
Management Skills Development Trainer, Dubai
തൊഴില്‍ ചെയ്യുന്ന ഏതൊരാള്‍ക്കും തൊഴിലാളിയുടെ അഥവാ ജീവനക്കാരന്റെ അവകാശങ്ങളെക്കുറിച്ചും ലഭിക്കേണ്ടതായ ആനുകൂല്യങ്ങളെക്കുറിച്ചും പൊതുവായ അറിവും ധാരണയുമൊക്കെ ഉണ്ടായിരിക്കും. അതുപോലെ മുതലാളിക്കും മാനേജര്‍ക്കും സ്ഥാപന മേധാവികള്‍ക്കും ഒക്കെ തന്നെ ഇക്കാര്യങ്ങളില്‍ കൃത്യമായ അറിവുമുണ്ടായിരിക്കും.
പക്ഷെ ആരാണ് തൊഴിലാളി / ജീവനക്കാരന്‍ എന്നത് ഭൂരിഭാഗം തൊഴിലാളികള്‍ക്കോ മുതലാളിമാര്‍ക്കോ അറിയില്ല എന്നതാണ് കൗതുകകരമായ വസ്തുത.
ഒരു വശത്ത് സ്ഥാപനങ്ങള്‍ ജീവനക്കാരാട് മോശം സമീപനം കാണിക്കുന്നതും മറുവശത്ത്, ജോലിയോട് ഒട്ടും ആത്മാര്‍ത്ഥതയില്ലാത്ത, പണിയെടുക്കാത്ത, സ്ഥാപനത്തെയും മേലുദ്യോഗസ്ഥന്‍മാരെയും പഴി പറയുന്ന ജീവനക്കാര്‍ ഉണ്ടാവുന്നതും ഈ അടിസ്ഥാന കാര്യം അറിയാതെ പോകുന്നത് കൊണ്ടാണ്.
രണ്ടു ഭാഗത്ത് നിന്നും കാര്യങ്ങള്‍ മനസ്സിലാക്കണമെങ്കിലും കൂടുതല്‍ പേരും തൊഴില്‍ ചെയ്യുന്നവരായത് കൊണ്ട്, അവര്‍ക്കായി, മുതലാളിയുടെ ഭാഗത്ത് നിന്നും ജീവനക്കാര്‍ ആരാണെന്നും മുതലാളിയും സ്ഥാപന മുതലാളിയും ജീവനക്കാരില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്നും മനസ്സിലാക്കാന്‍ ശ്രമിക്കാം. ഈ വസ്തുത മനസ്സിലാക്കിയാലുള്ള ഗുണം, ജീവനക്കാര്‍ക്ക് ബോസിനെ പ്രീതിപ്പെടുത്താനും ഉദ്യോഗ കയറ്റവും ശമ്പള വര്‍ദ്ധനയും നേടിയെടുക്കാനുമുള്ള വഴികള്‍ തുറന്നു കിട്ടും എന്നതാണ്.
മുതലാളി നിങ്ങള്‍ക്ക് കുറച്ചധികം പണം, (ഒരു കോടി എന്നു സങ്കല്‍പ്പിക്കാം) വസ്തു വിറ്റോ മറ്റോ ലഭിച്ചു എന്നു കരുതുക. ഒന്നുകില്‍ ആ പണം നിങ്ങള്‍ക്ക് ബാങ്കില്‍ നിക്ഷേപിക്കാം. നിരക്ക് കുറവാണെങ്കിലും കുറച്ചു വരുമാനം പലിശയായി ലഭിക്കും. അല്ലെങ്കില്‍ മ്യൂച്ചല്‍ ഫണ്ടിലോ ഓഹരിയിലോ നിക്ഷേപിക്കാം. അതുമല്ലെങ്കില്‍ വീടോ പറമ്പോ വാങ്ങിയിടാം. പക്ഷേ ഇവയിലെല്ലാം നിന്നുള്ള വരുമാനമോ മൂല്യവര്‍ദ്ധനയോ വളരെ കുറവായിരിക്കും എന്നതില്‍ തര്‍ക്കമുണ്ടാവില്ല.
