
Sub Editor, NowNext
ഓണ്‍ലൈന്‍ പഠനവും, ഓണ്‍ലൈന്‍ ക്ലാസ് റൂമുകളുമെല്ലാം ഒരു മഹാമാരിയെ അതിജീവിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ സ്വാഭാവികമായി മാറിയിരിക്കുകയാണല്ലോ? ഇങ്ങനെ ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമായ പരീക്ഷ രീതിയാണ് ഓപണ്‍ ബുക് എക്സാം അഥവാ ഓണ്‍ലൈന്‍ ഓപണ്‍ ടെക്സ്റ്റ് ബുക് എക്സാം എന്നത്. ലോകത്തെ മിക്ക യൂണിവേഴ്സിറ്റികളും ഈ ഒരു പരീക്ഷ രീതിയിലേക്ക് എത്തി നില്‍ക്കുന്നുമുണ്ട്. ഇന്ത്യയില്‍ പല യൂണിവേഴ്സിറ്റികളും ഇതിനായി ഒരുങ്ങുന്നുണ്ട്.
എന്താണ് ഓപണ്‍ ബുക് എക്സാം ?
കോവിഡ് മഹാമാരി പടര്‍ന്ന് പിടിക്കുന്ന കാലത്തിന് അഭികാമ്യവും പ്രാവര്‍ത്തികമാക്കാന്‍ എളുപ്പവുമുള്ള ഒരു പരീക്ഷ രീതിയാണിത്. ആധുനിക കാലത്തിന്റെ പരീക്ഷ സമ്പ്രദായമെന്ന രീതിയില്‍ ലളിത വല്‍ക്കരിച്ച് കളയേണ്ട ഒന്നല്ലയത്.
വിദ്യാര്‍ത്ഥിയുടെ രജിസ്റ്റര്‍ നമ്പര്‍, പേര്, ഇ മെയില്‍ ഐഡി എന്നിവ അധ്യാപകരെ അറിയിച്ചാല്‍ പരീക്ഷ തുടങ്ങുന്നതിന്റെ സമയത്തിന് തൊട്ട് മുന്‍പ് ചോദ്യപേപ്പര്‍ ഇ മെയില്‍ മുഖേന വിദ്യാര്‍ത്ഥിക്ക് അയച്ച് കൊടുക്കും. എ ഫോര്‍ സൈസ് വലുപ്പമുള്ള പേപ്പറില്‍ നാല് ഭാഗത്തും മൂന്ന് സെന്റീമീറ്റര്‍ കുറയാത്ത മാര്‍ജിന്‍ വരച്ച് സാധാരണ പരീക്ഷ എഴുതും പോലെ കുട്ടികള്‍ക്ക് പരീക്ഷ എഴുതാവുന്നതാണ്.
ടെക്സ്റ്റ് പുസ്തകങ്ങള്‍, നോട്ട് പുസ്തകങ്ങള്‍ തുടങ്ങിയവ റെഫറന്‍സിനായി വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാം. എന്നാല്‍ ഇത് പുസ്തകത്തിലുള്ള പോലെ പകര്‍ത്തിയെഴുതുന്ന രീതി അല്ല. വായിച്ച് മനസ്സിലാക്കിയ കാര്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് എഴുതേണ്ടത്. പരീക്ഷക്ക് അനുവദിച്ച സമയം കഴിഞ്ഞാല്‍ ക്രമനമ്പര്‍ ക്രമത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പേപ്പര്‍ സ്കാന്‍ ചെയ്ത് ഒറ്റ ഫയലാക്കി അധ്യാപകര്‍ക്ക് അയച്ച് കൊടുക്കണം. ഇതിന് പരീക്ഷാ സമയത്തിന് ശേഷം മുപ്പത് മിനുറ്റ് അനുവദിക്കും.
ഈ ഒരു മഹാമാരിക്കാലത്ത് സുരക്ഷിതവും, ചെലവ് കുറഞ്ഞതും പ്രയാസങ്ങളൊന്നുമില്ലാതെ എഴുതാവുന്നതുമായ പരീക്ഷാ സമ്പ്രദായമാണ് ഓപണ്‍ ബുക്ക് പരീക്ഷ എന്നത്.
ഉത്തരങ്ങള്‍ മനപ്പാഠമാക്കി പഠിച്ച് പരീക്ഷയെഴുതി ഓര്‍മ്മശക്തി കൊണ്ട് ഒന്നാമതെത്തുന്ന വിദ്യാര്‍ത്ഥികളെന്ന പതിവ് രീതിയെ പൊളിച്ചെഴുതുന്ന രീതിയാണ് ഓപ്പണ്‍ ബുക് പരീക്ഷ എന്നത്. സാധാരണ പരീക്ഷ മൂല്യ നിര്‍ണ്ണയ സമ്പ്രദായത്തില്‍ നിന്നും, പരീക്ഷ സമ്പ്രദായത്തിലും അടപടലം മാറ്റം കൊണ്ട് വരുകയാണ് ആധുനിക സാങ്കേതിക വിദ്യയും, വിദ്യഭ്യാസ സമ്പ്രദായവും.
