
Management Skills Development Trainer, Dubai
ഏത് കൊച്ചു കുട്ടിക്കും അറിയാവുന്നതല്ലേ എന്താണ് ബിസിനസ്സ് എന്നത് ? പണമുണ്ടാക്കാനായി സാധനങ്ങള്‍ വാങ്ങുകയോ, നിര്‍മ്മിക്കുകയോ, വില്ക്കുകയോ, സേവനങ്ങള്‍ നല്‍കുകയോ ചെയ്യുന്ന പ്രവൃത്തിയാണ് ബിസിനസ്സ് എന്ന് സാമാന്യമായി പറയാം.
പക്ഷേ ചോദ്യം അതല്ല. അടിസ്ഥാനപരമായി എന്താണ് ബിസിനസ്സ് എന്നതാണ് ഇവിടത്തെ ചോദ്യം. ഇക്കാര്യമറിയാതെയാണ് മിക്കവരും ബിസിനസ്സിന് ഇറങ്ങിപ്പുറപ്പെടുന്നതും, അതില്‍ ഭൂരിഭാഗവും പരാജയപ്പെടുന്നതും, എന്ന് ഒരല്പം ശ്രദ്ധിച്ചാല്‍ മനസ്സിലാവും.
യഥാര്‍ത്ഥത്തില്‍ ബിസിനസ്സ് എന്നത്, പ്രതിഫലം പറ്റിക്കൊണ്ട് നല്കുന്ന സേവനമാണ്. സമൂഹത്തിന് ആവശ്യമായ സാധനങ്ങള്‍ /കാര്യങ്ങള്‍ നിര്‍മ്മിക്കുകയോ, വില്ക്കുകയോ, വിതരണം ചെയ്യുകയോ, സേവനങ്ങള്‍ നല്‍കുകയോ ചെയ്ത് കൊണ്ട്, ബിസിനസ്സ് ചെയ്യുന്നയാള്‍ ഒരു ചെറിയ ലാഭം പ്രതിഫലമായി പറ്റുന്നു എന്ന് മാത്രം. ഹോട്ടലും, തുണിക്കടയും, പലചരക്ക് കടയും, സര്‍വ്വീസ് സെന്ററും എല്ലാം ആത്യന്തികമായി ചെയ്യുന്നത് സേവനമാണ്, അഥവാ ചെയ്യേണ്ടത് സേവനമാണ്. ഇക്കാര്യമറിയാതെ, പെട്ടന്ന് പണമുണ്ടാക്കാനുള്ള ആഗ്രഹവും, കൂടുതല്‍ ലാഭം ഉണ്ടാക്കാനുള്ള അത്യാഗ്രഹവും കൊണ്ടാണ് ബിസിനസ്സ് തുടങ്ങുന്നതെങ്കില്‍ വിജയിക്കുവാനുള്ള സാധ്യത തീരെ കുറവാണ്. ഏത് ബിസിനസ്സ് ആണ് ചെയ്യുന്നതെങ്കിലും, താന്‍ സേവനമാണ് ചെയ്യുന്നതെന്ന ബോധം എപ്പോഴും ഉണ്ടായിരിക്കണമെന്നര്‍ത്ഥം.
ജോലിയും ബിസിനസ്സും തമ്മിലുള്ള വ്യത്യാസം
ബിസിനസ്സിലെ ലാഭവും, വളര്‍ച്ചയും ഒക്കെ എത്രത്തോളം ബിസിനസ്സ് നമ്മള് കൈകാര്യം ചെയ്യുന്നു, എന്നതിന്റെ വ്യാപ്തി അനുസരിച്ചാണ് ഉണ്ടാവുക. അത് തന്നെയാണ് ബിസിനസ്സിന്റെ പ്രധാന ഗുണവും, ആകര്‍ഷണവും. ലളിതമായ ഒരു ഉദാഹരണം നോക്കാം. ജംഗ്ഷനില്‍ ഇളനീര് കച്ചവടം ചെയ്യുന്നയാള്‍ക്ക് പ്രതിദിനം 100 ഇളനീര് ചിലവാകുന്നുണ്ട് എന്ന് കരുതുക. ഒരു ഇളനീരിന് 10 രൂപ മാര്‍ജിന്‍ കണക്കാക്കിയാല്‍, ദിവസം, 1000 രൂപ ഗ്രോസ്സ് പ്രോഫിറ്റ് അയാള്‍ക്ക് കിട്ടുന്നുണ്ട്. എന്നാല്‍ കടത്ത് കൂലിയും, കടയുടെ വാടകയും പോലുള്ള ചിലവുകള്‍ 300 രൂപയും കഴിഞ്ഞാല്‍ നെറ്റ് പ്രോഫിറ്റ് 700 രൂപ മാത്രമാണെന്ന് കരുതുക. അതായത് ഇളനീര് ഒന്നിന് 7 രൂപ അറ്റ ലാഭം.
