
Sub Editor, NowNext
” നമ്മൾ ആരാണെന്നും എവിടെ നിന്നാണ് വരുന്നതെന്ന് മനസ്സിലാക്കാനുള്ള എല്ലാ താക്കോലുകളും പുരാവസ്തുശാസ്ത്രത്തിൽ ഉണ്ടെന്ന് ” സാറാഹ് പാർക്കാക് പറയുന്നു.
നമ്മളിലെ പുരാവസ്തുവിനെ അല്ലെങ്കിൽ നമ്മിലെ പുരാതന ചരിത്രത്തെ തേടിയുള്ള യാത്രയാണ് ആർക്കിയോളജി പഠനത്തിലൂടെ ഉദ്ദേശിക്കുന്നത്.
ചരിത്രം, ഭൂമി ശാസ്ത്രം, സാഹിത്യം എന്നീ പഠന മേഖലകളുടെ സംയോജിത പഠന രൂപമാണ് ആർക്കിയോളജി. ചരിത്രത്തിൽ ആഴത്തിൽ ശ്രദ്ധ കൊടുക്കുന്നതിനുള്ള മാനസിക തയ്യാറെടുപ്പിനൊപ്പം അനുബന്ധ പഠനരംഗങ്ങളായ സാഹിത്യവും കലയും എല്ലാം ആർക്കിയോളജിസ്റ്റിന്റെ പഠന സിലബസ്സിൽ ഉണ്ട്.
പുരാവസ്തുക്കൾ (പഴയ നാണയങ്ങൾ, മൺപാത്രങ്ങൾ, ശിൽപങ്ങൾ, പണിയായുധങ്ങൾ, മറ്റ് അനുബന്ധവസ്തുക്കൾ) തുടങ്ങിയവ സൂക്ഷ്മമായി കണ്ടെത്തി, ശേഖരിച്ച് ശാസ്ത്രീയമായി വിശകലനം നടത്തി, ലഭ്യമാകുന്ന അറിവിന്റെ അടിസ്ഥാനത്തിൽ ഭൂതകാലത്തെപ്പറ്റി വിജ്ഞാനം നേടുകയാണ് ആർക്കിയോളജിസ്റ്റ് ചെയ്യുന്നത്. കൂടാതെ ഇതിന്റെ ഉപവിഭാഗങ്ങളായി ന്യൂമിസ്മാറ്റിക്സ് – നാണയങ്ങളെപ്പറ്റിയുള്ള പഠനം, എപ്പിഗ്രാഫി – പ്രാചീനമനുഷ്യരുടെ ശിലാ ലിഖിതങ്ങളെക്കുറിച്ചുള്ള പ്രത്യേകിച്ച് താളിയോലകൾ, ശിൽപങ്ങൾ എന്നിവയിൽ കാണുന്ന ലിപികളെ കുറിച്ചുള്ള പഠനമെല്ലാം ഉൾപ്പെടുന്നു. പുരാവസ്തുക്കൾ ശരിയായും ശാസ്ത്രീയമായും സൂക്ഷിക്കുന്നത്തിനുള്ള ഫലപ്രദമായ മാർഗങ്ങൾ കണ്ടെത്തി അവ ശാസ്ത്രീയമായി ഉപയോഗിക്കുക എന്നതാണ് ആർക്കിയോളജിസ്റ്റിന്റെ പ്രവർത്തനങ്ങളിൽ പറയുന്നത്. ശാസ്ത്രീയമായി സൂക്ഷിച്ചിട്ടുള്ള പുരാവസ്തുക്കൾ കൃത്യമായി മ്യൂസിയങ്ങളിൽ പ്രദർശിപ്പിക്കുക, ഇവിടങ്ങളിൽ സന്ദർശിക്കുന്നവർക്ക് ഇവയെ സംബന്ധിച്ചിട്ടുള്ള വിവരങ്ങൾ നൽകുക എന്നതെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്.
