
Management Skills Development Trainer, Dubai
” ഇഷ്ട്ട്ടപ്പെട്ട് ജോലി ചെയ്താല്‍ വളരും, കഷ്ട്പ്പെട്ട് ജോലി ചെയ്താല്‍ തളരും.”
ജോലിയില്‍ മടുപ്പും വിരസതയും തോന്നുന്നുണ്ടോ ? എങ്കില്‍ ജോലി തിരഞ്ഞെടുത്തതില്‍ പിഴവ് പറ്റിയിട്ടുണ്ടാവാം. കരിയറില്‍ നമുക്ക് ഉണ്ടാവുന്ന പിഴവുകള്‍ എല്ലാം പരിഹരിക്കാവുന്നവയും നിര്‍ബന്ധമായും പരിഹരിക്കേണ്ടവയുമാണ്. പിഴവുകള്‍ പറ്റാത്തവരാരുമില്ല. പക്ഷെ അവ തിരിച്ചറിഞ്ഞ്, പരിഹരിച്ച് മുന്നോട്ട് പോകുന്നവരാണ് ജീവിതത്തിന്റെ സമസ്ത മേഖലയിലും വിജയിക്കുന്നത്.
സന്തോഷവും സമാധാനവും നിറഞ്ഞൊരു ജീവിതമാണ് ഏവരും ആഗ്രഹിക്കുന്നത്. തൊഴില്‍ നല്കുന്ന സംതൃപ്തിക്കും സന്തോഷത്തിനും നമ്മുടെ ജീവിതത്തില്‍ വളരെ വലിയ സ്വാധീനമുണ്ട് എന്നത് അധികമാരും മനസ്സിലാക്കാത്ത വസ്തുതയാണ്.
കരിയര്‍ എന്നത് ഒരര്‍ത്ഥത്തില്‍ ജീവിതം തന്നെയാണ്. ശരാശരി 8 മണിക്കൂര്‍ ജോലി ചെയ്യുന്ന ഒരാള്‍ ഉച്ചഭക്ഷണ സമയമടക്കം 9 മണിക്കൂര്‍ ഓഫീസിലും രാവിലെയും വൈകീട്ടുമായി ഓരോ മണിക്കൂര്‍ യാത്രക്കും ചിലവിട്ടാല്‍ 11 മണിക്കൂര്‍ കരിയറിന് വേണ്ടി മാറ്റി വയ്ക്കുകയാണ്. പ്രഭാത കൃത്യങ്ങള്‍ക്കും മറ്റുമായി (രണ്ടു നേരം ) ഒരു മണിക്കൂര്‍ കൂടി പോയാല്‍ ഉണര്‍ന്നിരിക്കുന്ന സമയത്തില്‍ നാല് മണിക്കൂര്‍ മാത്രമേ കരിയറിന് പുറത്തുള്ള യഥാര്‍ത്ഥ ജീവിതത്തിനായി ബാക്കി ഉണ്ടാവുകയുള്ളൂ.
ആ നാലു മണിക്കൂര്‍ സമയത്ത് കരിയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കടന്നു വന്നാല്‍ ജീവിതം ദുസ്സഹമായിത്തീരാം. ഓഫീസ് പ്രശ്നങ്ങള്‍ വീട്ടിലേക്ക് കൊണ്ടുവരരുതെന്ന് പറയാമെങ്കിലും, പലരുടെയും കുടുംബ ബന്ധങ്ങളെ മാത്രമല്ല, ഉറക്കത്തിനെ പോലും ഓഫീസ് കാര്യങ്ങള്‍ ബാധിക്കാറുണ്ട്. കുടുംബ ബന്ധങ്ങളിലെ പാളിച്ചകളുടെ കാരണം തിരഞ്ഞെത്തുന്നത് മിക്കപ്പോഴും കരിയര്‍ പ്രശ്നങ്ങളിലേക്കാണ്. പക്ഷേ അത് തിരിച്ചറിയാന്‍ കൗണ്‍സിലറുടെ സഹായം വേണ്ടിവരുന്നു എന്നു മാത്രം.