വിദ്യഭ്യാസ പ്രക്രിയയിലൂടെയും അധ്യായനങ്ങളിലൂടെയും പുസ്തക വായനയിലൂടെയും ഒരു വിദ്യാര്‍ത്ഥി ആര്‍ജ്ജിക്കുന്ന അറിവിനെ ഉത്തരക്കടലാസില്‍ ഉചിതമായി എഴുതി വെക്കുമ്പോള്‍, ടെസ്റ്റ് ബുക്ക് റഫറന്‍സായി ഉപയോഗിക്കുന്നത് തടസ്സം ഇല്ല എന്നതാണ് ഈ ഒരു പരീക്ഷയിലൂടെ പറയുന്നത്. കൂടാതെ പഠനത്തിലൂടെ ആ വിദ്യാര്‍ത്ഥി മനസ്സിലാക്കിയത് എന്താണെന്ന് തിരിച്ചറിയാന്‍ കഴിയുന്ന യഥാര്‍ത്ഥ പരീക്ഷ സമ്പ്രദായം കൂടിയാണിത്.
ഇത്രമാത്രം ഭീകരമായ മഹാമാരിയില്‍ കുരുങ്ങി കിടക്കുമ്പോള്‍ ഒരു വര്‍ഷത്തിലധികമായി ഓണ്‍ലൈന്‍ പഠനത്തിലൂടെ കടന്ന് പോകുമ്പോള്‍ പരീക്ഷകളും ഇത്തരത്തിലുള്ള മാറ്റങ്ങളോടെ വിദ്യാര്‍ത്ഥികളില്‍ എത്തേണ്ടതിന്റെ ആവശ്യം വളരെ വലുതാണ്. അതിന് ഓപണ്‍ ബുക് എക്സാം എന്നത് പ്രോത്സാഹിപ്പിക്കാവുന്നതുമാണ്.
രോഗിയായി ആശുപത്രിയിലാണെങ്കില്‍ വരെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയുമെന്നതും ഇതിന്റെ ഗുണകരമായ ഒരു വശമാണ്. പരീക്ഷ മാറ്റി വെക്കുന്നതും, മുന്‍കാല പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണ്ണയം നടത്തുന്നതും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആശങ്കകളും ആകുലതകളും ഉണ്ടാക്കുന്നുണ്ട്. ഇങ്ങനെ ഒരു സാഹചര്യത്തിലും ഓഫ് ലൈൻ ആയി പരീക്ഷ നടത്തുന്ന പല സ്ഥാപനങ്ങളും വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം എത്രത്തോളം സംരക്ഷിക്കുന്നുണ്ട് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
ഡല്‍ഹി, പോണ്ടിച്ചേരി, ജാമിയ മില്ലിയ, ബനാറസ്, അണ്ണാ, ഗുവാഹട്ടി യൂണിവേഴ്സിറ്റികളിലും നാഷണല്‍ ലോ സ്കൂള്‍ അടക്കമുള്ള പലസ്ഥാപനങ്ങളും ഇങ്ങനെ ഒരു പരീക്ഷ രീതി പ്രാബല്യത്തില്‍ കൊണ്ട് വന്നിട്ടുണ്ട്.
വിദ്യഭ്യാസ സമ്പ്രദായം തന്നെ അടിമുടി മാറിയ, വീടുകള്‍ തന്നെ ക്ലാസ് റൂമുകള്‍ ആക്കിയ വിദ്യാര്‍ത്ഥികള്‍ക്ക്, ഈ മഹാമാരിക്കിടയിലും ഓഫ് ലൈന്‍ ആയി പരീക്ഷയെഴുതേണ്ട അവസ്ഥയെ മാറ്റേണ്ടതിന് അനുയോജ്യമായ ഒരു രീതി തന്നെയാണ് ഓപണ്‍ ബുക്ക് പരീക്ഷ എന്നത്. ഓപണ്‍ ബുക് പരീക്ഷയെന്നത് പകര്‍ത്തിയെഴുതല്‍ അല്ലെങ്കില്‍ കോപിയടി പരീക്ഷ എന്നല്ല നിര്‍വചിക്കേണ്ടത്, പകരം ക്രിയാത്മകമായ, ഉപകാരപ്രദമായ വിദ്യഭ്യാസ രീതി എന്ന് തന്നെയാണ്.