
Management Skills Development Trainer, Dubai
‘ഇനിയും വയ്യ, മടുത്തു ഈ ജോലി. വേറെ എന്തെങ്കിലും നിവൃത്തിയുണ്ടായിരുന്നെങ്കില്‍,
രാവിലെ എണീക്കുമ്പോള്‍ തന്നെ, ‘ഇന്നും ആ നശിച്ച ജോലിക്ക് പോകണമല്ലോ…വല്ല ഹര്‍ത്താലോ ചുഴലിക്കാറ്റോ ഭൂകമ്പമോ വന്നിരുന്നെങ്കില്‍ ഇന്നൊരു ദിവസമെങ്കിലും സമാധാനം ഉണ്ടായേനേ’ എന്നു ചിന്തിക്കുന്ന ധാരാളം ആളുകള്‍ നമുക്കിടയിലുണ്ട്.
അവര്‍ക്കായി സ്ട്രെസ് മാനേജ്മെന്റ് ടിപ്സ് മുതല്‍ യോഗ വരെ പലതും നിര്ദ്ധേശിക്കപ്പെടുന്നതും പലരും അതൊക്കെ പരീക്ഷിക്കുന്നതും സാധാരണ കണ്ടുവരുന്നതാണ്.
എന്റെ മാനേജ്മെന്റ് ശൈലിയിലെ ആദ്യ പരിഗണന തന്നെ എനിക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു സ്റ്റാഫ് പോലും ഇത്തരമൊരു മനോഭാവത്തോടെ ജോലിയെ സമീപിക്കരുതെന്നാണ്. അതവരോട് പറയുകയും ഇടവേളകളില്‍ അക്കാര്യം ഉറപ്പുവരുത്തുകയും ചെയ്യാറുണ്ട്.
തൊഴില്‍ സംതൃപ്തി ഒട്ടുമില്ലാത്ത സാഹചര്യത്തിലാണ് ഇത്തരം മനോഭാവം ഉടലെടുക്കുന്നത് എന്ന് സാമാന്യമായി പറയാം. എന്നാല്‍ എന്താണ് തൊഴില്‍ സംതൃപ്തി എന്നു ചോദിച്ചാല്‍ മിക്കവരും മേല്പോട്ട് നോക്കുകയും ചെയ്യും.
എന്തിനാണ് ജോലി ചെയ്യുന്നത് എന്ന് ചോദിച്ചാല്‍, ശമ്പളത്തിന് വേണ്ടിയാണ് എന്നതാണ് മിക്കവാറും ആളുകള്‍ കരുതിയിരിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിയും.
ജീവിത വൃത്തിക്കുള്ള ധനം മാത്രമല്ല തൊഴിലില്‍ നിന്നും നമുക്ക് ലഭിക്കുന്നതെന്ന് ഒരല്പം ചിന്തിച്ചാല്‍ മനസ്സിലാക്കാനാവും.
ശമ്പളത്തിനപ്പുറം, തൊഴില്‍ നമ്മുക്ക് നല്കുന്ന ഒന്നാണ് സാമൂഹിക അംഗീകാരം. ഏത് തൊഴില്‍ ചെയ്യുന്നയാള്‍ക്കും സമൂഹത്തില്‍ ഒരു നിലയുണ്ട്. തൊഴിലില്ലായ്മ രൂക്ഷമായിരുന്ന കാലത്ത് ജീവിച്ചവര്‍ക്ക് അത് നന്നായി അറിയാം.
നമ്മള് വിദ്യാഭ്യാസത്തിലൂടെ ആര്‍ജ്ജിച്ച അറിവുകള്‍, കഴിവുകള്‍ എന്നിവ പ്രയോഗത്തില്‍ കൊണ്ടുവരാനുള്ള അവസരമാണ് തൊഴില്‍ നമ്മുക്ക് തരുന്നത് എന്നുകൂടി നാം മനസ്സിലാക്കണം. തൊഴില്‍ സംബന്ധമായ കാര്യങ്ങളില്‍ അറിവും നൈപുണ്യവും വിപുലപ്പെടുത്താനുള്ള സാഹചര്യം മിക്ക തൊഴിലുകളും സൃഷ്ടിക്കുന്നുമുണ്ട്.