അത് കൊണ്ട് കരിയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കഴിയാവുന്നിടത്തോളം പരിഹരിച്ച് മുന്നോട്ട് പോവുന്നതാണ്, സന്തോഷകരമായ വ്യക്തി, കുടുംബ, സാമൂഹ്യ ജീവിതത്തിന് അഭികാമ്യം. പക്ഷേ, സ്വന്തം കരിയറിലെ പിഴവുകള്‍ എന്താണെന്ന് മിക്കവര്‍ക്കും അറിയില്ല എന്നതാണ് ദു:ഖകരമായ വസ്തുത. അതില്‍ തന്നെ, നമ്മള് മലയാളികള്‍ക്ക് സാധാരണമായി സംഭവിക്കുന്ന ഒരു പ്രധാന പിഴവാണ് ഇവിടെ പരാമര്‍ശിക്കുന്നത്.
ഒരാള്‍ ജോലിയില്‍ പ്രവേശിക്കുന്നതിന്റെ പിന്നിലെ പ്രധാന പ്രചോദനം, ശമ്പളം ലഭിക്കുന്ന, സാമൂഹിക അംഗീകാരമുള്ള ഒരു ജോലി വേണം എന്നത് മാത്രമാണ്.
പരസ്യങ്ങള്‍, കരിയര്‍ ഗൈഡന്‍സ്, കരിയര്‍ കൗണ്‍സലിംഗ്, തുടങ്ങി ബസുമിത്രാദികള് വരെ നമ്മെ ഓരോ തൊഴിലിലേക്കും നയിക്കുന്ന ഘടകങ്ങളാണ്. കരിയര്‍ ഗൈഡന്‍സുകാര്‍ മാര്‍ക്കറ്റില്‍ ഉള്ള തൊഴില്‍ സാധ്യതകളെയാണ് പരിചയപ്പെടുത്തുന്നത്. അവ നമുക്ക് യോജിച്ചതാണോ എന്ന് പരിശോധിക്കേണ്ടതായ ഉത്തരവാദിത്തം നമ്മുടേതാണ്.
മികച്ച തൊഴില്‍ സാധ്യതകള്‍, ആകര്‍ഷകമായ ശമ്പളം, വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരം, വ്യത്യസ്ത ജനവിഭാഗങ്ങളുമായി ബന്ധപ്പെടാനുള്ള സാഹചര്യം തുടങ്ങിയ പ്രലോഭനങ്ങള്‍ പലതുമാവാം, നമ്മെ ഒരു പ്രത്യേക തൊഴില്‍ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്.
ചിലരാവട്ടെ, ലക്ഷ്യത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ ആദ്യം നിറുത്തുന്ന ബസ്സില്‍ കയറി യാത്ര ചെയ്യുന്ന ആളെപ്പോലെയാവും കരിയര്‍ തിരഞ്ഞെടുക്കുന്നത്. വിവിധ സ്ഥലങ്ങളിലേക്ക് പോകുന്ന പല ബസ്സുകള്‍ക്കും കൈ കാണിക്കുകയും, നിറുത്തുന്ന ബസ്സില്‍ കയറി ആ ബസ്സ് പോകുന്ന ദിശയിലേക്ക് സഞ്ചരിക്കുകയും ചെയ്യുക എന്നത് കേള്‍ക്കുമ്പോള്‍ അസംഭാവ്യമായി തോന്നാം.
എന്നാല്‍, ഒന്നു ചിന്തിച്ച് നോക്കിയാല്‍ മനസ്സിലാവും, പലതരത്തിലുള്ള ജോലികള്‍ക്കും ശ്രമിക്കുകയും ഒടുവില്‍, കിട്ടിയ ജോലിക്ക് കയറുകയും ചെയ്തവരായിരിക്കും നമ്മളും എന്ന വസ്തുത.
അതുപോലെ തന്നെ, ആദ്യം ലഭിച്ച ജോലി ഏതാണോ ആ മേഖലയില്‍ തന്നെ ജീവിതകാലം മുഴുവന്‍ തുടര്‍ന്നു പോവുക എന്നതും മിക്കവരുടെയും രീതിയാണ്.
