
Sub Editor, NowNext
നിറയെ ഓൺലൈൻ ക്ലാസുകൾ, നിറയെ അവസരങ്ങൾ, വീടിനകം നൽകിയ ഓൺലൈൻ സാധ്യതകൾ, അങ്ങനെ പുതിയ വഴികളിലൂടെയുള്ള നിരവധി ആശയങ്ങൾ കൂടി ഈ കോവിഡ് കാലം നല്കിയിട്ടുണ്ട്. സാങ്കേതികതയിലൂടെയുള്ള ജീവിത വഴികളാണ് പ്രധാനമായും ഈ കാലത്ത് സുലഭമായത്. ഭാവിക്ക് വേണ്ടി ചെയ്‌ത് വെക്കാവുന്ന ഒരുപാട് കാര്യങ്ങൾ നേടുന്നവരും അല്ലാത്തവരെയുമെല്ലാം നമ്മൾ കണ്ടു.
ഓൺലൈൻ വിദ്യഭ്യാസം വിദ്യാർത്ഥികൾക്കിടയിൽ ഡിജിറ്റൽ മേഖലയോട് താല്പര്യം വർദ്ധിക്കാൻ ഇടയാക്കിട്ട് ഉണ്ട്. സാങ്കേതികത ഉപയോഗിച്ച് നിരവധി കാര്യങ്ങൾ വിദ്യാർത്ഥികൾ സ്വയം അഭ്യസിക്കുന്നുമുണ്ട്. ഇത് പോലെ ഈ കാലഘട്ടത്തിൽ ചില കുട്ടികളെങ്കിലും സ്വയം തിരിച്ചറിഞ്ഞ ഒരു താല്പര്യമാണ് സോഫ്റ്റ്‌വെയർ പ്രോഗ്രാമിങ് പഠനം എന്നത്.
സ്കൂൾ തലത്തിൽ കമ്പ്യൂട്ടർ ഒരു വിഷയമാവുമ്പോൾ ചില പ്രോഗ്രാമിങ് ഭാഷകളൊക്കെ ചെറിയ രീതിയിലെങ്കിലും പഠിക്കുന്നുണ്ട്. ഇങ്ങനെ പ്രോഗ്രാമിങിനോട് താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് സ്വയം സൗജന്യമായി അഭ്യസിക്കാവുന്ന നിരവധി സംവിധാനങ്ങൾ ഉണ്ട്.
അങ്ങനെയുള്ള പ്രോഗ്രാമിങ് ഭാഷകൾ ആണ് താഴെ പറയുന്നത്
കോഡ് (cod.org)
കോഡ് ബ്ലോക്കുകൾ ഉപയോഗിച്ച് അപ്ലിക്കേഷൻ നിർമിക്കാനും സോഫ്റ്റ് വെയർ പ്രോഗ്രാമിൽ തുടക്കമിടാനും ഇത് സഹായിക്കും. പ്രോഗ്രാമിങിൽ അടിസ്ഥാന ആവശ്യമായ യുക്തിവിചാരം ആർജ്ജിക്കുന്നതിന്, ബ്ലോക്കുകൾ ഉപയോഗിച്ച് അപ്ലിക്കേഷനുകൾ നിർമ്മിക്കുന്നത് സഹായിക്കും എന്നതാണ്. ശേഷം എച് ടി എം എൽ, സി എസ് എസ്, ജാവ സ്ക്രിപ്റ്റ് എന്നിവ ഉപയോഗിച്ച് ആപ്പുകളും ഗെയിമുകളും വെബ് സൈറ്റുകളും നിർമിക്കാം.
സ്ക്രാച്ച് (scratch.mit.edu)
ലോകത്തിലെ തന്നെ പ്രശസ്തമായ MIT യുടെ ഒരു സംരംഭം ആണ് സ്ക്രാച്ച്. ബ്ലോക്കുകൾ ഉപയോഗിച്ചുള്ള പഠനത്തിലൂടെ സോഫ്റ്റ്‌വെയർ പ്രോഗ്രാമിംങിൽ ആവശ്യമായ യുക്തി, ഗണിതശാസ്ത്ര മികവ് എന്നിവ വളർത്തിയെടുക്കാം. അപ്ലിക്കേഷനുകൾ ഗെയിമുകൾ നിർമ്മിക്കാനും അത് മറ്റുള്ളവരുമായി ഷെയർ ചെയ്യാനും ഇതിലൂടെ സാധിക്കും. കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള കോഴ്സുകൾ ഇതിൽ ലഭ്യമാണ്.
ഖാൻ അക്കാദമി (khanacademy.org)
വിദ്യാർത്ഥികൾക്ക് സൗജന്യമായി വിവിധ കോഴ്‌സുകൾ ലഭ്യമാക്കുന്ന ഒരു എൻ ജി ഒ ആണ് ഖാൻ അക്കാദമി. കുട്ടികൾക്കായി ജാവാസ്ക്രിപ്റ്റ്, പൈത്തൺ തുടങ്ങിയ പ്രോഗ്രാമിങ് ലാംഗ്വേജ് കോഴ്‌സുകൾ ഈ പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്.
ഡിക്കോഡർ (dcoder.tech)
മൊബൈൽ ഫോണിൽ വിവിധ പ്രോഗ്രാമിങ് ലാംഗ്വേജുകളിൽ കോഡ് എഴുതാൻ സഹായിക്കുന്ന ഒരു അപ്ലിക്കേഷൻ ആണ് ഡിക്കോഡർ. ഈ പ്ലാറ്റ് ഫോമിൽ കോഴ്സുകളൊന്നും ലഭ്യമല്ലെങ്കിലും കുട്ടികൾക്ക് പരിശീലിച്ച് ചെയ്യാവുന്ന ടൂൾ ആയിട്ട് ഇത് ഉപയോഗിക്കാം. മൊബൈൽ ഫോൺ ഉപയോഗിച്ച് കോഡ് ചെയ്യാമെന്നത് ഇതിന്റെ പ്രതേകതയാണ്. അടിസ്ഥാന ഫീച്ചറുകൾ സൗജന്യമായി നൽകുമ്പോൾ മറ്റു ഫീച്ചറുകൾക്ക് പണം നൽകേണ്ടതുണ്ട്.