മ്യൂസിയോളജിയുടെ ചുമതലയിൽ പ്രവർത്തിക്കുന്ന വ്യക്തിയെ ക്യൂറേറ്റർ എന്നാണ് അറിയപ്പെടുന്നത്. വളരെ പ്രധാനവും ഉത്തരവാദിത്തവുമുള്ള ചുമതലയാണ് ക്യുറേറ്റർക്കുള്ളത്. നല്ലൊരു ക്യുറേറ്ററാകാൻ നാച്ചുറൽ ഹിസ്റ്ററി, മെറ്റൽസ്, ടെറാക്കോട്ട, ടെക്സ്റ്റൈൽസ്, പെയിന്റിങ് തുടങ്ങിയ മേഖലയിൽ ആഴത്തിലുള്ള അറിവും പഠനവുമുണ്ടാകണം.
ആർക്കിയോളജി പഠനം പൂർത്തിയായവർക്ക് പ്രത്യേകമായും ഗവണ്മെന്റ് മേഖലയിലാണ് തൊഴിലവസരങ്ങളുള്ളത്. കേന്ദ്രസർക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ആർകിയോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യ, നാഷണൽ ആർകൈവ്സ് ഓഫ് ഇന്ത്യ, ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് എന്നിവക്ക് പുറമെ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പുരാവസ്തു വകുപ്പ്, മ്യൂസിയങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, എന്നിവിടങ്ങളിൽ ആർക്കിയോളജിസ്റ്റായി ജോലി ലഭിക്കാം. കൂടാതെ അദ്ധ്യാപന രംഗത്തും ടുറിസം മേഖലയിലും അവസരങ്ങൾ ഉണ്ട്. ടൂറിസം മേഖലയിൽ ഹെറിറ്റേജ് മാനേജർ തുടങ്ങിയ തസ്തികകളിൽ തൊഴിലവസരമുണ്ട്.
ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിട്ടുള്ളവർക്ക് ആർക്കിയോളജിയിൽ എം.എ പഠനം നടത്താം. ആർക്കിയോളജി ഐച്ഛിക വിഷയമായി ബിരുദാനന്തര ബിരുദം നൽകുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾ കൂടാതെ, ഹിസ്റ്ററി ഐച്ഛിക വിഷയമായുള്ള ബിരുദപഠനത്തോടൊപ്പം ആർക്കിയോളജി മ്യൂസിയോളജി എന്നീ വിഷയങ്ങൾ അനുബന്ധവിഷയങ്ങളായി പഠനം നടത്താൻ കഴിയും. ഇതിന് രാജ്യത്തെ ചില സർവകലാശാലകൾ ബിരുദതലത്തിൽ സ്കീമും സിലബസും തയാറാക്കിയിട്ടുണ്ട്. ആർക്കിയോളജിയും അനുബന്ധവിഷയങ്ങളുടെയും പഠനവുമായി ബന്ധപ്പെട്ട രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമാണ് ഡൽഹി നാഷണൽ മ്യൂസിയത്തിന് കീഴിൽ പ്രവർത്തിക്കുന്ന മ്യൂസിയം സർവകലാശാല. കൂടാതെ,
- University of Calcutta, College Straf Calcutta 700073
- Kurukshetra University, Kurukshetra 132119
- MS University of Baroda, Gujarat 3900002
- Andra University, Visakhapatnam 53003
- University of Mysore -570005
- University of Madras, Chennai -600005
- Madurai Kamaraj Uty Madurai 652021
കേരളത്തിൽ കേരളാ സർവ്വകലാശാലയുടെ Department of Archaeology യുടെ കീഴിൽ MA, Master of Philosophy and Doctor of Philosophy എന്നീ കോഴ്സുകൾ നടത്തുന്നു. കേരള സർക്കാരിന്റെ Department Cultural Affairs ന് കീഴിൽ സ്വയം ഭരണ സ്വഭാവത്തോടെ പ്രവർത്തിക്കുന്ന Centre for Heritage Studies തൃപ്പൂണിത്തുറ, പി.ജി ഡിപ്ലോമ ഇൻ ആർക്കിയോളജി, മ്യൂസിയോളജി കോഴ്സുകളും നടത്തുന്നുണ്ട്.