അതേ സമയം ആ പണത്തില്‍ നിന്നും ഒരു 20 ശതമാനത്തില്‍ കൂടുതല്‍ പ്രതിവര്‍ഷം മൂല്യവര്‍ദ്ധന ലഭിക്കണമെങ്കില്‍, ഏതെങ്കിലും ഒരു സംരംഭം തുടങ്ങിയാലേ കഴിയുകയുള്ളു.
അതു കൊണ്ട് നിങ്ങള്‍ ഏതെങ്കിലും ഒരു സംരംഭം തുടങ്ങാന്‍ തിരുമാനിച്ചു എന്നു കരുതുക. സംരംഭം ഏതുമാവാമെങ്കിലും എളുപ്പത്തിനായി സൂപ്പര്‍ മാര്‍ക്കറ്റ് എന്നു സങ്കല്‍പ്പിക്കാം. കയ്യിലുള്ള ഒരു കോടി രൂപക്ക് പുറമേ, 3 കോടി വായ്പയും എടുത്തു എന്ന് കരുതാം.
നിങ്ങളുടെ ആത്യന്തിക ലക്ഷ്യം, ചിലവുകളും വായ്പാ തിരിച്ചടവും കഴിഞ്ഞും ഇരുപത് ശതമാനത്തില്‍ കുറയാത്ത ലാഭമാണ്. കയ്യിലുള്ള പണത്തിനുമേൽ നിങ്ങള്‍ എടുക്കുന്ന റിസ്‌കിന് ന്യായമായി അത്രയും കിട്ടുകയും വേണം.
പക്ഷെ ഇവിടെയുള്ള പ്രശ്‌നം, നിങ്ങള്‍ക്ക് ഒറ്റയ്ക്ക് സൂപ്പര്‍ മാര്‍ക്കറ്റിലെ മുഴുവന്‍ കാര്യങ്ങളും നിര്‍വ്വഹിച്ച്, ഉദ്ധേശിച്ച ലാഭം നേടാന്‍ കഴിയുകയില്ല എന്നതാണ്. അത് കൊണ്ട് നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ചെയ്യാനായി നിങ്ങള്‍ക്ക് ചില പങ്കാളികള്‍ വേണം. അവര്‍ പണം മുടക്കി നിങ്ങളെ സഹായിക്കണമെന്നില്ലെങ്കിലും അവരുടെ അറിവും കഴിവും സമയവും ഉപയോഗിച്ച് നിങ്ങളുടെ ലക്ഷ്യം നേടാന്‍ നിങ്ങളെ സഹായിക്കുന്നവരാകണം.
അത്തരത്തില്‍ നിങ്ങളെ സഹായിക്കാന്‍ വരുന്ന പാര്‍ട്ട്ണര്‍മാര്‍ക്ക് അവര്‍ എടുക്കുന്ന ഉത്തരവാദിത്തത്തിന് ആനുപാതികമായി ഒരു വിഹിതം നല്‍കാനും നിങ്ങള്‍ തയ്യാറായിരിക്കുമല്ലോ ?. നിങ്ങള്‍ക്ക് ലാഭം ഉണ്ടായാലും ഇല്ലെങ്കിലും അവര്‍ക്കുള്ളത് കൃത്യമായി നല്‍കാന്‍ നിങ്ങള്‍ അവരുമായി ധാരണയിലെത്തുകയും ചെയ്യേണ്ടി വരും. എന്തൊക്കെയായാലും നിങ്ങളുടെ ലക്ഷ്യം നേടാന്‍ നിങ്ങളെ സഹായിക്കുന്ന പാര്‍ട്ട്ണര്‍മാരുമായി മാത്രമേ നിങ്ങള്‍ ദീര്‍ഘകാലത്തേക്ക് കരാറില്‍ ഏര്‍പ്പെടുകയുള്ളു എന്നത് ഉറപ്പാണല്ലോ ?