നമ്മുടെ പ്രവൃത്തി പരിചയം, ആശയ വിനിമയ ശേഷി, വ്യക്തികളുമായി ഇടപഴകാനുള്ള കഴിവ്, നേതൃത്വപാടവം, പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും പരിഹരിക്കാനുമുള്ള ആര്‍ജ്ജവം, സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള, വിവിധ പ്രായങ്ങളിലുള്ള ആളുകളുമായി ബന്ധപ്പെടാനുള്ള അവസരം, പുതിയ സൗഹൃദങ്ങള്‍ സൃഷ്ടിക്കാനുള്ള സാദ്ധ്യതകള്‍, പുതിയ കാര്യങ്ങള്‍ പഠിക്കാനും പ്രയോഗിക്കാനുമുള്ള സാഹചര്യം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പ്രയോജനങ്ങള്‍ തൊഴിലിലൂടെ നമ്മുക്ക് കൈവരുന്നുണ്ട് എന്ന് അധികമാരും മനസ്സിലാക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഇക്കാര്യങ്ങള്‍ മനസ്സിലാക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുമ്പോള്‍ മാത്രമേ, ഒരാള്‍ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ജോലി ചെയ്യുന്നു എന്നു പറയാനാവു. മറിച്ച് മാസാവസാനം കിട്ടുന്ന ശമ്പളം മാത്രം മുന്നില്‍ കണ്ടാണ് ജോലി ചെയ്യുന്നതെങ്കില്‍ ജോലി വിരസമാവുമെന്ന് മാത്രമല്ല പലപ്പോഴും ക്ലേശകരവുമാവും.
തൊഴിലിന് ശമ്പളത്തിനപ്പുറം നല്കാനാവുന്ന സാദ്ധ്യതകള്‍ കൂടി പരിഗണിച്ചു നോക്കിയാല്‍ തൊഴിലിനോടുള്ള നമ്മുടെ മനോഭാവത്തില്‍ മാറ്റം വരുന്നത് കാണാം. നമ്മെ നവീകരിക്കാനും നമ്മുടെ കഴിവുകളെ മെച്ചപ്പെടുത്താനും കിട്ടിയ നല്ലൊരു അവസരമായി തൊഴിലിനെ കണ്ടു തുടങ്ങിയാല്‍, ജോലി സമയം തീരാനുള്ള കാത്തിരിപ്പും മുഷിപ്പും, സന്തോഷത്തിനും ഉത്സാഹത്തിനും വഴി മാറുന്നത് അനുഭവിച്ചറിയാന്‍ കഴിയും.
ജോലിയോടുള്ള നമ്മുടെ കാഴ്ചപ്പാടില്‍, മനോഭാവത്തില്‍ മാറ്റം വന്നാല്‍ പകുതിയിലധികം പ്രശ്നങ്ങളും തീരും.
പക്ഷേ, പ്രശ്നങ്ങള്‍ ഇക്കാര്യം കൊണ്ട് പൂര്‍ണ്ണമായി അവസാനിക്കണമെന്നില്ല. സഹപ്രവര്‍ത്തകര്‍ പാരകളാണെങ്കിലോ, ബോസ് ഒരു കീറാമുട്ടിയാണെങ്കിലോ കാര്യം കുഴഞ്ഞില്ലേ?
തൊഴിലിടത്തില്‍ സമാധാനമുണ്ടാവുകയില്ലല്ലോ.
