
Management Skills Development Trainer, Dubai
ജീവിക്കുവാന്‍ പണം കൂടിയേ തീരൂ, മെച്ചപ്പെട്ട ജീവിതത്തിനും, മികച്ച രീതിയില്‍ ജീവിതം നയിക്കുന്നതിനും കൂടുതല്‍ പണം ആവശ്യവുമാണ്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ധനസമ്പാദനമാണ്, നമ്മളില്‍ മിക്കവരുടെയും ജീവിത ലക്ഷ്യം തന്നെ എന്ന് ആലങ്കാരികമായി പറയാം,
ഒരു വ്യക്തി, ന്യായമായ രീതിയില്‍ കൂടുതല്‍ പണം സമ്പാദിക്കാനാഗ്രഹിക്കുന്നതില് യാതൊരു തെറ്റുമില്ല എന്നു മാത്രമല്ല വളരെ ശരിയുണ്ട് താനും. കാരണം, ധനം സമ്പാദിക്കാനായി ഒരാള്‍ നടത്തുന്ന പ്രവര്‍ത്തനം, മറ്റു പലരുടെയും കൈകളിലൂടെ ധനം സഞ്ചരിക്കാന്‍ ഇടയാക്കുകയും, അങ്ങിനെ സമൂഹത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നതില്‍ പങ്കു വഹിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ധനം സമ്പാദിക്കാനുള്ള വഴികള്‍ എല്ലാവരും അറിഞ്ഞിരിക്കുകയും, തങ്ങള്‍ക്കനുയോജ്യമായ വഴിയിലൂടെ കൂടുതല്‍ ധനം സമ്പാദിക്കുകയും ചെയ്യുന്നത് വ്യക്തികള്‍ക്കും, സമൂഹത്തിനും, രാജ്യത്തിനും ഒരു പോലെ ഗുണകരമാണ്,
ന്യായമായ രീതിയില്‍ ധനം സമ്പാദിക്കാനാവുന്ന പ്രധാനപ്പെട്ട അഞ്ച് വഴികള്‍ പരിശോധിക്കാം,
1. ജോലിയിലൂടെ വരുമാനം
എല്ലാവര്ക്കും അറിയാവുന്നതും, ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ വരുമാനത്തിനായി ആശ്രയിക്കുന്നതും, തൊഴില്‍ മേഖല തന്നെയാണ്. നമ്മുടെ അറിവ്, കഴിവ്, ബുദ്ധി, സമയം, അദ്ധ്വാനം എന്നിവ മറ്റൊരാള്‍ക്ക്, അല്ലെങ്കില്‍ സ്ഥാപനത്തിന് വേണ്ടി ഉപയോഗിച്ച് അതിന് പ്രതിഫലമായി വേതനം പറ്റുന്ന രീതിയെയാണ് പൊതുവെ തൊഴില്‍ മേഖല എന്ന് പറയുന്നത്.
വളരെ നന്നായി പഠിക്കുന്നതും, ഉറക്കമിളച്ച് പരീക്ഷക്കായി തയ്യാറെടുക്കുന്നതും, മത്സരപ്പരീക്ഷകള്‍ക്കായി അത്യദ്ധ്വാനം ചെയ്യുന്നതുമെല്ലാം, മറ്റൊരാള്‍ക്ക് അല്ലെങ്കില്‍ സ്ഥാപനത്തിന് വേണ്ടി പണിയെടുക്കാനാണ്. തൊഴില്‍ മേഖലയില്‍ ശോഭിക്കാന്‍ പണിയെടുക്കാനുള്ള സന്നദ്ധതയും അനുയോജ്യമായ കഴിവുമാണ് പ്രധാനമായി വേണ്ടത്.