അങ്ങിനെയുള്ള നിങ്ങളുടെ പാര്‍ട്ണര്‍മാരാണ് യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ ജീവനക്കാര്‍. ആ ജീവനക്കാരാണ് കൈ മെയ് മറന്ന് പ്രയത്‌നിച്ച് നിങ്ങളുടെ ലക്ഷ്യം നേടാന്‍ നിങ്ങളെ സഹായിക്കേണ്ടത്. എങ്ങിനെയുള്ള ആളുകളെയാണ് നിങ്ങള്‍ നിങ്ങളുടെ പാര്‍ട്ണര്‍മാരായി നിയമിക്കുക എന്നത് കൂടി നമുക്ക് ആലോചിച്ചു നോക്കാം.
അറിവ്
ചെയ്യാന്‍ പോകുന്ന ജോലിയെക്കുറിച്ചും, അത് ഭംഗിയായി നിറവേറ്റാനാവശ്യമായ കാര്യങ്ങളെക്കുറിച്ചും അറിവ് ഉള്ള ഒരാളായിരിക്കണം. ഒപ്പം മാറുന്ന കാലത്തിനനു സരിച്ച് പുതിയ അറിവുകള്‍ നേടുന്ന ആളും അതിനുള്ള മനസ്ഥിതിയും താല്‍പ്പര്യവും ഉള്ള ആളുമായിരിക്കണം.
ആത്മവിശ്വാസം
ഏതു കാര്യവും ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുകയും ചെയ്തു തീര്‍ക്കുകയും ചെയ്യുന്ന ആളാവണം. പറഞ്ഞു തുടങ്ങുമ്പോള്‍ തന്നെ ഇത് ശരിയാകുമോ, ഞാന്‍ തന്നെ ചെയ്യണോ, പിന്നീട് ചെയ്താല്‍ മതിയോ എന്നൊക്കെ ചോദിക്കുന്ന ആളാവരുത്.
കൃത്യത
ഏല്‍പ്പിക്കുന്ന ജോലി കിറുകൃത്യമായി ചെയ്യുന്ന ആളാവണം. മിക്കവാറും എല്ലാ ഉത്തരവാദിത്തങ്ങളും തന്നെ കൃത്യത ആവശ്യപ്പെടുന്നതായിരിക്കും. ചില ചെറിയ പിഴവുകള്‍ക്ക് പോലും നല്‍കേണ്ടി വരുന്നത് വന്‍ വിലയാവാം. തെറ്റുകളും കുറവുകളും സ്ഥിരമായി വരുത്തുന്ന ആളെ പാര്‍ട്ണര്‍ ആക്കി കൂടെ നിര്‍ത്താന്‍ കൊള്ളില്ലല്ലോ ?
കൃത്യനിഷ്ഠ
നിങ്ങളുടെ ലക്ഷ്യം നേടാനായി സഹായിക്കേണ്ടതായ നിങ്ങളുടെ പാര്‍ട്ട്ണറുടെ കൃത്യനിഷ്ഠയില്‍ കുറവുണ്ടെങ്കില്‍ നിങ്ങളുടെ സംരംഭത്തെ അഥവാ സ്വപ്നസാക്ഷാത്ക്കാരത്തെ തീര്‍ച്ചയായും ബാധിക്കുന്ന ഒന്നാണ്. കൃത്യസമയത്ത് ജോലിക്ക് വരുന്നതും ഏല്‍പ്പിക്കുന്ന കാര്യങ്ങളും, സ്വന്തം ഉത്തരവാദിത്തങ്ങളും കൃത്യ സമയത്ത് ചെയ്ത് തീര്‍ക്കുന്നതും ആയ ഒരാളെ മാത്രമേ നിങ്ങള്‍ പാര്‍ട്ണര്‍ ആയി കാണാന്‍ ഇഷ്ടപ്പെടുകയുള്ളു. മറിച്ചായാലോ കൃത്യനിഷ്ഠ പഠിപ്പിക്കാന്‍ ശ്രമിച്ച് നിങ്ങള്‍ വശം കെടുകയേ ഉള്ളൂ .
