
Journalist, Editor, Production Manager NowNext
ഇന്ന് സെപ്റ്റംബർ 5! രാജ്യം അദ്ധ്യാപക ദിനം ആചരിക്കുകയാണ്. സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായ ഡോക്ടർ സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് നാം അദ്യാപകദിനമായി ആചരിക്കുന്നത്. മദ്രാസ് പ്രെസിഡെൻസി കോളേജിൽ നിന്നാണ് അദ്ദേഹം അദ്ധ്യാപക ജീവിതം ആരംഭിക്കുന്നത്. ഒരു മികച്ച അദ്ധ്യാപകനായിരുന്നു അദ്ദേഹം. അതുകൊണ്ടാണല്ലോ രാജ്യം അദ്ദേഹത്തിന്റെ ജന്മദിനം അദ്യാപകദിനത്തിനു തിരഞ്ഞെടുക്കാൻ കാരണം. തൻ്റെ അധ്യാപന ജീവിതത്തിൽ ഒരുപാട് പ്രതിഭകളെ ഈ നാടിനു സംഭാവന നല്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
നമ്മുടെ എല്ലാവരുടെയും ജീവിതത്തിലും അദ്ധ്യാപകർ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടാകും, അതിൽ തന്നെ ചില അദ്ധ്യാപകരുമായി നമുക്ക് വല്ലാത്ത ആത്മബന്ധവുമുണ്ടാകും. അറിവുകൾ പകർന്നു നല്കുന്നതിനപ്പുറത്തേക്ക് അധ്യാപകർ നമുക്ക് ആരെല്ലാമൊക്കേയുമായിയിരുന്നു. എല്ലാകാലത്തും നല്ല അധ്യാപകരുണ്ട്. അധ്യാപകരുടെ നന്മയേ കണ്ടെത്തുന്നതിൽ ഒരിക്കലും കാലങ്ങൾക്ക് പ്രാധാന്യമില്ല. (ചിലർ പറയാറുണ്ട്, ഇപ്പോഴത്തേ അധ്യാപകരൊക്കെ എന്തിനുകൊള്ളാം, അധ്യാപകരൊക്കെ ഞങ്ങളുടെ കാലത്തല്ലേ)
ഓരോ വ്യക്തിയുടെയും സ്വഭാവ രൂപീകരണത്തിലും അവന്റെ നേട്ടങ്ങളിലും അധ്യാപകർ ചെലുത്തുന്ന സ്വാധീനം പറഞ്ഞറിയിക്കാൻ കഴിയാത്ത ഒന്നാണ്. അധ്യാപകൻ എന്നും വിദ്യാർത്ഥിയുടെ അരികിൽ ഉണ്ടാകും. പഠനം കഴിഞ്ഞു വിദ്യാലയത്തിൽ നിന്നും വിദ്യാർത്ഥി വീട്ടിലേക്കു മടങ്ങിയാലും ആ അധ്യാപകൻ പകർന്നു നൽകിയ ഓർമകൾ ആ വിദ്യാർത്ഥിയുടെ പ്രവർത്തികളെ സ്വാധീനിക്കും. തികച്ചും അപ്രതീക്ഷിത സംഭവ വികാസങ്ങളിലൂടെയാണ് ലോകം ഇന്ന് കടന്നു പോകുന്നത്. വിദ്യാലയങ്ങൾ അടഞ്ഞു കിടക്കുന്നു. വിദ്യാർഥികൾ ഓൺലൈൻ ആയി പഠിക്കുന്നുണ്ട്, അധ്യാപകർ പഠിപ്പിക്കുന്നുമുണ്ട്. എന്നിരുന്നാലും ഇവർക്കിടയിൽ എന്തോ ഒന്ന് നഷ്ടപ്പെട്ടതായി നമ്മുക്ക് ഫീൽ ചെയ്യുന്നില്ലേ? സാങ്കേതിക വിദ്യയുടെ ഈ കാലത്തു അറിവുകൾ നേടാൻ ഒരുപാട് വഴികളുണ്ട്. ഒരു പക്ഷെ ആ വഴികൾ അധ്യാപകരേക്കാൾ കൂടുതൽ ഉപയോഗിക്കാൻ കഴിയുന്നതും ,വിദ്യാർത്ഥികൾക്കായിരിക്കും. ഗൂഗിളടക്കം പല സെർച്ച് എൻജിനുകളും ,എഡ്യൂക്കേഷൻ ആപ്പുകളും, വിദ്യാർത്ഥികൾക് അറിവുകൾ നൽകാൻ സഹായിച്ചെന്നുവരാം. പക്ഷെ അതൊന്നും തന്നെ അധ്യാപകർക്ക് പകരമാകില്ല. ഒരു വിദ്യാർത്ഥിയുടെ ഉള്ളിലുള്ള പ്രതിഭയെ തിരിച്ചറിയണമെങ്കിൽ, അവൻ്റെ മനസ്സറിയുന്ന നല്ല അധ്യാപകർ തന്നെ വേണം.
മൾട്ടിപ്പിൾ ഇന്റലിജൻസിന്റെ കാലമാണ് ഇത്. പഠിച്ചു എൻജിനിയറും, ഡോക്ടറും ആകുന്നതിനപ്പുറത്ത് ഓരോ വിദ്യാർത്ഥികളിലും ആൽബർട്ട് എയ്ൻസ്റ്റീനെയും, ഉസൈൻ ബോൾട്ടിനെയും, ഉണ്ടാക്കിയെടുക്കുന്നതിനു അധ്യാപകർ തന്നെ വേണം. വിദ്യാർത്ഥിയുടെ ബുദ്ധിയിൽ തൊടാൻ, അവൻ്റെ കഴിവിനെ പുറത്തുകൊണ്ടുവരാൻ ഒരു അധ്യാപകന്റെ സ്നേഹത്തിനു മാത്രമേ കഴിയുകയുള്ളു.. ആ സ്നേഹം തന്നെയാണ് ഇന്നത്തെ ദിവസത്തെ മഹത്വവത്കരിക്കുന്നത്. ഇന്ന് അധ്യാപകർ വിദ്യാർത്ഥികളുടെ തൊട്ടടുത്തില്ല. ഇന്ന് അവർക്കു കൂടെയുള്ളത് രക്ഷിതാക്കളാണ്. സ്വന്തം വീട് കുഞ്ഞുങ്ങളുടെ പാഠശാലകൾ ആകുകയും, രക്ഷിതാക്കൾ അവരുടെ അധ്യാപകരാകുകയും വേണം. ഈ മഹാമാരിയുടെ കാലത്ത് തങ്ങളുടെ മക്കൾക്കൊപ്പം നിൽക്കാനും, അവരിലെ കഴിവുകൾ കണ്ടെത്തി അതിനെ പരിപോഷിപ്പിക്കാനും രക്ഷിതാക്കൾ തയ്യാറായേ മതിയാകൂ.
“വിദ്യാർത്ഥികളെ സ്നേഹിക്കുന്ന എല്ലാ ഗുരുനാഥന്മാർക്കും അധ്യാപക ദിന ആശംസകൾ നേരുന്നു…”