
Management Skills Development Trainer, Dubai
എന്താണ് ഒരു സംരംഭകന്റെ യോഗ്യത ? ഒരു ആശയവും കുറച്ചു പണവും ഉണ്ടെങ്കില്‍ ആര്‍ക്കും ഒരു സംരംഭകനാവാം.
എന്നാല്‍ കാര്യമായ വിദ്യാഭ്യാസ യോഗ്യതയൊന്നുമില്ലാത്തവര്‍ ബിസിനസ്സ് സംരംഭങ്ങള്‍ നടത്തി വിജയക്കൊടി പാറിക്കുമ്പോള്‍, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകളുള്ള പലരും ബിസിനസ്സില്‍ അടിപതറുന്നത് സാധാരണമാണ്. എല്ലാ ഭൗതിക സാഹചര്യങ്ങളും ഉണ്ടായിട്ടും, പല സംരംഭകരും വിജയിക്കാതെ പോകുന്നതിന്റ കാരണമെന്താവാം?
ആദ്യം നാം മനസ്സിലാക്കേണ്ടത്, അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതകളും, വൈദഗ്ദ്യവും തൊഴില്‍ മേഖലയില്‍ ഗുണം ചെയ്യുമെങ്കിലും, സംരംഭകത്വത്തിന് അക്കാദമിക് യോഗ്യതകളും തൊഴില്‍ വൈദഗ്ദ്യവും മാത്രം മതിയാവുകയില്ല എന്ന വസ്തുതയാണ്. അതിനര്‍ത്ഥം, ഏതൊരു സംരംഭകനും ആവശ്യം ചില വ്യക്തി ഗുണങ്ങള്‍ അഥവാ സംരംഭകത്വ യോഗ്യതകള്‍, വിദ്യാഭ്യാസ യോഗ്യതകള്ക്കപ്പുറത്തായി ഉണ്ടായിരിക്കണം എന്നതാണ്. ഇവിടെ വിദ്യാഭ്യാസ യോഗ്യതകള്‍ക്ക് പ്രസക്തി താരതമ്യേന കുറവാണെന്ന് തന്നെ പറയാം. എന്നാല്‍ അക്കാദമിക് യോഗ്യതകള്‍ കൂടെ ഉണ്ടാവുമ്പോള്‍ വിജയ സാധ്യത വളരെയേറെ കൂടുകയും സംരംഭം വളരുകയും ചെയ്യും.
ഇത്തരത്തില്‍, ഒരു സംരംഭകനുണ്ടായിരിക്കേണ്ടതായ മിനിമം യോഗ്യതകള്‍ ഇല്ലാതെ പോവുന്നത് കൊണ്ടാണ്, വിദ്യാഭ്യാസ യോഗ്യതയും ആവശ്യത്തിന് സാമ്പത്തികവും, സാങ്കേതിക പരിജ്ഞാനവും, മാര്‍ക്കറ്റിനെക്കുറിച്ചുള്ള ധാരണയും ഉണ്ടെങ്കിൽ പോലും, പല സംരംഭകര്‍ക്കും വിജയം കൈവരിക്കാനാവാതെ പോവുന്നത്.
ഓരോ വ്യക്തികളും, അതുപോലെ അവരുടെ കഴിവുകളും വ്യത്യസ്തമായത് കൊണ്ട് തന്നെ, സംരംഭകത്വത്തിന് ഇറങ്ങി പുറപ്പെടുന്നവര്‍ തങ്ങള്‍ സംരംഭകരാവാന്‍ യോഗ്യത ഉള്ളവരാണോ എന്ന് സ്വയം വിലയിരുത്തുന്നതും മാറ്റേണ്ടതായ സ്വഭാവ സവിശേഷതകളും, ആര്‍ജ്ജിക്കേണ്ടതായ ഗുണങ്ങളും കണ്ടെത്തി പരിഹാരത്തിന് ശ്രമിക്കുന്നതും, ബിസിനസ്സ് ജീവിത വഴിയില്‍ മികച്ച നേട്ടങ്ങള്‍ കൈപ്പിടിയിലാക്കാന്‍ സഹായകരമാവും. മറിച്ചാണെങ്കില്‍ പരാജയപ്പെട്ട ചെറുകിട സംരംഭകരുടെ ഗണത്തിലായിരിക്കും ഇത്തരക്കാര്‍ ചെന്നു ചേരുക. തൊഴില്‍ മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് കൊണ്ടു മാത്രം, ഒരു നല്ല സംരംഭകനാവാനുള്ള യോഗ്യതയാവുന്നില്ല എന്നത് പലരും ശ്രദ്ധിക്കാത്ത വസ്തുതയാണ്.
