ഇന്ത്യന്‍ സേനയില്‍ ആദ്യമായി നിയമിക്കപ്പെട്ട ഒരു നായയുണ്ട്. 2005 ല്‍ ഇന്ത്യന്‍ ഗവണ്മെന്റ് അതിവേഗ വേട്ട നായയുടെ ചിത്രം വെച്ച് തപാല്‍ സറ്റാമ്പ് ഇറക്കി ആദരിച്ച കേമനായ നായ. മുഥോള്‍ ഹൗണ്ട് (Mudhol Hound) എന്നാണ് ഇതിന്റെ പേര്. ഇന്ത്യന്‍ കരസേനയ്ക്ക കരുത്ത് പകരുന്ന ഉശിരന്‍ വേട്ട നായയായ ഇത് ഉത്തര കര്‍ണ്ണാടകത്തിലെ ഒരു സ്ഥലമായ മുഥോളില് നിന്ന് ഉത്ഭവിച്ച ഡോഗ് ബ്രീഡാണ്. ഇന്ത്യന്‍ ആര്‍മിയില്‍ സ്ഥിരം റിക്രൂട്ട്മെന്റ് ലഭിച്ച ആദ്യ നായ.

45 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗത്തില്‍ പായുന്ന ഏറ്റവും വേഗതയേറിയ നായകൂടിയാണിത്. നായ ഇനങ്ങളില്‍ ഏറ്റവും ഉയരമുള്ളവരും, ഇടനീളമുള്ളവരും ഇവര്‍ തന്നെയാണ്. തൂവെള്ളനിറത്തിലും, ചെമ്മണ് നിറത്തിലും, കറുപ്പിലും, ചാരനിറത്തിലുമൊക്കെ വേറിട്ട വര്‍ണ്ണ വൈവിദ്ധ്യങ്ങളോടെ മുഥോളിനെ കാണാന്‍ കഴിയും. നീണ്ട് കൂര്‍ത്ത മുഖവും, മെലിഞ്ഞതും, നീളമേറിയതുമായ കാലുകളും, പുലിയിടേതിന് സമാനമായ ഒട്ടിയ വയറും ഒക്കെ മുഥോളിന്റെ നിസ്തുലമായ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.