2001 ൽ ന്യൂസിലൻഡിന്റെ അന്നത്തെ പ്രധാന മന്ത്രിയായിരുന്ന ഹെലൻ ക്ലർക്കിന്റെ ഓഫീസിൽ പതിനേഴാം വയസ്സ് മുതൽ ലേബർ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചതിന്റെ അനുഭവ സമ്പത്തുമായി ഗവേഷക വിഭാഗത്തിൽ ജോലി നോക്കാൻ എത്തിയ 21 കാരിയായ ഒരു സാധാരണ പെൺകുട്ടിയായിരുന്നു ജസീന്ത ആർഡൻ. 2001 ൽ ഒരു സാധാരണ ജോലിയിൽ നിന്നും ആ പെൺകുട്ടി 16 വർഷങ്ങൾക്ക് ശേഷം 2017 ൽ ഒരു രാജ്യത്തിൻറെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പ്രധാനമന്ത്രി എന്ന ചരിത്രം കുറിച്ചാണ് തിരിച്ചു വന്നത്.
മറ്റുള്ള രാജ്യ തലവന്മാർ പറയാനും, ചർച്ച ചെയ്യാനും മടിച്ച പല കാര്യങ്ങളും തുറന്നു പറഞ്ഞ് തന്റെ നിലപാടുകളിലൂടെ തന്നെയാണ് അവർ ലോക ചരിത്രത്തിൽ അറിയപ്പെടുന്നത്. ഗോത്ര വിഭാഗങ്ങളുടെയും, താഴ്ന്ന നിലയിലുള്ളവരുടെയും അവകാശങ്ങൾ, ലൈംഗിക ന്യൂന പക്ഷങ്ങളുടെ പ്രാധിനിത്യം, കുട്ടികളുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങൾ, ഭവന, കാലാവസ്ഥാ സംബന്ധമായ അടിസ്ഥാന വർഗങ്ങളുടെ ഉന്നമനം, കുടിയേറ്റക്കാരെ ചേർത്ത് പിടിക്കേണ്ടതിന്റെ ആവശ്യകത എന്നീ വിഷയങ്ങളിൽ ജസീന്തയുടെ നിലപാട് ലോക ചരിത്രത്തിൽ എഴുതി വെക്കപ്പെടേണ്ടതാണ്. ഇത്തരം വിഷയങ്ങൾ മധ്യ വർഗ യുവജനങ്ങളിൽ എത്തിക്കാനും ജസീന്തയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അത് കൊണ്ട് തന്നെയാവാം ലേബർ പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തോടെ ഭരണ തുടർച്ച ഉണ്ടാക്കാൻ ജസീന്തയ്ക്ക് കഴിഞ്ഞതും.
ഗോത്ര വംശജർ ധാരാളമുള്ള മുരുപുരയിലായിരുന്നു ജസീന്തയുടെ ബാല്യം, പട്ടിണിയും, ദാരിദ്ര്യവും കൊടി കൊണ്ടിരുന്ന തന്റെ ഗ്രാമത്തിലെ ദൃശ്യങ്ങൾ കണ്ടാണ് ജസീന്ത വളർന്നത്. അത് കൊണ്ട് തന്നെ താൻ പൊതു പ്രവർത്തന രംഗത്ത് സജീവമാകാൻ തുടങ്ങിയതെന്ന് പറയുന്നു.
1980 ജൂലൈ 26 ന് ന്യൂസിലന്റിലെ ഹാമിൽട്ടണിൽ ജനിച്ച ജസീന്തയുടെ പിതാവ് റോസ് ആർഡൺ ഒരു പോലീസ് ഉദ്യോഗസ്ഥനും, അമ്മ ലോറൽ ആർഡൺ ഒരു സ്കൂളിലെ പാചക സഹായി ആയിരുന്നു. മോരിൻസ്വിൽ കോളേജ്, വൈകാടോ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായാണ് പഠനം. രാഷ്ട്രീയത്തിലും, പബ്ലിക് റിലേഷൻസിലും ബി.സി.എസ് ബിരുദം നേടി. പഠനത്തിന് ശേഷം ലേബർ പാർട്ടി ഓഫീസിലെ ജോലികൾ ചെയ്യുകയായിരുന്ന ജസീന്ത, 1999 ൽ ലേബർ പാർട്ടി സ്ഥാനാർഥി ആയിരുന്ന ഹാരി ഡെയ്ൻ ഹോവെൻന് വേണ്ടി പ്രചാരണം നടത്തി യാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. മുൻ ബ്രിട്ടീഷ് പ്രധാന മന്ത്രി ടോണി ബ്ലെയർ നയിച്ച പോളിസി സംഘത്തിന്റെ ഉപദേഷ്ടാവായും ജോലി നോക്കിയിരുന്നു
2007 ൽ ഇന്റർനാഷണൽ യൂണിയൻ ഓഫ് സോഷ്യലിസ്റ്റ് യൂത്ത് ന്റെ പ്രസിഡന്റായി തെരഞ്ഞെടുത്ത് നേതൃ പാടവം തെളിയിച്ച് 2008 ൽ ആദ്യമായി പാർലമെന്റ് തെരഞ്ഞെടുപ്പ് നേരിട്ടെങ്കിലും പരാജയപ്പെട്ടു. എങ്കിലും പാർട്ടിയുടെ ലിസ്റ്റഡ് സ്ഥാനാർഥി യായി ജസീന്ത പാർലമെന്റിൽ എത്തി. 17 ആം വയസിൽ രാഷ്ട്രീയ രംഗത്തേക്ക് കൈ പിടിച്ച് കയറ്റിയ പിതൃ സഹോദരി മേരി ആർഡനും, ജസീന്ത രാഷ്ട്രീയ ഗുരു ആയി കാണുന്ന ഹെലൻ ക്ലർക്കുമാണ് ജസീന്തയെ ഇന്നത്തെ ശക്തയായ വനിതയാക്കി മാറ്റിയത്.