പലപ്പോഴും നമ്മളെക്കാള്‍ കഴിവ് കുറഞ്ഞ പലരും നമ്മുടേതിലും ഉയര്‍ന്ന സ്ഥാനത്തിരിക്കുന്നതും, സ്ഥാനമാനങ്ങള്‍ നേടുന്നതും കാണേണ്ടി വരാറുണ്ട്. ഈ സാഹചര്യത്തില്‍, അസംതൃപ്തിയും, വളരാന്‍ കഴിയാത്തതിലുള്ള നൈരാശ്യവും മറ്റുള്ളവരോടുള്ള അസൂയയും ഒക്കെ നമുക്ക് ഉണ്ടാവുന്നത് തികച്ചും സ്വാഭാവികമാണ്. അത്തരം ആളുകളെ ശ്രദ്ധിച്ചു നോക്കിയാല്‍ അവരില്‍ മിക്കവരും സ്വന്തം ജോലി ആസ്വദിച്ച് ചെയ്യുന്നവരും തങ്ങളുടെ മേഖലയില്‍ ( മാത്രം) മികവ് കാട്ടുന്നവരും ആണെന്ന് കാണാന്‍ കഴിയും.
കഷ്ടപ്പെട്ട് ജോലി ചെയ്താല്‍ തളരും, എന്നാല്‍ ഇഷ്ടപ്പെട്ട് ജോലി ചെയ്താല്‍ വളരും എന്നൊക്കെ പറയാന്‍ എളുപ്പമാണ്. പക്ഷെ ജോലി ഇഷടപ്പെടാന്‍ കഴിയണ്ടേ ? മഹാന്മാര് പറയാറുണ്ട്, നിങ്ങള്‍ നിങ്ങളുടെ ജോലിയെ സ്നേഹിക്കുക, സ്ഥാപനത്തെ സ്നേഹിക്കരുത് എന്നൊക്കെ. കുറച്ച് പേര്‍ക്ക് ഇപ്പറഞ്ഞ രീതിയില്‍ ചിന്തിക്കാമെങ്കിലും, മടുപ്പ് നിറഞ്ഞ സ്വന്തം ജോലിയെ സ്നേഹിക്കാന്‍ മിക്കവര്‍ക്കും കഴിയാറില്ല.
അതിന് കാരണങ്ങള്‍ പലതാവാം. വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുന്ന ആളുകളുടെ പ്രശ്നങ്ങളും വിഭിന്നമാവാം.
എന്നിരുന്നാലും, അടിസ്ഥാനപരമായ പ്രശ്നം, പരിഹരിക്കപ്പെടുകയാണെങ്കില്‍ ബാക്കിയുള്ളവ താരതമ്യേന എളുപ്പത്തില്‍ പരിഹരിക്കപ്പെടും.
ഓരോ തൊഴിലിനും, വ്യത്യസ്ത അറിവുകളും കഴിവുകളും, അഭിരുചിയും, നൈപുണ്യവുമാണ് വേണ്ടതെന്ന് എല്ലാവര്‍ക്കുമറിയാം. എങ്കില്‍ പോലും, ഒരു തൊഴില്‍ മേഖലയില്‍ പ്രവേശിക്കുമ്പോഴോ, തൊഴില്‍ ചെയ്യുമ്പോഴോ പ്രസ്തുത തൊഴില്‍ നമ്മുടെ അഭിരുചിക്കും, താല്‍പ്പര്യത്തിനും യോജിച്ചതാണോ എന്ന് നാം മിക്കപ്പോഴും ശ്രദ്ധിക്കാറില്ല.
നമ്മള് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന, നമുക്ക് താല്പര്യമുള്ള, നമ്മളില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന തൊഴില്‍ മേഖലയില്‍ ആണ് നമ്മളെങ്കില്‍, തൊഴില്‍ ജീവിതം സന്തോഷവും സംതൃപ്തിയും നിറഞ്ഞതായിരിക്കും. ഏത് സമയത്ത് പറഞ്ഞാലും യാതൊരു മടുപ്പുമില്ലാതെ, നിങ്ങള്‍ ചെയ്യാനിഷ്ടപ്പെടുന്ന കാര്യവുമായി ബന്ധപ്പെട്ടതാണ് തൊഴില്‍ മേഖല എങ്കില്‍, കരിയറില്‍ നിങ്ങള്‍ ഉന്നതിയില്‍ എത്തിച്ചേരും എന്നത് തീര്‍ച്ചയാണ്. ഒപ്പം തൃപ്തികരമായ കുടുംബ സാമൂഹ്യ ബന്ധങ്ങളും കരഗതമാകും.
