
Management Skills Development Trainer, Dubai
ഒരു ചെറിയ സംഭവമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. ഒരു സാധാരണ വ്യക്തി അസാധാരണ വ്യക്തിയായി മാറിയ കഥ. വീടിനടുത്തുള്ള ചെറുപ്പക്കാരനായ ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ ആയിരുന്നു ആവശ്യമുള്ളപ്പോഴൊക്കെ വീട്ടിലെ കാര്‍ ഓടിക്കാനായി വന്നിരുന്നത്. കാറിന്റെ ലൈസന്‍സ് ഉണ്ടായിരുന്നത് കൊണ്ട് പരിസരത്തെ മറ്റു ചില വീടുകളിലും ഇദ്ധേഹത്തിന്റെ സേവനം ഉണ്ടായിരുന്നു.
മക്കള്‍ അടുത്തില്ലാത്തത് കൊണ്ട് ആശുപത്രി, കല്യാണം തുടങ്ങിയ പല കാര്യങ്ങള്‍ക്കും പോകാന്‍ അമ്മയ്ക്ക് ഈ വ്യക്തി – തല്ക്കാലം രവിയെന്നു വിളിക്കാം – സമാന സാഹചര്യങ്ങളിലുള്ള മറ്റുള്ളവര്ക്കെന്നത് പോലെ വലിയൊരു സഹായം തന്നെയായിരുന്നു.
പക്ഷെ, ഞാന്‍ ലീവിന് നാട്ടിലെത്തിയാല്‍ പിന്നെ സാധാരണ ഗതിയില്‍ രവിയെ വിളിക്കേണ്ട ആവശ്യം വരാറില്ല. പക്ഷെ, 2013- ല്‍ തനിച്ച് ഒരു ദീര്‍ഘദൂര യാത്ര വേണ്ടി വന്നപ്പോള്‍ രവിയെയും കൂടെ കൂട്ടി. വിരസമായ യാത്രയില്‍ ഞങ്ങള്‍ പല നാട്ടുകാര്യങ്ങളും സംസാരിച്ചു. കൂട്ടത്തില്‍ നാട്ടിലുള്ളവരുടെ സാധാരണ പരിദേവനങ്ങളും കടന്നു വന്നു. കഴിഞ്ഞ പത്തുവര്‍ഷമായി ഓട്ടോ ഓടിക്കുന്നു, ഇടയ്ക്ക് ഇതുപോലെ കാറിന്റെ ഓട്ടവുമുണ്ട്, എന്നാലും ജീവിതം ഒരു വിധത്തില്‍ മുന്നോട്ട് പോകുന്നു എന്നു മാത്രം, ജീവിതത്തില്‍ രക്ഷപ്പെടുന്നില്ല, മേല്‍ഗതി കാണുന്നില്ല, ഇങ്ങിനെ പോകുന്നു രവിയുടെ വിഷമങ്ങള്‍.
സ്വാഭാവികമായും എന്നിലെ പരിശീലകന് ഉണര്‍ന്നു. സാധാരണ ഗതിയില്‍ നാട്ടിലുള്ള ആരോടും ഇത്തരം കാര്യങ്ങള്‍ സംസാരിക്കാറില്ല. പക്ഷെ യാത്രയില്‍ ധാരാളം സമയം മുന്നിലുണ്ട്. നാട്ടുകാര്യങ്ങളില്‍ ഇനി അധികം വിഷയവുമില്ല.
ഞാന്‍ രവിയോട് പറഞ്ഞു. ‘ എന്ത് ജോലി ചെയ്യുന്നു എന്നതല്ല എങ്ങിനെ ജോലി ചെയ്യുന്നു എന്നതാണ് പ്രധാനം. അതാണ് നിങ്ങളുടെ ജീവിതത്തെ, അല്ലെങ്കില്‍ ജീവിത നിലവാരത്തെ ഉയര്‍ത്തുന്നത് ‘.