അടുക്കും ചിട്ടയും
നിങ്ങളുടെ പാര്‍ട്ണര്‍, ചെയ്യുന്ന കാര്യങ്ങള്‍ക്ക് അടുക്കും ചിട്ടയും ഉണ്ടായിരിക്കണമെന്നും ജോലി സ്ഥലവും പരിസരവും വൃത്തിയായി പരിപാലിക്കുന്ന ആളാവണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. ഏതെങ്കിലും ഒരു രേഖ ആവശ്യപ്പെട്ടാല്‍ മൂന്ന് മണിക്കൂര്‍ തിരയുന്ന ആളെ എങ്ങിനെ പാര്‍ട്ണര്‍ ആയി നിലനിര്‍ത്തും ?. വാരിവലിച്ചിട്ട നിലയില്‍ ജോലി സ്ഥലം സൂക്ഷിക്കുന്ന ആളെ നിങ്ങള്‍ ഇഷ്ടപ്പെടാന്‍ സാദ്ധ്യത ഒട്ടുമില്ലല്ലോ ?.
ആശയ വിനിമയം
വ്യക്തമായും തെളിച്ചമായും കൃത്യമായും ആശയ വിനിമയം നടത്താന്‍ കഴിയുന്നവരെയാവും നിങ്ങള്‍ക്ക് പങ്കാളിയായി ആവശ്യമുള്ളത്. ബോസിനോട്, സഹപ്രവര്‍ത്തകരോട്, ഇടപാടുകാരോട് ഒക്കെ മാന്യമായും കാര്യമാത്ര പ്രസക്തമായും ആശയ വിനിമയം നടത്തുന്ന ഒരാളെ മാത്രമേ നിങ്ങള്‍ അംഗീകരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുകയുള്ളു.
സാഹചര്യങ്ങള്‍ക്കനുസരിച്ച് പെരുമാറുക.
ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുമ്പോള്‍, സാഹചര്യങ്ങള്‍ക്കനുസരിച്ച് പെരുമാറുക എന്നത് പ്രധാനമാണ്. ചിലപ്പോള്‍ പെട്ടന്ന് ചെയ്യേണ്ടതായ, എന്നാല്‍ കൃത്യത അത്ര പ്രധാനമല്ലാത്ത കാര്യങ്ങള്‍ വരാം. മറ്റു ചിലപ്പോള്‍ കാര്യങ്ങള്‍ തിരിച്ചുമാവാം. പ്രത്യേകിച്ചും ബോസ് ആവശ്യപ്പെടുന്ന രീതിയില്‍ കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കുക എന്നത് പ്രധാനമാണ്. കണക്കുകളിലെ കൃത്യത പ്രധാനമായി ഗണിക്കുന്ന ബോസിനു മുന്‍പില്‍ കൃത്യത ഇല്ലാതെ പെട്ടന്ന് ജോലി തീര്‍ത്ത് കാണിച്ചിട്ട് കാര്യമില്ലല്ലോ ?
അവധി
ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങളില്‍ നിന്നും സ്വന്തം ആവശ്യങ്ങള്‍ക്കായി ഇടയ്ക്കിടെ ഒഴിഞ്ഞ് നില്‍ക്കുന്ന ആളെ പങ്കാളിയായി കിട്ടിയാല്‍ കാര്യങ്ങള്‍ ഉദ്ധേശിക്കുന്ന രീതിയില്‍ മുന്നോട്ട് പോവില്ലല്ലോ ? പരമാവധി ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കാത്ത ആളാണെങ്കില്‍ മാത്രമാണ് പങ്കാളിയെക്കൊണ്ട് നിങ്ങള്‍ ഉദ്ധേശിക്കുന്ന ഫലമുണ്ടാവുക.
ആത്മാര്‍ത്ഥത
പാര്‍ട്ട്ണര്‍ക്ക്, ചെയ്യുന്ന ജോലിയോട്, സ്ഥാപനത്തോട്, ഏറ്റെടുത്ത ഉത്തരവാദിത്തത്തോട്, അവനവനോട് തന്നെയും ആത്മാര്‍ത്ഥത ഉണ്ടാവണം. രാവിലെ ഓഫീസില്‍ വന്ന്, എങ്ങിനെയെങ്കിലും വൈകുന്നേരമാവാന്‍ ശ്രമിക്കുന്ന ഒരാളെ എങ്ങിനെ പങ്കാളിയായി കൂടെ നിര്‍ത്തും?