ആളുകളുമായി ഇടപഴകാനും, സംസാരിക്കാനും, യാത്ര ചെയ്യാനും താല്‍പ്പര്യമുള്ള ഒരാള്‍, ഒരു ക്യൂബിക്കിളില്‍ ഇരുന്ന് 9 മണിക്കൂര്‍ ജോലി ചെയ്യുന്നത് പലപ്പോഴും കാണാറുണ്ട്. സെയില്‍സ് വിഭാഗത്തില്‍ നന്നായി ശോഭിക്കാന്‍ കഴിയുന്ന പലരും, ആളുകളുമായി ബന്ധമില്ലാതെ, അടച്ചിട്ട മുറികളില്‍ കിട്ടിയ ജോലി മടുപ്പോടെ ചെയ്യുന്നത് സ്ഥിരം കാഴ്ചയാണ്.
മറിച്ചും സംഭവിക്കാം, യാത്ര ഇഷ്ടപ്പെടാത്തവര്‍, സംഭാഷണ പ്രിയരല്ലാത്തവര്‍, ആളുകളുടെ മന:ശാസ്ത്രം അറിയാത്തവര്‍ ഒക്കെ മാര്‍ക്കറ്റിംഗ് ഫീല്ഡിലുമുണ്ടാവാം. അതിന്റെയൊക്കെ ഫലം അവരുടെ പെര്ഫോര്മന്സിലുമുണ്ടാവും. സ്വന്തം ശക്തിക്ക് പകരം ദൗര്‍ബല്യം ഉള്ള മേഖല തൊഴിലിനായി തിരഞ്ഞെടുത്തവരെ, ഏതൊരു സ്ഥാപനത്തിലും കാണാന്‍ കഴിയും, ഒപ്പം അവരനുഭവിക്കുന്ന തൊഴില്‍ സമ്മര്‍ദ്ധവും.
നല്ല സംഭാഷണ ചാതുര്യമുള്ള നേതൃപാടവശേഷിയുള്ള, നന്നായി പ്രസംഗിക്കാന്‍ കഴിവുള്ള പലരും ഓഫീസിന്റെ കോണിലിരുന്ന് കണക്കു പുസ്തകങ്ങളുമായി മല്ലിടുമ്പോള്‍, മാസാവസാനം കിട്ടുന്ന ശമ്പളത്തിനപ്പുറം മറ്റൊരു സന്തോഷവും അയാള്ക്കുണ്ടാവാനിടയില്ല. ഓഫീസിലിരുന്ന് ജോലി ചെയ്യുമ്പോഴും എങ്ങിനെയെങ്കിലും വൈകുന്നേരമാവാന്‍ ആഗ്രഹിക്കുന്ന, ജോലി സമയത്ത് ജോലി കഴിഞ്ഞതിനു ശേഷമുള്ള കാര്യങ്ങളെപ്പറ്റി ചിന്തിച്ചു കൊണ്ടിരിക്കുന്ന, ഒരാള്‍ക്ക് എങ്ങിനെ തൊഴില്‍ സംതൃപ്തിയുണ്ടാവും?
രാവിലെ എണീറ്റ് പ്രഭാത കൃത്യങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍, ഇന്നും ജോലിക്ക് പോകണമല്ലോ എന്നോ, എപ്പോഴാണ് വീക്കെന്റ് ആവുന്നതെന്നോ നിങ്ങള്‍ ചിന്തിക്കുന്നുവെങ്കില്‍ തൊഴില്‍ സംതൃപ്തി കുറവാണ് എന്ന് മനസ്സിലാക്കാം.
ഓരോ ജോലിയിലും വിജയിക്കാന്‍ അനുയോജ്യമായ കഴിവുകളും, അഭിരുചികളും വേണമെന്ന് സൂചിപ്പിച്ചല്ലോ. ഫാക്ടറിയിലേക്ക് മെയിന്റനന്‍സ് എഞ്ചിനീയര്‍മാരെ (ഫാക്ടറിയിലെ യന്ത്രങ്ങളും ഉപകരണങ്ങളും യഥാവിധി പരിപാലിക്കുകയും ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്ത് ഫാക്ടറി എന്നും പ്രവര്‍ത്തന സജ്ജമായി നിറുത്തേണ്ട ചുമതല ) തിരഞ്ഞെടുക്കുന്ന പാനലില്‍ ഉണ്ടായിരുന്നപ്പോള്‍, പങ്കെടുത്ത 9 പേരോടും ഒരു കാര്യം മാത്രമാണ് എനിക്ക് ചോദിക്കാനുണ്ടായിരുന്നത്.
