വെറും മുപ്പത് സെക്കന്റുള്ള ഒരു നൃത്ത വീഡിയോയുടെ വൈറല്‍ ചര്‍ച്ചകളാണ് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും നിറയെ. തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ നവീനും ജാനകിയുമാണ് റാ റാ റാസ്പ്യൂട്ടിന് എന്ന മനോഹര ഗാനത്തിനൊപ്പം നൃത്തം ചവിട്ടി വൈറലായിരിക്കുന്നത്. ഡാന്‍സ് ചര്‍ച്ചയായതിന് പുറകെ 1978 ലെ സംഗീതവും ചര്‍ച്ചയാവുകയാണ്.
‘ റാ റാ റാസ്പ്യൂട്ടിന് ലവര് ഓഫ് ദ റഷ്യന്‍ ക്വീന്‍ ‘ എന്ന് തുടങ്ങുന്ന ഗാനം ബോണി എം ആണ് സൂപ്പര്‍ ഹിറ്റ് ആക്കുന്നത്. അന്തരിച്ച ബോബി ഫാരലും മറ്റ് മൂന്ന് ഗായകരും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. റഷ്യയിലെ അവസാനത്തെ സര് ചക്രവര്‍ത്തിയുടെ അന്തപുരത്തില്‍ വിലസിയ സ്വയം പ്രഖ്യാപിത ആള് ദൈവമായ റാസ്പ്യൂട്ടിന്റെ ദുരന്ത ജീവിതത്തിനടിസ്ഥാനമായാണ് ഈ ഗാനം രചിക്കപ്പെട്ടുള്ളത്.
താള ചുവടില്‍ നൃത്തം വെക്കാനും, രസകരമായി ആസ്വദിക്കാനും കഴിയുന്ന, ഈ സംഗീതത്തിലെ കേന്ദ്രീകൃത വ്യക്തിയായ റാസ്പ്യൂട്ടിന്റെ ജീവിതം അമാനുഷികവും അത്ഭുതപ്പെടുത്തുന്നതുമാണെന്ന് പറയപ്പെടുന്നു.

1869 ജനുവരി 10 ന് സൈബീരിയയിലെ ട്യൂമന്‍ ഗാമത്തിലാണ് റാസ്പ്യൂട്ടിന്റെ ജനനം. ‘ ഭ്രാന്തന് സന്യാസി ‘ എന്നറിയപ്പെട്ടിരുന്ന റാസ്പ്യൂട്ടിന്റെ പൂര്‍ണ്ണ നാമം ഗ്രിഗറി യെഫിമോവിച്ച് റാസ്പ്യൂട്ട് എന്നാണ്. സ്കൂളില്‍ പഠിച്ചെങ്കിലും വായിക്കാനും എഴുതാനുമുള്ള ബുദ്ധിമുട്ട് കാരണം അദ്ധേഹം നിരക്ഷരനായി തുടര്‍ന്നു. കൗമാരത്തിലെ ദുഷിച്ച ശീലങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടായപ്പോള്‍ നല്ലനടപ്പിനായി സന്ന്യാസി മഠത്തിലാക്കി. മാസങ്ങള്‍ക്ക് ശേഷം ഒരു ദിവ്യനായിട്ടാണ് അവിടുന്ന് തിരിച്ച് വന്നത്. ദൈവിക വെളിപാടുകള്‍ കിട്ടുന്നുവെന്ന് അവകാശപ്പെട്ട് പ്രബോധനവും രോഗ ചികിത്സയും തുടങ്ങി. അത്ഭുത പ്രവൃത്തിയോട് സമമായ ഈ പ്രവര്‍ത്തികള്‍ റാസ്പ്യൂട്ടിനെ പ്രമുഖനാക്കി.
1905 ല്‍ റഷ്യയുടെ അവസാനത്തെ ഭരണാധികാരി ചക്രവര്‍ത്തി നിക്കോളസ് രണ്ടാമന്റെ മകന്, കിരീടാവകാശിയായ അലക്സിക്ക് ഗുരുതര ഹീമോഫീലിയ രോഗം പിടിപ്പെട്ടു. ഹീമോഫീലിയ ബാധിച്ച രാജകുമാരന് മരുന്നുകള്‍ ഒന്നും ഫലിക്കാതെ വരികയും, കൊട്ടാരം വൈദ്യന്മാരടക്കം കയ്യൊഴിയുകയും ചെയ്തപ്പോഴാണ്, രക്തം വാര്‍ന്നു വിവശനായ അലക്സിയെ ചികിത്സിക്കാനായി റാസ്പ്യൂട്ടിന് അവിടെയെത്തുന്നത്. രാജകുമാരന് താല്കാലിക രോഗമുക്തി നല്കാന് റാസ്പ്യൂട്ടിന് കഴിഞ്ഞു. ഇതോടെ രാജ്ഞിയായ അലക്സാണ്ട്രക്ക് റാസ്പ്യൂട്ടിനോട് പ്രത്യേക മതിപ്പ് തോന്നി തുടങ്ങി. രാജ്ഞി എല്ലാ കാര്യത്തിലും റാസ്പ്യൂട്ടിന്റെ ഉപദേശം തേടി.
