
Management Skills Development Trainer, Dubai
പ്രശ്നങ്ങള്‍ ഇല്ലാത്തവരായി ആരും തന്നെയുണ്ടാകില്ല. മാത്രമല്ല, പ്രശ്നങ്ങള്‍ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. എന്നാല്‍ പ്രശ്നങ്ങള്‍ വരുമ്പോള്‍, തളരാതെ, അവ പരിഹരിച്ച് മുന്നോട്ട് പോവുന്നവരാകട്ടെ, നമുക്കിടയില്‍ വളരെ കുറവുമാണ്.
പ്രശ്നവും പരിഹാരവും
പ്രശ്നം 1
രാവിലെ 8 മണിക്ക് തന്നെ, പൂട്ടിയിട്ടിരിക്കുന്ന വെയര്‍ ഹൗസിലെ, ചില ഉപകരണങ്ങള്‍ പരിശോധിച്ചിട്ട് വരാന്‍, രണ്ട് അസിസ്റ്റന്റ്മാരോടൊപ്പം പോയ സൂപ്പര്‍വൈസര്‍ ഉച്ചയായിട്ടും തിരിച്ചെത്തിയില്ല. പത്തു മിനുട്ട് വീതം യാത്രയ്ക്കും 15 മിനുട്ട് പരിശോധനയ്ക്കുമായും വേണ്ടി വന്നാലും 8.45 ന് മുന്‍പ് അവര്‍ തിരിച്ചെത്തേണ്ടതാണ്.
ഫോണില്‍ വിളിച്ചന്വേഷിച്ചപ്പോഴാണ് പ്രശ്നം മനസ്സിലായത്. മാസ്റ്റര്‍ കീ മുതല്‍ കാറിന്റെ കീ വരെ സകലതും ഉപയോഗിച്ച് നോക്കിയിട്ടും ഷട്ടറിന്റെ പൂട്ട് തുറക്കാന്‍ കഴിയുന്നില്ല. ഇത്രയും സമയം ആന്റി റസ്റ്റ് സ്പ്രേ ഒക്കെ അടിച്ച്, തട്ടിയും മുട്ടിയും പല തവണ ശ്രമിച്ചു നോക്കി. ഇപ്പോഴും ശ്രമം തുടരുകയാണ്. ഇനിയും തുറക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പൂട്ട് തന്നെ പൊളിക്കേണ്ടി വരും. വിലപിടിച്ച സാധനങ്ങള്‍ സൂക്ഷിച്ചിട്ടുള്ള വെയര്‍ ഹൗസിന്റെ പൂട്ട് പൊളിക്കണമെങ്കില്‍ നീണ്ട ഫോര്‍മാലിറ്റികളുണ്ട്. അതു കൊണ്ട് ഉദ്ധേശിച്ച പരിശോധന ഉടനെ ഒന്നും നടക്കില്ല. ഇത്രയുമാണ് അദ്ദേഹം പറഞ്ഞതിന്റെ ചുരുക്കം !.
ഷട്ടറിന്റെ പൂട്ട് തുറക്കാനാവുന്നില്ല എന്ന പ്രശ്നം സുപ്പര്‍വൈസറുടെ മുന്നില്‍ ഒരു വലിയ മല പോലെ, വഴിമുടക്കി നില്‍ക്കുകയാണ് എന്ന് മനസ്സിലായി. അദ്ദേഹം
കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും, പ്രശ്ന പരിഹാരം സാദ്ധ്യമാവുന്നില്ല. കൂടാതെ, ശ്രമങ്ങളൊക്കെ, വീണ്ടും വീണ്ടും പരാജയപ്പെടുന്നതിന്റെ മാനസിക സമ്മര്‍ദ്ദവുമുണ്ടായിരുന്നു വാക്കുകളില്‍.