ഇന്ന് നാം കാണുന്ന മിക്ക വന്‍കിട സ്ഥാപനങ്ങളും, ഒരു വ്യക്തിയോ അല്ലെങ്കില്‍ വിരലിലെണ്ണാവുന്ന സുഹൃത്തുക്കളോ ചേര്‍ന്ന് വളരെ ചെറിയ രീതിയില്‍ തുടങ്ങി, വളര്‍ന്നു വലുതായി ഇത്രയും വലിയ നിലയിലെത്തിയവയാണ് എന്ന് എല്ലാവര്‍ക്കുമറിയാം. അവയില്‍ പലതും ഒറ്റമുറി സ്ഥാപനത്തിലോ, വീടിന് പുറകുവശത്തെ ഷെഡിലോ തുടങ്ങിയവയാണെന്ന കഥകള്‍ ധാരാളമായി നാം കേട്ടിട്ടുമുണ്ട്.
എളിയ നിലയില്‍ നിന്നും, ഇത്തരം സ്ഥാപനങ്ങളെ ലോകമറിയുന്ന നിലയിലേക്ക് വളര്‍ത്തിയത്, സംരംഭകരുടെ കഴിവുകള്‍ ആണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ ? ഇത്തരത്തില്‍, തുടങ്ങാന്‍ പോവുന്ന ബിസിനസ്സിനെ കുറിച്ചുള്ള അറിവിനപ്പുറം, ഇതുപോലെ മികച്ച സംരംഭകനാവാന്‍ ആവശ്യം വേണ്ടതായ കഴിവുകള്‍, അഥവാ വ്യക്തി ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നമ്മുക്ക് പരിശോധിക്കാം.
എന്താണ് ബിസിനസ്സ് എന്ന അറിവ്
എന്താണ് ബിസിനസ്സ് അഥവാ ബിസിനസ്സ് സാധ്യതകള്‍ എന്ന ചോദ്യത്തിന്, മിക്കവാറും സംരംഭകര്‍ക്ക് സ്വന്തം ബിസിനസ്സിനെക്കുറിച്ചല്ലാതെ കൃത്യമായ ഉത്തരമുണ്ടാവാറില്ല. ലളിതമായി പറയുകയാണെങ്കില്‍, രണ്ടു കാര്യങ്ങളാണ് ലോകത്തെവിടെയും ബിസിനസ്സ് സാധ്യതകള്‍ തുറന്നിടുന്നത്.
ഒന്നാമതായി, സമൂഹത്തിന് അല്ലെങ്കില്‍ സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തിന്, നിലവില്‍ ഒരു പ്രശ്നമുണ്ടെങ്കില്‍, അതിനുള്ള പരിഹാരം കാണാന്‍ നമുക്ക് സാധിക്കുമെങ്കില്‍ അതിലാണ് ശരിയായ ബിസിനസ്സ് സാധ്യത നിലനില്‍ക്കുന്നത്. ഓരോ സമൂഹത്തിലും, പ്രദേശത്തും, സമയത്തും ഉണ്ടാവുന്ന പ്രശ്നങ്ങള്‍ വ്യത്യസ്തമായിരിക്കും. അവ കൃത്യമായി അപഗ്രഥിച്ച്, അവയ്ക്കുള്ള പരിഹാരം ഏറ്റവും കുറഞ്ഞ ചിലവില്‍, മികച്ച രീതിയില്‍ നല്കാന് കഴിയുന്നിടത്താണ് ഏതൊരു ബിസിനസ്സിന്റെയും വിജയം.