വൈകാതെ അയാള്‍ റഷ്യയിലെ നിശാ പാര്‍ട്ടികളില്‍ സജീവമായി, പ്രഭുഭവനങ്ങളിലെ സ്ത്രീകള്‍ റാസ്പ്യൂട്ടിന്റെ ചുറ്റും കൂടി. റാസ്പ്യൂട്ടിന് ബലാലൈക എന്ന തന്ത്രിവാദ്യം മീട്ടി പാടി നൃത്തംചെയ്തു. ഇത്തരം പരിപാടികളില്‍ യോഗി പങ്കെടുക്കുന്നതിനെ യാഥാസ്ഥിതികര്‍ എതിര്‍ത്തു. ഇതിനിടെ റാസ്പ്യൂട്ടിന് രാജ്ഞിയുടെ കാമുകനാണ് എന്ന കിംവദന്തിയും പരന്നു. അയാളെ കൊട്ടാരത്തില്‍ നിന്ന് പുറത്താക്കാന്‍ അവര്‍ ചക്രവര്‍ത്തിയോട് ആവശ്യപ്പെട്ടു. രാജ്ഞി സമ്മതിച്ചില്ല. മകന്റെ അസുഖം പൂര്‍ണമായി മാറും വരെ അയാള്‍ കൊട്ടാരത്തില്‍ വേണമെന്ന് രാജ്ഞി നിര്‍ബന്ധം പിടിച്ചു. അത്ഭുത സിദ്ധികള്‍ കാട്ടിയും, പ്രാര്‍ഥനയിലൂടെ രോഗ ശുശ്രൂഷ നടത്തിയും, നാട് ചുറ്റുകയായിരുന്നു റാസ്പ്യൂട്ടിന് അവദൂതനെ പോലെ പതിയെപ്പതിയെ വളരെ പ്രചാരത്തിലായി.
സര് ചക്രവര്‍ത്തിയുടെ ഭാര്യ മുതല്‍ തെരുവു വേശ്യകള്‍ വരെ നീളുന്നതായിരുന്നു റാസ്പ്യൂട്ടിന്റെ ബന്ധങ്ങള്‍. റാസ്പ്യൂട്ടിന് എന്ന അരാജക വാദിയുടെ കൊട്ടാരത്തിലെ സ്വാധീനം റഷ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ കണ്ണിലെ കരടായി മാറാന്‍ അധികസമയം വേണ്ടിവന്നില്ല. ഒന്നാംലോക മഹായുദ്ധത്തില്‍ ജര്‍മ്മനിക്കെതിരെ പോരാടാന്‍ നിക്കോളാസ് രണ്ടാമന് പുറപ്പെട്ടസമയം അലക്സാണ്ട്രയും റാസ്പ്യൂട്ടും തമ്മിലുള്ള അടുപ്പം അന്ത:പുരവും കടന്ന് മോസ്കോയിലും സെന്റ് പീറ്റേഴ്സ് ബര്‍ഗിലുമെല്ലാം സംസാരവിഷയമായി. സ്ത്രീകളെയെല്ലാം അനുരക്തനാക്കാന് കഴിവുള്ള റാസ്പ്യൂട്ട്, ചക്രവര്‍ത്തിയുടെ അസാനിധ്യത്തിൽ റഷ്യയുടെ ഭരണപരമായ കാര്യങ്ങളില്‍ നേരിട്ട് ഇടപെട്ടു തുടങ്ങി.
സര് ചക്രവര്‍ത്തിയുടെ ബന്ധുമിത്രാദികളായ പോവ് ലൊവിച്ച് റുമനോവ്, രാജ കുടുംബാംഗം ഫെലിക്സ് യൂഡുപോവ്, ഡ്യൂമ അംഗം വ്ളാഡിമിര്‍ പുരിഷ്വിച്ച് എന്നിവര്‍ റാസ്പ്യൂട്ടിനെ കൊല്ലാന്‍ ഗൂഢാലോചന നടത്തി. ചികിത്സ നടത്താന്‍ എന്ന മട്ടില്‍ റാസ്പ്യൂട്ടിനെ വിളിച്ച് വരുത്തി, കടുത്ത മദ്യപാനിയായ ഇദ്ദേഹത്തെ ഒരു വീഞ്ഞ് സല്‍ക്കാരത്തിന് ക്ഷണിച്ചു. മാരകമായ സയനൈഡ് കലര്‍ത്തിയ കേക്കും വീഞ്ഞുമാണ് കഴിക്കാന്‍ നല്‍കിയത്. കിട്ടിയതെല്ലാം റാസ്പ്യൂട്ടിന് മൂക്കുമുട്ടെ തട്ടി. അത്ഭുതം ! റാസ്പ്യൂട്ടിന് മരിച്ചില്ല.