ഇങ്ങിനെ തൊഴില്‍ ചെയ്ത്, വേതനം വാങ്ങി അതില്‍ നിന്നും മിച്ചം പിടിച്ച പണം നിക്ഷേപമാക്കി, സാമ്പത്തികമായി പതിയെ ഉയര്‍ന്നവര്‍ വളരെ കുറവാണെങ്കിലും, നമ്മുക്കിടയില്‍ തീര്‍ച്ചയായുമുണ്ട്, പക്ഷേ, പൊതുവില്‍ ജീവിത സാഹചര്യം മെച്ചപ്പെടുന്നു എന്നല്ലാതെ, സാമ്പത്തികമായി ഉയരുന്നതിന് പരിമിതികള്‍ ഏറെയുള്ളവരാണ് ജോലി ചെയ്യുന്നവര്‍.
ലോണെടുത്തോ, ചിട്ടി പിടിച്ചോ ഒക്കെയാവും പൊതുവെ ജോലിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവര്‍ സാമ്പത്തിക കാര്യങ്ങള്‍ നടത്തുന്നത്. വീട് വയ്ക്കാനും മറ്റുമായി ലോണിനെ ആശ്രയിക്കുന്നവരില്‍ ഭൂരിപക്ഷവും ജോലിക്കാരാണ്. അതു കൊണ്ട് തന്നെ ഇത്തരക്കാരിലെ ഒരു വിഭാഗം, ജീവിതത്തിന്റെ ഭൂരിഭാഗവും പലിശയടക്കാനായി മാത്രം സമ്പാദിക്കുന്നവരുമായിരിക്കും.
ഉദാഹരണമായി, ഒരാള്‍ അമ്പത് ലക്ഷം രൂപ പത്ത് ശതമാനം പലിശക്ക് ( ഇപ്പോഴത്തെ നിരക്കല്ല) 20 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയില്‍ ഹൗസിംഗ് ലോണ്‍ എടുത്താല്‍, തിരിച്ചടക്കേണ്ട തുക ഒരു കോടി പതിനഞ്ചു ലക്ഷത്തി എണ്‍പതിനായിരമാണ്. അഥവാ 50 ലക്ഷം രൂപ വായ്പക്ക് 65 ലക്ഷം രൂപയില്‍ കൂടുതല്‍ പലിശ മാത്രം അടക്കണം.
2. പ്രൊഫഷണല്‍ / സ്വയം തൊഴില്‍
ഡോക്ടര്‍, വക്കീല്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്, പ്രൊഫഷണല്‍ കലാകാരന്മാര്, ട്യൂഷന് കൊടുക്കുന്ന അധ്യാപകര്‍, ഒറ്റക്ക് കച്ചവടം ചെയ്യുന്ന ചെറുകിട കച്ചവടക്കാര്‍, തുടങ്ങിയവരെല്ലാം ഉള്‍പ്പെടുന്നതാണ് പ്രൊഫഷണല്‍ / സ്വയം തൊഴില്‍ മേഖല. സമാനമായ ധാരാളം തൊഴിലുകള്‍ ഇക്കൂട്ടത്തില്‍ വരുന്നുണ്ടെങ്കിലും പൊതുവായ സമാനത എന്നു പറയുന്നത്, വരുമാനം വ്യക്തി അധിഷ്ടിതമാണ് എന്നതാണ്. അതായത് സ്വന്തം മേഖലയില്‍ മികവ് പുലര്‍ത്തിയാല്‍ വരുമാനം കൂടുകയും മറിച്ചായാല്‍ കുറയുകയും ചെയ്യും.
സേവന മേഖല ആയതിനാല്‍ തൊഴിലിനെ അപേക്ഷിച്ച് വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഏറെ സാദ്ധ്യതകള്‍ മുന്നിലുണ്ടാവും. തൊഴില്‍ മേഖലയെക്കാളും മെച്ചപ്പെട്ടതാണ്, എന്നിരുന്നാലും വരുമാനം ഉണ്ടാവണമെങ്കില്‍ സജീവമായി രംഗത്തുണ്ടാവുകയും നിരന്തരമായി പരിശ്രമിക്കുകയും വേണ്ടതായ മേഖലയാണിത്.
