അമേരിക്കയിലെ വെറോ കടല്‍ത്തീരത്തിന് നിധിയുടെ തീരം (ട്രഷര്‍ കോസ്റ്റ്) എന്നൊരു വിളിപ്പേരുണ്ട്. ഈ കടല്‍ത്തീരത്തിന്റെ മണല്‍പ്പരപ്പുകളില്‍ സ്വര്‍ണ്ണം, വെള്ളി നാണയങ്ങളും മറ്റ് വിലയേറിയ മൂല്യ വസ്തുക്കളും ഒളിച്ചിരിപ്പുണ്ടത്രേ. ട്രഷര്‍ കോസ്റ്റ് എന്ന പേര് ലഭിക്കുന്നതിന് 305 വര്‍ഷങ്ങള്‍ക്ക് മുൻപ് നടന്ന ഒരു സംഭവത്തിന്റെ പിന്‍ബലമുണ്ട്. 1715 ജൂലായ് മാസം സ്വര്‍ണ്ണക്കട്ടികളും, വെള്ളി നാണയങ്ങളും, വിലയേറിയ ആഭരണങ്ങളുമായി സ്പെയിനിന്റെ 12 കപ്പലുകള്‍ വെറോ ബീച്ചിന്റെ സമീപത്തു കൂടി കടന്നു പോകുകയായിരുന്നു. ക്യൂബയില്‍ നിന്ന് തട്ടിയെടുത്തവയായിരുന്നു കപ്പലിലെ മേല്‍പ്പറഞ്ഞ അമൂല്യ വസ്തുക്കള്‍. നമ്മുടെ വെറോ തീരത്തിന് സമീപമെത്തിയപ്പോള്‍ ഭീമന് ചുഴലിക്കാറ്റ് വീശുകയും കപ്പലുകളെയെല്ലാം തകര്‍ക്കുകയും ചെയ്തു. അത്ഭുതകരമായി ഒരു കപ്പല്‍ മാത്രം എങ്ങനെയോ ചുഴലിക്കാറ്റിനെ അതിജീവിച്ചു. ബാക്കിയുള്ള 11 കപ്പലുകളും കടലിന്റെ അഗാധതയിലേക്ക് ഊളിയിട്ടു. ആയിരത്തോളം ജീവനുകളും ഈ അപകടത്തില്‍ പൊലിഞ്ഞു പോയിരുന്നു.

വര്‍ഷങ്ങള്‍ കഴിഞ്ഞ് 1961 ല്‍ ഈ കടല്‍ത്തീരത്തു നിന്നും ആദ്യമായി നാണയങ്ങള്‍ ഉള്‍പ്പെടെ വിലയേറിയ വസ്തുക്കള്‍ ലഭിക്കാന്‍ തുടങ്ങി. വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. ലോകത്തിന്റെ നാനാ ഭാഗത്തു നിന്നുമായി മനുഷ്യര്‍ നിധി വേട്ട നടത്താനായി വെറോ തീരത്തേക്ക് വന്നു തുടങ്ങി. മണല്ത്തരികള്ക്കിടയില് നിന്നും വിലയേറിയ ലോഹങ്ങള്‍ ലക്ഷ്യമാക്കി വന്ന നിധി വേട്ടക്കാരില്‍ പ്രമുഖനാണ് ജോന മാര്‍ട്ടിനെസ്. ആള് ചില്ലറക്കാരനല്ല. കഴിഞ്ഞ 24 വര്‍ഷങ്ങള്‍ കൊണ്ട് തനിക്ക് 100 കോടിയിലേറെ മൂല്യമുള്ള നിധി ഈ തീരത്തിന്റെ സമീപ ഭാഗങ്ങളില്‍ നിന്ന് തന്റെ സംഘത്തിന് ലഭിച്ചു എന്നതാണ് ജോന പറയുന്നത്.

കടല്‍ത്തീരത്ത് നിന്നും ലഭിക്കുന്ന നിധിയുടെ സ്വത്തവകാശം അത് കണ്ടെത്തിയവര്ക്കാണെന്ന നിയമം ജോനയെപ്പോലെ നിധി വേട്ടക്കാര്‍ക്ക് ഊര്‍ജ്ജം പകരുന്ന ഒന്നായിരുന്നു. തനിക്ക് കണ്ടെത്താനായ നിധിയില്‍ ചിലത് വിറ്റ് കാശാക്കിയ ജോന കുറെ മ്യൂസിയത്തിന് സംഭാവന നല്‍കിയിരുന്നു. തന്റെ പ്രിയ മിത്രങ്ങള്‍ക്ക് നിധിയിലെ ഒരു വിഹിതം സമ്മാനമായും കൊടുക്കാന്‍ നമ്മുടെ കഥാനായകന് മറന്നില്ല. ഫ്ലോറിഡയിലെ മെല്‍ ഫിഷര്‍ എന്ന മ്യൂസിയത്തില്‍ ഇങ്ങനെ കണ്ടെത്തിയ വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ട്.
നിധിക്കൊപ്പം ഒട്ടേറെ രഹസ്യങ്ങളും കടലിനടിയില്‍ സൂക്ഷിച്ച് വെറോ അത്ഭുതങ്ങളുടെ തീരമായി നില്ക്കുന്നു.