ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സംസ്ഥാനത്ത് നടപ്പിലാക്കുന്ന സംസ്കൃത പ്രചാരണ പദ്ധതിയുടെ ഭാഗമായി സമർപ്പിച്ച ‘മാതൃകാവിദ്യാലയ പദ്ധതി’ക്ക് കേന്ദ്ര സംസ്കൃത സർവ്വകലാശാല 30 ലക്ഷം രൂപ അനുവദിച്ചതായി വൈസ് ചാൻസലർ പ്രൊഫസർ എം. വി. നാരായണൻ അറിയിച്ചു. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 50 മാതൃകാ സ്കൂളുകളിൽ മൂന്ന് വർഷത്തേയ്ക്ക് നടപ്പിലാക്കുന്നതാണ് ‘സംസ്കൃത മാതൃകാവിദ്യാലയ പദ്ധതി’. കേന്ദ്ര സംസ്കൃത സർവ്വകലാശാലയുടെ അഷ്ടാദശി പദ്ധതിയുടെ ഭാഗമായാണ് സംസ്കൃത ‘മാതൃകാവിദ്യാലയ പദ്ധതി’ക്ക് അനുമതി നൽകിയിരിക്കുന്നത്. സംസ്കൃത പ്രചാരണ വിഭാഗം നോഡൽ ഓഫീസർ ഡോ. അജിത്കുമാർ കെ. വി. യും സംസ്കൃത പ്രചാരണ വിഭാഗം എറണാകുളം ജില്ലാ കോർഡിനേറ്റർ ഡോ. വി. കെ. ഭവാനിയും ചേർന്നാണ് സംസ്കൃത ‘മാതൃകാവിദ്യാലയ പദ്ധതി’ കേന്ദ്ര സംസ്കൃത സർവ്വകലാശാലയ്ക്ക് സമർപ്പിച്ചത്. കേരളത്തിലെ സംസ്കൃതം അറിയാത്ത വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും സൗജന്യമായി സംസ്കൃതം പഠിപ്പിക്കുന്ന പദ്ധതിയാണ് ‘മാതൃകാവിദ്യാലയ പദ്ധതി’. സംസ്കൃതം പഠിക്കുവാനാഗ്രഹിക്കുന്ന എല്ലാവർക്കും സംസ്കൃതം പഠിക്കുന്നതിന് ഏറ്റവും സമീപത്തുളള മാതൃകാവിദ്യാലയങ്ങളിൽ പഠിക്കുന്നതിനുളള സാഹചര്യം ഒരുക്കുവാൻ ഈ പദ്ധതിയിലൂടെ സാധിക്കുന്നു. കേരളത്തിന്റെ പുരാതന സംസ്കൃത പാരമ്പര്യവും സംസ്കാരവു നിലനിർത്തുവാനും സംസ്കൃതത്തെ കൂടുതൽ അറിയുവാനും സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
