
Management Skills Development Trainer, Dubai
ആകാശത്തിന് കീഴിലുള്ള, നിയമ വിധേയമായ ഏത് വ്യാപാരവും നല്ലത് തന്നെയാണ്. രത്നങ്ങളും സ്വര്‍ണ്ണവും യന്ത്രങ്ങളും, വസ്ത്രങ്ങളും മുതല്‍ മണ്ണും കല്ലും ചപ്പും ചവറും വരെ വ്യാപാര സാധ്യതയുള്ളവയാണ്.
90 കളില്‍ വിദേശ വാഹനങ്ങള്‍ നാട്ടില്‍ സുലഭമല്ലാതിരുന്ന കാലത്ത്, ഇടതു വശത്തായി സ്റ്റീയറിംഗ് ഉള്ള മെര്‍സിഡസ് ബെന്‍സ് കാര്‍ മദിരാശിയില്‍ നിന്നും രണ്ടു മാസത്തിലൊരിക്കല്‍ നാട്ടില്‍ വന്നു പോകുന്നത് ഞങ്ങള്‍ കുട്ടികള്‍ക്ക് ഒരു കൗതുകമായിരുന്നു.
കുറച്ചു കൂടെ മുതിര്‍ന്നപ്പോള്‍, കാറിന്റെ ഉടമസ്ഥനെക്കുറിച്ചറിഞ്ഞതോടെ കൗതുകം അത്ഭുതത്തിന് വഴിമാറി. പണ്ടെങ്ങോ, വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ, മദ്രാസിലേക്ക് കള്ളവണ്ടി കയറിയ ആളാണ്, ഇന്നത്തെ ഈ ബെന്‍സ് കാറിന്റെ ഉടമസ്ഥന് എന്നതല്ല, മറിച്ച് അദ്ദേഹം ചെയ്യുന്ന ബിസിനസ്സ് ആണ് അമ്പരപ്പിച്ചത്.
കാലി കുപ്പികളുടെ ബിസിനസ്സാണ് അദ്ദേഹം ചെയ്തു കൊണ്ടിരുന്നത്. പ്ലാസ്റ്റിക് വ്യാപകമാകാതിരുന്ന കാലത്ത് എന്തിനും ഏതിനും സ്ഫടിക കുപ്പികള്‍ ആവശ്യമായിരുന്നു. ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന ഇത്തരം കുപ്പികള്‍ പെറുക്കി ജീവിക്കുന്നവര്‍ നാട്ടിലെ സാധാരണ കാഴ്ചയായിരുന്നു. ഇങ്ങിനെ പെറുക്കി കിട്ടുന്ന കുപ്പികള്‍, തമിഴ് നാട്, കേരളം, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ളവ മുഴുവന്‍ എത്തിയിരുന്നത് ഇദ്ധേഹത്തിന്റെ മദ്രാസിലെ യാര്‍ഡുകളിലായിരുന്നു. ആക്രി കച്ചവടത്തിലെ ഒരു രാജാവ് തന്നെയായിരുന്നു അദ്ദേഹം. നമ്മള് വലിച്ചെറിഞ്ഞ ഒഴിഞ്ഞ കുപ്പികള്‍ ആണ് അദ്ദേഹത്തെ 90 കളില്‍ തന്നെ കോടീശ്വരനാക്കിയത്.
കാലി കുപ്പികളിലെ വ്യാപാര സാധ്യത കണ്ടെത്തിയ അദ്ദേഹം പിന്നീട് PET ബോട്ടില്‍ നിര്‍മ്മാണ രംഗത്തും വാഹനങ്ങളുടെ പ്ലാസ്റ്റിക് നിര്‍മ്മിത സ്പെയര്‍ പാര്‍ട്ട് രംഗത്തും തന്റെ ബിസിനസ്സ് വ്യാപിപ്പിച്ചു. കണ്ണും മനസ്സും തുറന്നിരുന്നാല്‍ ബിസിനസ്സ് തുടങ്ങാനുള്ള ആശയം എവിടെ നിന്നും കിട്ടാം. ഉപഭോക്താവിന് ഒരു പ്രശ്നമുണ്ടെന്ന് മനസ്സിലായാല്‍, അല്ലെങ്കില്‍ കൂടുതല്‍ സൗകര്യം കൊടുക്കാനുള്ള സാധ്യത തെളിഞ്ഞു കണ്ടാല്‍, അതില്‍ ഒരു ബിസിനസ്സിനുള്ള അവസരം തീര്‍ച്ചയായും ഉണ്ടാവും.
