
Sub Editor, NowNext
ടെക്നോളജി വിദ്യഭ്യാസത്തില്‍ ഐ ഐ ടി കളുടെ സ്ഥാനം ചെറുതല്ല. എന്നാല്‍ സയന്‍സ് വിഭാഗത്തിലെ പ്രധാന പഠനമായ എം എസ് സി ഫിസിക്സ് ഐ ഐ ടി യില്‍ പഠിച്ചാലോ ?
സയന്‍സ് മേഖലയില്‍ നിരവധി കോഴ്സുകളുണ്ട് അതില്‍ ബി എസ് സി ബിരുദമായും എം എസ് സി ബിരുദാനന്തര ബിരുദമായെല്ലാം പഠിക്കാവുന്നതാണ്. പക്ഷെ പല കോഴ്സുകളിലും ബിരുദ വിഷയത്തോട് സമാനമായ വിഷയങ്ങള്‍ മാത്രമാണ് ബിരുദാനന്തര വിഷയമായി പഠിക്കാനാവുക. ഉദാഹരണമായി ബി എസ് സി കെമിസ്ട്രി പഠിച്ച ഒരാള്‍ക്ക് എം എസ് സി ഫിസിക്സ് പഠിക്കണമെന്നുണ്ടെങ്കില്‍ അത് അസാധ്യമായ ഒരു കാര്യമായിരുന്നു. അത് വിദ്യാര്‍ത്ഥികളില്‍ ആശങ്ക ഉണ്ടാക്കുന്നതുമാണ്. എന്നാല്‍ ഇതിന് അവസരം കൊടുക്കുന്ന രീതിയില്‍ ആണ് ഐ ഐ ടി കളില്‍ എം എസ് സി ഫിസിക്സ് പഠിക്കാന്‍ കഴിയുക.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ( ഐ ഐ ടി ) യില്‍ നിര്‍ദ്ധേശിക്കുന്ന യോഗ്യത വ്യവസ്ഥകള്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് എം എസ് സി ഫിസിക്സിന് അപേക്ഷിക്കാവുന്നതാണ്. ബാച്ചിലര്‍ തലത്തില്‍ രണ്ട് വര്‍ഷം അല്ലെങ്കില്‍ നാല് സെമസ്റ്ററില്‍ ഫിസിക്സും, ഒരു വര്‍ഷം അല്ലെങ്കില്‍ ഒരു സെമസ്റ്ററില്‍ മാത്തമാറ്റിക്സും പഠിച്ചവര്‍ക്ക് ഐ ഐ ടി കളില്‍ എം എസ് സി ഫിസിക്സിന് പ്രവേശനത്തിന് അര്‍ഹതയുണ്ട്.
ഇതിനായി വിവിധ ഐ ഐ ടി കള്‍ സംയുക്തമായി നടത്തുന്ന ജോയന്റ് അഡ്മിഷന് ടെസ്റ്റ് ഫോര്‍ എം എസ് സി (Jam) യില്‍ ഫിസിക്സ് പേപ്പര്‍ അഭിമുഖീകരിച്ച് യോഗ്യത നേടണം.
ത്രിവത്സര ബി. എസ്. സി. കെമിസ്ട്രി പ്രോഗ്രാമില്‍ ഫിസിക്സ്, മാത്തമാറ്റിക്സ്, കോംപ്ലിമെന്ററി/ സബ്സിഡിയറി വിഷയങ്ങളായി രണ്ട് വര്‍ഷം പഠിച്ചവര്‍ക്ക് ഈ വ്യവസ്ഥയനുസരിച്ച് ഐ. ഐ. ടി കളിലെ എം എസ് സി ഫിസിക്സ് പ്രവേശനത്തിന് അപേക്ഷിക്കാം. ഐ. ഐ. ടി യില്‍ ഫിസിക്സ് ജോയന്റ് എം എസ് സി, പി എച്ച് ഡി (ഭുവനേശ്വര്‍, ഖരഗ്പൂര്‍ ), ഫിസിക്സ് എം എസ് സി – പി എച്ച് ടി ഡുവല്‍ ഡിഗ്രി (കാന്‍പൂര്‍), ഫിസിക്സ് ആന്‍ഡ് മെറ്റീരിയല്‍സ് എന്‍ജിനീയറിങ്ങ് (ജോധപൂര്‍ ) എന്നിവയിലെ പ്രവേശനത്തിനും ഇതേ വ്യവസ്ഥയാണ്. വിവരങ്ങള്‍ക്ക് https:jam.iitk.ac.in ലെ ജാം അഡ്മിഷന് ബ്രോഷര്‍ പരിശോധിക്കാം.
ഭിലായ്, ബോംബെ, ഡല്‍ഹി, ധന്‍ബാദ്, ഗാന്ധി നഗര്‍, ഗുവാഹട്ടി, ഹൈദരാബാദ്, ഇന്‍ഡോര്‍, ജോധ്പുര്‍, കാന്‍പൂര്‍, മദ്രാസ്, പാലക്കാട്, പട്ന, റുര്ഖി, റോപ്പര്‍, തിരുപ്പതി, വാരണസി തുടങ്ങിയ ഐ ഐ ടി കളിലാണ് ജാം പ്രവേശന പരീക്ഷ അടിസ്ഥാനത്തില്‍ പ്രവേശനം നേടാനാവുക.
ബിരുദമായി കെമിസ്ട്രിയും മറ്റും പഠിച്ച വിദ്യാർത്ഥികൾക്ക് ബിരുദാനന്തര ബിരുദമായി എം എസ് സി ഫിസിക്സും മറ്റും പഠിക്കണമെന്നുണ്ടെങ്കിൽ ഈ അവസരം ഗുണകരമായി ഉപയോഗിക്കാവുന്നതാണ്.