അവരവരുടെ വീടുകളില്‍ ഉള്ള യന്ത്രങ്ങള്‍, അതായത്, വാട്ടര്‍ പമ്പ്, സൈക്കിള്‍/മോട്ടോര്‍ സൈക്കിള്‍, കാര്‍, തയ്യല്‍ മെഷീന്, ഇസ്തിരിപ്പെട്ടി തുടങ്ങിയവ അവര്‍ എന്നെങ്കിലും റിപ്പയര്‍ ചെയ്തിട്ടുണ്ടോ എന്നത് മാത്രമായിരുന്നു ചോദ്യം.
ഒരാള്‍ മാത്രമാണ്, വീട്ടുപകരണങ്ങള്‍ നന്നാക്കാറുണ്ടെന്നും വീട്ടില്‍ നല്ലൊരു ടൂള്‍ ബോക്സ് സെറ്റ് ഉണ്ടെന്നും പറഞ്ഞത്. റിപ്പയര്‍ സംബന്ധമായി ചോദിച്ച കാര്യങ്ങള്‍ക്ക് ആവേശത്തോടെ മറുപടി കിട്ടുകയും ചെയ്തു. യാതൊരു സാങ്കേതിക ചോദ്യങ്ങളും ഇല്ലാതെ തന്നെ അയാളെ നിയമിക്കുകയും ആ തീരുമാനം ശരിയായിരുന്നുവെന്ന് പ്രവൃത്തിയിലൂടെ അയാള്‍ തെളിയിക്കുകയും ചെയ്തു.
ഏതെങ്കിലും യന്ത്രങ്ങള്‍ തകരാറിലായാല്‍, എങ്ങിനെയെങ്കിലും അത് ശരിയാക്കുന്നത് വരെ അയാള്‍ക്ക് ഭക്ഷണമോ വെള്ളമോ പോലും വേണമെന്നില്ലായിരുന്നു. തൊഴില്‍ എന്നതിനപ്പുറം, ഏറെ പ്രിയപ്പെട്ട ഹോബിയായിട്ടാണ് അയാള്‍ ജോലിയെ കണ്ടിരുന്നത്. യന്ത്രങ്ങള്‍ തകരാറിലാവാന്‍ കാത്തിരിക്കുന്ന കുടുംബം എന്നായിരുന്നു, അദ്ധേഹത്തിന്റെ ടീമിനെ ഞങ്ങള്‍ പിന്നീട് കളിയാക്കി പറഞ്ഞിരുന്നത്. ആ ജോലി അയാള്‍ ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്തത് കൊണ്ട് ഏത് പാതിരാത്രിയിലുമുള്ള പ്രശ്നങ്ങള്‍ പോലും സന്തോഷത്തോടെ കൈകാര്യം ചെയ്തു പോന്നു.
അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ഒരാളുടെ വീട്ടില്‍ ചെന്നപ്പോള്‍, ധാരാളം ചിത്രങ്ങള്‍ കാണാനിടയായി. കമ്പ്യൂട്ടറിലും ധാരാളം ചിത്രങ്ങള്‍ വരച്ചിരുന്നു. ഓഫീസിലും ഒഴിവു സമയത്ത് Excel ഉപയോഗിച്ച് പോലും ചിത്രങ്ങള്‍ വരയ്ക്കുമായിരുന്നു എന്നു കൂടി സഹപ്രവര്ത്തകന് പറഞ്ഞറിഞ്ഞു. ജോലി കഴിഞ്ഞു വന്നാല്‍ ചിത്ര രചനയാണ് അദ്ധേഹത്തിന്റെ പ്രധാന ഹോബി.
അങ്ങിനെയാണ് അദ്ധേഹത്തെ ഗ്രാഫിക് ഡിസൈനിംഗ് പഠിക്കാന്‍ പ്രേരിപ്പിച്ചത്.