കാര്യങ്ങള്‍ പഠിക്കുവാനും കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുവാനുമുള്ള സന്നദ്ധത
ഒരു ജോലിയില്‍ ഉത്തരവാദിത്തം ഏല്‍പ്പിച്ചാല്‍, അത് മാത്രം കാലങ്ങളോളം ചെയ്യുകയും മറ്റു കാര്യങ്ങള്‍ ഒന്നും തന്നെ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യാത്ത ഒരാളെക്കൊണ്ട് സ്ഥാപനത്തിന് എന്ത് പ്രയോജനമാണ് ഭാവിയില്‍ ഉണ്ടാവുക ? അങ്ങിനെയൊരാള്‍ക്ക് ജോലിയില്‍ ഉയര്‍ച്ചയോ ശമ്പളക്കൂടുതലോ നല്‍കാന്‍ തയ്യാറാവമോ ?
വിശ്വസ്തത, സത്യസന്ധത, സ്ഥാപനത്തോട് കൂറ്
ഈ മൂന്ന് ഗുണങ്ങള്‍ ഇല്ലാത്ത ആളെ ജോലിക്ക് നിര്‍ത്താന്‍ നിങ്ങളെന്നല്ല ആരും തന്നെ തയ്യാറാവുകയില്ലല്ലോ ?
കാര്യപ്രാപ്തി
കാര്യങ്ങള്‍ ശരിയായ രീതിയില്‍ നിര്‍വ്വഹിക്കാനുള്ള കഴിവ്. ജോലിയില്‍ കൃത്യത ഇല്ലാതെ ജോലി സമയത്തില്‍ കൃത്യനിഷ്ഠ ഉണ്ടായത് കൊണ്ടോ, ആത്മാര്‍ത്ഥത ഇല്ലാതെ ആശയ വിനിമയ ശേഷി മാത്രം ഉണ്ടായത് കൊണ്ടോ കാര്യമില്ലല്ലോ? ഉത്തരവാദിത്തം ആവശ്യപ്പെടുന്ന കാര്യപ്രാപ്തി ഉള്ള ആളായിരിക്കണം.
ഇനിയും ഒരുപാട് കാര്യങ്ങള്‍ ജീവനക്കാരെ തിരഞ്ഞെടുക്കമ്പോള്‍ നിങ്ങള്‍ ശ്രദ്ധിച്ചേക്കാം. പക്ഷേ തല്‍ക്കാലം ഇവിടെ ഒന്നു നിര്‍ത്തിയിട്ട് നമ്മുക്ക് പഴയ അവസ്ഥയിലേക്ക് തിരിച്ചു വരാം. അതായത് ബിസിനസ്സ് തുടങ്ങാതെ തൊഴില്‍ ചെയ്യുന്ന ഇന്നത്തെ അവസ്ഥയില്‍.
എന്നിട്ട് നമ്മുക്ക് ഒന്ന് ശാന്തമായി ഇരുന്ന് ആലോചിച്ച് നോക്കാം. മേല്‍ പറഞ്ഞവയില്‍ എത്ര ഗുണങ്ങള്‍ നമുക്കുണ്ട് എന്ന് ചിന്തിക്കാം.
വിദ്യാഭ്യാസ യോഗ്യത എന്നത് തൊഴില്‍ ലഭിക്കാന്‍ സഹായിക്കുന്ന ഒരു എന്‍ട്രി പാസ്സ് ആണ്. അത് ലഭിച്ച് കഴിഞ്ഞാല്‍ ജോലിയുടെ വിവിധ വശങ്ങളെക്കുറിച്ച്, ഉയര്‍ന്ന ഉത്തരവാദിത്തങ്ങള്‍ ആവശ്യപ്പെടുന്ന കഴിവുകളെ കുറിച്ച് ഒക്കെ നാം തന്നെ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ഒരു ജോലിയില്‍ ഉത്തരവാദിത്തം ആവശ്യപ്പെടുന്ന കാര്യങ്ങള്‍ മാത്രം ചെയ്താല്‍ ശമ്പളം വാങ്ങാം. അതിനുമപ്പുറം കാര്യങ്ങള്‍ ചെയ്യുമ്പോഴാണ് പ്രൊമോഷനും ശമ്പള വര്‍ദ്ധനക്കും ഒക്കെ അര്‍ഹത നേടുന്നത്. തൂത്തു തുടയ്ക്കാന്‍ വന്നയാള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞും ആ ജോലിക്ക് മാത്രമേ പ്രാപ്തിയുള്ളുവെങ്കില്‍ പ്രൊമോഷന്‍ നാം നല്‍കുകയില്ലല്ലോ.
