
Management Skills Development Trainer, Dubai
(ശത്രു സംഹാരമല്ല, മറിച്ച് ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ നിന്നും സമ്പന്നതയുടെ കൊടുമുടിയിലേക്ക് നയിക്കുന്ന ഒന്ന്…..)
ജോലിയാണെങ്കിലും ബിസിനസ്സാണെങ്കിലും നമ്മള് അറിഞ്ഞിരിക്കേണ്ട പ്രധാന പാഠങ്ങളിലൊന്നാണ് വിഷയം.
ഇന്ത്യയെപ്പോലെ തന്നെ, ബിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ഒരു രാജ്യത്തിന്റെ ഇന്നത്തെ സ്ഥിതി കണ്ടാല്‍ അത്ഭുതം കൊണ്ട് വാ പൊളിച്ച് നിന്നു പോകും. അതെങ്ങിനെ അവര്‍ക്ക് സാധിച്ചു എന്നതാണ് നാം അറിയേണ്ടതായ കാര്യം.
ഇന്ത്യ സ്വതന്ത്രയായി പിന്നെയും 16 വര്‍ഷം കഴിഞ്ഞ് 1963 ല്‍ ആണ് ഈ രാജ്യത്തിനും സ്വാതന്ത്ര്യം കിട്ടുന്നത്. ഇന്ത്യയെ അപേക്ഷിച്ച് വളരെ ചെറിയ ഭൂപ്രദേശത്തെ, രാജ്യം എന്നൊക്കെ വിളിക്കുന്നത് അഹങ്കാരമല്ലേ എന്ന് ഇന്ത്യക്കാരായ നമ്മുക്ക് തോന്നാം. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന്റെ അത്രയോ കേരളത്തിലെ ഒരു ജില്ലയുടെ വലിപ്പമോ ഇല്ല ഈ രാജ്യത്തിന്. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കിന് ഈ രാജ്യത്തിന്റെ ഇരട്ടി വലിപ്പമുണ്ട് എന്ന് ചിന്തിച്ചാല്‍ ഏകദേശ ധാരണ കിട്ടും.
50 കി. മീ നീളവും 27 കി.മീ മാത്രം വീതിയുമുള്ള ഒരു രാജ്യം. ഭൂമദ്ധ്യരേഖയോടടുത്താണ് സ്ഥാനം. യാതൊരു വിധ പ്രകൃതി വിഭവങ്ങളുമില്ല. അടിസ്ഥാന സൗകര്യങ്ങളോ ശുചിത്വമോ ഇല്ലെന്നത് പോകട്ടെ കുടിവെള്ളം പോലും എല്ലാവര്‍ക്കുമില്ല.
ജനസംഖ്യയില്‍ 70 ശതമാനവും താമസിക്കുന്നത് ചേരികളില്‍.
തൊഴിലില്ലായ്മയാണെങ്കില്‍ രൂക്ഷം. ജനങ്ങള്‍ക്ക് വിദ്യാഭ്യാസവുമില്ല, തൊഴിലെടുത്ത് ശീലവുമില്ല. ചെറുകിട കച്ചവടങ്ങളും ടൂറിസം പോലെ സേവന മേഖലയുമാണ് ആളുകള്‍ നിത്യവൃത്തിക്കായി തിരഞ്ഞെടുക്കുന്നത്. രാജ്യത്തിന് സാമ്പത്തികാടിത്തറ തീരെയില്ല. ഇതായിരുന്നു സിംഗപ്പൂരിന്റ, സ്വാതന്ത്ര്യം കിട്ടുന്ന 1963 കാലത്തെ അവസ്ഥ. സ്വാതന്ത്ര്യം കൊടുത്ത് ബ്രിട്ടീഷുകാര്‍ പോയതോടെ പ്രക്ഷോഭം നയിച്ച നേതാക്കന്മാര്ക്ക് ‘എട്ടിന്റെ ‘ പണിയാണ് കിട്ടിയതെന്ന് ബോധ്യമായി.
