
അബ്ദുള്ള ബിൻ മുബാറക്
അക്കാദമിക്ക് നിലവാരം, അടിസ്ഥാന സൗകര്യം മുതലായവ കണക്കിലെടുത്തു കോളേജുകൾക്ക് സർക്കാർ സമിതികൾ നൽകുന്ന റാങ്കിങ്ങിന് പുറമെ വിദ്യാർത്ഥികൾക്കിടയിൽ ഇന്നൊവേഷന് നൽകുന്ന പ്രാധാന്യം കണക്കിലെടുത്തു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് റാങ്ക് നൽകുന്ന ARIIA (Atal Ranking of Institutions on Innovation Achievements) റാങ്കിങ് രീതി കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് കഴിഞ്ഞ ഓഗസ്റ്റിൽ പ്രഖ്യാപിച്ചു. കോളേജ് പഠനം എന്നത് സർട്ടിഫിക്കറ്റുകൾക്ക് വേണ്ടി മാത്രമാകാതെ ഇന്നൊവേഷൻ പ്രോത്സാഹിപ്പിക്കുക, വിദ്യാർത്ഥികളെ സംരംഭകരാകാൻ സ്വയം പര്യാപ്തരാക്കുക എന്നീ ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ Institutions Innovation Council കഴിഞ്ഞ നവംബറിൽ അവതരിപ്പിച്ചിരുന്നു. അതിനു മുന്നോടിയായാണ് കോളേജുകൾക്കായുള്ള ARIIA റാങ്കിങ്ങിൻ്റെ ഔദ്യാഗിക പ്രഖ്യാപനം നടന്നത്. AICTE (All India Council for Technical Education) ആണ് ARIIA റാങ്കിങ് സംവിധാനത്തിൻ്റെ നോഡൽ ഏജൻസി.

ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്ത ആയിരത്തോളം കോളേജുകളിൽ കേരളത്തിൽ നിന്ന് മാത്രം എഴുപതില്പരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് Institutions Innovation Council അംഗീകാരം ലഭിച്ചത്. ജനുവരി 15 ന് എറണാകുളം MGM College of Engineering and Technology- ൽ നടത്താനിരിക്കുന്ന ഉദ്ഘാടന ചടങ്ങിൽ വെച്ച് കൗൺസിലിൻ്റെ സംസ്ഥാനതല പ്രവർത്തനങ്ങൾ സമാരംഭിക്കും. അതേ ദിവസം തന്നെയായിരിക്കും കേരളത്തിലെ കോളേജുകൾക്കിടയിൽ ARIIA റാങ്കിങ്ങിനെക്കുറിച്ചുള്ള പരിചയപ്പെടുത്തലും വിശദീകരണവും നടക്കുക.
“അടൽ റാങ്കിങ് ഓഫ് ഇന്സ്ടിട്യൂഷൻസ് ഓൺ ഇന്നൊവേഷൻ അച്ചീവ്മെൻഡ്സ്” എന്ന ARIIA റാങ്കിങ് പ്രധാനമായും ഊന്നൽ നൽകുന്നത് വിദ്യാർത്ഥികൾക്കിടയിൽ ഇന്നൊവേറ്റീവ് ആശയങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതായിരിക്കും. അതിനായി തിരഞ്ഞെടുത്ത കോളേജുകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തി റാങ്ക് നൽകുന്നു. വിദ്യാർത്ഥികളിൽ നിന്നും മികച്ച ആശയങ്ങളെ തിരഞ്ഞെടുത്തു അവരെ സംരംഭകത്വത്തിലേക്ക് നയിക്കുക എന്നതായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കർത്തവ്യം.
ഓരോ കോളേജിനും ARIIA റാങ്കിങ് നിശ്ചയിക്കുന്നതിന് വ്യത്യസ്ത ഘട്ടങ്ങൾ ഉണ്ടായിരിക്കും. പ്രസ്തുത ഘട്ടങ്ങളിൽ മുൻകാല വർഷങ്ങളിലെ പ്രവർത്തനങ്ങളും ലഭ്യമായ വിവരങ്ങളും അടിസ്ഥാനമാക്കിയാണ് സ്കോറുകൾ നിശ്ചയിക്കുക. അവയിൽ ചിലത് ചുവടെ കാണിക്കുന്നു:
- കഴിഞ്ഞ മൂന്നു വര്ഷങ്ങളിലെ ഇന്നൊവേഷൻ, സംരംഭകത്വ മേഖലകളിലുള്ള പ്രവർത്തനങ്ങളിൽ സ്ഥാപനത്തിൻ്റെ വരവ് ചിലവ് കണക്കുകൾ.
- അഡ്വാൻസ് സെൻ്ററുകൾ, സംരംഭം വളർത്താൻ സഹായിക്കുന്ന സൗകര്യങ്ങൾ തുടങ്ങിയവ വിനിയോഗിക്കാൻ വിദ്യാർത്ഥികൾക്ക് നൽകുന്ന അവസരങ്ങൾ.
- മികച്ച ആശയങ്ങൾ ഉയർത്തിക്കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ.
- പേറ്റന്റുകൾ നേടിയെടുത്ത ആശയങ്ങൾ.
- വിദ്യാർത്ഥി സംരംഭകർക്ക് ലഭിക്കുന്ന അംഗീകാരങ്ങൾ.
- ഇന്നൊവേഷൻ വളർത്താനുതകുന്ന പരിതസ്ഥിതി വളർത്തൽ.
- സ്ഥാപനത്തിന്റെ മികച്ച പ്രവർത്തനത്തിനായി കോളേജിൽ തന്നെ വികസിപ്പിച്ചെടുത്ത നൂതന പ്രക്രിയകൾ.

എല്ലാ കോളേജുകളിലും ഇതേ നയം നടപ്പാക്കുന്നതോടെ രാജ്യമെമ്പാടും വിദ്യാർത്ഥി സംരംഭകർ നിഷ്പ്രയാസം ഉയർന്നു വരുമെന്നത് തീർച്ചയാണ്. അംഗീകൃത കോളേജുകൾക്ക് 2019-ലേക്കുള്ള ARIIA റാങ്കിങിനായി ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. ഈ വർഷം ഏപ്രിലോടു കൂടി തന്നെ മുഴുവൻ കോളേജുകളെയും വിലയിരുത്തി ഇന്നോവേഷന് നൽകുന്ന പ്രാധാന്യത്തെ അടിസ്ഥാനമാക്കി ആദ്യ ഘട്ട ARIIA റാങ്കുകൾ പ്രഖ്യാപിക്കും. കോളേജ് പഠനം പൂർത്തീകരിക്കുന്നതിന് മുൻപേ തന്നെ വിദ്യാർത്ഥികൾക്കിടയിൽ നിന്നും മികച്ച സംരംഭകരെ ഉയർത്തിക്കൊണ്ടു വരാൻ സർക്കാർ സംവിധാനങ്ങൾ മെച്ചപ്പെട്ട രീതിയിൽ ഉപയോഗിക്കുന്നു എന്നത് ഒരു ശുഭ പ്രതീക്ഷയാണ് നൽകുന്നത്.