ഒരു ബന്ധുവിന്റെ ഒരു കല്യാണത്തില്‍ പങ്കുകൊള്ളാന്‍ കുടുംബവുമായി രണ്ടാഴ്ചത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ദുബായില്‍ നിന്നും വാങ്ങിയ സാമാന്യം വിലയുള്ള സാരി, ഒരു പ്രാവശ്യം ഉപയോഗിച്ചതായിട്ടും, നിര്‍ബന്ധത്തിനു വഴങ്ങി ശ്രീമതി നാട്ടിലേക്ക് കൊണ്ടു വന്നിരുന്നു. സാമ്പത്തിക നൈപുണ്യത്തിനുപരി, നാട്ടില്‍ ആ സാരി ആരും തന്നെ കാണാത്തത് കൊണ്ടും കൂടിയ വില ഓര്‍ത്തുമാണ് ഡ്രൈ ക്ലീന്‍ ചെയ്ത് ഉപയോഗിക്കാന്‍ ശ്രീമതി തയ്യാറായത് തന്നെ.
നാട്ടില്‍ ചെന്ന് ഡ്രൈ ക്ലീനിംഗിന് കൊടുക്കുമ്പോഴാണ് പ്രശ്നം ഉയര്‍ന്നു വരുന്നത്. കുറഞ്ഞത് 15 ദിവസം കഴിയാതെ ഡെലിവറി തരാന്‍ പ്രദേശത്തുള്ള രണ്ടു സെന്ററിനും സാധിക്കില്ല. കല്യാണത്തിന് 5 ദിവസം മാത്രം ബാക്കിയുള്ള സമയത്ത്, നിവൃത്തിയില്ലാതെ പുതിയ സാരി വാങ്ങേണ്ടതായി വന്നു. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്. ഇപ്പോഴത്തെ പുതിയ വസ്ത്രങ്ങള്‍ മിക്കതിലും Dry Clean only എന്ന സ്റ്റിക്കര്‍ ഉണ്ടാവുന്ന പ്രവണത തുടങ്ങിയിരിക്കുന്നു. കോട്ടണ്‍ വസ്ത്രങ്ങളില്‍ പോലും ഇത്തരം നിര്‍ദ്ധേശങ്ങള്‍ ഉള്ളത് കൊണ്ട്, Dry Clean സെന്ററുകളില്‍ എത്തുന്നവരുടെ എണ്ണം കൂടിയതാണ് പ്രശ്നം.
ധനനഷ്ടത്തിനെക്കാള് ചിന്തിപ്പിച്ചത്, മിക്കവാറും എല്ലാവരും തന്നെ ഈ ദൈര്‍ഘ്യമേറിയ ഡെലിവറി പ്രശ്നം നേരിട്ടിട്ടും, അധികമാരും ഒരു ബിസിനസ്സിനുള്ള സാധ്യത ഇതില്‍ കാണുന്നില്ലല്ലോ എന്നതായിരുന്നു. രണ്ടാമതൊരു പ്രശ്നം കൂടി മനസ്സിലാക്കാനായത്, മോളുടെ മുടി വെട്ടിക്കാന്‍ സലൂണ്‍ അന്വേഷിച്ചിറങ്ങിയപ്പോഴാണ്. സാധാരണ എവിടെയും കിഡ്സ് സലൂണ്‍ ഇല്ല. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നാട്ടിലെ സലൂണില്‍ ഒരേ ആളാണ് മുടിവെട്ടുന്നത് . പെണ്‍കുട്ടികളുടെ മുടിയും അവര്‍ തന്നെയാണ് വെട്ടിക്കൊടുക്കുന്നത്. പുരുഷന്മാര് മാത്രമുള്ള ഷോപ്പുകളായതിനാല് ശ്രീമതിക്ക് അകത്ത് കയറാനോ അഭിപ്രായം പറയാനോ കഴിയുന്നുമില്ല.
