മിഠായികള്‍ ഏറ്റവും കൂടുതല്‍ ആകര്‍ശിക്കുന്നത് കുട്ടികളെയാണെന്ന് നമുക്കറിയാമല്ലോ ? ഇങ്ങനെ മിഠായി കൊതിയന്മാരായ കുട്ടികള്‍ക്ക് മിഠായി കഴിക്കാന്‍ ഇല്ലാതാവുകയും, ആ സമയത്ത് ഒരു വിമാനം നിറയെ മിഠായി കിട്ടുകയും ചെയ്താല്‍ ഈ കുട്ടികളുടെ സന്തോഷം എത്ര മാത്രമായിരിക്കും ?
പടിഞ്ഞാറന്‍ ജര്‍മനിയിലെ കുട്ടികള്‍ക്ക് ഇങ്ങനെയൊരു മിഠായി കഥ പറയാനുണ്ട്.
ശീത യുദ്ധ സമയം. ലോകത്തെ രണ്ട് വലിയ ശക്തികളായി അമേരിക്കയും സോവിയറ്റ് യൂണിയനും നില്ക്കുന്നു. ശീത യുദ്ധത്തില്‍ ജര്‍മനിയും തലസ്ഥാനമായ ബര്‍ലിനും നാല് സൈനിക മേഖലകളായി വിഭജിക്കപ്പെട്ടിരുന്നു. അവയുടെ നിയന്ത്രണം സോവിയറ്റ് യൂണിയനും അമേരിക്കയും ഫ്രാന്‍സ് ബ്രിട്ടനും ഏറ്റെടുത്തു. 1948 ലായിരുന്നു ബര്‍ലിന്‍ ഉപരോധം. ആ സമയത്ത് ഏറെ ദുരിതമനുഭവിച്ചത് പടിഞ്ഞാറന്‍ ജര്‍മനിയിലെ കുട്ടികളായിരുന്നു. അവര്‍ക്ക് കഴിക്കാന്‍ ഒരു മിഠായി പോലും ലഭിക്കാതെയായി.

ഈ ഒരു സംഭവം അമേരിക്കന്‍ വൈമാനികനായ ഗെയല്‍ ഹാല്വോര്സന് മനസ്സിലായിരുന്നു. അദ്ധേഹം കുട്ടികള്‍ക്ക് മധുരം നല്കുവാന് തീരുമാനിച്ചു. അങ്ങനെ ഓപ്പറേഷന് ലിറ്റില്‍ വൈറ്റല്‍സ് എന്ന പദ്ധതിയും തയ്യാറാക്കി. വിവിധ തരത്തിലുള്ള മിഠായികളും മധുര പലഹാരങ്ങളും ച്യൂയിങ്ങ് ഗമ്മുകളും സംഘടിപ്പിച്ചു. തൂവാലകള്‍കൊണ്ട് ചെറു പാരച്യൂട്ടുണ്ടാക്കി മിഠായികള്‍ അതില്‍ കെട്ടി വിമാനത്തില്‍ നിന്ന് അവ താഴേക്ക് ഇട്ടു. മിഠായികള്‍ താഴേക്ക് വീഴുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് വേദനിക്കാതിരിക്കാനാണത്രെ അദ്ദേഹം പാരച്യൂട്ടുകളിലാക്കി താഴേക്കിട്ടിരുന്നത്. ഗെയിലിന്റെ പ്രവൃത്തി നാട്ടിലാകെ പാട്ടായി. അതോടെ കുട്ടികള്‍ ഈ മിഠായി വിതരണക്കാരനെ കാത്തിരിക്കുക പതിവായി. ‘ ബെര്‍ലിന്‍ മിഠായി ബോംബര്‍ ‘ എന്ന പേരിലറിയപ്പെടുന്ന ഈ ചങ്ങാതി ഏകദേശം എട്ടു മാസത്തോളം ഇങ്ങനെ മിഠായി നല്കി കൊണ്ടിരുന്നു.
ക്രമേണ മിഠായിയോടൊപ്പം ആശംസകളെഴുതിയ വര്‍ണക്കടലാസുകളും കുഞ്ഞുങ്ങള്‍ക്കായി നല്‍കിത്തുടങ്ങി. മിഠായി വിതരണം ഇവിടെ കൊണ്ട് അവസാനിച്ചിരുന്നില്ല. ബോസ്നിയ ഹെര്‍സഗോവിന, അല്‍ബേനിയ, ജപ്പാന്, ഇറാഖ്, തുടങ്ങിയ രാജ്യങ്ങളിലെ കുഞ്ഞുങ്ങള്‍ക്കും മിഠായിപ്പൊതികളുമായി അദ്ദേഹം ചെന്നെത്തി. ഇരുപത്തിയഞ്ച് വര്‍ഷത്തോളം അദ്ദേഹം ഇത് തുടര്‍ന്നു. ഏകദേശം ഇരുപത്തി മൂന്നോളം ടണ്‍ മിഠായികള്‍ 250,000 തൂവാലകളിലാക്കി ചോക്ലേറ്റ് അങ്കിള്‍ എന്ന് വിളിക്കുന്ന ഗെയ്ല് ഹാല്വോര്സന് കുട്ടികള്‍ക്കായി നല്‍കിയിരുന്നു.