
പാർലമെന്റ് അംഗങ്ങളുടെ ഗ്രാമം ദത്തെടുക്കൽ പദ്ധതിയായ സൻസദ് ആദർശ ഗ്രാമ യോജനയുടെ ഭാഗമായി പൊന്നാനി പാർലമെന്റ് അംഗം ശ്രീ. ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ദത്തെടുത്ത മലപ്പുറം ജില്ലയിലെ നന്നമ്പ്ര ഗ്രാമപഞ്ചായത്തിൽ അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ നിർദ്ദേശപ്രകാരം തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക് കോളേജ് നടത്തിയ പതിനാലിന പരിപാടികളിൽ രാജ്യത്ത് മികവുറ്റ രീതിയിൽ സംഘടിപ്പിച്ചതിനുള്ള പുരസ്കാരത്തിനർഹമായി. ജനുവരി 21 ന് ന്യൂ ഡൽഹി ആസ്ഥാനത്തു നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ദേശീയ പുരസ്ക്കാരം വിതരണം ചെയ്യും.
നന്നമ്പ്ര പഞ്ചായത്തിൽ സാഗി പ്രവർത്തനത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ജലസംരക്ഷണ പ്രവർത്തനങ്ങളെയാണ് ദേശീയ പുരസ്ക്കാരത്തിന് പരിഗണിച്ചത്. നൂറിലേറെ വീടുകളിൽ വ്യാപിപ്പിച്ച കിണർ റീ ചാർജിങ് പദ്ധതി ഏറെ പ്രശംസ പിടിച്ചുപറ്റി. പോളിടെക്നിക് കോളേജിലെ എൻ.എസ്.എസ്. വളണ്ടിയറന്മാരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
സാഗിയുടെ ഭാഗമായി 44 ലക്ഷം രൂപ നന്നമ്പ്ര പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾക്ക് എം.പി.യുടെ നേതൃത്വത്തിൽ ഐ.ഓ.സി.യിൽ നിന്നും സി.എസ് ആർ. ഫണ്ടായി ശേഖരിച്ചു നടത്തിയ പ്രവർത്തനം രാജ്യത്തു മാതൃകയായിരുന്നു.