
Sub Editor, NowNext
ഒരോ വര്‍ഷവും ഒരോരുത്തരുടെ പ്രതീക്ഷകളും സ്വപ്നങ്ങളും പുതിയതായി കൊണ്ടേയിരിക്കുന്നു. തികച്ചും പുതിയ ജീവിതത്തിലേക്കുള്ള യാത്രയുടെ പ്ലാനിങ്ങ്
എന്നത് പുതിയ വര്‍ഷത്തിന്റെ പിറവിയിലായിരിക്കും. അങ്ങനെ മാറ്റങ്ങളിലൂടെയുള്ള തുടക്കം.
ജീവിതം പൂര്‍ണ്ണമായി മാറുമ്പോള്‍ നമ്മുടെ ലക്ഷ്യങ്ങളിലുള്ള മാറ്റങ്ങള്‍ നിര്‍ണ്ണയിക്കാനും അത് പ്രാവര്‍ത്തികമാക്കാനുമെല്ലാം ഒരു പുതുവര്‍ഷം നല്ലതായ തുടക്കമാണ്. പുതിയ ജോലി തേടുന്നവര്‍ക്കും കരിയറില്‍ മാറ്റങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്കും പുതുവര്‍ഷത്തില്‍ നേടാന്‍ കാര്യങ്ങള്‍ ഏറെയാണ്. ഒരു വര്‍ഷത്തിലെ ഏറ്റവും തിരക്കിട്ട തൊഴില്‍ അന്വേഷണ മാസവും ഈ ജനുവരിയാണെന്നത് പറയാതെ വയ്യ.
ഒരാള്‍ തന്റെ കരിയറില്‍ ശരാശരി 10 മുതല്‍ 15 വരെ തവണ തൊഴിലിടം മാറുമെന്നാണ് കണക്ക്. മുന്‍ കാലഘട്ടങ്ങളില്‍ നിന്ന് വ്യത്യസ്തമായി പലരും ഇഷ്ടമില്ലാത്ത ജോലിയിലും തൊഴിലിടങ്ങളിലും ഇന്ന് കടിച്ചു തൂങ്ങാറില്ല. 2021 ല്‍ പുതിയ കരിയര്‍ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നവര്‍ക്കും പുതിയ ലക്ഷ്യങ്ങള്‍ കുറിക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്കും താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം.
നിങ്ങളുടെ കഴിവുകളുടെ പട്ടിക തയ്യാറാക്കുക
നിങ്ങളുടെ ജോലിയും വോളന്റിയറിങ് പ്രവര്‍ത്തനവും പഠനേതര പ്രവര്‍ത്തനങ്ങളും അക്കാദമിക ചരിത്രവുമെല്ലാം ഒരിക്കല്‍ കൂടി അവലോകനം ചെയ്യുക. നിങ്ങള്‍ക്ക് ആസ്വാദ്യകരമായി തോന്നിയ മുന്‍കാല തൊഴിലുകള്‍ ഏതൊക്കെയായിരുന്നു എന്നും എന്തു കാര്യമാണ് നാളിതു വരെ ആസ്വദിച്ചു ചെയ്തതെന്നും കണ്ടെത്തുക. അതുമായി ബന്ധപ്പെട്ടു നിങ്ങള്‍ വളര്‍ത്തിയ നൈപുണ്യങ്ങള്‍ ഏതൊക്കെയെന്നതിനെ കുറിച്ചൊരു പട്ടിക തയ്യാറാക്കുക. ഉദാഹരണത്തിന് നന്നായി എഴുതാനുള്ള ശേഷി, ആശയവിനിമയ പാടവം, നേതൃത്വശേഷി, വിപണന ശേഷി എന്നിങ്ങനെ നൈപുണ്യങ്ങളുടെ പട്ടിക തയ്യാറാക്കണം. അതിനു ശേഷം ഇവയില്‍ ഏതൊക്കെ നൈപുണ്യങ്ങളെയാണ് പുതിയ കരിയറില്‍ നിങ്ങള്‍ ഉപയോഗപ്പെടുത്താന്‍ പോകുന്നതെന്ന് തീരുമാനിക്കണം.
കരിയര്‍ ഗവേഷണം
കരിയറിനെ പറ്റി എത്ര കൂടുതല്‍ ഗവേഷണം നടത്തുന്നോ തീരുമാനങ്ങളെടുക്കാനും കരിയര്‍ ലക്ഷ്യങ്ങള്‍ കുറിക്കാനും അത്രയും എളുപ്പമാകും. വെബ്സൈറ്റുകള്‍ വഴിയോ, പുസ്തകങ്ങളും മാസികകളും വഴിയോ ഒക്കെ താല്പര്യമുള്ള കരിയറുകളെ കുറിച്ചു വായിച്ചു തുടങ്ങുക. ഒരോ ആഴ്ചയും ഗവേഷണം നടത്താന്‍ പുതിയ രണ്ടു കരിയര്‍ കണ്ടെത്തി അവയെ കുറിച്ചുള്ള വിവരങ്ങള്‍ കുറിച്ചു വയ്ക്കുക. നിങ്ങളുടെ നൈപുണ്യ പട്ടികയും ഈ കരിയറുകളും തമ്മില്‍ തുലനം ചെയ്യുക. നിങ്ങളുടെ ഇഷ്ടവും നൈപുണ്യങ്ങളുമായി ശരിക്കും പൊരുത്തപ്പെടുന്ന കരിയറുകളെ പറ്റി ഗവേഷണം നടത്താന്‍ പുതിയ ചോദ്യങ്ങള്‍ കണ്ടെത്തുക. ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തി കഴിയുമ്പോഴേക്കും അവ നമുക്ക് ശരിക്കും അനുയോജ്യമായ കരിയറാണോ എന്നൊരു ഏകദേശ ധാരണ ലഭിക്കും.