ജീവിച്ചു പോവണമെങ്കില്‍ ഒരു വഴിയേ ഉള്ളൂ. സാമ്പത്തിക സ്ഥിതിയുള്ള ഏതെങ്കിലും രാജ്യത്തിന്റെ ഭാഗമായി ചേര്‍ന്നാല്‍ മാത്രമേ രക്ഷയുള്ളു എന്നു വന്നതോടെ സിംഗപ്പുര്‍ മലേഷ്യയുടെ ഭാഗമായി ചേര്‍ന്നു. പക്ഷെ, രണ്ടു വര്‍ഷം ആവുമ്പോഴേക്കും സാമ്പത്തികമായും രാഷ്ട്രീയപരമായും മലേഷ്യക്ക് സിംഗപ്പൂര്‍ ബാധ്യതയായി മാറി. അങ്ങിനെ മലേഷ്യ പാര്‍ലമെന്റില്‍ പ്രമേയം പാസാക്കി, സിംഗപ്പൂരിനെ കഴുത്തിന് പിടിച്ച് പുറത്താക്കി. പാവം സിംഗപ്പൂര്‍ വീണ്ടും പെരുവഴിയിലായി എന്നു പറഞ്ഞാല്‍ മതിയല്ലോ!
പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടിയുടെ നേതാവായ ലീ ക്വാന്‍ യൂ ആയിരുന്നു ആദ്യ പ്രധാനമന്ത്രി. ഏറെ പ്രതീക്ഷകളും സ്വപ്നങ്ങളും ഉണ്ടായിരുന്ന ലീ, അടുത്ത അമ്പത് വര്‍ഷത്തില്‍ സിംഗപ്പൂരിനെ ലോകത്തിലെ ഒന്നാം നമ്പര്‍ രാജ്യമാക്കി, ഏറ്റവും മികച്ച രാജ്യമാക്കി വളര്‍ത്തുമെന്ന് പ്രഖ്യാപനം നടത്തി.
പ്രഖ്യാപനം കേട്ട മറുനാട്ടുകാര്‍ മാത്രമല്ല, സിംഗപ്പൂരുകാരില് പലരും ചിരിച്ച് ചിരിച്ച് ആശുപത്രിയിലായി എന്നാണ് പിന്നാമ്പുറ വര്‍ത്തമാനം.
പക്ഷേ, ലീ വെറുതെ പറഞ്ഞതായിരുന്നില്ല. അദ്ധേഹത്തിന് കൃത്യമായ പദ്ധതി ഉണ്ടായിരുന്നു. അമേരിക്കയും റഷ്യയും ജപ്പാനുമൊക്കെ വ്യവസായവല്‍ക്കരണത്തിലൂടെ സാമ്പത്തിക ശക്തിയായത് പോലെ സിംഗപ്പൂരിനെയും മാറ്റണമെന്ന് അദ്ധേഹം ആഗ്രഹിച്ചു. പക്ഷെ പണമില്ല. ഉള്ള കുറച്ച് പണം ഏത് മേഖലയില്‍ നിക്ഷേപിക്കണം എന്ന് അദ്ധേഹത്തിന് വ്യക്തതയുണ്ടായിരുന്നു.
കയ്യിലുള്ള ധനം ജനങ്ങളില്‍ നിക്ഷേപിക്കാന്‍ ലീ തീരുമാനിച്ചു. വിദേശത്ത് നിന്നുള്ള തൊഴില്‍ വൈദഗ്ദ്യം നല്കുന്ന ലോകോത്തര സ്ഥാപനങ്ങളെ ക്ഷണിച്ചു വരുത്തി, ജനങ്ങള്‍ക്ക് സൗജന്യമായി വിവിധ തൊഴില്‍ മേഖലകളില്‍ വിദഗ്ദ പരിശീലനം നല്‍കുകയായിരുന്നു ആദ്യഘട്ടം. അതിന് ശേഷമാണ് വിവിധ വിദേശ കമ്പനികളെ രാജ്യത്ത് നിക്ഷേപം നടത്താന്‍ ക്ഷണിച്ചത്.