3. ബൗദ്ധിക സ്വത്തിലൂടെയുള്ള വരുമാനം
പുസ്തകങ്ങളുടെ റോയല്‍റ്റിയും പാട്ടുകള്‍ പാടുന്നവര്ക്കുള്ള റോയല്റ്റിയുമൊക്കെ നമ്മള് കേട്ടിട്ടുണ്ടാവും, അതുപോലെ, വീഡിയോ ആല്‍ബങ്ങള്‍, മ്യൂസിക് ആല്‍ബങ്ങള്‍, കണ്ടുപിടിത്തങ്ങളുടെ പേറ്റന്റ്, മുതലായ പ്രത്യേകിച്ച് പ്രയത്നം ഒന്നും ഇല്ലാതെ തന്നെ, വര്‍ഷങ്ങളോളം വരുമാനം നേടിത്തരുന്നവയാണ് ഇന്റലക്ഷ്വല്‍ പ്രോപ്പര്‍ട്ടീസ്. തങ്ങളുടെ മേഖലയില്‍ കൂടുതല്‍ കൂടുതല്‍ റോയല്‍റ്റിക്കും പേറ്റന്റിനും അര്‍ഹത നേടുന്ന പക്ഷം, വരുമാനം തനിയെ കൂടിക്കൊണ്ടിരിക്കുകയും ചെയ്യും. വിദേശ രാജ്യങ്ങളില്‍ ഏറെ പ്രാമുഖ്യമുണ്ടായിരുന്നെങ്കിലും, നമ്മുടെ നാട്ടിലുള്ളവര്‍ക്ക്, യു ട്യൂബിന്റെ വരവോടെയാണ് ഇതിന്റെ സാദ്ധ്യത മനസ്സിലായിത്തുടങ്ങിയത്. വളരെ മികച്ച, അതിരുകളില്ലാത്ത വരുമാന സാദ്ധ്യതയാണ് ഈ മേഖല തുറന്നിടുന്നതെങ്കിലും എല്ലാവര്ക്കും പ്രാപ്യമല്ല എന്നതാണ് ഇതിന്റെ പരിമിതി.
4. നിക്ഷേപങ്ങളിലൂടെ വരുമാനം
നമ്മുടെ നിരന്തര പ്രയത്നം ഇല്ലാതെ തന്നെ, വരുമാനം ഉണ്ടാക്കാനുള്ള മാര്‍ഗ്ഗമാണ് നിക്ഷേപം എന്നത്. താരതമ്യേന റിസ്ക് കുറഞ്ഞ ബാങ്ക് നിക്ഷേപം മുതല്‍ റിസ്ക് കൂടിയ ഓഹരി നിക്ഷേപം വരെ, ഏത് നിക്ഷേപവുമാവാം.
ഉദാഹരണമായി,
ഫിക്സഡ് ഡെപ്പോസിറ്റ്, നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ്, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം, പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്കീം, പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ്, കിസാന്‍ വികാസ് പത്ര, സോവറിന്‍ ഗോള്‍ഡ് ബോണ്ട് സ്കീം, ഗോള്‍ഡ് മോണിറ്റൈസേഷന് സ്കീം, ഗവണ്മെന്റ് സെക്യൂരിറ്റീസ്, തുടങ്ങിയ നിക്ഷേപങ്ങള്‍ പൊതുവേ റിസ്ക് കുറഞ്ഞവയും, ഒപ്പം കുറഞ്ഞ വരുമാനം മാത്രം നല്കുന്നവയുമാണ്. നാണ്യപ്പെരുപ്പ നിരക്ക് വച്ച് നോക്കുമ്പോള്‍ ഇത്തരം നിക്ഷേപങ്ങള്‍, വരുമാനം നല്‍കുമെങ്കിലും ആത്യന്തികമായി പറയത്തക്ക ലാഭം നല്കുകയില്ല. ഗോള്‍ഡ്, റിയല്‍ എസ്റ്റേറ്റ്, മ്യൂച്ചല്‍ ഫണ്ടുകള്‍, ഓഹരി നിക്ഷേപങ്ങള്‍ എന്നിവ ഒരേ സമയം തന്നെ ലാഭവും നഷ്ടവും ഉണ്ടാകാവുന്നവയാണ്. ഗോള്‍ഡില്‍ നിക്ഷേപിക്കുന്നവര്‍, ഒരിക്കലും ആഭരണങ്ങളില്‍ നിക്ഷേപിക്കാതിരിക്കുക എന്നത് പ്രധാനമാണ്. കോയിന്, ബാര്‍ എന്നിവയായോ, ഗോള്‍ഡ് ETFകളിലൂടെയൊ നിക്ഷേപിക്കുന്നതാണ് ശരിയായ മാര്‍ഗ്ഗം.
റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിക്കുന്നവര്‍ സ്ഥിര വരുമാനം നേടിത്തരുന്ന രീതിയില്‍ നിക്ഷേപിക്കുന്നതാണ് ഉത്തമം. മൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നവര്‍ കുറച്ചൊക്കെ ഗൃഹപാഠം ചെയ്ത്, കാര്യങ്ങള്‍ പഠിച്ച് വേണം നിക്ഷേപത്തിനിറങ്ങാന്‍. മാത്രമല്ല ഇടയ്ക്കെല്ലാം ഫണ്ടുകളുടെ നിലവാരം നിരീക്ഷിക്കുകയും വേണം.
വന്‍ വളര്‍ച്ചാ സാദ്ധ്യതയുള്ള നിക്ഷേപ മാര്‍ഗ്ഗമാണ് ഓഹരി നിക്ഷേപം എന്നിരുന്നാലും സാധാരണക്കാര്‍ക്ക് പറ്റിയ മേഖലയല്ല എന്ന് നിസ്സംശയം പറയാം. ഓഹരി നിക്ഷേപങ്ങളെക്കുറിച്ച് കൃത്യമായി പഠിച്ച്, അവയെ ശ്രദ്ധാപൂര്‍വ്വം നിരന്തരം നിരീക്ഷിച്ച്, യുക്തമായ തീരുമാനമെടുക്കാനാവുമെങ്കില് മാത്രം തിരഞ്ഞെടുക്കേണ്ട മേഖലയാണിത്.
സെന്‍സെക്സ് കുതിക്കുമ്പോഴും സ്വന്തം ഓഹരികള്‍ തറ പറ്റുന്നത് സാധാരണക്കാര്‍ മിക്കപ്പോഴും കാണുന്നതാണ്. അത് പോലെ വില കൂടിക്കൊണ്ടിരിക്കുന്ന ഒരു കമ്പനിയുടെ ഓഹരി നമ്മള് വാങ്ങിയതിന് ശേഷം വില കൂടാതിരിക്കുകയോ പലപ്പോഴും കുറയുകയോ ചെയ്യുന്നതും സാധാരണമാണ്. ചുരുക്കത്തില്‍ നിക്ഷേപങ്ങളെക്കുറിച്ച് പഠിക്കാനും പ്രയത്നിക്കാനും മനസ്സുണ്ടെങ്കില്‍ ഉയര്‍ന്ന സാമ്പത്തികം നേടാനുള്ള മികച്ച വഴിയാണ്, ഓഹരി നിക്ഷേപങ്ങള്‍.
5. ബിസിനസ്സ്
പണം സമ്പാദിക്കാനായി ഇന്നത്തെ സാഹചര്യത്തില്‍ ഏറ്റവും മികച്ച മാര്‍ഗ്ഗം എന്നത് ബിസിനസ്സ് തന്നെയാണ്. ബിസിനസ്സിലൂടെ സമ്പാദിക്കുന്ന പണത്തിന് പരിധി ആകാശമാണ് എന്ന് പറയുന്നത് അതിശയോക്തിയല്ല എന്ന് നമുക്കറിയാം.