ഷട്ടര്‍ തുറക്കുന്ന കാര്യം ഉപേക്ഷിച്ച്, ഉടനെ ഓഫീസില്‍ വന്ന്, എമര്‍ജന്‍സി എക്സിറ്റ് ഡോറിന്റെ കീ എടുക്കാന്‍ ഏര്‍പ്പാട് ചെയ്തു. വെയര്‍ ഹൗസിനകത്ത് തീപ്പിടുത്തം പോലെയുള്ള അത്യാഹിതം ഉണ്ടായാല്‍, രക്ഷപ്പെടാനുള്ള വഴികളാണ് എക്സിറ്റ് വാതിലുകള്‍. അകത്ത് നിന്ന് ഹാന്‍ഡില്‍ ബാറില്‍ അമര്‍ത്തിയാല്‍ തുറക്കുന്ന വാതില്‍, പക്ഷേ പുറത്ത് നിന്ന് താക്കോലുപയോഗിച്ച് മാത്രമേ തുറക്കാനാവൂ. തല്ക്കാലം ആളുകള്‍ക്ക് അകത്ത് കയറാന്‍ ആ വഴി ധാരാളം മതിയാകും.
അടുത്ത അര മണിക്കൂറിനകം, അകത്ത് കയറി പരിശോധന നടത്തി സൂപ്പര്‍വൈസറും സംഘവും തിരിച്ചെത്തി. ഒരു പക്ഷേ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവാം, സൂപ്പര്‍വൈസര്‍ ഒരു മണ്ടനാണോ എന്ന്. അങ്ങിനെയല്ല എന്നു മാത്രമല്ല, അദ്ധേഹം നമ്മുടെയൊക്കെ പ്രതിബിംബവുമാണ് എന്നതാണ് വാസ്തവം. നമ്മളും, ജീവിതത്തിലെ പല സാഹചര്യങ്ങളിലും, ഇതുപോലെ ചെറുതും വലുതുമായ പ്രശ്നങ്ങളുടെ മുന്നില്‍ പതറി നിന്നിട്ടുണ്ടാവാം. നമ്മുടെ കയ്യിലുള്ള കാര്യങ്ങളും, ശക്തിയും മുഴുവനുമുപയോഗിച്ചിട്ടും പരിഹരിക്കാന്‍ പറ്റാതെ വന്നിട്ടുമുണ്ടാവാം.
എന്തുകൊണ്ടാണ് അങ്ങിനെ സംഭവിക്കുന്നത് എന്നറിയാന്‍, മറ്റൊരു സാഹചര്യം കൂടി, നമുക്ക് നോക്കാം.
പ്രശ്നം 2
ഒരു ഗ്രാമത്തിലെ ഇടവഴിയുടെ വശത്തായി, ഒരു പാറ കിടപ്പുണ്ടായിരുന്നു. പിന്നീട് ഗ്രാമം വലുതായി വന്നപ്പോള്‍, ഇടവഴിക്കിരുപുറവും വീടുകള്‍ വന്നു തുടങ്ങി, ചെറിയ ഇടവഴിയാകട്ടെ പൊതുവഴിയായി മാറുകയും ചെയ്തു. പക്ഷേ പാതയുടെ നടുവിലെ പാറയാകട്ടെ, സുഗമമായ യാത്രക്ക് തടസ്സമായിത്തീര്‍ന്നു. എങ്ങിനെയും പാറ മാറ്റാതെ, ഗ്രാമ പാത വികസിപ്പിക്കാനാവാത്ത സ്ഥിതിയിലായി കാര്യങ്ങള്‍. ചുരുക്കത്തില്‍ അത്ഗ്രാമത്തിന്റെ ഒരു പൊതു പ്രശ്നം ആയി മാറി.