ഞാനൊന്നു നിര്‍ത്തി, രവിയുടെ മുഖഭാവം ശ്രദ്ധിച്ചു. സാധാരണ ഗതിയില്‍, മാര്‍ഗ്ഗ നിര്‍ദ്ധേശങ്ങളോ രക്ഷപ്പെടാനുള്ള വഴിയോ പങ്കുവെയ്ക്കുമ്പോള്‍, ആളുകളുടെ മനോഭാവം, ഉപദേശം വേണ്ട, പകരം കുറച്ച് പണം തന്നാല്‍ മതി എന്നതായിരിക്കും. പക്ഷെ, രവിയുടെ മുഖത്ത് കണ്ട ഭാവം എന്നില്‍ ഊര്‍ജ്ജം പകര്‍ന്നു. തുടര്‍ന്ന് ഒരു മണിക്കൂറോളം സംസാരിച്ച കാര്യങ്ങളുടെ രത്നച്ചുരുക്കം ഇങ്ങിനെയാണ്.
ഒരു Ordinary ജോലിക്കാരനും Extraordinary ജോലിക്കാരനും തമ്മിലുള്ള വ്യത്യാസം എന്നത് ആ ‘Extra’ തന്നെയാണ്. ഒരാള്‍ ഏല്പിച്ച ജോലി കൃത്യമായും വൃത്തിയായും ചെയ്താല്‍ അയാള്‍ ഒരു സാധാരണ തൊഴിലാളിയാണ്. ഏല്‍പ്പിച്ചതിനും പ്രതീക്ഷിച്ചതിനും അപ്പുറം എന്തെങ്കിലും അയാള്‍ ചെയ്യുകയാണെങ്കില്‍ മാത്രമേ അയാള്‍ ഒരു മികച്ച തൊഴിലാളി ആവുന്നുള്ളു. അത് ബിസിനസ്സ് ആണെങ്കിലും വിജയിക്കുന്നതിന്റെ രഹസ്യം അങ്ങിനെ തന്നെയാണ്.
ഒരു സാധാരണ വ്യക്തിക്ക് സാധാരണമായ പ്രതിഫലവും നേട്ടങ്ങളും മാത്രമേ ലഭിക്കുകയുള്ളു. അസാധാരണമായ വളര്‍ച്ചയും മെച്ചവും ഒരാള്‍ക്കുണ്ടാവണമെങ്കില്‍ അനന്യസാധാരണമായ എന്തെങ്കിലും അയാള്‍ ചെയ്തേ മതിയാകൂ. തൊഴിലാണെങ്കിലും ബിസിനസ്സാണെങ്കിലും സാധാരണ രീതിയില്‍ ചെയ്താല്‍ റിസള്‍ട്ടും സാധാരണമായ രീതിയില്‍ തന്നെയാവും. തൊഴിലുടമയ്ക്കായാലും കസ്റ്റമറിനായാലും പ്രതീക്ഷിക്കുന്നതിന് ഒരു പടി മുകളില്‍ സേവനം നല്‍കുക. സ്വന്തം കഴിവുകളും ആശയങ്ങളും അതിനായി ഉപയോഗപ്പെടുത്തുക. അതിനായി പുതിയ കഴിവുകളും അറിവുകളും ആര്‍ജ്ജിക്കുക. അത് വ്യക്തിപരമായും തൊഴില്‍പരമായും നിങ്ങളുടെ മൂല്യം ഉയര്‍ത്തും.
ഓരോ വ്യക്തിക്കും ഒന്നിലധികം കഴിവുകള്‍ ഉണ്ടായിരിക്കും. ആ കഴിവുകള്‍ സ്വന്തം കര്‍മ്മ മണ്ഡലത്തില്‍ ഉപയോഗപ്പെടുത്താത്തതാണ് മിക്കവാറും ആളുകള്‍ വിജയിക്കാത്തതിന്റെ കാരണം. മിക്കവാറും ആളുകള്‍ ജോലിക്ക് ചെല്ലുന്നത് തന്നെ, എങ്ങിനെയെങ്കില്‍ വൈകുന്നേരം ആയാല്‍ മതി, എന്ന ചിന്തയോടെയാണ്. സ്വന്തം തൊഴിലിനോട് കൂറ് പുലര്‍ത്താത്ത, തൊഴില്‍ സംബന്ധമായ കഴിവുകളില്‍ മികവ് കാണിക്കാത്ത ഒരാള്‍ ജീവിതത്തില്‍ രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്നത് തന്നെ വിഡ്ഡിത്തമാണ്.
