
Management Skills Development Trainer, Dubai
എന്താ സംശയം ? നന്നായി പഠിച്ചാല്‍ നല്ല ജോലി കിട്ടും. നല്ല ജോലിയുണ്ടെങ്കിലേ നല്ല (സാമ്പത്തികമുള്ള) കുടുംബത്തില്‍ നിന്നും നല്ല ഒരു കല്യാണം കഴിക്കാന്‍ പറ്റൂ. പിന്നെ നല്ലൊരു വീട്, കാറ്, ബാങ്ക് ബാലന്‍സ് ഒക്കെ വേണം.
ഇതിനല്ലേ കുട്ടികള്‍ പഠിക്കുന്നത് ? ഇതിനായല്ലേ അവരെ മാതാപിതാക്കള്‍ കഷ്ടപ്പെട്ട് പഠിപ്പിക്കുന്നത് ?
അപ്പോള്‍, ചോദ്യം തന്നെ അപ്രസക്തമല്ലേ ? ആണോ ?
എങ്കില്‍ അതു തന്നെയാണ് നമ്മുടെ പരാജയവും. പണം സമ്പാദിക്കാന്‍ മാത്രമായി നമ്മള് അവരെ പഠിപ്പിക്കുമ്പോള്‍ അവര്‍ അത് മാത്രം പഠിക്കുന്നു, ആ ജീവിതം ശീലിക്കുന്നു. പണത്തിന്റെ കണ്ണിലൂടെ, ലാഭ നഷ്ടങ്ങളുടെ കള്ളികളിലൂടെ ജീവിതത്തെ കാണുന്നു.
മനുഷ്യനെ സ്നേഹിക്കാന്‍, കുടുംബ ബന്ധങ്ങളുടെ മൂല്യമറിയാന്‍, സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റാന്‍ നമ്മളവരെ പഠിപ്പിക്കുന്നുണ്ടോ ? ജീവിതത്തെ പണത്തിന്റെ കണക്കിലൂടെ മാത്രം വിലയിരുത്താന്‍ നമ്മള് പഠിപ്പിച്ച മക്കള്‍, പിന്നീട് മാതാ പിതാക്കളെ വൃദ്ധസദനത്തില്‍ തള്ളുമ്പോള്‍, സംസ്ക്കാര ചടങ്ങിനുള്ള പണത്തില്‍ പോലും വില പേശല്‍ നടത്തുന്നതില്‍ അത്ഭുതമുണ്ടാവേണ്ട കാര്യമുണ്ടോ ?
അവര്‍ എന്താവണമെന്ന് നമ്മള് ആഗ്രഹിച്ചുവോ, അവര്‍ അതായിത്തീര്‍ന്നു എന്നതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത് ? പറഞ്ഞു പഴകിയതാണ്. എങ്കിലും പ്രസക്തമായത് കൊണ്ട് വീണ്ടും പറയുന്നു.
ഒരു ദിവസം, ഹോസ്പിറ്റലില്‍ വച്ച് ഒരാള്‍, തന്റെ സുഹൃത്തിനെ കാണാനിടയായി. ആശുപത്രിയില്‍ കിടക്കുന്ന, പ്രായമായ സ്വന്തം അമ്മയെ ശുശ്രൂഷിക്കാന്‍ വന്നതാണ് സുഹൃത്ത്. കൂടെ അദ്ധേഹത്തിന്റെ നാലാം ക്ലാസ്സില്‍ പഠിക്കുന്ന മകനുമുണ്ടായിരുന്നു. സ്കൂള്‍ പ്രവൃത്തി ദിവസത്തില്‍ ക്ലാസ്സ് നഷ്ടപ്പെടുത്തി, കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുവന്നത് തീരെ ശരിയായില്ല എന്നയാള്‍ സുഹൃത്തിനോട് പറഞ്ഞു. പഠിക്കുന്ന കുട്ടികള്‍ പഠിക്കട്ടെ, ഇത്രയും ചെറിയ കുട്ടി ആശുപത്രിയില്‍ നിന്നിട്ട്, പ്രത്യേകിച്ചും കുട്ടിയുടെ അച്ഛനും അമ്മയും ലീവെടുത്ത് പരിചരിക്കാന്‍ നില്ക്കുമ്പോള്, യാതൊരു കാര്യമില്ലല്ലോ.