പലപ്പോഴും, പല സ്ഥാപനങ്ങളിലും, കൃത്യമായി ജോലിക്ക് വരാത്ത, അല്ലെങ്കില്‍ കൃത്യസമയത്തിന് ഹാജരാകാത്ത , ചിലപ്പോള്‍ മദ്യപിച്ച് പോലും ജോലിക്കെത്തുന്ന, ചില ജോലിക്കാരെ ആളുകളെ ഇഷ്ടക്കുറവോടെ തന്നെ അധികാരികള്‍ സഹിക്കുന്നത് കാണാന്‍ കഴിയും. 99% വും അവരുടെ ജോലിയിലുള്ള മിടുക്കും വൈദഗ്ദ്യവും തന്നെയായിരിക്കും ഇതിനുള്ള കാരണം.
അതായത്, സ്വന്തം ജോലി അഥവാ ഏല്‍പ്പിക്കുന്ന പണി കൃത്യമായും, പെര്ഫക്ടായും, ചെയ്യുന്ന ആളുകള്‍ അധികാരികള്‍ക്ക് എന്നും സ്വീകാര്യരാണ് എന്നു ചുരുക്കം.
ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്, നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ക്ക് വൈദഗ്ദ്യമുണ്ടെങ്കില്, മിടുക്കുണ്ടെങ്കില്‍ എവിടെയും നിങ്ങള്‍ക്കൊരു സ്ഥാനമുണ്ടാവും എന്നതാണ്. നല്ലൊരു കുക്കായാലും ഡ്രൈവറായാലും മെക്കാനിക്കായാലും എന്‍ജിനീയറായാലും ഡോക്ടറായാലും സെയില്‍സ് മാനായാലും ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററായാലും ചെരുപ്പു തുന്നുന്ന ആളായാലും വിദഗ്ദന് / വിദഗ്ദക്ക് ലോകത്തെവിടെയായാലും വിലയുണ്ട് അഥവാ മൂല്യമുണ്ട്.
അതു കൊണ്ട് ചെയ്യുന്ന ജോലി എന്തു തന്നെയായാലും അതില്‍ അറിവും കഴിവും വര്‍ദ്ധിപ്പിക്കുക. പെര്ഫക്ഷന് വേണ്ടി ശ്രമിക്കുക. സ്ഥാപനത്തിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരില്‍ ഒരാളാവാന്‍ പ്രയത്നിക്കുക.
ഒരു എക്സപര്ട് ആയി നിങ്ങള്‍ വളര്‍ന്നാല്‍ അധികാരികള്‍ക്ക്, മാനേജ്മെന്റിന് നിങ്ങളോടുള്ള മനോഭാവം മാറുന്നത്, ഉറപ്പായിട്ടും കാണാന്‍ സാധിക്കും. അങ്ങിനെ സംഭവിച്ച അനുഭവങ്ങള്‍ ഒരുപാടുണ്ട്.
പക്ഷേ, എത്ര ശ്രമിച്ചിട്ടും ജോലിയില്‍ ക്ഷമത കൈവരിക്കാന്‍ കഴിയുന്നില്ല, ജോലി ചെയ്യാനോ ജോലിയില്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനോ താല്പര്യമില്ല. അതു കൊണ്ട് തന്നെ വിജയിക്കാന്‍ കഴിയുന്നില്ല എന്നതാണ് പ്രശ്നമെങ്കില്‍ എന്തു ചെയ്യണമെന്നതാണ് ഇനി നോക്കേണ്ടത്.
ഏതൊരു ജോലിയും ഇഷ്ടപ്പെട്ട്, ആസ്വദിച്ച് ചെയ്യുമ്പോഴാണ് തൊഴില്‍ സംതൃപ്തി ഉണ്ടാവുന്നത് എന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ ചെയ്യുന്ന ജോലി ഇഷ്ടമല്ല എങ്കില്‍ എന്തു ചെയ്യും ?