പഠിച്ചു കഴിഞ്ഞ്, മനസ്സില്ലാ മനസ്സോടെയാണ് കൂടിയ ശമ്പളമുള്ള അക്കൗണ്ടന്റ് ജോലി ഉപേക്ഷിച്ച്, ഗ്രാഫിക് ഡിസൈനര്‍ ജോലി തിരഞ്ഞെടുത്തതെങ്കിലും, അദ്ധേഹത്തിന്റെ കരിയര്‍ വളര്‍ച്ച പെട്ടന്നായിരുന്നു. വൈകുന്നേരം ജോലി കഴിഞ്ഞാലും സ്റ്റുഡിയോയില്‍ നിന്നും അദ്ധേഹത്തെ പുറത്തിറക്കാന്‍ വാച്ച്മാന് നന്നേ പണിപ്പെടണമായിരുന്നു. സന്തോഷത്തോടെയും ആവേശത്തോടെയും ജോലി ചെയ്ത്, വൈകാതെ തന്നെ സ്ഥാപനത്തിന്റെ നെടും തൂണായി മാറി. കുറച്ചു കൂടെ മെച്ചപ്പെട്ട ജോലിക്ക് വേറെ സ്ഥാപനത്തില്‍ ശ്രമിച്ചപ്പോള്‍, മുതലാളി പാര്‍ട്ടണര്‍ഷിപ്പ് നല്‍കിയാണ് അദ്ധേഹത്തെ കൂടെ നിര്‍ത്തിയത്.
തൊഴിലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മാറാതെ, നമ്മുടെ ജീവിതം സന്തോഷപ്രദമാവുകയില്ല. നമ്മുടെ ഇഷ്ട മേഖലയുമായി ബന്ധപ്പെട്ടാണ് തൊഴില്‍ ചെയ്യുന്നതെങ്കില്‍, തൊഴിലിനെ സ്നേഹിക്കാന്‍ ആരും നമ്മെ പഠിപ്പിക്കേണ്ടതില്ല. മറിച്ചാണെങ്കില്‍ മഹാന്മാരല്ല, ദൈവം തന്നെ പറഞ്ഞാലും നമ്മുക്കത് സാധിക്കുകയുമില്ല.
ഇഷ്ടപ്പെട്ട് ജോലി ചെയ്യണമെങ്കില്‍, ജോലി നമ്മുടെ ഇഷ്ടത്തിനും അഭിരുചിക്കുമിണങ്ങിയതാവണം എന്ന വസ്തുത നാം മനസ്സിലാക്കണം. പഠിപ്പിക്കാനുള്ള സ്കില്‍ ഒട്ടുമില്ലാത്ത, കുട്ടികളുമായി ഇടപഴകാന്‍ താല്പര്യമില്ലാത്ത, എന്തിനേറെ സ്വന്തം വീട്ടിലേക്കുള്ള വഴി പോലും വ്യക്തമായി മറ്റൊരാള്‍ക്ക് പറഞ്ഞു കൊടുക്കാനറിയാത്തവര് പോലും ഒരു ജോലിക്ക് വേണ്ടി മാത്രം അധ്യാപകരാവുന്നു. ഇത്തരം അധ്യാപകരും അവരുടെ കുട്ടികളും ഒരു പോലെ സമ്മര്ദ്ധത്തിലാവുന്നുത് മാത്രമാണ് പരിണിത ഫലം. സ്കൂളുകളിലും കോളേജുകളിലും അധ്യാപക ജോലി ലഭിക്കാന്‍, പഠിപ്പിക്കാന്‍ ഒട്ടും തന്നെ അറിയണമെന്നില്ല എന്നത് ദുരവസ്ഥ തന്നെയാണ്.