റേസര്‍ ബ്ലേഡും സോപ്പും മുതല്‍ നമ്മുടെ കയ്യിലിരിക്കുന്ന ഗാഡ്ജറ്റ് വരെ നമ്മുടെ ഓരോരുത്തരുടെയും വ്യത്യസ്ത പ്രശ്നങ്ങളുടെ പരിഹാരമാണെന്നോര്ക്കുക. അതുപോലെ തന്നെ കൊറിയര്‍, പാര്‍സല്‍ സര്‍വ്വീസ് തുടങ്ങി, കടകളും റസ്റ്റോറന്റും ഹോട്ടലും, ടാക്സിയും പോലെയുള്ള സേവനങ്ങളും സമൂഹത്തിന്റെ വ്യത്യസ്ത പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമായി ഭവിച്ചവയാണ്.
അതു കൊണ്ട് തന്നെ, ബിസിനസ്സ് ആരംഭിക്കുന്നവര്‍ ഉപഭോക്താവിന്റെ പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരവും എന്ന ആംഗിളില്‍ നിന്നു വേണം, സ്വന്തം ബിസിനസ്സിനെ സമീപിക്കാന്‍.
രണ്ടാമത്തെ ബിസിനസ്സ് സാധ്യതകള്‍ നിലനില്‍ക്കുന്നത് നിലവിലുള്ള ഉല്‍പ്പന്നത്തെക്കാള്‍, സേവനത്തെക്കാള്‍ മികച്ചത് നല്‍കുക എന്നതിലാണ്. വിവിധ മേഖലകളില്‍, നിലവിലുള്ളതിനെക്കാള്‍, അഥവാ ഉപഭോക്താവ് ആഗ്രഹിക്കുന്നതിനെക്കാളും, പ്രതീക്ഷിക്കുന്നതിനെക്കാളും ഒക്കെ കൂടുതല്‍ ഗുണനിലവാരവും സൗകര്യങ്ങളുമുള്ള ഉല്പന്നങ്ങളും സേവനങ്ങളും നല്‍കുക എന്നതിലാണ് തുടര്‍ന്നുള്ള ബിസിനസ്സ് സാധ്യത നിലകൊള്ളുന്നത്. പുതിയ പുതിയ ഉല്പന്നങ്ങള് വിപണിയിലിറങ്ങുന്നതും നിലവിലുള്ളവയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതും, തുടര്‍ച്ചയായി സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതും ഇതിന്റെ ഭാഗമാണ്. ബ്രാന്‍ഡഡ് ഉല്പന്നങ്ങളും പ്രീമിയം സേവനങ്ങളും, അതീവ ധനികരായവരുടെ ഇച്ഛക്കൊത്ത ലിമിറ്റഡ് എഡിഷന് ഉല്പന്നങ്ങളുമെല്ലാം മേല്‍ പറഞ്ഞ മെച്ചപ്പെടുത്തലിന്റെ ഭാഗമാണ്.
ഏതൊരു സംരംഭകനും മനസ്സിലാക്കേണ്ടതും, നിരന്തരം ശ്രദ്ധിക്കേണ്ടതും സമൂഹത്തില്‍ തന്റെ ബിസിനസ്സിന്റ സ്ഥാനം എന്താണ് എന്നതാണ്. അതിനായി ആദ്യം വേണ്ടത് എന്താണ് ബിസിനസ്സ് എന്ന പൂര്‍ണ്ണ അര്‍ത്ഥത്തിലുള്ള അറിവാണ്.
ബിസിനസ്സിനോടുള്ള അഭിനിവേശം
ബിസിനസ്സ് എന്നതും ഒരു തരത്തില്‍ മറ്റൊരു തൊഴില്‍ തന്നെയാണ്. സാധാരണ തൊഴിലുകളില്‍ നിന്നും വ്യത്യസ്തമായ, പ്രത്യേക വൈദഗ്ദ്യവും അറിവും ആവശ്യമുള്ള എന്നാല്‍ അനന്തമായ വളര്‍ച്ചാ സാധ്യതകള്‍ തുറന്നിടുന്ന തൊഴിലാണ്, ബിസിനസ്സ് എന്നു പറയാം.
സാധാരണ തൊഴിലുകളില്‍ നിന്നും വ്യത്യസ്തമായി, കൂടിയ ഉത്തരവാദിത്തവും സമയഭേദമന്യേയുള്ള പ്രവര്‍ത്തനവും ശ്രദ്ധയും നിരന്തരം ആവശ്യമുള്ള തൊഴിലാണ് ബിസിനസ്സ്.