പാറ അവിടെ നിന്നും മാറ്റാന്‍ പല വഴികളും നിര്ദ്ധേശിക്കപ്പെട്ടതില്, ക്രെയിന്‍ കൊണ്ടുവന്ന് പാറ എടുത്തു മാറ്റുന്നതും, ഡൈനാമിറ്റ് ഉപയോഗിച്ച് തകര്‍ക്കുന്നതും വീടുകളുടെ സാമിപ്യം കാരണം ഉപേക്ഷിക്കേണ്ടി വന്നു.
കുറെയധികം കല്ലാശാരിമാരെ കൊണ്ടുവന്ന് പാറ പൊളിച്ചെടുക്കാനുള്ള ശ്രമവും പാറയുടെ കടുപ്പം കാരണം നടന്നില്ല. അങ്ങിനെ പ്രശ്നം പരിഹരിക്കപ്പെടാതെ, റോഡ് നിര്‍മ്മാണം തടസ്സപ്പെട്ട് നില്‍ക്കുമ്പോഴാണ് അയല്‍ ഗ്രാമത്തില്‍ നിന്നും ഒരാള്‍ തന്റെ സുഹൃത്തിനെ കാണാനായി അവിടെയെത്തിയത്. ഗ്രാമത്തിലെ കീറാമുട്ടിയായ പ്രശ്നത്തിന്, വളരെ ലളിതമായി അദ്ദേഹം പരിഹാരമുണ്ടാക്കി. അദ്ദേഹം ചെയ്തത്, പാറയുടെ അടുത്ത് തന്നെ, പാതയില്‍ ഒരു വലിയ കുഴിയുണ്ടാക്കി, അതിലേക്ക് ആളുകള്‍ ചേര്‍ന്ന് പാറയെ തള്ളിയിട്ട് മണ്ണിട്ട് മൂടുകയായിരുന്നു. ചിലവും അദ്ധ്യാനവും വളരെ കുറവ്. മാത്രമല്ല, കുഴിയില്‍ നിന്നെടുത്ത മണ്ണ് പാത വികസിപ്പിക്കാനായി ഉപയോഗിക്കുകയും ചെയ്തു.
പരിഹാരങ്ങള്‍
പ്രശ്നമുണ്ടെങ്കില്‍ പരിഹാരവുമുണ്ട്. പക്ഷേ അതെപ്പോഴും നമ്മള് ചിന്തിക്കുന്ന, ആഗ്രഹിക്കുന്ന, അറിയാവുന്ന രീതിയില്‍ തന്നെ ആവണമെന്നില്ല. നമ്മുടെ കയ്യില്‍ ഒന്നോ രണ്ടോ പഴയ താക്കോലുകളുണ്ട്. അത് മാത്രം ഉപയോഗിച്ച് , മുന്നിലുള്ള പൂട്ട് തുറക്കണമെന്ന് വാശി പിടിക്കുന്നതില്പ്പരം അബദ്ധം വേറെയുണ്ടോ ? എന്നാല്‍ നമ്മളില്‍ ഭൂരിപക്ഷവും, ജീവിതത്തില്‍ അങ്ങിനെയാണ് ചെയ്യുന്നത് എന്നതാണ് വാസ്തവം.
ഏതൊരു പ്രശ്നത്തിനും, ഒന്നിലധികം പരിഹാരങ്ങളുണ്ടാവും. അത് മനസ്സിലാക്കുക എന്നതാണ്, പ്രശ്ന പരിഹാരത്തിന്റെ പ്രാഥമിക ഘടകം. ഇത് മനസ്സിലാക്കിയാല്‍ തന്നെ നമ്മള് പകുതി പ്രശ്നം പരിഹരിച്ചു എന്നു കരുതാം. രണ്ടാമതായി ഒരു പ്രശ്നമുണ്ടാവുമ്പോള്‍, നമ്മള് ലക്ഷ്യത്തില്‍ നിന്നും പ്രശ്നത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്, പരിഹാരമാര്‍ഗ്ഗങ്ങള്‍ അടയുന്നതിന്റെ പ്രധാന കാരണം.
