത്ഥത്തില്‍ ഗ്രഹിച്ചത്, പിന്നീടാണ്. ജീവിതത്തില്‍, നമുക്കെല്ലാവര്‍ക്കും നടക്കാതെ പോയ സ്വപ്നങ്ങളും ആഗ്രഹങ്ങളുമുണ്ടാവും. പക്ഷേ, ഒന്നു ശ്രമിച്ചാല്‍, അതില്‍ പലതും ഇപ്പോഴും കൈപ്പിടിയിലൊതുക്കാവുന്നതാണ്.
നിങ്ങള്‍ തീവ്രമായി ആഗ്രഹിക്കുന്നുവെങ്കില്‍, പ്രയത്‌നിക്കാനുള്ള മനസ്സുണ്ടെങ്കില്‍, നിങ്ങള്‍ തീര്‍ച്ചയായും അത് നേടിയെടുത്തിരിക്കും എന്നതിന് നമുക്ക് ചുറ്റും ധാരാളം ഉദാഹരണങ്ങളുണ്ട്. തമിഴ് നാട്ടുകാരനായ കൃഷ്ണമൂര്‍ത്തിക്ക് ഡോക്ടറാവാനായിരുന്നു ആഗ്രഹം. പക്ഷേ അഡ്മിഷന്‍ കിട്ടിയില്ല. പ്ലസ് ടുവിന് കണക്ക് കൂടെ പഠിച്ചത് കൊണ്ട് എന്‍ജിനീയറിംഗ് പൂര്‍ത്തിയാക്കി. എന്‍ജിനീയറായി ജോലി നോക്കവെ, ലേഡി ഡോക്ടറെ കല്യാണം കഴിച്ചതോടെ ഡോക്ടറാവാനുള്ള ആഗ്രഹം കൂടി വന്നു. അതോടെ ജോലി ഉപേക്ഷിച്ച് റഷ്യയില്‍ ചെന്ന് മെഡിക്കല്‍ ബിരുദം കരസ്ഥമാക്കി, അദ്ദേഹം ഡോക്ടറായി മാറി.
സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും റിട്ടയര്‍ ചെയ്തതിന് ശേഷം, നിയമ പഠനം കഴിഞ്ഞ് പ്രാക്ടീസ് ചെയ്യുന്ന ധാരാളം അഭിഭാഷകര്‍ കേരളത്തിലുമുണ്ട്. വീട്ടിലും നാട്ടിലും മാന്യതയുള്ള ഇത്തരക്കാരെ വൃദ്ധസദനത്തിലയക്കാന്‍ മക്കള്‍ ധൈര്യപ്പെടുമോ ? പല സ്വപ്ന സാക്ഷാത്ക്കാരങ്ങളും നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നവയാണ്.
ന്യായമായി ആഗ്രഹിക്കുന്നതെന്തും നമുക്ക് തന്നെ നേടിയെടുക്കാം, മനസ്സുണ്ടെങ്കില്‍. ഉദ്യോഗം, പദവി, പഠനം, അധിക യോഗ്യത, ബിസിനസ്സ്, യാത്ര, തുടങ്ങിയവയൊന്നും കൈയ്യെത്തിപിടിക്കാൻ പ്രായം ഒരു തടസ്സമേയല്ല. വിദേശത്ത് യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ 60 വയസ്സിന് മുകളിലുള്ളവരുണ്ടാകുന്നത് സാധാരണയാണ്.
ഇനിയും വൈകിയിട്ടില്ല. ജീവിതം ഒന്നേയുള്ളു. നമ്മുടെ സമയം അനഭിലഷണീയമായ കാര്യങ്ങള്‍ക്കായി പാഴാക്കാനുള്ളതല്ല.
