നാഷണൽ ഇൻസിസ്റ്റൂഷണൽ റാങ്കിങ് ഫ്രെയിംവർക് (എൻ.ഐ.ആർ.എഫ്) 2022ൽ, പങ്കെടുത്ത 1,875 സ്ഥാപനങ്ങളിൽ 151-200 ബാൻഡിൽ ഇടം പിടിച്ച് കണ്ണൂർ സർവകലാശാല. രാജ്യത്തുടനീളമുള്ള വിവിധ സർവ്വകലാശാലകളെയും വിദ്യാഭാസ സ്ഥാപനങ്ങളെയും വിശാലമായ മാനദണ്ഡങ്ങൾ അടിസ്ഥാനപ്പെടുത്തി റാങ്ക് ചെയ്യുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഒരു സംവിധാനമാണ് എൻ.ഐ.ആർ.എഫ്. കഴിഞ്ഞ വർഷമാണ് കണ്ണൂർ സർവകലാശാല ആദ്യമായി എൻ.ഐ.ആർ.എഫ്. റാങ്കിങ്ങിന് അപേക്ഷിച്ചത്. രണ്ടാം വർഷം തന്നെ 151-200 ബാൻഡിൽ ഇടം പിടിക്കാനായത് വലിയ നേട്ടമാണ്. അധ്യാപന ഗവേഷണ രംഗങ്ങളിൽ സർവ്വകലാശാല നടത്തുന്ന വിവിധ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്. വരും വർഷങ്ങളിൽ സർവകലാശാലയുടെ റാങ്കിംഗ് കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്ന് IQAC ഡയറക്ടർ പ്രൊഫ.സാബു എ പറഞ്ഞു. കഴിഞ്ഞ വർഷം നടന്ന നാക് റീ-അക്ക്രഡിറ്റേഷനിൽ സർവകലാശാലയുടെ ഗ്രേഡ് ‘ബി’ യിൽ നിന്നും ബി++ ആക്കാൻ സർവകലാശാലക്ക് സാധിച്ചു. അടൽ റാങ്കിങ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഓൺ ഇന്നൊവേഷൻ അച്ചീവ്മെന്റ്സ് (ARIIA) 2021ൽ കണ്ണൂർ സർവകലാശാലയെ “പെർഫോമർ” വിഭാഗത്തിൽ റാങ്ക് ചെയ്യുകയുണ്ടായി. ഇത് സംരംഭകത്വവും നൂതനആശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് സർവകലാശാല നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ്.