അവസാനം ബ്യൂട്ടീ പാര്‍ലറെ ആശ്രയിക്കാമെന്ന് വച്ചപ്പോള്‍ അവിടെയാകട്ടെ പുരുഷന്മാര്ക്ക് പ്രവേശനമില്ല. അതൊരു ബുദ്ധിമുട്ടല്ലെന്ന് കരുതി കയറിയപ്പോള്‍ പ്രശ്നം അവിടം കൊണ്ടു തീരുന്നില്ല. പുറകില്‍ ഇറക്കം കുറഞ്ഞ്, മുന്‍വശത്ത് രണ്ടു ഭാഗത്തും ഒഴുകി ഇറങ്ങുന്നത് പോലെയുള്ള ബോബ് സ്റ്റെലായിരുന്നു അന്നു മോള്ക്കുണ്ടായിരുന്നത്. ചെന്ന് കയറിയ മൂന്ന് ബ്യൂട്ടീ പാര്‍ലറുകളിലും, കുട്ടികളുടെ ഹെയര്‍ സ്റ്റൈലിംഗ് പരിചയിച്ചവരില്ല. മുടി വെട്ടാനായി കുട്ടി അര മണിക്കൂര്‍ ഇരുന്നു തരണമെങ്കില്‍ മുന്നിലെ ടിവിയില്‍ കാര്‍ട്ടൂണ്‍ നിര്‍ബന്ധവുമാണ്.
നാലു വയസ്സാവാത്ത മോള്‍ക്ക് മുടിയുടെ കാര്യത്തില്‍ പരാതിയൊന്നുമില്ലാത്തത് കൊണ്ട് മുടി വെട്ടിക്കാതെ തന്നെ കല്യാണത്തില്‍ പങ്കെടുക്കാന്‍ സാധിച്ചു.
പക്ഷെ തിരിച്ചു വന്നതിനു ശേഷം ഒരു പരിപാടിയില്‍ ഇക്കാര്യങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ ഒരു പാട് പേര് ഈ രണ്ടു സംരംഭങ്ങളും തുടങ്ങാന്‍ തയ്യാറായി. കുട്ടികളോടൊപ്പം സ്ത്രീകള്‍ക്കും പോകാന്‍ കഴിയുന്ന, സ്ത്രീകള്‍ ജോലി ചെയ്യുന്ന കിഡ്സ് സലൂണാണ് പലരും തുടങ്ങുന്നത്. കളിപ്പാട്ടങ്ങളുടെ ആകൃതിയിലുള്ള കസേരകളും, ഓരോ കസേരക്ക് മുന്നിലും ടിവിയുമായി, വിദഗ്ദ പരിശീലനം നേടിയ ജോലിക്കാരുമായിട്ടാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ ഒരേ പേരില്‍ ബ്രാഞ്ചുകള്‍ തുടങ്ങാനും, എത് ബ്രാഞ്ചില്‍ ചെന്നാലും ഒരേ പോലെ തോന്നിക്കുന്ന സജ്ജീകരണമാണ് ആരംഭിച്ചത്.
വ്യത്യസ്തമായി ബിസിനസ്സ് ചെയ്യാന്‍ ചിന്തിക്കുന്നതിന്റെ ഭാഗമായി ഡിസ്കൗണ്ട് കാര്‍ഡുകള്‍, സ്ഥിരമായി വരുന്നവര്‍ക്ക് 5-മത്തെ പ്രാവശ്യം ഫ്രീ സര്‍വ്വീസ്, സ്ത്രീകള്‍ക്ക് ഇരിക്കാനുള്ള പ്രത്യേക സൗകര്യം തുടങ്ങിയ പല കാര്യങ്ങളുമുണ്ട്.