ക്രുദ്ധനായ ഫെലിക്സ് രാജകുമാരന് റാസ്പ്യൂട്ടിനു നേരെ മൂന്നു തവണ നിറയൊഴിച്ചു. വീണുകിടന്ന റാസ്പ്യൂട്ടിനെ തറയിലിട്ട് തല്ലി, എന്നിട്ടും ചാവാഞ്ഞപ്പോൾ ഒരു ചാക്കില്‍ പൊതിഞ്ഞ് നേവ നദിയിലെ ഐസ് കട്ടകള്‍ക്കിടയിലിട്ടു. 1916 ഡിസംബര്‍ 16 ന് റാസ്പ്യൂട്ടിന് കൊല്ലപ്പെട്ടു. അമിത മദ്യപാനം മൂലമുണ്ടായ അക്ലോര്‍ഹൈഡ്രിയയാണ് (ആമാശയത്തിലെ ആസിഡ് നിര്‍മാണം കുറയുക) സയനൈഡില് നിന്ന് റാസ്പ്യൂട്ടിനെ രക്ഷിച്ചിരിക്കുക എന്ന് അഭ്യൂഹങ്ങളുണ്ട്.
ഏതായാലും തണുത്തുറഞ്ഞ നേവാനദിയില്‍ നിന്ന് കണ്ടെടുത്ത മൃതദേഹത്തില്‍ നാലു വെടിയുണ്ടകളുണ്ടായിരുന്നു. വധിക്കപ്പെടുന്നതിന് കുറച്ച് നാളുകള്‍ക്കുമുമ്പ് റാസ്പ്യൂട്ടിന് രാജ്ഞിയോട് ഒരു പ്രവചനം നടത്തി. താന്‍ ഒരു വര്‍ഷത്തിനുള്ളില്‍ കൊല്ലപ്പെടുമെന്നും അതില്‍ രാജകുടുംബത്തിന് പങ്കുണ്ടെങ്കില്‍ അവര്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ഈ ഭൂമിയില്‍നിന്ന് തുടച്ചു നീക്കപ്പെടുമെന്നും. സന്ദര്‍ഭവശാല്‍ പ്രവചനം സത്യമായി. 1917 ലെ ബോൾഷെവിക് വിപ്ലവം നടന്ന് ഒരു വര്‍ഷത്തിനകം ചക്രവര്‍ത്തിയുടെ കുടുംബം കൊല്ലപ്പെട്ടു. ഒക്ടോബര്‍ വിപ്ലവത്തിലൂടെ സര് രാജാക്കന്മാര് സ്ഥാന ഭ്രഷ്ടരായി.
ബ്രിട്ടീഷ് കുറ്റാന്വേഷകനായ റിച്ചാര്‍ഡ് കുള്ളനാണ് റഷ്യന്‍ സ്റ്റേറ്റ് ആര്‍ക്കൈവ്സില്‍ നിന്ന് റാസ്പ്യൂട്ടിന്റെ മരണം സംബന്ധിച്ച രേഖകള്‍ തപ്പിയെടുത്തത്. എന്നിട്ടും ലോകം കണ്ടതില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച മരണങ്ങളിലൊന്ന് ഇന്നും ദുരൂഹമായിത്തന്നെ തുടരുന്നു.
വർഷങ്ങൾ പിന്നിട്ട് റഷ്യയുടെ ഭ്രാന്തനായ സന്യാസിയുടെ ജീവിതം ലോകമൊട്ടാകെയുള്ള സംഗീത പ്രേമികൾ റാ റാ റാസ്പ്യൂട്ടിലൂടെ ഏറ്റ് പാടുന്നതാണ് പിന്നീട് കണ്ടത്.
റാസ്പ്യൂട്ടിനെക്കുറിച്ചുള്ള സമകാലീനരുടെ അഭിപ്രായങ്ങൾ വൈവിദ്ധ്യം നിറഞ്ഞതാണ്. ചിലർ റാസ്പ്യൂട്ടിനെ യോഗിയും, ദർശകനും, രോഗശാന്തിവരമുള്ളവനും പ്രവാചകനുമായി കണ്ടപ്പോൾ മറ്റൊരു പക്ഷം ദുർവൃത്തനായൊരു കപട ധാർമ്മികനായി അയാളെ ചിത്രീകരിച്ചു. നിരവധി നിഗൂഢതകളുള്ള ഒരു മനുഷ്യനായത് കൊണ്ട് ഇദ്ദേഹത്തെ കുറിച്ചുള്ള വിവരണങ്ങൾ വിശ്വസനീയത കുറഞ്ഞതായത് കൊണ്ട് തന്നെ യഥാർത്ഥചിത്രം കണ്ടെത്തുക ബുദ്ധിമുട്ടാണ്