
Sub Editor, NowNext
കേരളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന കോഴ്സാണ് ബികോം എന്നത്. ബികോമിന്റെ തന്നെ പല വിഭാഗങ്ങളെ സ്പെഷ്യലൈസേഷൻ ചെയ്ത് പഠിക്കാവുന്നതുമായ നിരവധി കോഴ്സുകളും ഉണ്ട്. അതിൽ ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം ഫിനാൻസ് തുടങ്ങി നിരവധിയുണ്ട്. ഇങ്ങനെ വിദ്യാർത്ഥികൾ വളരെ താൽപര്യപൂർവ്വവും, ലളിതമെന്നും, പെട്ടന്ന് തൊഴിൽ കിട്ടുമെന്ന ചിന്തയിലുമെല്ലാം ബികോം ബിരുദത്തിലേക്ക് എത്തിപ്പെടുന്നുണ്ട്. ബി കോം എന്നത് നിരവധി തൊഴിൽ അവസരങ്ങളും സാധ്യതയുള്ള കോഴ്സ് ആണെങ്കിലും അത്രമാത്രം മത്സരബുദ്ധിയോടെ നേരിടുന്നവർക്കേ കരിയർ മികച്ച് നിൽക്കുകയൊള്ളു.
സാധാരണയായി ബികോം പഠിച്ചിറങ്ങിയവർ കൂടുതൽ ആയും ലഭിക്കുന്ന തൊഴിൽ മേഖല എന്നത് അക്കൗണ്ടിങ്ങ് എന്നതാണ്. ഇതിന് നിരവധി അവസരങ്ങളും ഉണ്ട്. പക്ഷെ അക്കൗണ്ടിങ്ങിന് താൽപര്യമില്ലാത്തവർ വേറെ ഏത് വഴിയിൽ കരിയർ സുരക്ഷിതമാക്കുമെന്നും അറിയാത്തവരാണ്. സാധാരണയായി എം കോമിലേക്കും, എം ബി എ യിലേക്കും മാറിയാൽ തന്നെ അക്കൗണ്ടിങ്ങ് അല്ലാത്ത മറ്റേതൊക്കെ മേഖലയിലാണ് ജോലി കിട്ടുക എന്നൊക്കെയുള്ള ആശങ്കയുള്ളവരാണ്.
ബികോമിന് നിരവധി സ്പെഷ്യലൈസേഷനുകൾ ഉണ്ടെന്ന് മുൻപ് പറഞ്ഞല്ലോ ? അക്കൗണ്ടിങ്ങ് താൽപര്യമില്ലാത്തവർക്ക് തുടർപഠനത്തിനായി
എം കോമിലെ തന്നെ സ്പെഷ്യലൈസേഷനുകൾ ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ്. അതിൽ ടാക്സേഷൻ, ഇ-കൊമേഴ്സ്, ബിസിനസ് മാനേജ്മെന്റ് തുടങ്ങിയവ ഉണ്ട്. എച്ച്ആർ, ഫിനാൻസ്, ക്യാപിറ്റൽ മാർക്കറ്റ്സ്, മാർക്കറ്റിങ് എന്നിവ സ്പെഷലൈസേഷനായി എം ബി എ യുമാകാം.
ഇക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ്, ഡവലപ്മെന്റൽ സ്റ്റഡീസ്, ക്വാണ്ടിറ്റേറ്റീവ് ഫിനാൻസ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ എന്നിവയിലുള്ള പിജി കോഴ്സുകൾ, ബി എഡ്, എൽ എൽ ബി, എച്ച്ഡി സി എന്നിവയെല്ലാം മറ്റു ചില സാധ്യതകളാണ്. ട്രാവൽ & ടൂറിസം, പബ്ലിക് പോളിസി & ഗവേണൻസ്, സോഷ്യൽ വർക്ക്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ജേണലിസം, പബ്ലിക് റിലേഷൻസ്, മാസ് കമ്യൂണിക്കേഷൻ, പോപ്പുലേഷൻ സ്റ്റഡീസ്, ഡിസാസ്റ്റർ മാനേജ്മെന്റ്, വിഷ്വൽ കമ്യൂണിക്കേഷൻ, സോഷ്യോളജി, വിവിധ സോഷ്യൽ സയൻസ്/ ഹ്യൂമാനിറ്റീസ് വിഷയങ്ങൾ എന്നിവയും പരിഗണിക്കാം.
മാത്സിൽ താൽപര്യമുണ്ടെങ്കിൽ ആക്ച്വേറിയൽ സയൻസ്, പ്ലസ്ടുവിന് മാത്സ് പഠിച്ചിട്ടുണ്ടെങ്കിൽ എംസിഎ എന്നിവയും പരിഗണിക്കാം.
ഏതു തിരഞ്ഞെടുക്കും മുൻപും കോഴ്സിന്റെ ഉള്ളടക്കം പരിശോധിച്ച് നമ്മുടെ അഭിരുചിക്കും കഴിവിനും ഇണങ്ങുന്നുണ്ടോയെന്ന് ഉറപ്പു വരുത്തണം. എംകോമും എംബിഎയും കഴിഞ്ഞാൽ ഫിനാൻസ്, എച്ച്ആർ, സെയിൽസ്, ലോജിസ്റ്റിക്സ്, ബാങ്കിങ്, ഇൻഷുറൻസ്, കൺസൽറ്റിങ് എന്നിങ്ങനെ വിവിധ മേഖലകളിൽ ഇന്ത്യയിലും വിദേശത്തും അവസരമുണ്ട്.
മികച്ച ജോലിക്കുള്ള സാധ്യത അക്കാദമിക മികവ്, ആശയവിനിമയ ശേഷി, പ്രശ്ന പരിഹാര ശേഷി, പഠിച്ച സ്ഥാപനത്തിന്റെ നിലവാരം തുടങ്ങി ഒട്ടേറെ ഘടകങ്ങളെ ആശ്രയിച്ചിരിക്കുമെന്നും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ബി കോം പഠിച്ചു എന്ന് കരുതി ആരും ആശങ്കപെടേണ്ടതില്ല പഠിക്കാനും തൊഴിലിനുമായി നിരവധി വഴികൾ ബി കോം പഠനത്തെ ചുറ്റിപറ്റി തന്നെ ഇരിക്കുന്നുണ്ട്.