
Ravi Mohan
CEO of NowNext | Marketing Guru
Career Consultant | Startup Mentor
facebook.com/ravi.mohan.12
ഒരു ജേർണലിസ്റ്റ് ആകണമെന്ന മോഹം നിങ്ങളുടെ മനസ്സിലുണ്ടോ? ഒപ്പം സ്പോർട്സ് നിങ്ങളുടെ ഇഷ്ടപ്പെട്ട മേഖലയാണോ? രണ്ടു ചോദ്യങ്ങളുടെയും ഉത്തരം “അതെ“ എന്നാണെങ്കിൽ, നിങ്ങൾക്കായി സ്പോർട്സ് ജേർണലിസം എന്ന മേഖലയിലെ സാധ്യതകൾ തീർച്ചയായും ഉപയോഗപ്പെടുത്താൻ സാധിക്കും. ഒരു സ്പോർട്സ് ജേർണലിസ്റ്റ് ആകാൻ എന്താണ് ചെയ്യേണ്ടത്? ഇതിനായി എന്തെങ്കിലും കോഴ്സ് നിലവിലുണ്ടോ? കോഴ്സ് പൂർത്തിയാക്കിയതിന് ശേഷം എനിക്ക് നല്ല ജോലി ലഭിക്കുമോ? ഈ മേഖലയുടെ വ്യാപ്തിയും സാധ്യതയും എന്താണ്? ഇത്തരം ചോദ്യങ്ങളുടെ ഉത്തരമാണ് ഇവിടെ നാം അവതരിപ്പിക്കുന്നത്.
ടെലിവിഷൻ, ന്യൂസ് പേപ്പറുകൾ, റേഡിയോ, ബ്ലോഗുകൾ തുടങ്ങി ഏത് തരം മാധ്യമങ്ങൾ പരിശോധിച്ചാലും സ്ഥിരമായ വായനക്കാരുള്ള ഒരു പംക്തിയാണ് സ്പോർട്സ് എന്നത്. കായിക മേഖലയിൽ നടക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾ, സ്പോർട്സ് പംക്തികൾക്ക് നൽകിയ ഊർജ്ജം വളരെ വലുതാണ്. കായിക പ്രേമികൾക്ക് സ്പോർട്സ് വാർത്തകൾ എന്നത്, ഏതെങ്കിലും ഒരു കായിക ഇനവുമായി ബന്ധപ്പെട്ട വാർത്തകളിൽ ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. കായിക താരങ്ങൾ, അവരുടെ വ്യക്തിപരമായ വിശേഷങ്ങൾ, കായിക മത്സരങ്ങളുടെ പിന്നാമ്പുറ വിശേഷങ്ങൾ അങ്ങനെ പോകുന്നു വായനക്കാരന്റെ താൽപ്പര്യങ്ങൾ. വളരെയധികം പ്രൊഫഷണലായി ഇടപെടേണ്ട മേഖലയായത് കൊണ്ട് തന്നെ സ്പോർട്സ് ജേർണലിസ്റ്റ് ആകാൻ തയ്യാറെടുപ്പുകൾ അനിവാര്യം.
PG ഡിപ്ലോമ ഇൻ സ്പോർട്സ് ജേർണലിസം
ഇതൊരു ബിരുദാനന്തര കോഴ്സ് ആണ്. ബാച്ചിലർ ഡിഗ്രി സ്വന്തമായുള്ളവർക്ക് ഈ കോഴ്സ് പഠിക്കാവുന്നതാണ്. ബിരുദ തലത്തിൽ മാസ്സ് കമ്മ്യൂണിക്കേഷൻ പഠനം ചില ഇൻസ്റ്റിറ്റ്യൂട്ടുകൾ യോഗ്യതയായി ആവശ്യപ്പെടാറുണ്ട്. കോഴ്സ് അവതരിപ്പിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടുകൾക്കനുസരിച് ച് കോഴ്സ് ദൈർഖ്യം വ്യത്യാസപ്പെടാം. സാധാരണ ഗതിയിൽ ഒന്ന് മുതൽ രണ്ടു വർഷങ്ങൾ വരെയാണ് ഈ കോഴ്സിന്റെ ദൈർഖ്യം.
കായിക ലോകത്ത് ശ്രദ്ധ കേന്ദ്രികരിച്ച് പ്രവർത്തനം നടത്തേണ്ടവരാണ് സ്പോർട്സ് ജേർണലിസ്റ്റുകൾ. സ്പോർട്സ് രംഗത്തെ വാർത്തകൾ, സംഭവ വികാസങ്ങൾ, ഇവന്റുകൾ, സ്ഥാപനങ്ങൾ എന്നിവയൊക്കെ ഒരു സ്പോർട്സ് ജേർണലിസ്റ്റിന് കൈകാര്യം ചെയ്യേണ്ടി വരും.