ഒരു വ്യക്തി തൊഴില്‍ ചെയ്യുമ്പോഴുള്ള പ്രവൃത്തിയുടെ ഫലമായി ഒരു ചെറിയ ലാഭം തൊഴില്‍ ദാദാവിന് ലഭിക്കുന്നു. ഉല്‍പ്പന്നമോ സേവനമോ ഉപഭോക്താവിന് നല്കാന് കഴിയുന്നതിലൂടെയാണ് ഈ ലാഭം ഉണ്ടാവുന്നത്. കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുമ്പോള്‍, അല്ലെങ്കില്‍ കൂടുതല്‍ ഉല്പന്നങ്ങളും സേവനങ്ങളും ഉപഭോക്താവിന് നല്‍കുമ്പോഴാണ് സംരംഭകന് ആനുപാതികമായ സാമ്പത്തിക വളര്‍ച്ച ഉണ്ടാവുന്നത്. ഇതാണ് ഏതൊരു സംരംഭത്തിന്റെയും അടിസ്ഥാനം.
ഇക്കാര്യങ്ങള്‍ മനസ്സിലാക്കിയ, ബിസിനസ്സ് ജീവിതത്തിന്റെ വ്യത്യസ്തകള്‍ ഉള്‍ക്കൊണ്ടിട്ടുള്ള, ബിസിനസ്സ് എന്നത് ഒരു അഭിനിവേശം ആയി കൊണ്ടു നടക്കുന്ന വ്യക്തിക്ക് മാത്രമേ ഒരു നല്ല സംരംഭകനാവാന്‍ കഴിയൂ.
എളുപ്പത്തില്‍ ധനികനാവാനുള്ള ആഗ്രഹം കൊണ്ടോ, കയ്യില്‍ കുറച്ച് പണം നീക്കിയിരിപ്പ് ഉള്ളത് കൊണ്ടോ, സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ ഉപദേശം കേട്ടോ, ആരെങ്കിലും ബിസിനസ്സിലൂടെ ധനികരായതിന്റെ അസൂയ മൂലമോ, ഒരു പ്രത്യേക സംരംഭത്തിന് ഭാവി ഉണ്ടെന്നറിഞ്ഞത് കൊണ്ടോ, അതുമല്ലെങ്കില്‍ എന്തെങ്കിലും സാങ്കേതിക പരിജ്ഞാനം ഉള്ളത് കൊണ്ടോ മാത്രം ബിസിനസ്സ് തുടങ്ങുന്നവര്‍ ആണ്, മിക്കപ്പോഴും വിജയിക്കാനാവാതെ പോവുന്നത്.
ഒരു സംരംഭകനാവാനുള്ള മനസ്സും പാകതയും ഉണ്ടെങ്കില്‍ മാത്രം സംരംഭകനാവുക. അല്ലെങ്കില്‍ അങ്ങിനെയുള്ളവരുടെ പങ്കാളി മാത്രമാവുക എന്നതാണ് കരണീയം.
പര പ്രേരണയില്ലാതെ കാര്യങ്ങള്‍ നടപ്പിലാക്കാനുള്ള കഴിവ്
ഒരു സംരംഭകന് ആവശ്യം വേണ്ടതായ ഗുണമാണ് പര പ്രേരണയോ സമ്മര്‍ദ്ധമോ ഇല്ലാതെ തന്നെ, സ്വയം പ്രചോദനാത്മകമായി കാര്യങ്ങള്‍ നടപ്പിലാക്കാനുള്ള കഴിവ്. തൊഴില്‍ മേഖലയിലുള്ള ഒരാളെ സംബന്ധിച്ചിടത്തോളം, നിര്‍ദ്ദേശങ്ങളും ആജ്ഞകളും, ഉപദേശവും, സമ്മര്ദ്ധവുമൊക്കെ മേലുദ്യോഗസ്ഥരില്‍ നിന്നോ ഉടമസ്ഥരില്‍ നിന്നോ ലഭിക്കുന്നത് കൊണ്ട്, സ്വയം ചിന്തിച്ച് കാര്യങ്ങള്‍ ചെയ്യാത്ത വ്യക്തികള്‍ പോലും, മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ നിര്‍ബന്ധിതരാവാറുണ്ട്.
