
Sub Editor, NowNext
സഹകരണ മേഖലയുടെ പ്രസക്തി വർധിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട പഠനത്തിനും വളരെ പ്രാധാന്യമുണ്ട്. സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ നിശ്ചിത തസ്തികകളിലേക്ക് യോഗ്യരായവരെ കണ്ടെത്തുന്നതിന് വിവിധ ജില്ലകളിൽ പരിശീലന കേന്ദ്രങ്ങളിൽ ഡിപ്ലോമ കോഴ്സ് നടത്തുന്നു. രാജ്യത്ത് സഹകരണ പരിശീലനം ആരംഭിച്ച ആദ്യ സംഘടനയും കേരള സംസ്ഥാന സഹകരണ യൂണിയൻ ആണ്.
ജെഡിസി, എച്ച്ഡിസി എന്നത് ഇതുമായി ബന്ധപ്പെട്ട ഡിപ്ലോമ കോഴ്സുകള്‍ ആണ്. ജെഡിസി എന്നാല്‍ ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന് ആണ്, ഇത് പത്ത് മാസം ദൈര്‍ഘ്യമുള്ള കോഴ്സ് ആണ്. പതിനൊന്ന് മാസം ദൈര്‍ഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമായ ഹയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന് ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് (എച്ച്ഡിസി ആന്‍ഡ് ബിഎം) എന്നിവയാണ്.
ഹയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന് ആന്‍ഡ് ബിസിനസ് മാനേജ്മെന്റ്
രണ്ട് മാസത്തെ പ്രായോഗിക പരിശീലനം ഉൾപ്പെടെ 11 മാസത്തെ കാലാവധിയുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സാണിത്. സർവകലാശാല ബിരുദമാണ് ഈ കോഴ്സിന്റെ വിദ്യാഭ്യാസ യോഗ്യത. ഉദ്യോഗാർത്ഥികളുടെ പ്രവേശനം കേവലം മാർക്കിന്റെ മെറിറ്റിലാണ്. എല്ലാ വർഷവും ഓഗസ്റ്റ് മാസത്തിൽ എച്ച്.ഡി.സി.ആൻഡ് ബി.എം കോഴ്സ് ആരംഭിക്കും. അപേക്ഷാ ഫോറങ്ങൾ സഹകരണ പരിശീലന കോളേജുകളിൽ നിന്ന് ലഭിക്കും.
ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്
10 മാസത്തെ കാലാവധിയുള്ള കോഴ്സാണ് ജെ ഡി സി അഥവാ ജൂനിയർ ഡിപ്ലോമ ഇൻ കോ- ഓപ്പറേഷൻ എന്നത്. ഈ കോഴ്സിന് സംസ്ഥാനത്ത് 9 ജൂനിയർ തല പരിശീലന കേന്ദ്രങ്ങളുണ്ട്, ഇതിൽ 5 എണ്ണം ജനറൽ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്കും, നാല് എസ് സി / എസ് ടി വിദ്യാർത്ഥികൾക്കുമാണ്. പൊതുമേഖലയിൽ 50 ശതമാനം സീറ്റുകൾ ഇൻസ്റ്റിറ്റ്യൂഷണൽ, ഡിപ്പാർട്ടുമെന്റൽ ഉദ്യോഗാർത്ഥികൾക്ക് സംവരണമുണ്ട്. ബാക്കിയുള്ള 50 ശതമാനം സ്വകാര്യ മേഖലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്കാണ്. ജെഡിസി പ്രവേശനത്തിന് വേണ്ട കുറഞ്ഞ യോഗ്യത എസ്.എസ്.എല്‍.സി / തത്തുല്യമാണ്. കുറഞ്ഞത് ഡി-പ്ലസ് ഗ്രേഡെങ്കിലും ഉണ്ടാവണം.
രണ്ടിനും പ്രായ വ്യവസ്ഥയുണ്ട്. വിശദാംശങ്ങള്‍ https://scu.kerala.gov.in ല്‍ ലഭ്യമാണ്. ഈ രണ്ട് കോഴ്സുകൾ കൂടാതെ Leadership development programme, Management development programme എന്നിവ കൂടി സഹകരണ യൂണിയന്റെ പരിശീലന പ്രോഗ്രാമ്മുകൾ ആണ്.
സഹകരണ ബാങ്കുകളിലും സഹകരണ സംഘങ്ങളിലും ജൂനിയര്‍ ക്ലാര്‍ക്ക്, ക്യാഷ്യര്‍, തസ്തികകളില്‍ അപേക്ഷിക്കാന്‍ എസ് എസ് എല്‍ സി/ തത്തുല്യ വിദ്യഭ്യാസ യോഗ്യതയും ജെഡിസി യോഗ്യതയും വേണം. സഹകരണം ഐച്ഛികമായെടുത്ത ബി.കോം/ എച്ച്.ഡി.സി ഉള്ളവര്‍ക്കും അപേക്ഷിക്കാം. കേരളത്തില്‍ സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. പരീക്ഷാ ബോര്‍ഡ് നടത്തുന്ന എഴുത്ത് പരീക്ഷ, ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന അഭിമുഖം, എന്നിവയുടെ അടിസ്ഥാനത്തില്‍ പരീക്ഷാ ബോര്‍ഡ് നല്കുന്ന ലിസ്റ്റില്‍ നിന്ന് സംഘങ്ങള്‍ തയ്യാറാക്കുന്ന റാങ്ക്ലിസ്റ്റ് പ്രകാരം ബന്ധപ്പെട്ട ബാങ്ക്/ സഹകരണ സംഘം നിയമനം നടത്തും.