
Management Skills Development Trainer, Dubai
വിജയിക്കുവാനല്ലേ ഓരോരുത്തരും പഠിക്കേണ്ടതും ശ്രമിക്കേണ്ടതും എന്നാണ് എല്ലാവരും ചിന്തിക്കുക. തീര്‍ച്ചയായും, വിജയിക്കുവാനും, അതിനായി പരിശ്രമിക്കാനും, ഓരോരുത്തരും പഠിക്കേണ്ടതുണ്ട്. വിജയിക്കുവാന്‍ പഠിക്കുന്നതിനൊപ്പം, അല്ലെങ്കില്‍ അതില്‍ കൂടുതല്‍ നമ്മള് പഠിക്കേണ്ടത്, നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടത്, തോല്ക്കുവാന് കൂടിയാണ്. ജീവിതത്തില്‍ വിജയിക്കാത്തവരും, ഈ ലോകത്ത് സുഖമായി ജീവിക്കുന്നുണ്ട്. എന്നാല്‍ തോല്‍ക്കാനറിയാതെ, തോറ്റു പോയവരുടെ ജീവിതം വളരെ പരിതാപകരമാണ്.
കേരളത്തില്‍ നടന്ന ഒരു സര്‍വ്വേയില്‍, കോവിഡ് കാലത്ത് ക്ലാസ്സുകള്‍ നഷ്ടപ്പെട്ട കോളേജ് വിദ്യാര്‍ത്ഥികളില്‍, 25.5% പേര് ആത്മഹത്യയെക്കുറിച്ച് ഗൗരവമായി ചിന്തിച്ചിരുന്നു, എന്നത് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യമാണ്. ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നത് പഠിക്കുന്നവരില്‍ നാലിലൊന്ന് കുട്ടികളാണ് എന്നത്, സമൂഹം ഗൗരവമായി കാണേണ്ട കാര്യമാണ്. ആ നാലാമത്തെ കുട്ടി നമ്മുടെ ആരുമാവാം എന്നത് നമ്മളോര്‍ക്കണം.
പട്ടിണിയും, പരിവട്ടവും ഉണ്ടായിരുന്ന കാലത്ത്, യുവജനങ്ങള്‍ ഇങ്ങിനെ പെട്ടന്ന് മനസ്സ് തകര്‍ന്ന് പോകുന്നവരായിരുന്നില്ല. വീട്ടുകാരുടെ മാനസിക പീഠനം, നാട്ടുകാരുടെ പരിഹാസം എന്നിവ താങ്ങാനാവാത്ത അപൂര്‍വ്വം കുട്ടികള്‍ മാത്രമാണ് കടും കൈ ചെയ്തിരുന്നത്.
എന്നാല്‍ ഇന്നത്തെ തലമുറയ്ക്ക് എന്ത് സംഭവിച്ചു ?
ഒരു ദിവസം വീട്ടില്‍ സൗഹൃദ സന്ദര്‍ശനത്തിനെത്തിയ സുഹൃത്തും കുടുംബവും, ഒരു മൂലയ്ക്കിരിക്കുകയായിരുന്ന കാരം ബോര്‍ഡ് താല്‍പ്പര്യത്തോടെ കളിക്കാന്‍ തുടങ്ങി. വൈകാതെ 12 വയസ്സുള്ള മോളും അച്ഛനും മാത്രമായി കളിക്കുമ്പോഴാണ്, ആ അച്ഛന് മോളുടെ മുന്നില്‍ മന:പൂര്‍വ്വം തോറ്റു കൊടുക്കുന്ന കാര്യം ശ്രദ്ധയില്‍ പെട്ടത്. അത് ശരിയായ കാര്യമല്ല എന്നോര്‍മിപ്പിച്ചപ്പോള്‍, ആ പിതാവ് പറഞ്ഞത്, മോള്‍ക്ക് തോല്‍വി സഹിക്കാനാവില്ല എന്നാണ്. ഏതെങ്കിലും കാര്യത്തില്‍ തോല്‍ക്കുമെന്ന് തോന്നിയാല്‍ തന്നെ, കുട്ടി വല്ലാതെ വയലന്റാവുന്നതും മുന്നിലുള്ളതെല്ലാം എടുത്തെറിയുന്നതും, തോല്‍വിക്ക് കാരണക്കാരായവരെ ഉപദ്രവിക്കുന്നതും പതിവാണ് എന്ന് കൂടെ പറഞ്ഞപ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലായത്.