എന്നാല്‍, ദിവസം 100 ന് പകരം 150 എണ്ണം ഇളനീര് വില്‍ക്കാനായാല്‍, അദ്ധേഹത്തിന്റെ നെറ്റ് പ്രോഫിറ്റ് എത്രയായിരിക്കും ? പെട്ടന്ന് തോന്നുന്നത് 700 + 350 = 1050 രൂപ എന്നാവും. പക്ഷേ യഥാര്‍ത്ഥ ലാഭം അതിലും കൂടുതലായിരിക്കും. കാരണം, കടയുടെ വാടക കൂടുന്നില്ല എന്നു മാത്രമല്ല, കടത്തുകൂലിയിലും മറ്റു ചിലവുകളിലും കാര്യമായ വര്‍ദ്ധന ഉണ്ടാവുകയില്ല. അതു കൊണ്ട്, അധികമായി വില്‍പ്പന നടത്തിയ ഓരോ ഇളനീരിനും ലാഭം, 7 ന് പകരം 9 രൂപ എന്നു കരുതിയാല്‍ പ്രതിദിന അറ്റ ലാഭം 1150 രൂപയാണ്. ഇതാണ് ബിസിനസ്സിന്റെ മാജിക്ക്. വോള്യം കൂടുമ്പോള്‍ ലാഭം കൂടുന്നു എന്നര്‍ത്ഥം. ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തുമ്പോള്‍ ആയിരക്കണക്കിന് എണ്ണം ഒറ്റയടിക്ക് നിര്‍മ്മിക്കുമ്പോഴും, നിര്‍മ്മാണച്ചെലവ് കുറയുകയും ലാഭം കൂടുകയും ചെയ്യും.
അതുപോലെ തന്നെ, ലാഭം കൂടുതലാവാനുള്ള മറ്റൊരു വഴി വൈവിധ്യവല്‍ക്കരണമാണ്. കരിമ്പിന് ജ്യൂസ്, ലൈം ജ്യൂസ്, സര്‍ബത്ത്, തണ്ണി മത്തന്‍ എന്നിവ കൂടെ ഇളനീരിനൊപ്പം വില്‍പ്പന നടത്തിയാല്‍, കൂടുതല്‍ വരുമാനം ഉണ്ടാവുകയും, ലാഭം വീണ്ടും കൂടുകയും ചെയ്യുമല്ലോ? ഉല്‍പ്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണം, അല്ലെങ്കില്‍ നിര വര്‍ദ്ധിപ്പിക്കുന്നത് ലാഭം കൂട്ടാനുള്ള മികച്ച വഴിയാണ്. പക്ഷേ, ഒരു പ്രദേശത്ത് കിട്ടുന്ന ബിസിനസ്സ് വോള്യത്തിന് തീര്‍ച്ചയായും പരിമിതി ഉണ്ടാവും. അതായത്, ഒരു പ്രദേശത്ത് നിന്ന് കൊണ്ട്, ഒരു പരിധിക്കപ്പുറം ബിസിനസ്സ് വോള്യം കൂട്ടാനാവില്ല എന്നര്‍ത്ഥം.