രണ്ടാമത്തെ പോയിന്റില്‍, സ്വയം തൊഴില്‍ ചെയ്യുന്നവരായ കച്ചവടക്കാരെയും മറ്റും സംരംഭകരായി കണക്കാക്കാതിരുന്നതിന് കാരണം, അവര്‍ ചെയ്യുന്നത് ബിസിനസ്സ് തന്നെയാണെങ്കിലും, ആ വ്യക്തിയില്ലെങ്കില്‍ ബിസിനസ്സ് തന്നെ നടക്കുകയില്ല എന്നത് കൊണ്ടാണ്.
എന്നാല്‍ ഒരു ബിസിനസ്സ് എന്നത് ഉടമസ്ഥന്റെ അസാന്നിദ്ധ്യത്തിലും പ്രവര്‍ത്തിക്കുകയും ഉടമസ്ഥന് പണം നേടിക്കൊടുക്കുകയും ചെയ്യുന്ന ഒന്നായിരിക്കണം. ഉദാഹരണമായി ഒരാള്‍ക്ക് നാല് മൊബൈല്‍ ഷോപ്പ് ഉണ്ടെന്ന് കരുതുക. ഷോപ്പിലെ കച്ചവടം ജോലിക്കാര്‍ നോക്കുന്നത് കൊണ്ട്, ഉടമസ്ഥന് സിനിമ കാണുമ്പോഴും വിനോദയാത്രക്ക് പോകുമ്പോഴും, ബിസിനസ്സ് അദ്ധേഹത്തിനായി പണം സൃഷ്ടിച്ച് കൊണ്ടിരിക്കുന്നതായി കാണാം. അതായത് ഒരു തൈ നട്ടുവളര്‍ത്തി, വലുതാക്കി ഫല വൃക്ഷമാക്കി മാറ്റിയാല്‍, പിന്നീട് അത് സ്വയം വെള്ളം വലിച്ചെടുക്കുകയും ഫലം നല്‍കുകയും ചെയ്യും എന്നു മാത്രമല്ല പുതിയ വൃക്ഷങ്ങളെ സൃഷ്ടിക്കുവാനും അവയ്ക്കാവും. അതുപോലെ ഉടമസ്ഥന്റെ പൂര്‍ണ്ണ പ്രയത്നമില്ലാത തന്നെ ബിസിനസ്സ് തനിയെ നടക്കുകയും പണം നേടിത്തരികയും ചെയ്യും. ഒരു സംരംഭകനാവാനുള്ള യോഗ്യതയുള്ളവര്‍ തീര്‍ച്ചയായും ബിസിനസ്സ് തുടങ്ങുന്നത് അഭികാമ്യമാണ്. (എന്തായിരിക്കണം ഒരു സംരംഭകന്റെ യോഗ്യത എന്ന് മുന്‍പ് പറഞ്ഞിട്ടുണ്ട്.)
ഒരു ബിസിനസ്സ് തുടങ്ങുമ്പോള്‍ വിജയിക്കാനുള്ള കാരണങ്ങളെക്കാളും പരിഗണന നല്‍കേണ്ടത്, പരാജയപ്പെടാനുള്ള കാരണങ്ങള്‍ക്കും അവയ്ക്കുള്ള പരിഹാരങ്ങള്ക്കുമായിരിക്കണം എന്നു മാത്രം.
നമ്മുക്ക് ചുറ്റും ബിസിനസ്സ് ചെയ്യുന്നവര്‍ എല്ലാവരും സമ്പന്നരാകുന്നില്ലല്ലോ? സാധാരണക്കാര്‍ , കൂടുതല്‍ കൂടുതല്‍ പാവപ്പെട്ടവരാകുമ്പോള്, സമ്പന്നര്‍ കൂടുതല്‍, കൂടുതല്‍, സമ്പന്നരാകുന്നതിന്റെ കാരണമെന്താണ് ?