ഭാവിയില്‍ ആ കുട്ടിക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് വീണ്ടുമോര്ത്തുകൊണ്ട് ബോര്‍ഡിനു മുന്നിലിരിക്കുമ്പോഴാണ് പ്രശസ്തയായൊരു വ്യക്തിയുടെ ഫോണ്‍ വരുന്നത്. അവരുടെ കുടുംബ സുഹൃത്തിന്റെ മോനൊരു ചെറിയ പ്രശ്നം. രാവിലെ എണീറ്റ് പല്ലു തേക്കുന്നത് മുതല്‍ ഒരുങ്ങിയിറങ്ങുന്നത് വരെയും, വിതുമ്പി കരച്ചിലാണ്. കുട്ടികളാവുമ്പോള്‍ തികച്ചും സ്വാഭാവികമെന്ന് കരുതാം. പക്ഷേ കുട്ടിക്ക് വയസ്സ് 26 ആണ്. ജോലിക്ക് പോകാതിരിക്കാനാണീ കരച്ചില് എന്നാണ് വീട്ടുകാര്‍ പറയുന്നത്.
ഇതിപ്പോള്‍ രണ്ടു വര്‍ഷത്തിനകം മൂന്നാമത്തെ സ്ഥാപനത്തിലാണ് ആ വ്യക്തി ജോലി ചെയ്യുന്നത്. എല്ലാ ജോലിയും പിതാവിന്റെ സ്വാധീനം ഉപയോഗിച്ച് ലഭിച്ചവയുമാണ്. ഒന്നു രണ്ടു വര്‍ഷത്തിനകം കല്യാണം കഴിപ്പിക്കണമെന്നാണ് മാതാപിതാക്കളുടെ ആഗ്രഹം. പക്ഷേ ജോലിക്ക് പോകാന്‍ മടിയുള്ള, രാവിലെ തന്നെ കരച്ചില് തുടങ്ങുന്ന ചെറുപ്പക്കാരന് എങ്ങിനെ കല്യാണം നടത്തുമെന്നാണ് മാതാപിതാക്കളുടെ ആശങ്ക.
ഇത്തരമൊരു കേസ് എന്നെ തേടിയെത്തിയതിന്റെ കാരണവും രസകരമാണ്. ഗള്‍ഫില്‍ ആദ്യമായി എത്തുന്നവരില്‍ പലരെയും ഗൃഹാതുരത്വം വല്ലാതെ വേട്ടയാടാറുണ്ട്. സ്വന്തം വീട്, വീട്ടുകാര്‍, കൂട്ടുകാര്‍, പച്ചപ്പ്, മരത്തണല്‍, പുഴ, കുളം, സിനിമ, ബൈക്ക് തുടങ്ങി താല്‍ക്കാലികമായെങ്കിലും നഷ്ടമായ ഓരോന്നും ഇത്തരക്കാരെ ദുഃഖിതരാക്കുന്നത് സാധാരണമാണ്. വര്‍ഷം ഒന്നോ രണ്ടോ കഴിയുമ്പോഴേ ഇതൊക്കെ ഇനി കാണാനാവൂ എന്നതാണ് വിഷമത്തിന് കാരണം. ഒത്ത ആകാരവും വില്ലന്റെ മുഖഭാവവുമുള്ള ഒരു ചെറുപ്പക്കാരന് ‘തിരികെ ഞാന്‍ വരുമെന്ന ‘ ഗാനം ടിവിയില്‍ കണ്ട് നിലവിളിച്ച് കരയുന്നത് കാണാനിടയായിട്ടുണ്ട്. പലരും ഒന്നു രണ്ടു മാസത്തിനകം ജോലി ഉപേക്ഷിച്ച് നാട്ടിലെത്തുന്നതും അപൂര്‍വ്വമല്ല.