എന്നാല്‍ ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം, ലക്ഷ്യം നിശ്ചയിക്കേണ്ടതും അത് നടപ്പില്‍ വരുത്തേണ്ടതും ഒരാള്‍ തന്നെയാവുമ്പോള്‍, മികച്ച രീതിയില്‍ സ്വയം പ്രചോദിപ്പിക്കാന്‍ കഴിയുന്നയാള്‍ക്ക് മാത്രമേ വിജയിക്കാന്‍ സാധിക്കുകയുള്ളു. പ്രവര്‍ത്തനത്തിനുള്ള, മുന്നേറ്റത്തിനുള്ള, പ്രേരണയും ഊര്‍ജ്ജവും ശക്തിയും, ഓരോ സംരംഭകരും സ്വയം കണ്ടെത്തേണ്ടതുണ്ട് എന്ന് സാരം. അതു കൊണ്ട് തന്നെ, അല്‍പ്പം അലസത, മടി എന്നിവ കൈമുതലായുള്ളവര്‍ സംരംഭകരായാല്‍ ബിസിനസ്സിന്റെ ഭാവി ചിന്ത്യം.
സാമ്പത്തിക അച്ചടക്കവും, ആസൂത്രണവും
സംരംഭങ്ങള്‍ തുടങ്ങി വിജയം വരിച്ച ഏതൊരാളുടെയും പ്രധാന വിജയ രഹസ്യം സാമ്പത്തിക അച്ചടക്കമായിരിക്കും, ഒപ്പം വ്യകതമായ ആസൂത്രണവും. സംരംഭം നിലനില്‍ക്കുന്നത് തന്നെ ആര്‍ജ്ജിത ധനത്തിന്റെയും അതിന്റെ യുക്തമായ വിനിയോഗത്തിന്റെയും അടിസ്ഥാനത്തിലായതിനാല്‍, സംരംഭത്തിന്റെ നട്ടെല്ല് തന്നെയാണ് സാമ്പത്തിക അച്ചടക്കം.
വ്യക്തി ജീവിതത്തിലും, കുടുംബ ജീവിതത്തിലുമൊന്നും, സാമ്പത്തിക അച്ചടക്കം പാലിക്കാത്ത വ്യക്തി, സംരംഭകനാവുമ്പോള്‍, സാമ്പത്തിക അച്ചടക്കം പാലിക്കാനാവാതെ വരുന്നത് മിക്കവാറും സംരംഭങ്ങളുടെ പരാജയത്തിന് കാരണമാവാറുണ്ട്. അതു കൊണ്ട് തന്നെ സംരംഭത്തിന്റെ വിജയത്തിന് സാമ്പത്തിക അച്ചടക്കം പരമ പ്രധാനമാണ്.
തീരുമാനമെടുക്കാനുള്ള കഴിവ്
തൊഴില്‍ മേഖലയിലുള്ള ഒരാള്‍ക്ക് എടുക്കപ്പെട്ടിട്ടുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കുക എന്നതായിരിക്കും പ്രധാന ഉത്തരവാദിത്തം. തീരുമാനങ്ങള്‍ എടുക്കേണ്ടി വരുന്നവര്‍ക്കാകട്ടെ, ഉപദേശമോ അനുമതിയോ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ നടപ്പിലാക്കിയാല്‍ മതിയാകും. എന്നാല്‍ ഒരു സംരംഭകനാവട്ടെ, തീരുമാനങ്ങള്‍ സ്വയം എടുക്കേണ്ടി വരുന്നു എന്നു മാത്രമല്ല അതിന്റെ ഗുണ ദോഷമെന്തായാലും സ്വയം അനുഭവിക്കേണ്ടതകമുള്ളതിനാല് തെറ്റായ തീരുമാനങ്ങളെടുക്കുന്നതും, അല്ലെങ്കില്‍ ഒരു തീരുമാനവുമെടുക്കാനാവാതെ വരുന്നതും, സംരംഭത്തെ ദോഷകരമായി ബാധിക്കും.
