മനുഷ്യന്റെ പല്ലുകളോട് സാദൃശ്യമുള്ള പല്ലുകളോടു കൂടിയ ഒരു ശുദ്ധജല മത്സ്യമാണ് “പാക്കു”. ബ്രസീലിലെ ആമസോൺ നദിയിലാണ് ഈ മത്സ്യം കൂടുതലായി കണ്ടുവരുന്നത്. 10- ഇഞ്ച് മുതൽ മൂന്നര അടി വരെ വലിപ്പമുളള പാക്കു മത്സ്യങ്ങളുണ്ട്..!!!
ആക്രമണകാരികളായ പിരാനാ മത്സ്യത്തിന്റെ ബന്ധു കൂടിയായ പാക്കുവിന് ഉറപ്പുള്ള താടിയെല്ലും, ബലമേറിയ പല്ലുകളുമുണ്ട്; പിരാനയുടേത് കൂർത്ത് മൂർച്ചയേറിയ പല്ലുകളാണെങ്കിൽ, പാക്കുവിന്റേത് മുകൾ ഭാഗം പരന്ന രണ്ട് നിര പല്ലുകളാണ്. നദിയില്‍ വീഴുന്ന പഴങ്ങളും കായകളും, വെളളത്തിനടിയിലെ കിഴങ്ങുകളും ഒക്കെ ചവച്ചരച്ച് ഭക്ഷിക്കാന്‍ പറ്റിയ ഘടനയാണ് പാക്കുവിന്റെ പല്ലുകള്‍ക്കുള്ളത്. പാക്കു മത്സ്യങ്ങൾ വിവിധ ഇനങ്ങളുണ്ട്. ഇവ തമ്മിൽ ആകൃതിയിലും നിറത്തിലും വിത്യാസങ്ങൾ കാണപ്പെടാറുണ്ട്. കറുപ്പ്, വെള്ളി, ഇളം ചുവപ്പ്, ചാര എന്നീ നിറങ്ങളിൽ പാക്കു മത്സ്യം കാണപ്പെടുന്നു.
2013-ല്‍ ആഫ്രിക്കയിലെ ന്യൂ ഗിനിയയില്‍ വെച്ച് രണ്ട് മത്സ്യ തൊഴിലാളികളെ പാക്കു മത്സ്യം ആക്രമിച്ച് കൊന്നതായി വ്യാജ വാർത്ത പരന്നു. അതോടുകൂടി പാക്കു മത്സ്യം മാധ്യമങ്ങളില്‍ വലിയ ചർച്ചയായി. പിന്നീട് ബാള്‍ കട്ടര്‍, ട്ടെസ്റ്റിക്കിള്‍ ഈറ്റിംഗ് ഫിഷ് എന്നി രണ്ട് വട്ടപ്പേരുകളില്‍ പാക്കു അറിയപ്പെടാന്‍ തുടങ്ങി.
ഇതിനിടയിൽ, ലോകത്ത് പലയിടത്തും പാക്കുവിനെ ചില്ലുകൂട്ടില്‍ ഇട്ട് അലങ്കാര മത്സ്യമായി (പല്ലൻ മത്സ്യം) വളര്‍ത്തുന്ന പതിവ് ആരംഭിച്ചു. പക്ഷെ, പാക്കു മത്സ്യ ഇനങ്ങളിൽ വലിപ്പം കൂടിയവയെ വീടുകളിൽ വളർത്താൻ പ്രയാസമായിരുന്നു. കാരണം, വലിയ പാക്കു മത്സ്യങ്ങൾക്ക് മൂന്നര അടി നീളവും ഇരുപത്തി അഞ്ചു കിലോയിൽ അധികം ഭാരവുമുണ്ടായിരുന്നു. അതോടെ പലരും പാക്കുവിനെ തടാകങ്ങളിലും, നദിയിലും ഒക്കെ ഉപേക്ഷിച്ചു..!!

അപ്പോഴേക്കും പാക്കു ആമസോണും കടന്ന് പല രാജ്യങ്ങളിലും എത്തിയിരുന്നു. പിന്നീടും പാക്കു മത്സ്യം മനുഷ്യരെ ആക്രമിച്ചതായി വ്യാജ വാര്‍ത്തകള്‍ വന്നു. പാക്കു മത്സ്യമുള്ള നദികളില്‍ ഇറങ്ങാന്‍ മനുഷ്യർക്ക് ഭയമായി. പല രാജ്യങ്ങളിലും പാക്കു ആക്രമണത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ ഉണ്ടായി. അപ്പോഴേക്കും പാക്കു സാങ്കല്‍പ്പികമായി കൊടും ഭീകരന് ആയി മാറിയിരുന്നു.
എന്നാൽ, മത്സ്യങ്ങളെക്കുറിച്ച് പഠനം നടത്തുന്ന വിദഗ്ദര്‍ പറയുന്നത് ന്യൂ ഗിനിയയിലും, മറ്റു രാജ്യങ്ങളിലും ഒക്കെ പാക്കുവുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ 100% വ്യാജമാണെന്നും, പാക്കു മത്സ്യം അപകടകാരി അല്ലെന്നുമാണ്. ഗൂഗിളിൽ നിന്നും കിട്ടുന്ന പുതിയ വിവരങ്ങളും പാക്കു ഭൂരിഭാഗവും വെജിറ്റേറിയൻ ഭക്ഷണമാണ് കഴിക്കുന്നതെന്നാണ്. കിഴങ്ങുകളുടെയും കായ്കനികളുടെയും അഭാവത്തിൽ അപൂർവ്വമായി ഇവ ചെറു മത്സ്യങ്ങളേയും ഭക്ഷിക്കാറുണ്ടെങ്കിലും മനുഷ്യരെ ഇവ ആക്രമിക്കാറില്ല, അപകടകാരിയുമല്ല.!!
വടക്കേ അമേരിക്കൻ സ്വദേശിയായ പാക്കുമത്സ്യത്തിന്റെ ആയുസ് 15- മുതൽ 25- വർഷം വരെയാണ്. പെൺ മത്സ്യം ഒന്നര ലക്ഷം മുതൽ രണ്ട് ലക്ഷം മുട്ടകൾ വരെ ഇടാറുണ്ട്. മുഴുവൻ മുട്ടകളും വിരിയാറില്ല: ഇവയ്ക്ക് വംശനാശ ഭീഷണിയുമില്ല. ആമസോൺ നദിയിൽ നിന്നും പിടികൂടുന്ന മത്സ്യങ്ങളുടെ പട്ടികയിൽ 15-ആം സ്ഥാനത്താണ് പാക്കു. കാരണം, ഇന്ന് മനുഷ്യരുടെ ഇഷ്ട വിഭവങ്ങളിലൊന്നാണ് പാക്കു മത്സ്യം. കേരളത്തിൽ “റെഡ് ബെല്ലി” എന്ന പേരിലാണിവൻ അറിയപ്പെടുന്നത്.