ചെയ്യുന്നത് ഏത് ജോലിയായാലും ആത്മാര്‍ത്ഥതയോടെ തന്നെ ചെയ്യുക. അതിനെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കുക, പഠിക്കുക, കൂടുതല്‍ പരിശീലനം ആവശ്യമെങ്കില്‍ നേടുക. ചുരുക്കത്തില്‍ ആ മേഖലയില്‍ നിങ്ങള്‍ അഗ്ര ഗണ്യരാവുക. ജോലിയെ സ്‌നേഹിക്കുക, ഒപ്പം ജോലി ചെയ്യുന്ന സ്ഥാപനത്തെയും.
ജോലിയെ സ്‌നേഹിക്കുക, പക്ഷേ സ്ഥാപനത്തെ സ്‌നേഹിക്കരുത് എന്ന വാദം കേട്ടിട്ടുണ്ടാവും. പക്ഷേ സ്ഥാപനത്തോട് സ്‌നേഹമില്ലാതെ ഒരിക്കലും പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നമുക്ക് ജോലി ചെയ്യാന്‍ കഴിയുകയില്ല, എന്നോര്‍ക്കുക. ഒന്നോ രണ്ടോ പേരുടെ പെരുമാറ്റം കാരണമായി സ്ഥാപനത്തെ വെറുത്താല്‍ അത് നമ്മുടെ പ്രകടനത്തെയും ബാധിക്കും. ഒന്നുമില്ലെങ്കിലും സ്ഥാപനം നല്‍കുന്ന പണം കൊണ്ട് നമ്മള്‍ പല കാര്യങ്ങളും നേടിയിട്ടുണ്ടാവുമല്ലോ ?. തീരെ ഇഷ്ടപ്പെടാന്‍ കഴിയില്ലെങ്കില്‍ വേറെ സ്ഥാപനത്തിലേക്ക് മാറുക
തൊഴില്‍ ജീവിതം, മൊത്തം ജീവിതത്തെ ബാധിക്കാന്‍ ഒരിക്കലും അനുവദിക്കാതിരിക്കുക എന്നതില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഓരോ സ്ഥാപനവും മേലുദ്യോഗസ്ഥരും വ്യത്യസ്ത കാര്യങ്ങളായിരിക്കും ആവശ്യപ്പെടുന്നത്. അത് നിറവേറ്റാന്‍ ശ്രമിക്കുന്നത് അഭികാമ്യമാണ്. സ്ഥാപനം പ്രവര്‍ത്തിക്കുന്നതിന് ചില ലക്ഷ്യങ്ങള്‍ ഉണ്ടാവും. അതിന് നിങ്ങളുടെ സംഭാവന ഉറപ്പു വരുത്തുക.
നമ്മള്‍ തിരഞ്ഞെടുത്ത തൊഴില്‍, നമ്മുടെ അഭിരുചിക്കും താല്‍പ്പര്യത്തിനും കഴിവുകള്‍ക്കും സ്വഭാവത്തിനും യോജിച്ചതല്ലെങ്കില്‍, തൊഴിലില്‍ നാം പരാജയമായിരിക്കും എന്നത് യാഥാര്‍ത്ഥ്യമാണ്.
സ്വയം തിരിച്ചറിയുക, അറിവ് നേടുക, കഴിവുകളെ പരിപോഷിപ്പിക്കുക. തൊഴില്‍ മേഖല ആവശ്യപ്പെടുന്നതെന്താണെന്ന് കൃത്യമായി മനസ്സിലാക്കി പ്രവര്‍ത്തിക്കുക. വിജയം നിങ്ങള്‍ക്കൊപ്പമായിരിക്കും.