ഡ്രൈ ക്ലീനിംഗ് സെന്ററുകള്‍ തുടങ്ങിയവര്‍ രണ്ടു വ്യത്യസ്ത ജില്ലകളില്‍ നിന്നുള്ളവരായിരുന്നു. രണ്ടു പേരും മാര്‍ക്കറ്റ് സ്റ്റഡിയൊക്കെ നടത്തിയതിനു ശേഷം, 5, 10, 20, 30 കിലോ വീതം ശേഷിയുള്ള 4 മെഷീനുകള്‍ വീതം ഉള്‍പ്പെടുത്തിയാണ് ഷോപ്പ് തുടങ്ങിയത്. സാരികള്‍ക്ക് വേണ്ടി കലണ്ടറിംഗ് മെഷീനും മറ്റു വസ്ത്രങ്ങള്‍ക്ക് സ്റ്റീം പ്രസ്സിംഗ് മെഷീനുമൊക്കെയായി ആധുനിക സജ്ജീകരണങ്ങളോടെയാണ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കളക്ഷന്‍/ഡെലിവറി പോയിന്റുകള്‍, ഹൗസിംഗ് കോളനികളിലും ഫ്ലാറ്റുകളിലും ഡോര്‍ ഡെലിവറി സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബിസിനസ്സ് തുടങ്ങാനാഗ്രഹിക്കുന്നവര്‍, കണ്ണും കാതും മനസ്സും തുറന്നു വയ്ക്കുക. എവിടെയും ബിസിനസ്സ് സാധ്യതകള്‍ ഉണ്ടാവും. അവസരങ്ങളെ ഉപയോഗപ്പെടുത്തുക എന്നതിനപ്പുറം അവസരങ്ങള്‍ സൃഷ്ടിക്കുക. ഉപഭോക്താവിന് അവരുടെ തന്നെ ആവശ്യങ്ങള്‍ ബോധ്യപ്പെടുത്തുക എന്നതും പ്രധാനമാണ്. എല്ലാറ്റിലും ഉപരിയായി ഉപഭോക്താവിന്റെ ഭാഗത്ത് നിന്ന് ചിന്തിക്കുക. അവരുടെ പ്രശ്നങ്ങള്‍ അറിയാന്‍ ശ്രമിക്കുക. അവയുടെ പരിഹാരത്തില്‍ ബിസിനസ്സ് സാധ്യത കാണുക. ഉത്സവ പറമ്പുകളില്‍ മാത്രമല്ല, അഭയാര്‍ത്ഥി ക്യാമ്പുകളിലും ബിസിനസ്സ് അവസരങ്ങളുണ്ട് എന്നോര്‍ക്കുക.
നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി, ബോണസ്സായോ മറ്റു വിധത്തിലോ ഒരു ലക്ഷം രൂപ കിട്ടി എന്നു കരുതുക. ആ പണം കൊണ്ട് എന്തായിരിക്കും ചെയ്യുക ?
കുറച്ചു സ്വര്‍ണ്ണം വാങ്ങും ? അല്ലെങ്കില്‍ ഒരു ടു വീലര്‍, ചിലപ്പോള്‍ നല്ലൊരു TV പിന്നെ ഐ ഫോണ്‍ ? അതോ കുടുംബ സമേതം നല്ലൊരു യാത്രയാണോ ? എങ്ങിനെ ചിലവഴിക്കും എന്നതില്‍ ആശയക്കുഴപ്പമുണ്ടാവാമെങ്കിലും എങ്ങിനെയായാലും ചിലവഴിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ലല്ലോ?
ഇനി ഈ പണം ഒരു ചെറിയ ഷോപ്പ് നടത്തുന്ന ആള്‍ക്കാണ് കിട്ടുന്നതെങ്കിലോ? അദ്ദേഹം ആദ്യം ചെയ്യുന്നത് ബിസിനസ്സില്‍ നിക്ഷേപിച്ച് കൂടുതല്‍ വരുമാനം ഉണ്ടാക്കാനുള്ള സാധ്യത തേടുകയായിരിക്കും. പണം നിക്ഷേപിച്ച് വരുമാനം ഉണ്ടാക്കുന്നവര്‍ ബിസിനസ്സുകാരാവും. പണം ചിലവഴിക്കാന്‍ മാത്രമറിയുന്നവര്‍ക്ക് ബിസിനസ്സില്‍ ശോഭിക്കാന്‍ കഴിയണമെന്നില്ല. പക്ഷേ നിക്ഷേപ ശീലം ആര്‍ക്കും വളര്‍ത്തിയെടുക്കാവുന്നതേയുള്ളു.
നിങ്ങള്‍ ഒരു ബിസിനസ്സുകാരനാവണമെന്നോ, സമ്പന്നനാവണമെന്നോ നിങ്ങള്‍ തീരുമാനിച്ചുവെങ്കില്‍ തീര്‍ച്ചയായും, ഇന്നല്ലെങ്കില്‍ നാളെ നിങ്ങളതാവും. നാളെയുടെ പ്രതീക്ഷകളും സ്വപ്നങ്ങളും നിങ്ങളുടേതാവട്ടെ. സ്വപ്നങ്ങളുടെ പുറകെ സഞ്ചരിക്കുക. നിശ്ചയമായും വിജയം നിങ്ങളോടൊപ്പമുണ്ടാവും.