മാറമ്പിള്ളി എം.ഇ.എസ്. കോളേജിലെ എം.എസ്സി. ബയോ കെമിസ്ട്രി വിദ്യാർഥിനിയായ ആരതി രഘുനാഥ് കോവിഡ് കാലത്തെ അടച്ചുപൂട്ടലുകൾക്കിടയിൽ വ്യത്യസ്തമായ ഒരു നേട്ടത്തിന് ഉടമയായിരിക്കുന്നു. തൊണ്ണൂറ് ദിവസം കൊണ്ട് ആരതി പഠിച്ച് പാസായത്, വിദേശ യൂണിവേഴ്സിറ്റികൾ നടത്തുന്ന 350 ഓൺലൈൻ കോഴ്സുകൾ. ലോക റെക്കോഡ് സ്ഥിരീകരിച്ച് യൂണിവേഴ്സൽ റെക്കോഡ് ഫോറത്തിന്റെ (URF) അറിയിപ്പ് ആരതിക്ക് ലഭിച്ചു. ഓൺലൈൻ പ്ളാറ്റ്ഫോമായ കോഴ്സിറ വഴിയാണ് വീട്ടിലിരുന്ന് പഠിച്ച് സർട്ടിഫിക്കറ്റുകൾ നേടിയത്. ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി, ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഡെന്മാർക്ക്, കെയ്സ്റ്റ്, സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്ക്, യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ, എസ്.യു.എൻ.വൈ., യൂണിവേഴ്സിറ്റി ഓഫ് കോപ്പൻഹാഗൻ, യൂണിവേഴ്സിറ്റി ഓഫ് റോച്ചസ്റ്റർ, എമോറി യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് വെർജീനിയ, കോഴ്സിറ പ്രൊജക്ട് നെറ്റ്വർക്ക് എന്നിവയിൽ നിന്നാണ് ആരതി സർട്ടിഫിക്കറ്റുകൾ പഠിച്ചു നേടിയത്.
കോളേജിലെ ഓൺലൈൻ പഠനത്തിനൊപ്പം ജൂണിൽ മുതലാണ് പഠനം തുടങ്ങുന്നത്. ബയോളജിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കൂടുതലും. എറണാകുളം – എളമക്കര സ്വദേശികളായ എം.ആർ. രഘുനാഥിന്റെയും കലാദേവിയുടെയും മകളാണ്. കോവിഡ് കാലം സൃഷ്ടിച്ച അനിശ്ചിതാവസ്ഥയേയും പ്രതിസന്ധികളെയും മികച്ച രീതിയിൽ തനിക്ക് നേട്ടങ്ങളുണ്ടാക്കാനുള്ള അവസരമായി കണ്ടു പരിശ്രമിച്ച ഈ 22 കാരി മലയാളികൾക്ക് അഭിമാനമാണ്.