സുഹൃത്തുക്കളുടെയും, പരിചയക്കാരുടെയും, ജോലി ചെയ്യുന്ന സ്ഥാപനത്തിലെയും ധാരാളം പേരുടെ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിച്ചതറിഞ്ഞാണ്, അവര്‍ എന്നെ സമീപിച്ചത്. ഗൃഹാതുരത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, താരതമ്യേന ലളിതമായി പരിഹരിക്കാവുന്നതാണ്. പക്ഷേ ഗള്‍ഫില്‍ പഠിച്ച് വളര്‍ന്ന് പിന്നീട് നാട്ടില്‍ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, തിരിച്ച് ഗള്‍ഫില്‍ വന്ന്, മാതാപിതാക്കളോടൊപ്പം താമസിച്ച് ജോലി ചെയ്യുന്നയാളുടെ പ്രശ്നം ഗൃഹാതുരത്വമല്ല എന്നതുറപ്പാണ്.
ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ പ്രശ്നമെന്താണെന്ന് മനസ്സിലായി. തൊഴില്‍ ജീവിതത്തിലെ, പ്രശ്നങ്ങള്‍ നേരിടാനുള്ള മനക്കരുത്തില്ലായ്മയാണ് അദ്ധേഹത്തെ ബുദ്ധിമുട്ടിലാക്കുന്നത്.
നാട്ടില്‍ പഠിക്കുന്ന കാലത്ത്, കോളേജിനടുത്ത് വീട് വാടകക്കെടുത്ത് അമ്മയോടൊപ്പം താമസം. മാത്രമല്ല അധ്യാപകരോടുള്ള അമ്മയുടെ പരിചയം കൂടെ ഉണ്ടായിരുന്നതോടെ, വിദ്യാഭ്യാസവും വലിയ പ്രശ്നങ്ങളില്ലാതെ നടത്താന്‍ കഴിഞ്ഞു. പക്ഷേ ജോലി സ്ഥലത്ത് സ്ഥിതി വളരെ വ്യത്യസ്തമായിരുന്നു. തൊഴിലിലെ സമ്മര്‍ദ്ധം, മേലുദ്യോഗസ്ഥന്റെ ശകാരം, സഹപ്രവര്‍ത്തകരുടെ പാര വയ്പുകള്‍, തെറ്റുകള്‍ പറ്റുമ്പോള്‍ അംഗീകരിക്കാനാവാത്ത മാനസികാവസ്ഥ, തോല്‍ക്കുമോയെന്ന പേടി ഇതെല്ലാം ചേര്‍ത്ത്, അമ്മയുടെ സംരക്ഷണത്തില്‍ നിന്നകന്ന്, സ്കൂളില്‍ പോകാന്‍ മടി കാണിച്ച് കരയുന്ന ഒന്നാം ക്ലാസ്സിലെ കുട്ടിയുടെ മാനസികാവസ്ഥയിലായിരുന്നു അദ്ധേഹത്തെ ഞാന്‍ കാണുന്നത്.ഏതായാലും ഏഴു മാസത്തിലധികം സമയമെടുത്ത പ്രയത്നത്തിനൊടുവില്‍, ഒരു സാധാരണ വ്യക്തിയായി അദ്ധേഹം മാറി.
ഏതാണ്ടിതേ സമയത്ത് തന്നെയാണ്, അയ്യായിരത്തിലധികം തൊഴിലാളികള്‍ താമസിക്കുന്ന, ഒരു ലേബര്‍ ക്യാമ്പിലെ ക്യാമ്പ് ബോസ് ആയി ജോലി ചെയ്യുന്ന മലയാളിയെ പരിചയപ്പെടുന്നത്. ഒരു മുന്‍ പട്ടാളക്കാരനാണദ്ധേഹം. ഇരുപതിലധികം രാജ്യത്ത് നിന്നുള്ള, സാധാരണക്കാരായ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പില്‍ രാത്രിയും പകലും പ്രശ്നങ്ങള്‍ തന്നെയാണ്. പോരാത്തതിന് മലയാളിയെ ഇഷ്ടമല്ലാത്ത, മേലുദ്യോഗസ്ഥരില്‍ നിന്നുള്ള സമ്മര്‍ദ്ധവും, അവധിയും സമയക്രമവുമില്ലാത്ത ജോലിയും. ആരും തന്നെ ആറു മാസം തികയ്ക്കാത്ത ജോലിയില്‍ രണ്ടു വര്‍ഷം തികച്ച് നാട്ടില്‍ പോകാനൊരുങ്ങുമ്പോഴാണ് ഞാനദ്ധേഹത്തെ കാണുന്നത്. കാര്യങ്ങളൊക്കെ മനസ്സിലാക്കിയതിനു ശേഷം, മറ്റൊരു ജോലി തേടാമായിരുന്നില്ലേ എന്ന ചോദ്യത്തിന്, മറുപടി ഇങ്ങിനെയായിരുന്നു.