അതിനാല്‍, ഇനിയും ലാഭം കൂട്ടാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ? തീര്‍ച്ചയായും ഉണ്ട്. അതാണ് ബിസിനസ്സ് വ്യാപനം. ഇളനീര് ബിസിനസ്സ് കുറച്ചു മാറിയുള്ള ജംഗ്ഷനിലേക്ക് കൂടി വ്യാപിപ്പിക്കുക എന്നതാണ് അടുത്ത മാര്‍ഗ്ഗം. എന്നാല്‍, ശമ്പളത്തിനോ, കമ്മീഷന് വ്യവസ്ഥയിലോ, മറ്റൊരാളെ അവിടത്തെ ചുമതല ഏല്‍പ്പിച്ചാല്‍, തീര്‍ച്ചയായും ലാഭം കുറയും എന്നത് ഉറപ്പാണ്. അത് കൊണ്ട് ഒരു ഇളനീരിന് 4 രൂപ മാത്രമാണ് അറ്റ ലാഭമായി കിട്ടുന്നത് എന്ന് കരുതുക. എങ്കില്‍പ്പോലും അത് മുഴുവന്‍ തന്നെ ലാഭത്തിലേക്കാണ് വന്നു ചേരുന്നത് എന്നതാണ് പ്രാധാന്യമര്‍ഹിക്കുന്നത്. ശരാശരി നൂറ് ഇളനീര് വില്‍ക്കുന്ന 3 കടകള്‍ കൂടെ അദ്ധേഹം ആരംഭിച്ചാല്‍, നാല് കടകളില്‍ നിന്നുമായി 1600 രൂപ അറ്റ ലാഭം മാത്രം കയ്യില്‍ വന്നു ചേരും. ബിസിനസ്സിന്റെ ലാഭ സാധ്യതകൾ, ബിസിനസ്സ് വോള്യം കൂടുമ്പോഴും, ബിസിനസ്സ് വ്യാപിപ്പിക്കുമ്പോഴും എങ്ങിനെ വര്‍ദ്ധിക്കുന്നു എന്ന് വ്യക്തമാക്കാനാണ്, ഈ ഉദാഹരണത്തിലൂടെ ശ്രമിച്ചത്. മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെ തോന്നുമെങ്കിലും ഇപ്പറഞ്ഞതിലും നല്ല രീതിയില്‍ ഇതേ ബിസിനസ്സ്, 8 കടകളും 30 ഓളം ഉന്തുവണ്ടികളും വച്ച് ചെയ്യുന്നയാളുകളെ നേരിട്ടറിയാം.
കൂടുതല്‍ വോള്യവും, ഉല്‍പ്പന്നങ്ങളുടെ / സേവനങ്ങളുടെ വൈവിധ്യവല്‍ക്കരണവും, ബിസിനസ്സ് ലൊക്കേഷന്‍ വ്യാപനവും ഇളനീര് കച്ചവടക്കാരന് മുതല്‍ ആമസോണ്‍ വരെ എല്ലാവര്ക്കും ഒരുപോലെ ബാധകമാണ്. മാത്രമല്ല ബിസിനസ്സിന്റെ വളര്‍ച്ച ഈ മൂന്ന് കാര്യങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെയാണ്, ബിസിനസ്സില്‍ വളര്‍ച്ചയുടെ അതിര് ആകാശമാണ് എന്ന് പറയുന്നത്.
മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടിയുണ്ട്. നാലു കടകളില്‍ നിന്നും ദിവസം 1600 രൂപ കിട്ടിത്തുടങ്ങിയതോടെ, ഇളനീര് കച്ചവടക്കാരന് തന്റെ ആദ്യത്തെ കടയിലും ജോലിക്കാരനെ വച്ചു എന്നു കരുതുക. അങ്ങിനെ അവിടെ നിന്നും ലാഭം കുറഞ്ഞു എങ്കിലും ശരാശരി ഒരു 900 രൂപ കിട്ടുന്നു എന്ന് കരുതിയാല്‍ തന്നെ ദിവസവും 2500 രൂപ, അദ്ധേഹത്തിന് വരുമാനമുണ്ടാവും. രാവിലെ കൃത്യമായി എല്ലാ കടകളിലും സാധനം എത്തിച്ച് കഴിഞ്ഞാല്‍ പിന്നെ, അദ്ധേഹം, വൈകീട്ട് പണം പിരിക്കാന്‍ ഇറങ്ങിയാല്‍ മതിയാകും. അതായത്, അദ്ധേഹം സിനിമ കാണുമ്പോഴും, ഉല്ലാസയാത്ര പോകുമ്പോഴും അദ്ധേഹത്തിന്റെ വരുമാനവും ലാഭവും വളര്‍ന്നു കൊണ്ടേയിരിക്കും എന്നതാണ്, ബിസിനസ്സിനെ തൊഴിലില്‍ നിന്നും വ്യത്യസ്തവും, മികച്ചതുമാക്കുന്നത്.