ഒരാള്‍ക്ക് ജീവിതത്തില്‍ മെച്ചപ്പെടണമെങ്കില്‍ അയാള്‍ തന്റെ കര്‍മ്മ പഥം മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു. സാധാരണയില്‍ കവിഞ്ഞ മെച്ചം വേണമെങ്കില്‍ സാധാരണയില്‍ കവിഞ്ഞ പ്രകടനം കാഴ്ച വെയ്ക്കേണ്ടിയിരിക്കുന്നു. അതു കൊണ്ട് രവിക്ക് കൂടുതല്‍ മെച്ചം വേണമെങ്കില്‍ കൂടുതലായി മെച്ചപ്പെട്ട സേവനം കസ്റ്റമര്‍ക്ക് കൊടുക്കേണ്ടിയിരിക്കുന്നു.
ഇത്രയുമായപ്പോള്‍ രവി പറഞ്ഞു. ഒരു ഡ്രൈവര്‍ക്ക് എന്തു ചെയ്യാന്‍ കഴിയും ?. കൂടി വന്നാല്‍ കുറച്ചു കൂടുതല്‍ സ്പീഡില്‍ വണ്ടിയോടിച്ച് നിശ്ചിത സമയത്തിനും മുന്നേ കസ്റ്റമറെ സ്ഥലത്തെത്തിക്കാം. അതു കൊണ്ട് കാര്യമായ പ്രയോജനമുണ്ടാകില്ല. വല്ല അപകടവും പറ്റിയാല്‍ അതിന്റെ പ്രശ്നം വേറെയുണ്ടാകും. ഞാന്‍ പറഞ്ഞു ‘ ഒരു സാധാരണ ഡ്രൈവര്‍ക്ക് മികച്ച ഡൈവറാകാന് ഒരു പാട് വഴികളുണ്ട്. പ്രത്യേകിച്ചും ഈ ജോലി സേവന വിഭാഗത്തില്‍ പെടുന്നത് കൊണ്ട്. ഇനി പറയുന്ന കാര്യങ്ങള്‍ പാലിക്കാന്‍ ശ്രമിച്ചു നോക്കു ‘.
- വൃത്തിയായും മാന്യമായും വസ്ത്രം ധരിക്കുന്നതും. വ്യക്തി ശുചിത്വം പാലിക്കുന്നതും ഏത് സ്ഥലത്തേക്കും ഡ്രൈവറെ സ്വീകാര്യനാക്കും ( കസ്റ്റമര്‍ക്ക് പല നല്ല സ്ഥലങ്ങളിലും, കല്യാണത്തിനും ഒക്കെ പോവേണ്ടതായിരിക്കും)
- സാധ്യമായിടത്തോളം കസ്റ്റമര്‍ക്ക് ഇറങ്ങുമ്പോഴും കയറുമ്പോഴും പ്രൊഫഷണല്‍ രീതിയില്‍ ഡോര്‍ തുറന്നു കൊടുക്കുകയും അടച്ചു കൊടുക്കുകയും ചെയ്യുന്നത് കസ്റ്റമറെ അംഗീകരിക്കുന്നതായി കണക്കാക്കപ്പെടുകയും വീണ്ടും വീണ്ടും ജോലി കിട്ടിക്കൊണ്ടിരിക്കാന്‍ സഹായിക്കുകയും ചെയ്യും.
- പര്ച്ചേസിംഗിനാണ് പോവുന്നതെങ്കില്‍ (സാധാരണ യാത്രയായാലും) കസ്റ്റമറെക്കൊണ്ട് സാധനങ്ങള്‍ ചുമപ്പിക്കാതെ, കഴിയാവുന്നിടത്തോളം എല്ലാ സാധനങ്ങളും സ്വയം എടുത്ത് (വീടിനു മുന്നില്‍ ഇറക്കിവയ്ക്കാതെ,) വീടിനകത്ത് എത്തിക്കുകയാണെങ്കില്‍, ഡ്രൈവറെക്കുറിച്ചുള്ള മതിപ്പ് കൂടുകയും ആ കസ്റ്റമര്‍ സ്ഥിരമാവാനുള്ള സാധ്യത വര്‍ദ്ധിക്കുകയും ചെയ്യും.