പക്ഷേ, അതിനുള്ള സുഹൃത്തിന്റെ മറുപടിയാണ് ശ്രദ്ധേയം.
‘തീര്‍ച്ചയായും എനിക്കവനെ സ്കൂളിലയക്കാമായിരുന്നു. പക്ഷേ, ഈ ആശുപത്രി കിടക്കയില്‍ കിടക്കുന്നത് എന്റെ അമ്മയാണ്, അതായത് മോന്റെ മുത്തശ്ശി. എന്റെ അമ്മയെ ഞാന്‍ പരിചരിക്കുന്നത് കണ്ടു കൊണ്ടാണ് അവന് വളരേണ്ടത്. ജോലിയില്‍ നിന്നും ലീവെടുത്താണ് ഞാന്‍ പരിചരിക്കുന്നതെന്നും, ഒരു ദിവസത്തെ വരുമാനത്തെക്കാളും ഒരു ദിവസത്തെ ക്ലാസ്സിനെക്കാളും വലുതാണ് ബന്ധങ്ങള്‍ എന്നവനറിയണം. എങ്ങിനെയാണ് മാതാപിതാക്കളെ ശുശ്രൂഷിക്കേണ്ടതെന്നും, അവരെ സംരക്ഷിക്കേണ്ടത് മക്കളുടെ കടമയും ഉത്തരവാദിത്തവുമാണെന്നും അവന് കണ്ടറിയണം.
വീട്ടിലെ കാര്യങ്ങള്‍ ഒന്നുമറിയിക്കാതെ, പണം ഉണ്ടാക്കുന്ന ഒരു യന്ത്രമായി അവനെ വളര്‍ത്തിയെടുത്തിട്ട്, വയസ്സുകാലത്ത് മക്കള്‍ സംരക്ഷിക്കുന്നില്ല, ശുശ്രൂഷിക്കുന്നില്ല എന്നൊക്കെ വിലപിച്ചിട്ടെന്തു കാര്യം ? അതു കൊണ്ട് എന്റെ കുട്ടി, കുടുംബത്തിന്റെ മൂല്യങ്ങളും ബന്ധങ്ങളുടെ ആഴങ്ങളും അറിഞ്ഞ് വേണം വളരാന്‍. അത് പറഞ്ഞ് കൊടുത്ത് മനസ്സിലാക്കാവുന്നതല്ല. അനുഭവിച്ചു മാത്രമറിയേണ്ടതാണ്.
വയസ്സായ മാതാപിതാക്കളെ നോക്കണം എന്ന് മക്കള്‍ക്ക് പ്രായപൂര്‍ത്തി ആയതിന് ശേഷം പറഞ്ഞിട്ടെന്തു കാര്യം ?. കുറച്ചെങ്കിലും മനുഷ്യത്വമുള്ളവരാണെങ്കില്‍ വെറുതെ ഒന്നു നോക്കുകയെങ്കിലും ചെയ്തേക്കാം. പണത്തിന്റെയും സമ്പാദ്യത്തിന്റെയും പാഠങ്ങള്‍ മാത്രം അറിയാവുന്നവരാണെങ്കില്‍ മാതാപിതാക്കളുടെ കയ്യില്‍ ഉള്ളതും തട്ടിയെടുത്തെന്നു വരും പറഞ്ഞയാള്‍ സ്വന്തം ജീവിതത്തെക്കുറിച്ചോര്‍ത്തു പോയി.
മക്കളുള്ളവര്‍ ഇനിയെങ്കിലും ഇക്കാര്യം ഓര്‍ത്താല്‍ നല്ലത്.
കുട്ടികള്ക്കാവശ്യമുള്ളത് അവരാവശ്യപ്പെടുന്നതിന് മുന്‍പ് വാങ്ങിക്കൊടുക്കുന്നത് അവരെ ദുഷിപ്പിക്കുന്ന ഒന്നാണെന്ന് എത്ര മാതാപിതാക്കള്‍ക്കറിയാം?