സംരംഭങ്ങളുമായി ബന്ധപ്പെട്ട്, നിത്യവും ധാരാളം തീരുമാനങ്ങള്‍ എടുക്കേണ്ടി വരുന്നതിനാല്‍, സംരംഭകന്റെ ഇക്കാര്യത്തിലുള്ള കഴിവ് നിര്‍ണ്ണായകമാണ്. ശരിയായ സമയത്ത്, യുക്തമായ തീരുമാനമെടുക്കുന്നവര്‍ മാത്രമേ ബിസിനസ്സില്‍ വിജയിക്കുകയുള്ളു.
വീക്ഷണവും നിരീക്ഷണവും
സംരംഭത്തെക്കുറിച്ച്, അതിന്റെ ഭാവിയെക്കുറിച്ച്, പ്രവര്‍ത്തനത്തെക്കുറിച്ച്, വളര്‍ച്ചയെക്കുറിച്ച്, വെല്ലുവിളികളെക്കുറിച്ച്, പ്രതിവിധികളെക്കുറിച്ച് ഒക്കെ കൃത്യമായ വീക്ഷണം ഉള്ളയാളാകണം ഒരു സംരംഭകന്. തിരക്കഥയെഴുതുന്നയാള്‍ ഭാവനയില്‍ കാണുന്നത് പോലെ, സംരംഭത്തിന്റെ ഓരോ ഘട്ടവും ഭാവനയില്‍ കാണാന്‍ ഒരു സംരംഭകന് സാധിക്കണം. ഓരോ വര്‍ഷങ്ങളിലും സംരംഭത്തിന്റെ വളര്‍ച്ച അകക്കണ്ണില്‍ കാണുകയും അതിനനുസരിച്ച് ആസൂത്രണം നടത്തുകയും വേണം.
വീക്ഷണത്തോടൊപ്പം ആവശ്യം വേണ്ടതാണ് നിരീക്ഷണ പാടവം. നിലവിലെ സാഹചര്യങ്ങളും മേഖലയില്‍ നടന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങളും, മാറി വരുന്ന നിയമങ്ങളും, വെല്ലുവിളികളും നിരീക്ഷിക്കുന്ന ഒരാള്‍ക്ക് മാത്രമേ, ഒരു നല്ല സംരംഭകനാവാന്‍ കഴിയൂ. വീക്ഷണവും ഭാവി തീരുമാനങ്ങളും രൂപപ്പെടുന്നത് നിരീക്ഷണത്തിന്റെ കൂടെ അടിസ്ഥാനത്തിലായിരിക്കണം.
സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്യാനുളള കഴിവ്
ജീവിതത്തിലെ മറ്റെല്ലാകാര്യങ്ങളിലുമെന്ന പോലെ സംരംഭകത്വത്തിലും ഏറ്റവും പ്രധാനപ്പെട്ടതാണ് ചെയ്യേണ്ടതായ കാര്യങ്ങള്‍ നീട്ടിവയ്ക്കാതിരിക്കുക എന്നത്. മിക്കവാറും വ്യക്തികളുടെ സ്വഭാവ സവിശേഷതയാണ് കാര്യങ്ങള്‍ നടപ്പിലാക്കാതെ നീട്ടി നീട്ടിക്കൊണ്ടു പോകുക എന്നത്. സംരംഭകന് ഇത്തരമൊരു സ്വഭാവമുണ്ടെങ്കില്‍ അത് ഏതൊരു സംരംഭത്തെയും പിന്നോട്ട് വലിക്കാനും, പതിയെ തകര്‍ക്കാനും വരെ കാരണമായി ഭവിക്കാറുണ്ട്.
സ്വാശ്രയത്വം
പൊതുവേ ചില വ്യക്തികളില്‍ കണ്ടുവരുന്ന സ്വഭാവ രീതിയാണ്, ഒരു കാര്യവും ഒറ്റയ്ക്ക് ചെയ്യാനാവാതെ വരിക എന്നത്. ഒഫീഷ്യല്‍ യാത്രകള്‍ ചെയ്യാന്‍, മീറ്റിംഗുകള്‍ സംഘടിപ്പിക്കാന്‍, തീരുമാനമെടുക്കാന്‍, തുടങ്ങി ഭക്ഷണം കഴിക്കാന്‍ പോലും ആരെങ്കിലും കൂട്ടുണ്ടാവണം എന്ന രീതിയില്‍ പരാശ്രയത്വം ഉള്ളവര്‍ ധാരാളമുണ്ട്. ബിസിനസ്സ് പരിജ്ഞാനമുള്ളവര്‍ കൂടെയുള്ളത് ഗുണകരമാണെങ്കിലും മിക്കപ്പോഴും മറ്റുള്ളവരുടെ, വിഷയത്തിലുള്ള യോഗ്യതക്കുറവും ചിന്താ വൈകല്യങ്ങളും വീക്ഷണത്തിലുള്ള വ്യതിയാനവും ഒക്കെ തെറ്റായ തീരുമാനങ്ങളിലേക്കും നയിക്കാറുണ്ട്. അവയുടെ വില, പലപ്പോഴും വളരെ വലുതായിരിക്കും.
മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള ശേഷി
ലോകം ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുകയാണ്. ബിസിനസ്സ് സാധ്യതകളും അവസരങ്ങളും മാത്രമല്ല ബിസിനസ്സുകള്‍ തന്നെ മാറ്റത്തിന് വിധേയമാണ്.
ഈ സാഹചര്യത്തില്‍ മാറ്റത്തിന് തയ്യാറാകാതെ, കാലത്തിനനുസരിച്ച രീതിയില്‍ പരിഷ്ക്കരിക്കപ്പെടാന്‍ വിമുഖത കാണിക്കുന്ന സംരംഭകരും പരാജയത്തിനര്ഹരാണ്. പുതിയ വില്‍പ്പന രീതികള്‍, സാങ്കേതിക വിദ്യകള്‍, ഉല്‍പ്പന്നങ്ങള്‍, സേവന രീതികള്‍ ഒക്കെ സ്വാംശീകരിക്കാനുള്ള കഴിവ് ഒരു സംരംഭകന് തീര്‍ച്ചയായും ഉണ്ടായിരിക്കണം.
മനുഷ്യ സഹജമായ വാസനയാണ് മാറ്റത്തിന് എതിര് നില്‍ക്കാനുള്ള പ്രേരണയെങ്കിലും സംരംഭത്തെ വളരെ ദോഷമായി ബാധിക്കുന്ന ഒന്നാണിത്. സംരംഭങ്ങള്‍ തുടങ്ങാനാഗ്രഹിക്കുന്ന ഏതൊരാളും തങ്ങള്‍ക്ക് മേല്‍പ്പറഞ്ഞ കഴിവുകള്‍ അഥവാ ഗുണങ്ങള്‍ ഉണ്ടോ എന്ന് സ്വയം ചിന്തിക്കുകയും ഇല്ലാത്ത പക്ഷം കഴിവുകള്‍ ആര്‍ജ്ജിച്ചതിന് ശേഷം മാത്രം സംരംഭത്തിലേക്ക് കടക്കുകയും ചെയ്യുന്നത് ഉചിതമായിരിക്കും.
ഇനി അഥവാ സംരംഭങ്ങള്‍ തുടങ്ങിയവര്‍ ഇക്കാര്യങ്ങള്‍ കൂടെ മനസ്സില്‍ വയ്ക്കുന്നത് സംരംഭത്തിന് ശക്തി പകരാന്‍ സഹായിക്കും. അല്ലാത്തപക്ഷം, കാറ്റുള്ളപ്പോള്‍ കരിയില പറക്കുന്നത് പോലെ ചിലപ്പോള്‍ താല്‍ക്കാലികമായി പ്രവര്‍ത്തിച്ചാലും, പ്രതിസന്ധികളെ നേരിടാന്‍ കഴിയാതെ, അനുകൂല സാഹചര്യം മാറുമ്പോള്‍ തളര്‍ന്നു പോകാറുണ്ട്. എല്ലാവരും സംരംഭങ്ങള്‍ തുടങ്ങുന്നത് വളരാനും വലുതാകാനും കൂടിയാണ് . ഏതൊരു സംരംഭവും സമൂഹത്തിനും രാജ്യത്തിന് തന്നെയും സാമ്പത്തികമായും സാമൂഹ്യപരമായും മുതല്‍ക്കൂട്ടാണ്. സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ ഒരല്പം മുന്‍കരുതലെടുത്ത് സ്വയം നവീകരിക്കുന്നത് സംരംഭകര്‍ക്കും സമൂഹത്തിനും ഒരേ പോലെ ശ്രേയസ്കരമാണ്.