വ്യവസായിക മേഖലയിലെ സര്‍വ്വ രംഗത്തും പരിശീലനം കിട്ടിയ വിദഗ്ദരായ തൊഴിലാളികളായിരുന്നു, ആഗോള ഭീമന്മാരെ സിംഗപ്പൂരില്‍ വ്യവസായം തുടങ്ങാന്‍ ആകര്‍ഷിച്ച പ്രധാന ഘടകം. അങ്ങിനെ Texas Instruments, Hewlett Packard, General Electric എന്നീ അമേരിക്കന്‍ സ്ഥാപനങ്ങള്‍ അഞ്ചു വര്‍ഷത്തിനകം സിംഗപ്പൂരില്‍ ഫാക്ടറികള്‍ തുടങ്ങി. ഈ സ്ഥാപനങ്ങളുടെ കോര്‍പ്പറേറ്റ് റെസ്പോണ്‍സിബിലിറ്റിയുടെ ഭാഗമായി വിദഗ്ദ പരിശീലനങ്ങള്‍ തുടര്‍പ്രക്രിയയായി.
തുടര്‍ന്ന് ജപ്പാനും മറ്റു രാജ്യങ്ങളും സിംഗപ്പൂരില്‍ മുതല്‍ മുടക്കാന്‍ തയ്യാറായി. മികച്ച വ്യവസായ അന്തരീക്ഷവും കുറഞ്ഞ നികുതിയും അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനവും കൂടിച്ചേര്‍ന്നപ്പോള്‍, സിംഗപ്പുര്‍ നിക്ഷേപകരുടെ സ്വപ്ന ഭൂമിയായി മാറി.
അപ്പോഴും പ്രധാനമന്ത്രി പരിശീലനത്തില്‍ ബദ്ധശ്രദ്ധാലുവായിരുന്നു. ‘പരിശീലിപ്പിക്കുക, പരിശീലിപ്പിക്കുക, വീണ്ടും വീണ്ടും പരിശീലിപ്പിക്കുക ‘ എന്നതായിരുന്നു അദ്ധേഹത്തിന്റെ വിജയ മന്ത്രം.
ഇന്നത്തെ സിംഗപ്പൂര്‍, ഏഷ്യയിലെ ഏറ്റവും മികച്ച സാമ്പത്തിക ശക്തിയാണ്. പ്രതിശീര്‍ഷ വരുമാനത്തില്‍ ലോകത്തില്‍ മൂന്നാം സ്ഥാനം. വിദ്യാഭ്യാസ രംഗത്തെ മികവില്‍ ഫിന്‍ലന്‍ഡിന് തൊട്ടു താഴെ രണ്ടാം സ്ഥാനത്താണ്. ഹ്യൂമന്‍ ഡവലപ്മെന്റ് ഇന്‍ഡക്സില്‍ നോര്‍ഡിക് രാജ്യങ്ങള്‍ക്കും ജര്‍മ്മനിക്കും ഓസ്ട്രേലിയക്കും ഒപ്പത്തിനൊപ്പം അഞ്ചാം സ്ഥാനം. തൊഴിലില്ലായ്മ ഇല്ലെന്നു തന്നെ പറയാം ( സാങ്കേതികമായി 1%). വീടില്ലാത്തവര്‍ ആരും തന്നെയില്ല. പറഞ്ഞാല്‍ തീരാത്തത്രയും കാര്യങ്ങളില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന രാജ്യമാണിന്ന് സിംഗപ്പൂര്‍. ഇതിനെല്ലാം കാരണം പ്രധാനമന്ത്രി ലീയുടെ ദീര്‍ഘവീക്ഷണവും ഭരണ പാടവുമാണ് എന്ന് പറയുമ്പോള്‍ തന്നെ അദ്ധേഹത്തിന്റെ വിജയമന്ത്രത്തിന്റെ (‘ പരിശിപ്പിക്കുക, പരിശീലിപ്പിക്കുക, വീണ്ടും വീണ്ടും പരിശീലിപ്പിക്കുക ‘) വിജയവുമാണ്. ഇന്നും ഏറ്റവുമധികം പരിശീലന കേന്ദ്രങ്ങള്‍ ഉള്ളത് സിംഗപ്പൂരില്‍ തന്നെയാണ്.