- രോഗിയായ കസ്റ്റമറെ ആശുപത്രിയില്‍ കൊണ്ടുവിട്ടതിന് ശേഷമുള്ള സമയം മറ്റു ഡ്രൈവര്‍മാരോട് വെടി പറഞ്ഞിരിക്കുകയോ പത്രം വായിച്ചിരിക്കുകയോ ചെയ്യാതെ, ആശുപത്രിക്കകത്ത് കസ്റ്റമറുടെ കണ്വെട്ടത്തുണ്ടായിരിക്കാന് ശ്രമിക്കാം. ടെസ്റ്റുകള്‍ക്കും മരുന്ന് വാങ്ങാനും മറ്റുമായി പലപ്പോഴും രോഗികളായ കസ്റ്റമര്‍ക്കും കൂടെ വരുന്നവര്‍ക്കും പോകേണ്ടി വരാം. ഒരാള്‍ കൂടെയുള്ളത് മിക്കപ്പോഴും സഹായമായിരിക്കും.
- കൂടെക്കൂടെ വിളിക്കുന്ന കസ്റ്റമറുടെ കാര്‍, യാത്രക്ക് മുന്‍പും പിന്‍പും തുടച്ചു വൃത്തിയാക്കുന്നതും സമയാസമയം സര്‍വ്വീസ് ചെയ്യാന്‍ സഹായിക്കുന്നതും ഒക്കെ എക്സ്ട്രാ സര്‍വ്വീസ് ആണ്. ഇങ്ങിനെ കുറച്ചു മൂല്യ വര്‍ദ്ധിത കാര്യങ്ങള്‍ ഏതൊരു ഡ്രൈവര്‍ക്കും ചെയ്യാവുന്നതേയുള്ളു.
പിന്നെയും കസ്റ്റമറെ പ്രീതിപ്പെടുത്താനുള്ള ചില നുറുങ്ങു വിദ്യകളും പ്രൊഫഷണല്‍ എത്തിക്സ്, സമയത്തിന്റെ വില, വിശ്വാസ്യത, സുരക്ഷയുടെ പ്രാധാന്യം, കസ്റ്റമര്‍ ഏത് തരക്കാരായാലും അവരെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകത, സ്ത്രീകളോടും കുട്ടികളോടും പെരുമാറേണ്ട രീതി, രോഗികളായ കസ്റ്റമര്‍ക്ക് കൊടുക്കേണ്ട എക്സ ട്രാ കെയര്‍, പിന്നീട് നേരിട്ടോ ഫോണിലോ അസുഖവിവരം അന്വേഷിച്ചാല്‍ ഉണ്ടാവുന്ന ഗുണം അങ്ങിനെ അങ്ങിനെ, രവിയുമായി പങ്കുവെച്ചു.
സാധാരണ ഗതിയില്‍ നല്ല കാര്യങ്ങള്‍ ആര്യം ചെയ്യാന്‍ തുനിയില്ല. ഇതും അതുപോലെയാവുമെന്ന് കരുതിയാണ് ലിവ് കഴിഞ്ഞ് മടങ്ങിയത്.
പക്ഷേ, അടുത്ത ലീവ് ആവുമ്പോഴേക്കും വ്യത്യസ്തനായൊരു ഡ്രൈവറാം ബാലനായിക്കഴിഞ്ഞിരുന്നു രവി. സ്ഥിരമായി ഹോസ്പിറ്റലിലേക്ക് ചെക്കപ്പിനും മറ്റുമായി കസ്റ്റമറെ കൊണ്ടുപോകുമ്പോള്‍ അവരെ സഹായിക്കാന്‍ കൂടെ നിന്നത് കൊണ്ട് ജില്ലാ ആസ്ഥാനത്തെ മിക്കവാറും എല്ലാ ആശുപത്രിയിലും നല്ല പരിചയമായി. ആ പരിചയം മൂലം രവിയുടെ കസ്റ്റമറായ പേഷ്യന്റ്സിന് ആശുപത്രികളിലെ ലാബിലും ഫാര്‍മസിയിലും മാത്രമല്ല, ഡോക്ടറെ കാണാനും പ്രത്യേക പരിഗണന കിട്ടിത്തുടങ്ങി. പെരുമാറ്റ രീതിയില്‍ വന്ന മാറ്റം കൊണ്ട് വീട്ടില്‍ മക്കളുണ്ടെങ്കില്‍ പോലും ആളുകള്‍ക്ക് പുറത്ത് പോകാന്‍ രവി മാത്രം കൂട്ടിന് മതിയെന്നായി. രവിയുടെ സൗകര്യമനുസരിച്ച് മാത്രം യാത്രകളും ചികിത്സയും തീരുമാനിക്കുന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തി.