സ്പോർട്സ് ജേർണലിസ്റ്റുകൾക്ക് ടിവി, റേഡിയോ, പത്രങ്ങൾ, മാസികകൾ, മറ്റ് കായിക പ്രസിദ്ധീകരണങ്ങൾ, സ്പോർട്സ് ബ്ലോഗുകൾ, വെബ് പോർട്ടലുകൾ എന്നിവയിലെല്ലാം ഒട്ടനവധി അവസരങ്ങൾ ലഭിക്കും. അവരുടെ ജോബ് പ്രൊഫൈലും യോഗ്യതയും അനുസരിച്ച് റിപ്പോർട്ടിംഗ്, സ്പോർട്സ് ഫോട്ടോഗ്രഫി, എഡിറ്റിങ്, ബ്രോഡ്കാസ്റ്റിംഗ്, ലേഖനങ്ങൾ, അവതരണം, വാർത്താവതരണം തുടങ്ങിയ മേഖലകളിൽ പ്രവർത്തനം നടത്താൻ സാധിക്കുന്നതാണ്. തൊഴിലിന്റെ സ്വഭാവത്തിനനുസരിച്ച് പ്രവർത്തന രീതികളും മാറുന്നു. ഉദാഹരണത്തിന്, സ്പോർട്സ് ലേഖകൻ / റിപ്പോർട്ടർ വിവിധ കായിക വാർത്തകൾ ശേഖരിക്കുന്നതിന്റെയും റിപ്പോർട്ട് ചെയ്യുന്നതിന്റെയും ആവശ്യങ്ങൾക്കായി നിരന്തര യാത്രകൾ നടത്തേണ്ടി വരുന്നു. എന്നാൽ വാർത്ത അവതാരകർ കൂടുതൽ സമയവും സ്റ്റുഡിയോയിൽ ആയിരിക്കും ചിലവഴിക്കുക. ഇത്തത്തിലുള്ള സ്പോർട്സ് ജേർണലിസത്തിന്റെ വിവിധ മേഖലകളെക്കുറിച്ച് PG ഡിപ്ലോമ കോഴ്സിൽ പഠിപ്പിക്കുന്നു.
ഡൽഹി യൂണിവേഴ്സിറ്റി, ഗുജറാത്ത് യൂണിവേഴ്സിറ്റി, ഇഗ്നോ, ചെന്നൈയിലെ ഏഷ്യൻ കോളേജ് ഓഫ് ജേർണലിസം, ബാംഗ്ലൂർ ഭാരതീയ വിദ്യാഭവൻ, SGSU – ഗുജറാത്ത്, രാജസ്ഥാൻ യൂണിവേഴ്സിറ്റി, മുംബൈ യൂണിവേഴ്സിറ്റി, ഡൽഹി ടൈംസ് സ്കൂൾ ഓഫ് ജേർണലിസം എന്നിവിടങ്ങളിൽ ഈ കോഴ്സ് പഠിക്കാനവസരമുണ്ട്. Basics of sports journalism, Mass media technology, Sports events, Writing skills, Communication skills, Computer application, Project work, Internship എന്നിവയൊക്കെയാണ് സിലബസ്സിൽ ഉണ്ടാകുക.
തുടക്കത്തിൽ സൂചിപ്പിച്ചത് പോലെ, കായിക രംഗത്തെക്കുറിച്ച് നിങ്ങൾക്കുള്ള അറിവ്, താൽപ്പര്യം എന്നിവ ഈ മേഖല തിരഞ്ഞെടുക്കാനുള്ള പ്രധാന മാനദണ്ഡമായിരിക്കണം. നിങ്ങളുടെ എഴുതുവാനും അവതരിപ്പിക്കുവാനുമുള്ള കഴിവുകൾ, യാത്ര ചെയ്യാനുള്ള സന്നദ്ധത, വിവിധ സാഹചര്യങ്ങളിൽ കടുത്ത സമ്മർദ്ദങ്ങളെ മറി കടക്കാനുള്ള മികവ് എന്നിവയെല്ലാം ഒരു സ്പോർട്സ് ജേർണലിസ്റ്റ് ആകാനുള്ള നിങ്ങളുടെ സാധ്യതയെ തീരുമാനിക്കും.