
Sub Editor, NowNext
പല വിധ അപകടങ്ങള്‍ നിരന്തരം സംഭവിക്കേണ്ടി വരുന്നവരാണല്ലോ നമ്മുടെ ഇന്ത്യന്‍ ആര്‍മിയടക്കമുള്ള എല്ലാ ഫോഴുസുകളും. അങ്ങനെ അപകടങ്ങള്‍ നടക്കുമ്പോള്‍ അവരെ സംരക്ഷിക്കേണ്ടതും പരിചരിക്കേണ്ടതുമായ വലിയ ഉത്തരവാദിത്വം ഫോഴ്സുകളിലെ മെഡിക്കല്‍ രംഗത്തിനുണ്ട്. മാനസികമായും ശാരീരികമായും വിദ്യഭ്യാസ പരമായും കഴിവുള്ളവരാവണം ഫോഴ്സില്‍ മെഡിക്കല്‍ രംഗം കൈകാര്യം ചെയ്യേണ്ടതെന്ന് പറയാതെ വയ്യല്ലോ ? അത്രത്തോളം താല്പര്യമുള്ളവരും ആവണം. ഇതിന് അതാത് ഫോഴ്സുകള്‍ അനുശ്വാസിക്കുന്ന യോഗ്യതയും വേണം.
ഇന്ത്യന്‍ ആര്‍മിയില്‍ നഴ്സിങ് ഓഫീസറാവാന്‍ എന്തോക്കെ യോഗ്യതകളാണ് വേണ്ടത് എന്നാണ് ഇനി പറയാന്‍ പോവുന്നത്.
ബി.എസ്സി. നഴ്സിങ്/എം.എസ്സി. നഴ്സിങ്/പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്സിങ് പൂര്‍ത്തിയാക്കിയവര്‍ക്ക് മിലിറ്ററി നഴ്സിങ് സര്‍വീസില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫീസറായി നിയമനത്തിനുള്ള വിജ്ഞാപനം 2016 ല്‍ വന്നിട്ടുള്ളതായി കാണുന്നു. എഴുത്തുപരീക്ഷ, അഭിമുഖം, മെഡിക്കല്‍ പരിശോധന എന്നിവ അടിസ്ഥാനമാക്കിയായിരുന്നു പ്രവേശനം. 14 വര്‍ഷം വരെ സേവനത്തില്‍ തുടരാന്‍ വ്യവസ്ഥയുണ്ടായിരുന്നു. സമീപകാലത്ത് ഈ സ്കീം പ്രകാരമുള്ള വിജ്ഞാപനം ശ്രദ്ധയില്‍ വന്നിട്ടില്ല.
ആംഡ് ഫോഴ്സസ് മെഡിക്കല്‍ സര്‍വീസസിന്റെ, കോളേജസ് ഓഫ് നഴ്സിങ്ങിലെ, ബി.എസ്സി. നഴ്സിങ് കോഴ്സ് പൂര്‍ത്തിയാക്കി, മിലിറ്ററി നഴ്സിങ് സര്‍വീസിലേക്ക് പ്രവേശിക്കാന്‍ നിലവില്‍ അവസരമുണ്ട്. വിജ്ഞാപനം, അപേക്ഷ നല്കല് എന്നിവ www.joinindianarmy.nic.in വഴിയാകും.
പെണ്‍കുട്ടികള്‍ക്കാണ് പ്രവേശനം. 10+2/തത്തുല്യ പരീക്ഷ, റെഗുലര്‍ വിദ്യാര്‍ഥിയായി, ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി ആന്‍ഡ് സുവോളജി), ഇംഗ്ലീഷ് എന്നിവ പഠിച്ച് 50 ശതമാനം മാര്‍ക്കോടെ, ആദ്യശ്രമത്തില്‍ ജയിച്ചിരിക്കണം. എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ, മെഡിക്കല്‍ പരിശോധന എന്നിവയുണ്ടാകും. ശാരീരിക മാനദണ്ഡങ്ങള്‍ തൃപ്തിപ്പെടുത്തണം. പുണെ എ.എഫ്.എം.സി; കമാന്‍ഡ് ഹോസ്പിറ്റല്‍ ഈസ്റ്റേണ്‍ കമാന്‍ഡ് കൊല്‍ക്കത്ത, കമാന്‍ഡ് ഹോസ്പിറ്റല്‍ സെന്‍ട്രല്‍ കമാന്‍ഡ് ലഖ്നൗ, കമാന്‍ഡ് ഹോസ്പിറ്റല്‍ (എയര്‍ഫോഴ്സ്) ബെംഗളൂരു, ആര്‍മി ഹോസ്പിറ്റല്‍ (റിസര്‍ച്ച് ആന്‍ഡ് റഫറല്‍) ന്യൂഡല്‍ഹി, ഇന്ത്യന്‍ നേവല്‍ ഹോസ്പിറ്റല്‍ ഷിപ്പ് അശ്വനി എന്നിവിടങ്ങളിലെ നഴ്സിങ് കോളേജുകളിലാണ് പഠന അവസരം. ഈ വര്‍ഷത്തെ വിജ്ഞാപനം വരുമ്പോള്‍ അപേക്ഷിക്കുക. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കി കമ്മിഷന്‍ഡ് റാങ്കോടെ, മിലിറ്ററി നഴ്സിങ് സര്‍വീസില്‍ നഴ്സായി ജോലിയില്‍ പ്രവേശിക്കാം.
ബി.എസ്സി. നഴ്സിങ് പ്രോഗ്രാം പൂര്‍ത്തിയാക്കി, സര്‍ക്കാര്‍ മേഖലയില്‍ നഴ്സാകാന്‍ വിവിധ ഏജന്‍സികള്‍/സ്ഥാപനങ്ങള്‍ പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങള്‍ ശ്രദ്ധിച്ച് അപേക്ഷിക്കണം. ദേശീയതലത്തിലും സംസ്ഥാനതലത്തിലും വിജ്ഞാപനങ്ങള്‍ പ്രതീക്ഷിക്കാം. ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) 2020 ല്‍ വിവിധ എയിംസുകളിലായി 3803 നഴ്സിങ് ഓഫീസര്‍ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തിയിരുന്നു.
നഴ്സിങ് ഓഫീസര്‍ റിക്രൂട്ട്മെന്റ് കോമണ്‍ എലിജിബിലിറ്റി ടെസ്റ്റ് വഴിയായിരുന്നു തിരഞ്ഞെടുപ്പ്. കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍, ഹെല്‍ത്ത് സര്‍വീസസ് വകുപ്പില്‍, സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് പബ്ലിക് സര്‍വീസ് കമ്മിഷന് സമീപകാലത്ത് റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇങ്ങനെ റിക്രൂട്ടമെന്റ് വിജ്ഞാപനങ്ങളുടെ അടിസ്ഥാനത്തില്‍ യോഗ്യത അനുസരിച്ച് താല്പര്യമുള്ളവര്ക്ക് അപേക്ഷിക്കാവുന്നതാണ്. കഴിവും പ്രാപ്തിയും അനുസരിച്ച് നിങ്ങള്‍ക്ക് ഇന്ത്യന്‍ ആര്‍മിയില്‍ നഴ്സിങ് ഓഫീസറാവാം.