ദിവസം 4 ആശുപത്രി ട്രിപ്പുകള്‍ വരെ എടുക്കുന്ന രവി, ദിവസം 3000 രൂപ വരെ സമ്പാദിക്കുന്ന നിലയിലാവാന്‍ ആറേഴു മാസം മതിയായിരുന്നു. ഒരു കൊല്ലത്തിനകം പുതിയ ഇന്നോവ വാങ്ങിയ രവിയെ പിന്നെ ഡ്രൈവറായി ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല. ഇപ്പോള്‍ മൂന്നു വണ്ടികള്‍ കൂടി വാങ്ങിയിട്ടുണ്ട്. ഒരെണ്ണം എയര്‍പോര്‍ട്ട് ട്രിപ്പ് മാത്രം. മറ്റൊന്നു പുണ്യസ്ഥലങ്ങള്‍ക്ക് മാത്രമായി ഓടുന്നു. മൂന്നാമത്തെ വണ്ടി ബിസിനസ്സുകാര്‍ക്ക് മാത്രമായി ലോംഗ് ട്രിപ്പ് ഓടിക്കൊണ്ടിരിക്കുന്നു. എല്ലാ വണ്ടിയിലും കൃത്യമായ പരിശീലനം നല്കിയ ഡ്രൈവര്‍മാര്‍ മാത്രം. കഴിഞ്ഞ ലീവിന് 20 ദിവസം നാട്ടിലുണ്ടായിരുന്നിട്ടും ഒരു ലോംഗ് ട്രിപ്പിന് രവിയുടെ വണ്ടികള്‍ ഒരു ദിവസം പോലും എനിക്ക് കിട്ടിയില്ല. ഒരു മാസത്തേക്ക് ഉള്ള ബുക്കിംഗ് നേരത്തെ കഴിഞ്ഞിരുന്നു പോലും.
ഒരു പാട് സന്തോഷം തോന്നി. ഒരു സാധാരണക്കാരനെ അസാധാരണ വ്യക്തിത്വം ആക്കി മാറ്റാന്‍ കഴിഞ്ഞതില്‍ അഭിമാനവും തോന്നി. ഏതൊരു തൊഴിലിലും ബിസിനസ്സിലും ഈ എക്സ്ട്രാ ബാധകമാണ്. സാധാരണ ജോലിക്ക് സാധാരണ ശമ്പളം. ശമ്പളക്കയറ്റവും ഉദ്യോഗകയറ്റവും ബോണസ്സും എക്സ്ട്രാ എന്തെങ്കിലും സ്ഥാപനത്തിന് വേണ്ടി സംഭാവന ചെയ്യുന്നവര്‍ക്കുള്ളതാണ്.
വെറും സാധാരണക്കാരന് ആവാതിരിക്കുക. നമ്മുടെ കഴിവില്‍ കുറച്ചെങ്കിലും നമ്മുടെ സ്വന്തം ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കാം. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നേടിയെടുക്കാം.
നിങ്ങള്‍ ഏത് ഗണത്തില്‍ പെടും ? Ordinary ആണോ അതോ Extraordnary ആണോ ?
ചിന്തിക്കൂ… മാറാന്‍ കഴിയുമെങ്കില്‍ മാറാം. അതിനായി അടുത്ത ജന്മം വരെ കാത്തിരിക്കേണ്ടതില്ല. മാറ്റം ഇന്നു തന്നെ തുടങ്ങാം.