പലപ്പോഴും തന്റെ നിലപാടുകളിലൂടെ ലോകത്തെ ഞെട്ടിച്ചിട്ടുള്ള ജസീന്ത, ഐക്യ രാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ 3 വയസുള്ള തന്റെ മകളെയും കയ്യിലെടുത്ത് കൊണ്ട്, അമ്മമാരായ മറ്റ് ഉത്തരവാദിത്വമുള്ള സ്ത്രീകൾക്കും അധികാര കേന്ദ്രങ്ങളിൽ സ്ഥാനമുണ്ടെന്ന് ലോകത്തിന് സന്ദേശം നൽകുകയും, തൊഴിലിടങ്ങളിൽ ഇത്തരം സ്ത്രീകളെ പരിഗണിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കുകയാണ് ചെയ്തത്. കുഞ്ഞിനെ വളർത്തുന്നതിന്റെ ഉത്തരവാദിത്വം പങ്കാളിയായ ക്ലാർക്ക് ഗാഫോർഡ് ഏറ്റെടുത്തതും ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. മറ്റൊരു സന്ദർഭത്തിൽ ക്രിസ്റ്റർസ് വെടിവെപ്പിൽ മുസ്ലിം മത വിശ്വാസികളെ ആലിംഗനം ചെയ്തു ആശ്വസിപ്പിക്കുന്നതും ലോക ജനത ഒട്ടേറെ ചർച്ച ചെയ്ത സംഭവങ്ങളാണ്.
2019 ൽ 51 പേർ മരിച്ച ഈ സംഭവത്തിൽ താനും തന്റെ രാജ്യവും മുസ്ലിം വിരുദ്ധ പൊതു ബോധത്തെ അംഗീകരിക്കുന്നില്ല എന്ന് ശിരോ വസ്ത്രം ധരിച്ച് കൊണ്ട് പ്രഖ്യാപിക്കുകയും ചെയ്തു. തൊട്ടടുത്ത വെള്ളിയാഴ്ച് കൊല്ലപ്പെട്ടവർക്ക് ആദര സൂചകമായി ന്യൂസിലാന്റ് ടി.വി യിലൂടെയും, റേഡിയോയിലൂടെയും ബാങ്ക് വിളിക്കുകയും, അടുത്ത പാർലമെന്റിൽ ഖുർആൻ പറയണം ചെയ്യുകയും ഉണ്ടായി. തങ്ങൾക്കിടയിൽ വിഭാഗീയതയ്ക്ക് സ്ഥാനമില്ല എന്ന് തുറന്ന് പ്രഖ്യാപിച്ച് കൊണ്ട് അസ്സലാമു അലൈക്കും എന്ന് തുടങ്ങിക്കൊണ്ട് തന്റെ പാർലമെന്റ് സമ്മേളനം ആരംഭിച്ചത്.

ആദ്യ ഇന്ത്യൻ വംശജയായ പ്രിയങ്ക രാധാകൃഷ്ണൻ എന്ന മലയാളി, ന്യൂസിലൻഡിന്റെ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കുന്നതും ജസീന്ത ആർഡൻ എന്ന കരുത്തുറ്റ വനിതയുടെ പിൻബലത്തോടെയാണ്. ന്യൂസിലൻഡിന്റെ ചരിത്രത്തിൽ കേരളത്തിനും ഇന്ത്യയ്ക്കും ഇടം നൽകിയ ആർഡൻ ന്യൂസിലാൻഡ്ക്കാർക്ക് മാത്രമല്ല ലോകത്തിന് തന്നെ അഭിമാനിക്കാവുന്ന വനിതയാണ്.
കോവിഡ് മഹാമാരി ലോകം മുഴുവൻ തകർത്തെറിയാൻ തുടങ്ങിയപ്പോൾ, ചുരുങ്ങിയ കാലം കൊണ്ട് പിടിച്ചു കെട്ടി അസുഖം തുടച്ച് നീക്കിയതും ന്യൂസിലാൻഡിൽ തന്നെയായിരുന്നു. മരണ നിരക്ക് 22 ൽ ചുരുക്കി നിർത്താനും സാധിച്ചു. കർശനമായ ലോക്ക് ഡൗണും, മറ്റു പ്രതിരോധങ്ങളും ഏർപ്പെടുത്തി രാജ്യത്തെ കോവിഡ് പോരാട്ടത്തെ മുന്നിൽ നിന്ന് നയിച്ചു. സോഷ്യൽ മീഡിയയിൽ പൊതു ജനങ്ങളോട് സംവദിക്കുന്ന, ലൈംഗിക ന്യൂനപക്ഷങ്ങളുടെ ഘോഷയാത്രയിൽ പങ്കെടുക്കുന്ന, രാജ്യം കോവിഡ് മുക്തമാണ് എന്ന് പറഞ്ഞ് നൃത്തം ചെയ്ത ജസീന്ത ആർടൺ ആധുനിക ലോക രാഷ്ട്രീയത്തിന് ഒരു പുതിയ പഠന ശാഖ തന്നെ വെട്ടി തെളിച്ച് കൊണ്ടിരിക്കുകയാണ്.