ഒരു വിമാനാപകടം സംഭവിക്കുമ്പോൾ, രക്ഷാപ്രവർത്തകർ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് അന്വേഷിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ ? ബ്ലാക്ക് ബോക്സ് എന്ന് പറയുമ്പോൾ കറുത്ത നിറത്തിലുള്ള ബോക്സ് ആണ് എല്ലാവരുടെയും മനസ്സിൽ വരുക. എന്നാൽ ഈ ബ്ലാക്ക് ബോക്സിന്റെ നിറം കറുപ്പല്ല. ഓറഞ്ച് നിറത്തിലുള്ള രണ്ട് ഫ്ലൈറ്റ് റെക്കോർഡറുകളെയാണ് ബ്ലാക്ക് ബോക്സ് എന്ന് വിളിക്കുന്നത്.
ഓറഞ്ച് നിറത്തിലുള്ള ബോക്സിനെ എന്തുകൊണ്ടാണ് ബ്ലാക്ക് ബോക്സ് എന്ന് വിളിക്കുന്നത് എന്ന ചിന്ത എല്ലാവരിലുമുണ്ടാവുമല്ലോ ? എന്നാൽ ആദ്യ കാലങ്ങളിൽ ഈ ബ്ലാക്ക് ബോക്സ് കറുത്ത നിറത്തിലായിരുന്നു എന്നതാണ് പ്രധാന കാരണം. പിന്നീട്, നിർമ്മാതാക്കൾ ഇതിന് ഓറഞ്ച് നിറം നൽകുകയായിരുന്നു. നിറം മാറിയപ്പോഴും പേര് ബ്ലാക്ക് ബോക്സ് ആയി തന്നെ തുടർന്നു. വിമാനാപകടങ്ങളെല്ലാം സംഭവിക്കുമ്പോൾ ബ്ലാക്ക് ബോക്സിന്റെ നിറം ഓറഞ്ച് ആയത് കൊണ്ട് തന്നെ പെട്ടന്ന് കണ്ടെത്താനും സഹായകരമാവുന്നു.

ബ്ലാക്ക് ബോക്സ് ഓരോന്നിനും ഏകദേശം 10 കിലോ ഭാരമുണ്ട്. ഓരോ യൂണിറ്റിലും കോക്പിറ്റ്റിലെ ശബ്ദങ്ങൾക്ക് വോയിസ് റെക്കോർഡർ ഉണ്ട്. ഈ ബ്ലാക്ക് ബോക്സിനെ ഫ്ലൈറ്റ് ടാറ്റ റെക്കോർഡർ എന്നും വിളിക്കുന്നു. അലാറം, സംഭാഷണങ്ങൾ, ഡാറ്റ റെക്കോർഡർ, പ്ലെയിൻ ഇൻസ്ട്രുമെന്റ്സ് എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്താനുള്ള സംവിധാനവും ഇതിലുണ്ട്.
ബ്ലാക്ക് ബോക്സ് വളരെ കട്ടിയുള്ള അലുമിനിയം, തീ ഇൻസുലേഷൻ എന്നിവ കൊണ്ട് നിർമ്മിച്ചതാണ്. അതി ശക്തമായ ചൂടിൽ അതിജീവിക്കാൻ കഴിവുള്ള ക്രാഷ് പ്രൂഫും ഇതിന്റെ പ്രത്യേകത ആണ്. അത് കൊണ്ട് ഒരു വിമാനാപകടം സംഭവിച്ചാലും ബ്ലാക്ക് ബോക്സ് അതിജീവിക്കും. 1100 ഡിഗ്രി സെൽഷ്യസും 6000 മീറ്റർ വെള്ളത്തിനടിയിലും ഒരു മണിക്കൂർ വരെ കേടുപാടുകളില്ലാതെ നിലനിൽക്കാൻ കെൽപ്പുള്ളവയാണ് ഇവയ്ക്ക്. വിമാന അപകടങ്ങൾ സംഭവിക്കുമ്പോൾ ബ്ലാക്ക് ബോക്സിലെ ലൊക്കേറ്റർ ബീക്കൺ ഓൺ ആവുകയും സിഗ്നൽ അയയ്ക്കുകയും ചെയ്യുന്നു, ഇത് 30 ദിവസം വരെ തുടരുകയും ചെയ്യും.