
Sub Editor, NowNext
സ്വയം സംരംഭം ആരംഭിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി, സംസ്ഥാനത്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴി അഞ്ച് തൊഴില്‍ വായ്പാ പദ്ധതികള്‍ നടപ്പാക്കിവരുന്നുണ്ട്. തൊഴിലില്ലായ്മ ഇല്ലാതാക്കുന്നതിനും, നവ ആശയങ്ങളോടെ സ്വയം സംരംഭകത്വം വളരേണ്ടതിന്റെ പ്രാധാന്യം മുന്‍ നിര്‍ത്തിയാണ് ഇത്തരത്തിലുള്ള വായ്പാ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നത്.
അഞ്ച് വായ്പാ പദ്ധതികള്‍ താഴെ പറയുന്നു
- കെസ് റു (കെ ഇ എസ് ആര് യു )- രജിസ്റ്റര്‍ ചെയ്ത തൊഴില്‍ രഹിതര്‍ക്കുള്ള സ്വയം തൊഴില്‍ വായ്പാ പദ്ധതിയാണ് ഇത്. ഒരു വ്യക്തിക്ക് ഒരു ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നു. ഗ്രൂപ്പ് സംരംഭങ്ങളും ആരംഭിക്കാം. ഒരു അംഗത്തിന് ഒരു ലക്ഷം രൂപ എന്ന നിരക്കില്‍ വായ്പ ലഭിക്കും. സംരഭകത്വ വിഹിതം പ്രത്യേകം പറയുന്നില്ല എങ്കിലും 10 ശതമാനം തുക വിഹിതമായി കണ്ടെത്തേണ്ടതുണ്ട്. പ്രായം 21 മുതല്‍ 50 വരെയാണ്.
- നവജീവന്‍– വര്‍ഷങ്ങളായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടും സ്ഥിരം ജോലി ലഭിക്കാതെ പോയ വ്യക്തികള്‍ക്ക് നല്കുന്ന വായ്പാ പദ്ധതി. 50 മുതല്‍ 65 വരെ പ്രായമുള്ളവര്‍ക്ക് 50000 രുപ വരെ ധനസ്ഥാപനങ്ങള്‍ വഴി വായ്പ അനുവദിക്കുന്നു. 25%- പരമാവധി 12,500 രൂപ വരെ സബ്സിഡിയായി ലഭിക്കും. സംയുക്ത സംരംഭങ്ങള്‍ക്കും വായ്പ അനുവദിക്കും, 25 ശതമാനം സ്ത്രീകള്‍ക്കും, 25 ശതമാനം ബിപിഎല്‍ വിഭാഗങ്ങള്‍ക്കായും സംവരംണം ചെയ്തിട്ടുണ്ട്.
- ശരണ്യ– ഒരു സാമൂഹിക സുരക്ഷ പദ്ധതിയും അതുപോലെ തന്നെ സ്വയം തൊഴില്‍ വായ്പാ പദ്ധതിയും ആണിത്. വിധവകള്‍, വിവാഹ മോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവിനെ കാണാതെ പോയ സ്ത്രീകള്‍, പട്ടിക ജാതി, പട്ടികവര്‍ഗ്ഗ വിഭാങ്ങളില്‍ നിന്ന് വരുന്ന അവിവാഹിതരായ അമ്മമാര്‍, 30 വയസ്സ് കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത സ്ത്രീകള്‍ എന്നിവര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം. 50000 രൂപ വരെ സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വായ്പ അനുവദിക്കുന്നു. പരമാവധി 25000 രൂപ സബ്സിഡി ലഭിക്കും. 50 ശതമാനമാണ് സബ്സിഡി. ചെലവിന്റെ 10 ശതമാനം സംരംഭകന് കണ്ടെത്തേണ്ടതുണ്ട്. പ്രായ പരിധി 18 മുതല്‍ 55 വരെയാണ്. സര്‍ക്കാര്‍ ഫണ്ടില്‍ നിന്നാണ് വായ്പയും സബ്സിഡിയും അനുവദിക്കുന്നത്. ബാങ്കുകളെ കാണേണ്ട ആവശ്യമില്ല. പലിശയില്ലാതെ ത്രൈമാസത്തവണകളായി തുക തിരിച്ചടിച്ചാല്‍ മതി.
- മള്‍ട്ടി പര്‍പ്പസ് ജോബ് ക്ലബ്– ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് വായ്പ അനുവദിക്കുന്ന പദ്ധതിയാണിത്. 2 മുതല്‍ 5 വരെ അംഗങ്ങളടങ്ങുന്ന ഗ്രൂപ്പുകള്‍ക്കാണ് വായ്പ അനുവദിക്കുക. അംഗങ്ങള്‍ വ്യത്യസ്ത കുടുംബങ്ങളില്‍ പെട്ടവര്‍ ആയിരിക്കണം. പദ്ധതിച്ചെലവ് 10 ലക്ഷം രൂപയിലധികമാകാത്ത എല്ലാത്തരം ബിസിനസ് സംരംഭങ്ങള്‍ക്കും വായ്പ ലഭിക്കും. പദ്ധതിച്ചെലവിന്റെ 25 ശതമാനമാണ് സര്‍ക്കാര്‍ സബ്സിഡി. പരമാവധി രണ്ട് ലക്ഷം രൂപ. 10 ശതമാനം സംരഭകന് വിഹിതമായി കണ്ടെത്തേണ്ടിവരും. പ്രായം 21 മുതല്‍ 40 വരെ.
- കൈവല്യ– ഭിന്നശേഷിക്കാരായ തൊഴില്‍ രഹിതര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് വായ്പ നല്കുന്ന പദ്ധതി. ഇതൊരു വായ്പാ പദ്ധതി മാത്രമല്ല. കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം, കപ്പാസിറ്റി ബില്‍ഡിങ്ങ് പ്രോഗ്രാം, മത്സരപരീക്ഷ പരിശീലനം എന്നിവയെല്ലാം നടത്തുന്നു. 50000 രൂപ വരെ വായ്പയായി അനുവദിക്കുന്നു. ആവശ്യമായി വരുന്ന പക്ഷം ഒരു ലക്ഷം രൂപ വരെയായി ഉയര്‍ത്താവുന്നതാണ്. ഗ്രൂപ്പ് സംരംഭങ്ങള്‍ക്കും വായ്പ അനുവദിക്കും. ഒരോ അംഗത്തിനും 50000 രൂപ പരമാവധി എന്ന നിരക്കില്‍ ആയിരിക്കും വായ്പ. 50 ശതമാനം സബ്സിഡി അനുവദിക്കും- പരമാവധി 25000 രൂപ. സംരംഭകന് 10 ശതമാനം സ്വന്തം വിഹിതമായി കരുതുന്നത് നല്ലതായിരിക്കും. പ്രായപരിധി 21 മുതല്‍ 55 വരെ.