സുഹൃത്തുക്കള്‍ എന്തു ചെയ്യുന്നു
സാമൂഹിക മാധ്യമങ്ങളുടെ യുഗത്തില്‍ കൂട്ടുകാര്‍ക്കും നെറ്റ് വര്ക്കിങ്ങിനുമൊന്നും യാതൊരു ബുദ്ധിമുട്ടുമില്ല. കൂട്ടുകാരുടെ ഇടയില്‍ നിങ്ങള്‍ക്കു താത്പര്യമുള്ള ജോലി ചെയ്യുന്നവരെ കണ്ടെത്തുക. അവരുടെ തൊഴില്‍ ജീവിതം എപ്രകാരമെന്നു ചോദിച്ചു മനസ്സിലാക്കുക. നിങ്ങളുടെ കഴിവുകളുടെ പട്ടിക അവരുമായി പങ്കുവച്ചു വിവിധ കരിയര്‍ സാധ്യതകള്‍ കണ്ടെത്താന്‍ സഹായം തേടുക. നിങ്ങള്‍ക്കു താല്പര്യമുള്ള മേഖലയിലെ വ്യക്തികളുമായി കൂടിക്കാഴ്ച നടത്താനും ഈ സുഹൃത്തുക്കള്‍ വഴി സാധിക്കും.
ജോബ് ഷാഡോയിങ്
ജോബ് ഷാഡോയിങ്ങ് നമ്മുടെ നാട്ടില്‍ അത്ര പ്രചാരമില്ല. എന്നാല്‍ വിദേശത്തൊക്കെ സര്‍വ സാധാരണമാണ്. ഒരു പ്രത്യേക ജോലിയില്‍ താല്പര്യമുള്ള വിദ്യാര്‍ഥികള്‍ അതു ചെയ്യുന്ന പ്രഫഷണലിനൊപ്പം ഒന്നോ രണ്ടോ ദിവസം അവരുടെ ഓഫീസില്‍ സമയം ചെലവിട്ട് ആ ജോലിയെ കുറിച്ചു നേരിട്ടു കണ്ടറിഞ്ഞു പഠിക്കുന്നതിനെയാണ്
ജോബ് ഷാഡോയിങ് എന്ന് പറയുന്നത്. ചിലപ്പോള്‍ ദിവസങ്ങള്‍ ആഴ്ചകള്‍ തന്നെയാകാം. കരിയര്‍ മാറ്റം ആഗ്രഹിക്കുന്നവര്‍ക്കും ഒഴിവു ദിവസം കണ്ടെത്തി ജോബ് ഷാഡോയിങ്ങില് ഏര്‍പ്പെടാവുന്നതാണ്. ഇത് ഒരു ജോലിയിലേക്ക് എടുത്ത് ചാടും മുന്‍പു നേരിട്ടു കണ്ടറിഞ്ഞ് ഒരു തീരുമാനം അതിനെ കുറിച്ച് എടുക്കാന്‍ സഹായിക്കുന്നു.
വോളന്റിയറാകുക
നിങ്ങള്‍ തിരഞ്ഞെടുത്ത മേഖലയില്‍ വോളന്റിയര്‍ സാധ്യതകളും അന്വേഷിക്കാവുന്നതാണ്. പുതിയ കരിയര്‍ മേഖലകളിലേക്ക് കടന്നു ചെല്ലുമ്പോള്‍ അതിന്റെ ഒരു യഥാര്‍ഥ ചിത്രം ഇത്തരം വോളന്റിയറിങ് ഇന്റേണ്‍ഷിപ്പ് ഘട്ടങ്ങളില്‍ ലഭിക്കുന്നതാണ്. ഇതു നിങ്ങളുടെ റെസ്യൂമെയിലും തൊഴില്‍ പരിചയത്തില്‍ ചേര്‍ക്കാന്‍ സാധിക്കും. കഴിവും ഭാഗ്യവും ഒത്തു വന്നാല്‍ ചിലപ്പോള്‍ വോളന്റിയറിങ് ഒരു മുഴുനീള ജോലിയാകാനും മതി.
വീണ്ടും പഠനത്തിലേക്ക്
ചില കരിയര്‍ മേഖലകളിലേക്ക് പോകാന്‍ നിങ്ങള്‍ക്ക് നിലവിലുള്ള യോഗ്യതകള്‍ പോരാതെ വരും. അപ്പോള്‍ പുതിയ കഴിവുകള്‍ ആര്‍ജ്ജിക്കാന്‍ വീണ്ടും പഠിക്കാന്‍ തയ്യാറാകണം. സൗജന്യമായി ലഭിക്കുന്ന ഓണ്‍ലൈന്‍ കോഴ്സുകള്‍ ഉള്‍പ്പെടെ പുതിയ നൈപുണ്യങ്ങള്‍ പഠിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്.
ചെറിയ രീതിയിലെങ്കിലുമുള്ള കരിയര്‍ പ്ലാനിങ്ങ് നിങ്ങളുടെ പുതുവര്‍ഷത്തില്‍ പുതുമയുള്ള കരിയര്‍ സാധ്യതകള്‍ നല്കാന് കെല്പുള്ളവയാണ്. ഈ പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ നല്ല ഭാവിക്കായി പ്രയത്നിക്കാം.