സ്വന്തം ജീവിതം, ഭാവി എന്നിവ മെച്ചപ്പെടുത്താനായി, നമ്മുടെ സമയവും പ്രയത്‌നവും ഉപയോഗപ്പെടുത്താം. തുടര്‍ പഠനം നടത്താം, ബിസിനസ്സ് ചെയ്യാം, നൃത്തമോ സംഗീതമോ അഭ്യസിക്കാം. കലാമണ്ഡലത്തില്‍ പഠിക്കാനെത്തുന്ന വിദേശികള്‍ ആരും കുഞ്ഞുങ്ങളല്ല എന്നോര്‍ക്കുക. ഇന്ന് തന്നെ തീരുമാനമെടുക്കുക. നടക്കാതെ പോയ ഒരു സ്വപ്നമെങ്കിലും സാക്ഷാത്ക്കരിക്കാന്‍. നമ്മള്‍ ആരാവണമെന്നും, എന്താവണമെന്നും ആഗ്രഹിക്കുന്നുവോ, അത് പോലെ നാം ആയിത്തീരണം. അങ്ങിനെയാണ്, നമ്മള്‍ മക്കള്‍ക്ക് മാതൃക കാണിക്കേണ്ടത്. നമ്മുടെ സ്വപ്നങ്ങള്‍ മക്കളില്‍ അടിച്ചേല്‍പ്പിക്കാതിരിക്കാം. നമുക്ക് കഴിക്കാന്‍ പറ്റാതെ പോയ ബിരിയാണി, അല്‍പ്പം വൈകിയാലും, നമുക്ക് തന്നെ കഴിക്കാം. മക്കള്‍ക്ക് ഇഷ്ടമുള്ളത് അവരെ കഴിക്കാനനുവദിക്കാം.
ഒപ്പം, മക്കള്‍ക്ക് വേണ്ടതെല്ലാം നമുക്ക് ചെയ്ത് കൊടുക്കാം. നേട്ടങ്ങള്‍ കൊയ്യാനും, സ്വപ്നങ്ങള്‍ കൈയെത്തിപ്പിടിക്കാനും, നമുക്കവരെ പ്രാപ്തരാക്കാം.
അതിനായി, മക്കള്‍ക്ക് സ്വന്തമായി ഒന്നും വാങ്ങിക്കൊടുക്കാതിരിക്കാം. പകരം, നമ്മുടെ വീട്, സാധനങ്ങള്‍, ഉപകരണങ്ങള്‍, വാഹനങ്ങള്‍ ഒക്കെ അവര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കാം. സ്വയം സമ്പാദിച്ച്, സ്വന്തമായി ഓരോന്നും വാങ്ങാനുള്ള ആഗ്രഹം അവരിലുണ്ടാക്കാം. മൊബൈല്‍, ലാപ്‌ടോപ്പ് പോലുള്ളവ സമ്മാനമായി കൊടുക്കാതിരിക്കാം. മറിച്ച് അച്ഛന്റെ/ അമ്മയുടെ മൊബൈല്‍ കൊടുക്കാം. അവരത് നശിപ്പിക്കാതെ, ഉത്തരവാദിത്തത്തോടെ ഉപയോഗിക്കട്ടെ. കേടാവുമ്പോള്‍ തിരിച്ചു വാങ്ങി പുതിയത് നല്‍കാം. പഠിച്ച് ജോലി കിട്ടിയിട്ട്, സ്വന്തമായി ഇവയെല്ലാം വാങ്ങാന്‍ പ്രേരിപ്പിക്കാം, പ്രോത്സാഹിപ്പിക്കാം. അച്ഛന്റെ ബൈക്ക്, അനുവാദത്തോടെ ആവശ്യമുള്ള സമയത്ത്, മക്കള്‍ക്ക് ഉപയോഗിക്കാം. ഇഷ്ടപ്പെട്ട മോഡല്‍ ബൈക്ക് വേണമെങ്കില്‍, പഠിച്ച് ജോലി നേടി, സ്വന്തം സമ്പാദ്യത്തില്‍ നിന്നും വാങ്ങട്ടെ. അതൊക്കെ അവര്‍ സ്വപ്നം കാണട്ടെ, ആഗ്രഹിക്കട്ടെ, ഒപ്പം അതിനു വേണ്ടി പ്രയത്‌നിക്കുകയും ചെയ്യട്ടെ.
മക്കളുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുന്ന മാതാപിതാക്കളല്ല, മറിച്ച് ആഗ്രഹങ്ങള്‍ നേടിയെടുക്കാന്‍, മക്കളെ പ്രാപ്തരാക്കുന്ന മാതാപിതാക്കളാണ് നല്ല മാതാപിതാക്കളെന്നറിയണം.