ഒരു വീട്ടിലെ ജോലികള്‍, മക്കള്‍ക്കായി പകുത്തു നല്കി എന്നു കരുതുക. അടുക്കളയില്‍ കയറാനേ ഇഷ്ടമില്ലാത്തയാള്‍ക്ക് കുക്കിംഗും, യാതൊരു വൃത്തിയും ശ്രദ്ധയുമില്ലാതെ സാധനങ്ങള്‍ വലിച്ചു വാരിയിടുന്ന ആള്‍ക്ക്, ക്ലീനിംഗും വീടിന് പുറത്ത് പോവാന്‍ ഇഷ്ടമില്ലാത്തയാള്‍ക്ക് പര്‍ച്ചേസിംഗും തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിച്ചാലും ജോലി നടക്കും. പക്ഷേ, കാര്യക്ഷമമായി നടക്കുകയില്ല എന്നുറപ്പാണല്ലോ ? എങ്ങിനെയെങ്കിലും ജോലി തീര്‍ക്കുക എന്നല്ലാതെ ഇഷ്ടപ്പെട്ട് ചെയ്യാന്‍ അവര്‍ക്ക് സാധിക്കുകയില്ലല്ലോ ?
ജോലിയെ നമ്മള് ഇഷ്ടപ്പെടണമെങ്കില്‍ അത് നമ്മുടെ ഇഷ്ടവുമായി ബന്ധമുള്ളതായിരിക്കണം. നമ്മളില്‍ പലരും നമ്മുടെ അഭിരുചികളുമായി, താല്‍പ്പര്യങ്ങളുമായി, കഴിവുകളുമായി ബന്ധപ്പെട്ട ജോലികളായിരിക്കില്ല മിക്കപ്പോഴും ചെയ്യുന്നത്. അത് തന്നെയാണ് ജോലി ഒരു ഭാരമായി തോന്നുന്നതിന്റെ പ്രധാന കാരണവും.
പോംവഴി രണ്ടാണുള്ളത്. ചെയ്യുന്ന ജോലിയില്‍ നമ്മുടെ കഴിവുകളും താല്പര്യങ്ങളും ഉള്‍പ്പെടുത്തുക. അതല്ലെങ്കില്‍ അത്തരം സാദ്ധ്യതകളുള്ള തൊഴിലിലേക്ക് മാറുക.
വീട്ടുകാരുടെ താല്പര്യപ്രകാരമോ, ജോലി കിട്ടാനുള്ള എളുപ്പത്തിനായോ, ഏതെങ്കിലും ഒരു കോഴ്സ് പഠിച്ച് പോയത് കൊണ്ട്, ജീവിതകാലം മുഴുവന്‍ അതുമായി ബന്ധപ്പെട്ട ജോലി തന്നെ ചെയ്യേണ്ട യാതൊരു കാര്യവുമില്ല. ഇഷ്ടപ്പെട്ട മേഖലയിലേക്ക്, സാദ്ധ്യമായ സമയത്ത് മാറുന്നതാണ് ഉചിതം. അത് സര്‍ക്കാര്‍ ജോലിയില്‍ നിന്നാണെങ്കില്‍ പോലും ചെയ്യുന്നത് തെറ്റാവുമെന്ന് പറയാന്‍ കഴിയില്ല.
ജീവിതം ഒന്നേയുള്ളു. ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും ചിലവഴിക്കുന്നതാവട്ടെ തൊഴിലിടത്താണ് താനും. തൊഴിലില്‍ സന്തോഷവും സമാധാനവുമില്ലെങ്കില്‍ ജീവിതത്തിന്റെ പകുതിയും പാഴാക്കുന്നുവെന്നര്ത്ഥം.
സ്വയം ചിന്തിക്കുക, തിരിച്ചറിയുക, തീരുമാനിക്കുക, പ്രവര്‍ത്തിക്കുക, പ്രയത്നിക്കുക ഒരു നല്ല തൊഴിലിനായി. ഇഷ്ടപ്പെട്ട മേഖലയില്‍ സന്തോഷവും ഉത്സാഹവും ആവേശവും നിറഞ്ഞ തൊഴില്‍ ജീവിതം തീര്‍ച്ചയായും നേടാനാവും.