നമ്മള് മനസ്സിരുത്തി പഠിക്കേണ്ടതും ഈ വിജയമന്ത്രമാണ്.
അറിവു മാത്രം നല്കുന്ന വിദ്യാഭ്യാസം നേടി ഏതെങ്കിലും തൊഴിലില്‍ ചേര്‍ന്നാല്‍ അതില്‍ വൈദഗ്ദ്യം ലഭിക്കുന്നു. പക്ഷെ കാലക്രമേണ നമ്മെ പിടികൂടുന്ന ഒന്നാണ് അലംഭാവം. സര്‍ക്കാര്‍ മേഖലയില്‍ മാത്രമല്ല സ്വകാര്യ മേഖലയിലും അലംഭാവമുള്ള ജീവനക്കാര്‍ നിരവധിയാണ്. ഇത്രയൊക്കെ മതി, എന്നോ എന്നെക്കൊണ്ട് ഇത്രയേ പറ്റൂ എന്ന മനോഭാവം, വ്യക്തിയെയും സമൂഹത്തേയും ഒരു പോലെ പിന്നോട്ടടിക്കുന്നവയാണ്.
ആര്‍ജ്ജിച്ച അറിവും കഴിവും മെച്ചപ്പെടുത്തുക, പുതിയ കാര്യങ്ങളില്‍ വൈദഗ്ദ്യം നേടുക, തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരമാവധി അറിവ് നേടുകയും തുടര്‍ പഠനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുക എന്നത്, തൊഴിലില്‍ ഉയര്‍ച്ചക്ക് മാത്രമല്ല നില നില്ക്കാന് തന്നെ അത്യാവശ്യമായി വരുന്ന കാലമാണിത്.
പത്തു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള ആളും 15 വര്‍ഷം പ്രവൃത്തി പരിചയമുള്ള ആളും ഒരേ ജോലി ചെയ്ത് ഒരേ റിസല്‍ട്ട് ആണ് നല്കുന്നതെങ്കില് സ്ഥാപനം മാറി ചിന്തിക്കുന്നതില്‍ അതിശയിക്കാനില്ലല്ലോ ? ഇവിടെയാണ് തുടര്‍ പരിശീലനം വ്യക്തിപരമായ നേട്ടങ്ങള്ക്കുതകുന്നത്. മെച്ചപ്പെട്ട പ്രകടനവും പ്രവര്‍ത്തന മികവും തൊഴില്‍ പരമായും സാമ്പത്തികമായും വ്യക്തിപരമായും ഗുണഫലമുണ്ടാക്കും എന്നതില്‍ സംശയമില്ലല്ലോ ?