ഉദാഹരണമായി, സൂപ്പര്‍വൈസറുടെ കാര്യമെടുത്താല്‍, പൂട്ട് തുറക്കാതായതോടെ, അകത്ത് കയറി പരിശോധന നടത്തുക എന്നതില്‍ നിന്നും എങ്ങിനെയെങ്കിലും പൂട്ടു തുറക്കുക എന്ന ലക്ഷ്യത്തിലായി ശ്രദ്ധ മുഴുവന്‍. ആലോചിച്ച് നോക്കിയാല്‍, ഇത് പോലെ യഥാര്‍ത്ഥ ലക്ഷ്യം മറന്ന് പ്രശ്നങ്ങളുടെ പുറകെ പോയ ധാരാളം സാഹചര്യങ്ങള്‍ നമ്മുടെ ജീവിതത്തിലും കാണാന്‍ കഴിയും.
വ്യത്യസ്തമായി ചിന്തിക്കുക, വ്യത്യസ്ത ആംഗിളുകളില്‍ നിന്നും പ്രശ്നത്തെ നിരീക്ഷിക്കുക, പരിഹാരമായേക്കാവുന്ന കുറെയധികം സാധ്യതകള്‍ പരീക്ഷിക്കുക എന്നതൊക്കെയാണ്, പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള പ്രധാനവഴികള്.
വ്യത്യസ്ത സാധ്യതകളെപ്പറ്റി ചിന്തിക്കുമ്പോള്‍, മനസ്സില്‍ വരുന്ന എല്ലാ കാര്യങ്ങളും പരിഗണിക്കുക, അവ എത്ര തന്നെ മണ്ടന്‍ / ഭ്രാന്തന് ആശയമായാല്പ്പോലും തള്ളിക്കളയരുത്. പലപ്പോഴും, ഒറ്റനോട്ടത്തില്‍ ഒരിക്കലും നടപ്പാകില്ല എന്നുറപ്പുള്ള കാര്യങ്ങളില്‍ നിന്നായിരിക്കും, എളുപ്പത്തില്‍ നടപ്പാക്കാനാവുന്ന കാര്യങ്ങളുടെ വഴി തെളിയുന്നത്. അതു കൊണ്ട് ഒരു സാധ്യതയേയും വിശകലനം ചെയ്യാതെ ഉപേക്ഷിക്കാതിരിക്കുക. കഴിയുമെങ്കില്‍ ഒരു പേപ്പറില്‍ എഴുതി വച്ച്, നടപ്പാകാത്തവ ഓരോന്നായി വെട്ടിക്കളയാം.
ഇക്കാര്യങ്ങള്‍ നിസ്സാരമായി ആര്‍ക്കും ചെയ്യാവുന്നയാണ്. എന്നിരുന്നാലും, മറ്റുള്ളവരുടെ അഭിപ്രായം തേടുന്നതും മിക്കപ്പോഴും ഗുണകരമാവും. കാരണം, നമ്മുടെ മനസ്സില്‍ തോന്നാത്ത കാര്യങ്ങളാവും, പലപ്പോഴും മറ്റുള്ളവരില്‍ നിന്നും കിട്ടുന്നത്.
പ്രശ്നങ്ങള്‍ ഓരോരുത്തര്‍ക്കം വ്യത്യസ്തമായിരിക്കുമെങ്കിലും, അവയില്‍ നിന്നൊരു ഒളിച്ചോട്ടം സാധ്യമല്ലാത്തതിനാല്‍, നമുക്കവയെ ബുദ്ധിപൂര്‍വ്വം നേരിടാം, യുക്തിപരമായി പരിഹരിക്കാം. പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കഴിവ് എല്ലാവര്‍ക്കുമുണ്ട്. പക്ഷേ മിക്കവരും തങ്ങളുടെ ഈ കഴിവ് കാണാതെ പോകുന്നു എന്ന് മാത്രം.