‘വിരമിച്ചാലും ഇന്നും ഞാനൊരു പട്ടാളക്കാരന് തന്നെയാണ്. ഈ പ്രശ്നങ്ങള്‍ ഒന്നും എന്നെ തളര്‍ത്തില്ല, തളര്‍ത്താന്‍ ഞാന്‍ സമ്മതിക്കില്ല..’ നെഞ്ചും വിരിച്ച് അദ്ധേഹമത് പറയുമ്പോള്‍ ഞാനടക്കമുള്ള ഓരോരുത്തരും ഇങ്ങിനെയാവണം, ചിന്തിക്കേണ്ടതെന്നും പറയേണ്ടതെന്നും ഞാനും മനസ്സില്‍ പറയുകയായിരുന്നു.
ജീവിതത്തില്‍ വിജയം മാത്രമല്ല തോല്‍വികളും തിരിച്ചടികളുമുണ്ടാവും. അവയെ മനസ്സുകൊണ്ട് അംഗീകരിക്കാനും നേരിടാനും നമ്മള് പഠിക്കണം, നമ്മുടെ കുട്ടികളെ പഠിപ്പിക്കുകയും വേണം. സ്പോര്‍ട്സ് മാന്‍ സ്പിരിറ്റ് എന്ന് പറയുന്നതില്‍ നിന്നു തന്നെ മനസ്സിലാക്കാമല്ലോ, ഒരു മത്സരത്തില്‍ ഒരു പാട് പേര് തോല്‍ക്കുമെന്നത്. ഇത്തരം തോല്‍വികള്‍ നമ്മെ പഠിപ്പിക്കുന്നത്, വിജയങ്ങള്‍ പോലെ തന്നെ, തോല്‍വികളും ജീവിതത്തിന്റെ ഭാഗമാണ് എന്നതാണ്. ഇത് മനസ്സിലാകാതെ, തോല്ക്കാന് അവസരം ലഭിക്കാതെ വളര്‍ന്നവരാണ്, ജീവിതത്തിലെ ചെറിയ തോല്‍വികള്‍ക്കും, തിരിച്ചടികള്‍ക്കും മുന്നില്‍ തളരുന്നതും തകരുന്നതും, എന്നതാണ് യാഥാര്‍ത്ഥ്യം.
തോല്ക്കുവാനും, ഒപ്പം വിജയിച്ചയാളെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുവാനും പഠിക്കുമ്പോഴാണ് നമ്മള് ജീവിതം പഠിക്കുന്നത്. തോല്‍വികളും തിരിച്ചടികളും ഇല്ലാത്ത ജീവിതത്തെ, ജീവിതം എന്ന് തന്നെ വിളിക്കാനാവില്ല.
തോല്‍വികള്‍ അനിവാര്യമായ സ്ഥിതിക്ക്, തോല്‍ക്കാനും തോല്‍വിയെ നേരിടാനും ഉയിര്‍ത്തെഴുന്നേല്‍ക്കുവാനും, തോല്‍വിയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുവാനും നാം പഠിക്കേണ്ടിയിരിക്കുന്നു. തോല്‍വികള്‍ തോറ്റ് തന്നെ പഠിക്കേണ്ടിയിരിക്കുന്നു.
മോളെ സന്തോഷിപ്പിക്കുവാനായി, സ്വയം തോറ്റു കൊടുക്കുന്ന പിതാവ് അറിയുന്നില്ല, നാളെയൊരിക്കല്‍ അവള് ജീവിക്കേണ്ട സമൂഹത്തില്‍ ആരും തന്നെ അവള്‍ക്ക് വേണ്ടി തോറ്റു കൊടുക്കുകയില്ല എന്നത്. അപ്പോള്‍ മാത്രമാണ്, ചെറിയ ചെറിയ തിരിച്ചടികളും തോല്‍വികളും താങ്ങാനാവാതെ, മകള്‍ തളരുന്നത് കണ്ട് നില്‍ക്കേണ്ടി വരുന്നത്.