വര്‍ഷത്തില്‍ ഒരിക്കല്‍ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട പരിശീലനത്തില്‍, സെമിനാറുകളില്‍ പങ്കെടുക്കുന്നത്, ബന്ധപ്പെട്ട പുസ്തകങ്ങള്‍ വായിക്കുന്നത്, പുതിയ കോഴ്സുകള്‍ ചെയ്യുന്നത് ഒക്കെ നമ്മെ പ്രാപ്തരാക്കുന്ന ഒന്നാണ്. നമ്മുടെ അറിവും കഴിവും പ്രാപ്തിയുമാണ് നമ്മുക്ക് തൊഴില്‍ നേടിത്തന്നതും നില നിര്‍ത്തുന്നതും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ ? അത് പോലെ തന്നെ, ബിസിനസ്സ് ചെയ്യുന്നവരും ഒരു ടീമിനെ അല്ലെങ്കില്‍ വിഭാഗത്തെ നയിക്കുന്ന മാനേജര്‍മാരും ഓര്‍ക്കുക, നിങ്ങള്‍ ആഗ്രഹിക്കുന്ന റിസല്‍ട്ട് നല്കാന് പ്രാപ്തമായ വിധത്തില്‍ പരിശീലനം കിട്ടിയ ഒരു ടീമാണോ നിങ്ങള്‍ക്കുള്ളതെന്ന്. ബിസിനസ്സും റിസല്‍ട്ടും പ്രതീക്ഷക്കൊത്തുയരുന്നില്ലെങ്കില്, സദാ പിരിമുറുക്കത്തിലാണ് നിങ്ങളെങ്കില്‍ ഓര്‍ക്കുക, LKY എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന, Lee Kaun Yew എന്ന രാജ്യത്തലവനെ.
ദാരിദ്യത്തിന്റെ ചെളിക്കുണ്ടിനെ, സ്വര്‍ഗ്ഗ ഭൂമിയാക്കി മാറ്റിയ വിജയ മന്ത്രത്തെ ഓര്‍ക്കുക.
യാതൊരു പരിശീലനവും കിട്ടാത്ത ഒരു ഫുട്ബാള്‍ ടീമുമായി നിങ്ങള്‍ കളിക്കാനിറങ്ങിയാല് എന്തു സംഭവിക്കുമോ, അത് തന്നെയാണ് ശരിയായ പരിശീലനമില്ലാത്ത ജീവനക്കാരെ വച്ച് സ്ഥാപനം നടത്തുമ്പോഴും സംഭവിക്കുന്നത്. ഓരോ മേഖലക്കും അനുയോജ്യമായ തരത്തില്‍, വെല്ലുവിളികള്‍ നേരിടാന്‍ പ്രാപ്തരാകുന്ന തരത്തില്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കേണ്ടത് നിങ്ങളുടെ ചുമതലയാണ്. അതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും മികച്ച ടീമിനെ സൃഷ്ടിക്കുകയും ചെയ്താല്‍ മാത്രമേ മികച്ച റിസല്‍ട്ടും വരുമാനവും ലഭിക്കുകയുള്ളു.
ജീവിതം തന്നെ തുടര്‍ പഠനമാണ്. തൊഴില്‍ മേഖലയെ അതില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് മികവ് കുറയാനും പ്രതിസന്ധികള്‍ക്കും കാരണമാവും എന്നത് നിസ്തര്‍ക്കമാണ്. ജോലിയില്‍ കയറിക്കഴിഞ്ഞാല്‍ പിന്നെ ഒരു കാര്യവും പഠിക്കില്ല, എന്ന് ശപഥമെടുത്തിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഈ പോസ്റ്റിന്റെ പരിധിയില്‍ വരുന്നില്ല എന്നുകൂടി വ്യക്തമാക്കുന്നു. മെച്ചപ്പെടുത്തലിനും മികവ് നേടാനുമായി അടുത്ത വര്‍ഷത്തെ ന്യൂ ഇയര്‍ റസല്യൂഷനായി കാത്തിരിക്കേണ്ടതില്ല. ഉയര്‍ന്ന വരുമാനവും സ്ഥാനവും ജീവനക്കാര്‍ക്കിടയിലും സമൂഹത്തിലും പ്രാധാന്യവും ലഭിക്കണമെന്നാഗ്രഹിക്കുന്നവര്‍ ഇന്നു മുതല്‍ ചിന്തിച്ചും പ്രവര്‍ത്തിച്ചും തുടങ്ങാം. പരിശീലിക്കാം, പരിശീലിക്കാം, വീണ്ടും വീണ്ടും പരിശീലിക്കാം.
മികവുറ്റ, അലംഭാവമില്ലാത്ത, ഇച്ഛാശക്തിയും ലക്ഷ്യബോധവുമുള്ള സമൂഹമാവാം നമുക്കും.