ഒരു കാര്യം ആഗ്രഹിക്കാനും ആഗ്രഹം മനസ്സിലിട്ട് താലോലിക്കാനും സ്വപ്നം കാണാനും, കാത്തിരുന്ന് അത് സഫലമാകുമ്പോള്‍ ഉള്ള സന്തോഷം അനുഭവിക്കാനും നമ്മുടെ കുട്ടികളെ അനുവദിക്കേണ്ടതല്ലേ ? അതുപോലെ കുട്ടികളെ വീട്ടിലെ പ്രശ്നങ്ങള്‍ ഒന്നുമറിയിക്കാതെ, പ്രത്യേകിച്ചും ഇല്ലായ്മയും വല്ലായ്മയും അറിയിക്കാതെ വളര്‍ത്തുന്നതും ഉചിതമാണോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
അതുപോലെ തന്നെ, കുടുംബത്തിനോടുള്ള ബാദ്ധ്യത പോലെ പ്രധാനമായ ഒന്നാണ് സമൂഹത്തോടുള്ള പ്രതിബദ്ധതയും എന്നു നാം നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടതല്ലേ ?
മനുഷ്യന് ഒരു സമൂഹ ജീവിയാണ്. സമൂഹത്തില്‍ ഇടപഴകിയും കൊടുത്തും എടുത്തും തന്നെയാണ് നാം ജീവിക്കേണ്ടതും. സമൂഹത്തില്‍ നിന്നും ധാരാളം കാര്യങ്ങള്‍ നമ്മുക്ക് കിട്ടുന്നുമുണ്ട്, നമ്മള് എടുക്കുന്നുമുണ്ട്. പക്ഷേ നാം ജീവിക്കുന്ന സമൂഹത്തിന് നാം എന്താണ് തിരിച്ചു കൊടുക്കുന്നത് ?
രാവിലെ പല്ലു തേയ്ക്കുന്ന ബ്രഷും പേസ്റ്റും മുതല്‍ ഉറങ്ങുന്നതിന് മുന്‍പ് ഓഫ് ചെയ്യുന്ന ഗാഡ്ജറ്റ് വരെയുള്ള പലതും നമ്മെപ്പോലെയുള്ള ചില മനുഷ്യരുടെ സംഭാവനയാണ്. നല്ലൊരു വ്യക്തിയാവാന്‍, തനിക്കും കുടുംബത്തിനും സമൂഹത്തിനു പ്രയോജനമുള്ള മനുഷ്യനാവാന്‍ ആണ് നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടത്. നമ്മുടെ കുഞ്ഞുങ്ങള്‍ ഭാവിയില്‍ ആരാകണമെന്ന് ചിന്തിക്കുമ്പോള്‍, ഇക്കാര്യം കൂടി മനസ്സില്‍ വയ്ക്കാം.
നമ്മുടെയിടയിലും സാമൂഹ്യ പ്രതിബദ്ധതയുള്ള ധാരാളം കുട്ടികളുണ്ട് എന്നത് ആശ്വാസകരമാണ്. സ്വന്തം മുത്തച്ഛന് ഹൃദയാഘാതമുണ്ടായപ്പോള്‍, സമൂഹത്തിലെ സകല രോഗികള്‍ക്കും ഹൃദയാഘാതം മുന്‍കൂട്ടി പ്രവചിക്കാനുള്ള ഉപകരണം, നിസാര ചിലവില്‍ കണ്ടു പിടിച്ച കൊച്ചു മിടുക്കന് പറയുന്നത് കേട്ടു നോക്കു.
സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവങ്ങളില്‍ പിറവിയെടുക്കുന്ന ആശയങ്ങളും ഉപകരണങ്ങളും പ്രവര്‍ത്തന മാതൃകകളും സമൂഹത്തിന്റെ നന്മക്കായി ഉപയോഗപ്പെടുത്താന്‍ ആരാണ് അവരോട് പറയുക ? ആരാണ് അവരെ സഹായിക്കുക?
മാതാപിതാക്കള്‍ കണ്ണു തുറക്കേണ്ടിയിരിക്കുന്നു. പ്രൊഫഷണല്‍ വിദ്യാഭ്യാസം കൊടുത്ത് മക്കളെ പ്രൊഫഷണല്‍ ആക്കുന്നതിനോടൊപ്പം അവരെ നല്ല മനുഷ്യര്‍ കൂടിയാക്കേണ്ടത് മാതാപിതാക്കളുടെ കടമയും ഉത്തരവാദിത്തവുമാണ്. ഇക്കാര്യം മാതാപിതാക്കള്‍ മറന്നാല്‍, നിങ്ങള്‍ക്ക് പ്രായമാവുമ്പോള്‍ മക്കള്‍ നിങ്ങളെയും മറക്കും. ഓര്‍ക്കുക, ഓര്‍ത്താല്‍ നല്ലത്.