ബഹിരാകാശ പരീക്ഷണങ്ങളിൽ റഷ്യക്ക് മുൻതൂക്കം ലഭിക്കുന്നതിന്, സ്വന്തം ജീവൻ ബലി കഴിക്കേണ്ടി വന്നവളാണ് ലെയ്ക്കയെന്ന നായ. കഥ നടക്കുന്നത് 1957 ലാണ്. ബഹിരാകാശ പരീക്ഷണങ്ങളിൽ ലോക വൻ ശക്തികളായ റഷ്യയും അമേരിക്കയും തമ്മിൽ മാറ്റുരയ്ക്കുന്ന കാലം. ബഹിരാകാശത്ത് ജീവനെ എത്തിക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താൻ റഷ്യൻ ശാസ്ത്രജ്ഞർ ഒരു ഉപായം കണ്ടെത്തി. റഷ്യയുടെ തലസ്ഥാനമായ, മോസ്കോയുടെ തെരുവുകളിൽ അലഞ്ഞു നടന്നിരുന്ന ഒരു പാവം നായയായ ലെയ്ക്കയെ പരീക്ഷണ വസ്തുവാക്കാൻ റഷ്യ തീരുമാനിക്കുകയായിരുന്നു. ബഹിരാകാശ യാത്രയ്ക്ക് ഒരു മടക്കയാത്ര ഉണ്ടാകും എന്ന് ഒരു ഉറപ്പും ഇല്ലാത്ത സ്ഥിതിക്ക് മനുഷ്യ ജീവൻ വച്ചുള്ള പരീക്ഷണത്തിന് റഷ്യൻ ശാസ്ത്രജ്ഞർ തയ്യാറായില്ല എന്നതാണ് ലെയ്ക്കയ്ക്ക് നറുക്ക് വീഴാൻ കാരണം.


1957 നവംബർ മൂന്നിനാണ് സ്ഫുട്ട്നിക്ക് 2 ശൂന്യാകാശത്തേക്ക് കുതിച്ചത്. ഭൂമിയിലേക്ക് ഒരു മടങ്ങി വരവില്ലാത്ത യാത്രയാണ് അതെന്ന് പാവം ലെയ്ക്കയ്ക്ക് അറിയില്ലല്ലോ! ശാസ്ത്രജ്ഞരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ഒരു പരീക്ഷണ വസ്തുവായി വളരെ അനുസരണയോടെ കൂടി ഇരുന്നു കൊടുക്കുകയായിരുന്നു അവൾ. ജീവന്റെ തുടിപ്പുകൾ കൃത്യമായി മനസ്സിലാക്കുന്നതിനുവേണ്ടി, അവളുടെ ശരീരത്തിൽ ഇലക്ട്രോഡുകൾ ഘടിപ്പിച്ചിരുന്നു. ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തുന്നതുവരെ, അവളുടെ ഹൃദയമിടിപ്പ് ഭൂമിയിലേക്ക് സന്ദേശങ്ങളായി എത്തുന്നുണ്ടായിരുന്നു. ഏതാനും നിമിഷങ്ങൾക്ക് ശേഷം ഭൂമിയുമായുള്ള ബന്ധം നഷ്ടപ്പെടുകയും ചെയ്തു. ലോക ബഹിരാകാശ പരിവേഷണ ചരിത്രത്തിൽ ലെയ്ക്ക എന്ന നായയുടെ ബലിദാനം രേഖപ്പെടുത്തിയിരിക്കുന്നു. യാത്രയ്ക്ക് മുന്നോടിയായി എടുത്ത ലെയ്ക്കയുടെ ചിത്രം മനുഷ്യമനസ്സുകൾക്ക് ഇന്നും നൊമ്പരം നൽകുന്നു.
Featured Image Credits: History.com