തൊഴില്‍ സാധ്യത മാത്രം മുന്നില്‍ക്കണ്ട് എന്‍ജിനീയറിംഗും നഴ്സിംഗും ഒക്കെ പഠിക്കുന്നതില്‍ തെറ്റൊന്നുമില്ല. കാരണം കുറച്ചു നാള് കൊണ്ട് കഷ്ടിച്ച് തൊഴില്‍ ചെയ്യാനുള്ള വൈദഗ്ദ്യം നേടിയെടുക്കാന്‍ കഴിയും. പക്ഷേ മികവ് പുലര്‍ത്തണമെങ്കില്‍ താല്‍പ്പര്യവും ഇഷ്ടവും കൂടി വേണം. അതുപോലെ തന്നെ പ്രധാനമായ മറ്റൊരു കാര്യമാണ് നമ്മുടെ ഉള്ളിലുള്ള പ്രത്യേക കഴിവുകള്‍. ഓരോ വ്യക്തിയിലും ഒന്നോ അതിലധികമോ കഴിവുകള്‍ നിശ്ചയമായും ഉണ്ടായിരിക്കും. എന്നാല്‍ പലര്‍ക്കും സ്വന്തം കഴിവുകള്‍ തിരിച്ചറിയാന്‍ കഴിയാത്തതും ഉപയോഗിക്കാത്തതും അവരുടെ ജീവിത വിജയത്തിന് തടസ്സമായി ഭവിക്കുന്നത് അവര്‍ അറിയാറില്ല.
ഉള്ളിലുള്ള യഥാര്‍ത്ഥ കഴിവുകള്‍ക്ക് പകരം, സാമ്പത്തിക ലാഭമോ, എളുപ്പം ജോലി കിട്ടാനുള്ള സാദ്ധ്യതയോ കണക്കിലെടുത്ത് നമ്മുടെ കഴിവുകളുമായി യാതൊരു തരത്തിലും പൊരുത്തപ്പെടാത്ത തൊഴിലുകള്‍ തിരഞ്ഞെടുത്തവര്‍ക്ക് തൊഴിലില്‍ നിലനില്ക്കാനും, വിജയിക്കാനും സമ്മര്‍ദ്ധം നേരിടേണ്ടി വരുന്നത് സ്വാഭാവികമാണല്ലോ.
ഗായകന് യേശുദാസ് ഒരു ഡാന്‍സര്‍ ആവാന്‍ ശ്രമിച്ചിരുന്നെങ്കില്‍, നിരന്തര പരിശ്രമത്തിലൂടെ ഡാന്‍സ് ചെയ്യാന്‍ കഴിഞ്ഞേക്കാം, പക്ഷേ ഒരിക്കലും ഏറ്റവും മികച്ച ഡാന്‍സര്‍ ആവണമെന്നില്ല. അദ്ധേഹത്തിന്റെ മറ്റൊരു കഴിവായ ചിത്ര രചനയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയാല്‍ അവിടെ പക്ഷേ മികച്ച വിജയം നേടാന്‍ സാധ്യതയുണ്ട്.
പി.ടി. ഉഷ പാട്ടുകാരിയാവാന്‍ ശ്രമിച്ചാലും ഇങ്ങിനെയൊക്കെ തന്നെയാവും സംഭവിക്കുക എന്നതില്‍ തര്‍ക്കമുണ്ടാവില്ല. സച്ചിന് തെന്‍ഡുല്‍ക്കര്‍ മ്യൂസിക്ക് പഠിക്കാന്‍ പോയിരുന്നെങ്കില്‍ ക്രിക്കറ്റ് ഇതിഹാസം തന്നെ ഉണ്ടാവുമായിരുന്നില്ല, ഒപ്പം നല്ലൊരു ഗായകനും ഉണ്ടാവില്ല തന്നെ.
അതുപോലെ നമ്മള് ഓരോരുത്തരുടെയും ഉള്ളിലും പ്രത്യേക കഴിവുകളും വാസനകളുമുണ്ട്. അവയെ കണ്ടെത്തുക, പരിപോഷിപ്പിക്കുക, ഉപയോഗിക്കുക. അത് സ്വന്തം കര്‍മ്മ മണ്ഡലത്തില്‍ ഉപയോഗപ്പെടുത്തുമ്പോള്‍, അവ നമുക്ക് ജീവിത വിജയം നേടിത്തരുന്നു.
ചിലരുടെ പ്രത്യേക സ്വഭാവങ്ങള്‍ പോലും, ചില തൊഴിലുകളില്‍ വിജയിക്കാന്‍ ആളുകളെ സഹായിക്കുന്നതായി കാണാറുണ്ട്. ഉദാഹരണമായി മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും കണ്ടെത്തുന്ന സ്വഭാവക്കാര്‍ ഓഡിറ്റിംഗ്, ക്വാളിറ്റി കണ്ട്രോള്, പ്രൂഫ് റീഡിംഗ്, ഇന്സ്പെക്ഷന് തുടങ്ങിയ ജോലികളില്‍ നല്ല മികവ് പുലര്‍ത്താറുണ്ട്.