എന്താണ് നമ്മള് ചെയ്യേണ്ടത് ?
കുട്ടികളോട് കളികളില്‍ സ്വയം തോറ്റു കൊടുക്കുമ്പോള്‍, തോല്‍വിയില്‍ എങ്ങിനെയാണ് പെരുമാറേണ്ടത് എന്ന് പഠിപ്പിച്ച് കൊടുക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. തീര്‍ച്ചയായും അടുത്ത തവണ കുട്ടി തോല്‍ക്കുകയും മാതാപിതാക്കള്‍ കാണിച്ച മാതൃകയില്‍ പെരുമാറുകയും വേണം. ഇങ്ങിനെ പലകുറി ആവര്‍ത്തിക്കപ്പെടുമ്പോഴാണ് തോല്‍വി കളിയുടെ ഭാഗമാണെന്നവര്ക്ക് മനസ്സിലാവുന്നത്.
അതുപോലെ തന്നെ, തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനും അവരെ പ്രോത്സാഹിപ്പിക്കുക. ഒപ്പം തോല്‍വിയില്‍ നിന്ന് എങ്ങിനെ വിജയത്തിലേക്ക് മുന്നേറാം എന്നതും അവര്‍ തന്നെ കണ്ടു പിടിക്കട്ടെ. പരിഹാരവും പ്രയത്നവും കുട്ടികളില്‍ നിന്ന് തന്നെയാണ് ഉണ്ടാവേണ്ടത്. മാര്‍ഗ്ഗ നിര്‍ദ്ധേശങ്ങള്‍ മാത്രം രക്ഷിതാക്കള്‍ നല്കിയാല് മതിയാകും. മറിച്ച്, എല്ലാ പ്രശ്നങ്ങളിലും ഇടപെട്ട് പരിഹരിക്കാനും, തോല്‍വികളില്‍ നിന്നും കരകയറ്റാനും, മാതാപിതാക്കള്‍ എപ്പോഴും കൂടെ നിന്നാല്‍, ഭാവിയില്‍ തോല്‍വികള്‍ ഏറ്റ് വാങ്ങാനോ, പ്രതിസന്ധികളോട് പൊരുതുവാനോ കഴിയാത്ത ഒരു തലമുറയെ വാര്‍ത്തെടുക്കുകയാവും ഫലം. ഓഫീസില്‍ പോകാന്‍ മടി പിടിച്ച് കരയുന്ന, യുവ തലമുറയാവും ഭാവിയില്‍ ഉണ്ടാവുക.
കോവിഡ് കാലത്തെ ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പഠിച്ച, തങ്ങളുടെ ഭാവിയില്‍ ആശങ്ക തോന്നി ആത്മഹത്യക്കൊരുങ്ങുന്നവര്‍ അറിയുന്നുണ്ടോ, കറസ്പോണ്ടന്‍സ് ആയും, പാരലല്‍ കോളേജില്‍ ചേര്‍ന്നും പഠിച്ച് ഉയര്‍ന്ന നിലയിലെത്തിയ, ധാരാളം പേര് തങ്ങള്‍ക്ക് ചുറ്റുമുണ്ടെന്ന്. അടയ്ക്ക വീഴുന്ന ശബ്ദം കേട്ട് ഭയപ്പെടുന്ന കുട്ടികളറിയണം, അശനിപാതം ഉണ്ടായാല്‍ പോലും ഭയപ്പെടാത്തവര്‍ നമ്മുക്കിടയിലുണ്ടെന്ന സത്യം.
തോല്‍വിയുടെ ഗുണമെന്താണെന്ന് കുട്ടികള്‍ മാത്രമല്ല, അവരെ വളര്‍ത്തുന്ന മാതാപിതാക്കളുമറിയണം. കുട്ടികളെ തോല്‍വികള്‍ അറിഞ്ഞ് വളര്‍ത്തണം, ശരിയായ രീതിയില്‍ തോല്ക്കുവാനും പഠിപ്പിക്കണം. ഒപ്പം തോല്‍വിയില്‍ നിന്നും വിജയത്തിലേക്ക് മുന്നേറുവാനും പരിശീലിക്കണം.