ഇന്ന് ഏതൊരു മേഖലയിലായി കൊള്ളട്ടെ, സ്ഥാപനങ്ങളുടെയും കമ്പനികളുടെയും എണ്ണം വളരെയധികമാണ്. ഇതിൽ ജനശ്രദ്ധ നേടിയാൽ മാത്രമേ വിജയം കൊയ്യാൻ സാധിക്കുകയുള്ളു എന്നതാണ് വസ്തുത. അതെങ്ങനെയാണ് സാധിക്കുക? ലഭ്യമായിട്ടുള്ള ഓരോ മാധ്യമങ്ങളിലൂടെയും, മറ്റു രീതികളിലൂടെയും, പൊതുജനത്തിന്റെ അഭിപ്രായങ്ങളിലും ചിന്താമണ്ഡലങ്ങളിലും കമ്പനിക്കനുകൂലമായ മാറ്റങ്ങൾ ഉണ്ടാകണം. അത് ഉറപ്പു വരുത്തുക എന്നതാണ് പബ്ലിക് റിലേഷൻസ് സ്പെഷ്യലിസ്റ്റിന്റെ ഏറ്റവും മുഖ്യമായ ജോലിയും.
പൊതുസമൂഹത്തിന്റെ ഭാഗമായ സ്ഥാപനത്തിന് നല്ലൊരു പ്രതിച്ഛായയുണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നവമാധ്യമങ്ങളുടെ ഈ കാലത്ത്, ജനങ്ങൾ ഉപയോഗിക്കുന്നതായി, ജനങ്ങളിലേക്കെത്തുവാൻ സാധിക്കുന്നതായ എല്ലാ മാധ്യമങ്ങളിലൂടെയും അർത്ഥവത്തായതും പ്രഭാവപരമായതുമായ ആശയവിനിമയം നടത്തുവാൻ സാധിക്കണമെന്നത് വളരെ നിർണ്ണായകമാണ്. എന്താണ് ഒരു ബ്രാൻഡ് അല്ലെങ്കിൽ കമ്പനി എന്നത് അതുമായി യാതൊരുവിധ മുൻപരിചയവുമില്ല്ലാതെ നമുക്കൊരു ആശയമുണ്ടെങ്കിൽ ഓർക്കുക, ഒരു പബ്ലിക് റിലേഷൻസ് ടീം തന്നെ അതിനു പുറകിലുണ്ടാകും.
പ്രസ്സ് റിലീസുകൾ തയ്യാറാക്കുക, അനുയോജ്യമായ മാധ്യമങ്ങളിലൂടെ അത് ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. മാധ്യമങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾക്കും ആവശ്യങ്ങൾക്കും മറുപടി നൽകുക എന്നതും ജോലിയുടെ ഭാഗമാണ്. കമ്പനിയുടെ വളർച്ചയ്ക്കായി പ്രോഗ്രാമുകൾ സംഘടിപ്പിക്കുക, സ്ഥാപനത്തിലെ ഉദ്യോഗസ്ഥരും മാധ്യമങ്ങളും ഉൾപ്പെടുന്ന അഭിമുഖപരിപാടികൾ ക്രമീകരിക്കുക, അതിൽ അവതരിപ്പിക്കേണ്ടതായ പ്രസംഗങ്ങൾ തയ്യാറാക്കുക, അഡ്വെർടൈസിങ് പ്രൊമോഷൻ മേഖലകൾ കമ്പനിക്ക് ഗുണം ചെയ്യുന്നുണ്ടോയെന്നു വിലയിരുത്തുക, എന്നതൊക്കെ ജോലിയുടെ ഭാഗമാണ്.
വളരെ ലളിതമായി എന്നാൽ അനുയോജ്യമായി ജനങ്ങളോട് സമ്പർക്കം പുലർത്താനുള്ള മികവാണ് ആദ്യം വേണ്ടത്. മികച്ച ആശയവിനിമയ മികവ്, കമ്പ്യൂട്ടർ – നവ മാധ്യമങ്ങളിലെ അറിവും പരിജ്ഞാനവും, ക്രിയാത്മകതയും സർഗാത്മകതയും, ക്ഷമ, എന്നിവയെല്ലാം ഈ ജോലിക്ക് വളരെ അനിവാര്യമാണ്. സ്വാധീനം ചെലുത്തുന്ന വിധത്തിൽ സംസാരിക്കാനും എഴുതുവാനും കഴിയുന്ന ഒരാൾക്ക് എന്തുകൊണ്ടും അനുയോജ്യമായ ഒരു ജോലിയാണിത്. ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യുണിക്കേഷൻ, യു.എം.സി.എ. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മീഡിയ സ്റ്റഡീസ് ആൻഡ് ഇൻഫോർമേഷൻ ടെക്നോളജി, മുംബൈയിലെ സെന്റ് സേവിയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യുണിക്കേഷൻ, കൊൽക്കത്തയിലെ ജാദവ്പുർ യൂണിവേഴ്സിറ്റി തുടങ്ങിയവയാണ് ഈ രംഗത്തെ കോഴ്സുകൾ ലഭ്യമാക്കിയിട്ടുള്ള ഇന്ത്യയിലെ പ്രമുഖ കോളേജുകൾ.