നമ്മുടെ പ്രത്യേക കഴിവ്, താല്പര്യം, അഭിരുചി, ഇഷ്ടം തുടങ്ങിയവയുമായി ബന്ധപ്പെട്ട കരിയറിലേക്ക് മാറുന്നത്, വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും വളരെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും എന്നത് തീര്‍ച്ചയാണ്.
എങ്ങിനെയെങ്കിലും, എന്തെങ്കിലും തൊഴില്‍ ചെയ്ത് പണമുണ്ടാക്കുക എന്നതിനപ്പുറം, ചെയ്യുന്ന ജോലി എന്തു തന്നെയായാലും ആ മേഖലയില്‍ അഗ്രഗണ്യരാവുക എന്നതാവണം നമ്മുടെ ലക്ഷ്യം. അങ്ങിനെയായാല്‍ സന്തോഷവും സംതൃപ്തിയും സമാധാനവും മാത്രമല്ല അംഗീകാരവും നമ്മെ തേടി വരും.
ചെയ്യുന്ന ജോലി മാറാതെ തന്നെ, നമ്മുടെ ഇഷ്ട മേഖല തൊഴിലുമായി ബന്ധിപ്പിക്കുകയും ചെയ്യാവുന്നതാണ്. നമ്മുടെ പ്രത്യേക കഴിവുകള്‍, ചെയ്യുന്ന തൊഴിലിലോ, സ്ഥാപനത്തിലോ എങ്ങിനെ ഉപയോഗപ്പെടുത്താം എന്നതും ചിന്തിക്കേണ്ടതാണ്. പല കാരണങ്ങള്‍ കൊണ്ടും ഇഷ്ടമേഖലയിലേക്ക് മാറാന്‍ കഴിയാത്തവര്‍, തങ്ങളുടെ കഴിവും അഭിരുചിയും ചെയ്യുന്ന തൊഴിലില്‍ സന്നിവേശിപ്പിക്കാന്‍ ശ്രമിക്കാവുന്നതാണ്.
സ്വന്തം കഴിവുകള്‍, താല്‍പ്പര്യങ്ങള്‍, ഇഷ്ടങ്ങള്‍, അഭിരുചികള്‍ ഒക്കെ തൊഴിലുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിച്ച് നോക്കുക. വിജയം നിങ്ങളെ തേടി വരുന്നത് കാണാന്‍ കഴിയും.
നിങ്ങളുടെ തൊഴിലും പ്രായവും എന്തുമാവട്ടെ, ജീവിതത്തിലും കരിയറിലും മാറ്റങ്ങള്‍ വരുത്താന്‍, ഇനിയും വൈകിയിട്ടില്ല എന്ന് തിരിച്ചറിയുക. മനോഹരമായ ഈ ഭൂമിയിലെ ജീവിതം, മടുപ്പും വിരക്തിയും പിരിമുറുക്കവും സമ്മര്‍ദ്ധവും കൊണ്ട് പാഴാക്കാനുള്ളതല്ല. മറിച്ച് ജീവിക്കാനുള്ളതാണ്, ആസ്വദിക്കാനുള്ളതാണ് എന്നോര്‍മ്മിക്കുക. കഴിഞ്ഞു പോയതൊന്നും ഒരിക്കലും തിരിച്ചെടുക്കാനാവില്ലെങ്കിലും, നാളെകള്‍ നമ്മുടേതാണ്. നമ്മള് ഇന്ന് ചെയ്യുന്ന കാര്യങ്ങള്‍ തന്നെയാണ്, നമ്മുടെ നാളെകള്‍ എങ്ങിനെയാവണമെന്ന് നിശ്ചയിക്കുന്നത്.
സ്വയം തിരിച്ചറിയുക, ചിന്തിക്കുക, തീരുമാനിക്കുക, തീരുമാനം നടപ്പിലാക്കുക. സന്തോഷവും, സമാധാനവും, സംതൃപ്തിയും, ഉയര്‍ച്ചയും, വളര്‍ച്ചയും ഉള്ള കരിയര്‍ ഏവര്‍ക്കും ആശംസിക്കുന്നു. ഒപ്പം സന്തോഷ പ്രദമായ ജീവിതവും.