കേരളത്തിലെ നവോഥാന നായകരിൽ പ്രധാനിയാണ് ചട്ടമ്പി സ്വാമികൾ. 1853 ആഗസ്ത് 25 നു തിരുവനന്തപുരത്തെ കണ്ണമ്മൂലയിലാണ് ജനനം. കുഞ്ഞൻ പിള്ള എന്നതാണ് സ്വാമികളുടെ യഥാർത്ഥ പേര്. ചെറുപ്പകാലത്ത് പഠനത്തിലുള്ള സാമർഥ്യം കാരണം “വിദ്യാധിരാജൻ“ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ പഠനത്തിലെ മിടുക്ക് മോണിറ്റർ എന്നർത്ഥം വരുന്ന “ചട്ടമ്പി” എന്ന പദവി ലഭിക്കുന്നതിന് കാരണമായി. കുട്ടിക്കാലത്ത് ഗുരുവിന്റെ അയിത്താചാരങ്ങളോട് കടുത്ത എതിർപ്പായിരുന്നു അദ്ദേഹത്തിന്. അത് കൊണ്ട് തന്നെ യാഥാസ്ഥിതിക ആചാരങ്ങളെ വെല്ലുവിളിച്ച സ്വാമികൾ അന്യ സമുദായക്കാരായ സുഹൃത്തുക്കളോട് അടുത്തിടപഴകുകയും അവരുടെ വീടുകളിൽ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം തന്നെ യാഥാസ്ഥിതിക സവർണ്ണ സമൂഹത്തിനു സ്വാമികളോട് അപ്രിയം വർധിപ്പിക്കാൻ കാരണങ്ങളായി.
ജീവകാരുണ്യ പ്രവർത്തനങ്ങൾ, അയിത്ത നിർമാർജ്ജന പ്രവർത്തനങ്ങൾ എന്നിവയിൽ വിപ്ലവകാരമായ നേതൃത്വമാണ് സ്വാമികൾ നടത്തിയത്. 1903 ൽ ശാസ്താംകോട്ടയിൽ വച്ച് നടത്തിയ പ്രഭാഷണത്തിൽ, “അയിത്തം അറബിക്കടലിൽ തള്ളേണ്ട കാലം കഴിഞ്ഞു“ എന്ന പ്രഖ്യാപനം അദ്ദേഹം നടത്തി. ഫ്യൂഡൽ വ്യവസ്ഥയിലെ അഴിമതികൾക്കെതിരെ അദ്ദേഹം ആഹ്വാനം ചെയ്തു നടപ്പാക്കിയ “പട്ടി സദ്യ” ചരിത്രത്തിന്റെ ഭാഗമാണ്. ഹിന്ദുമതത്തിൽ അന്ന് പുലർത്തിപ്പോന്ന തെറ്റായ രീതികളോടും, വൈദേശികമായ മതാധിപത്യത്തോടും കടുത്ത പ്രതിഷേധമാണ് അദ്ദേഹം ഉയർത്തിയിരുന്നത്. അദ്ദേഹത്തിന്റെ ആദ്യ കൃതിയായ “സർവ്വമത സാരസ്യം” എല്ലാ മതങ്ങളുടെയും അർത്ഥം ഒന്നു തന്നെയെന്ന വാദമാണ് മുന്നോട്ട് വയ്ക്കുന്നത്. സ്ത്രീകൾ വേദം പഠിക്കുന്നത് തടഞ്ഞിരുന്ന ആ കാലത്ത്, എല്ലാ സ്ത്രീകൾക്കും വേദം പഠിക്കാവുന്നതാണ് എന്നു വേദങ്ങളെ ഉദ്ധരിച്ചുകൊണ്ട് തന്നെ അദ്ദേഹം വാദിച്ചിരുന്നു. പുരോഹിത വർഗ്ഗത്തിന്റെ മേധാവിത്വം അവസാനിക്കണമെന്ന് സ്വാമികൾ ആഹ്വാനം ചെയ്തിരുന്നു.

കുറച്ചുകാലം സെക്രട്ടേറിയറ്റിലെ കണക്കപ്പിള്ളയായും, ആധാരമെഴുത്തുകാരനായും ജോലി ചെയ്തിട്ടുള്ള സ്വാമികളുടെ ജീവിതത്തിലെ കുറച്ചു കാലം സഞ്ചാരമായിരുന്നു. ഇക്കാലയളവിൽ ആനന്ദകുമാര വേലു എന്ന സിദ്ധനിൽ നിന്നും രഹസ്യ മന്ത്രോപദേശം ലഭിച്ചു എന്ന് പറയപ്പെടുന്നു. ശ്രീ നാരായണ ഗുരു, നീലകണ്ഠപാദർ, പരമഹംസ തീർത്ഥപാദർ എന്നിവരുമായി മികച്ച ബന്ധം സൂക്ഷിച്ചിരുന്നു. അത് മൂലം , കേരള പൊതു സമൂഹത്തിനു ലഭിച്ച ദാർശനിക ബോധങ്ങൾ വളരെ വലുതാണ്. തികഞ്ഞ സസ്യഭുക്കായ സ്വാമികൾ തന്റെ ജീവിതത്തിൽ അഹിംസാസങ്കല്പം നിഷ്ഠയോടെ പുലർത്തിപ്പോന്നിരുന്നു. 1892 ൽ സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ചപ്പോൾ ചട്ടമ്പി സ്വാമികളെ നേരിൽ കാണുകയും, ചിന്മുദ്രയെക്കുറിച്ച് ഉപദേശം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
ചരിത്രകാരൻ, ശൈവയോഗി, വേദാന്തി എന്നീ നിലകളിൽ പ്രശസ്തി നേടിയ ചട്ടമ്പി സ്വാമികൾ കേരളത്തിന്റെ നവോത്ഥാന നായകരിൽ പ്രധാനിയായാണ്. അദ്ദേഹത്തിന്റെ ഉത്ബോധനങ്ങൾ സമൂഹത്തിനു ചെയ്ത സംഭാവനകൾ എണ്ണമറ്റതും എന്നും സ്മരിക്കപ്പെടേണ്ടതുമാണ്.